Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സിനിമയുടെ തിരക്കഥ ലാൽ തിരുത്തി: സത്യൻ അന്തിക്കാട്

lal-sathyan

ഒരു നല്ല നടൻ നല്ല സാഹിത്യ ബോധമുള്ള ആൾ കൂടിയായിരിക്കണം. ഒരു സംവിധായകൻ എഴുതിക്കൊടുക്കുന്ന സംഭാഷണങ്ങൾക്കപ്പുറത്ത്, പറഞ്ഞുകൊടുക്കുന്നതിനപ്പുറത്ത് കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാൻ കഴിവുള്ളയാൾ ആയിരിക്കണം ഒരു മികച്ച നടൻ. ഇത് രണ്ടും ചേർന്ന ആൾ ആണ് മോഹൻലാൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ലാലിന്റെ സങ്കൽപങ്ങൾ, സംഭാഷങ്ങൾ, വാക്കുകൾ എല്ലാം ഒരു എഴുത്തുകാരന്റെ ഭാവങ്ങൾ നിറഞ്ഞതാണ്. സത്യൻ അന്തിക്കാട് പറയുന്നു.

ഒരു കഥകേട്ടാൽ അതിന്റെ മറുവശം കാണാൻ കൂടി കഴിവുള്ളയാൾ ആണ് ലാൽ. ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രം തുടങ്ങുന്നതിനു മുമ്പായി എനിക്ക് ഷാർജയിൽ പോകേണ്ടിവന്നു. തിരിച്ചു വരുമ്പോൾ ലാലും ഒപ്പമുണ്ടായിരുന്നു. അപ്പോൾ ലാൽ വന്ന് എന്നോട് ചോദിച്ചു ചേട്ടാ അടുത്ത ചിത്രത്തിന്റെ കഥ പറയാമോ എന്ന്? അപ്പോൾ ഞാൻ പറ‍ഞ്ഞു, ഇൗ ചിത്രത്തിൽ ലാൽ ഇല്ലല്ലോ, പിന്നെന്തിനാണ് കഥ അറിയുന്നത്., എന്ന്? എങ്കിലും എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് കഥപറയിപ്പിച്ചു. തിരിച്ചു വന്നു പിറ്റേദിവസം എനിക്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കേണ്ടതാണ്. ചിത്രത്തിൽ ആസിഫ് അലി വാഹനാപകടത്തിൽ മരിച്ചു പോകുന്നതായിട്ടായിരുന്നു ഞാൻ എഴുതിയിരുന്നത്.

മോഹൻലാൽ പിറന്നാൾ സ്പെഷൽ

കഥകേട്ടശേഷം ലാൽ പറഞ്ഞു, ആസിഫ് സാധാരണ രീതിയിൽ മരിച്ചാൽ അത് എല്ലാ സിനിമയിലും കാണിക്കുന്നതുപോലെയാകില്ലേ? അതുകൊണ്ട് വേറെ എന്തെങ്കിലും ചെയ്യണമെന്ന്. എനിക്കാണെങ്കിൽ ആസിഫിന്റെ കഥാപാത്രം മരിച്ചേ മതിയാകൂ. അങ്ങനെ ലാലാണ് പറയുന്നത്് കൊട്ടേഷൻ സംഘം വന്ന് ആളുമാറി ആസിഫിനെ കൊല്ലുന്നതായി കാണിച്ചുകൂടെ എന്ന്. ലാൽ പറഞ്ഞകഥയാണ് പിന്നീട് ആസിഫിന്റെ മരണം ചിത്രീകരിക്കാനായി ഉപയോഗിച്ചത്. ആളുകളുടെ വിചാരം സെലിബ്രിറ്റികളുടെ ബ്ലോഗും കുറിപ്പുമൊക്കെ മറ്റാരൊ എഴുതിക്കൊടുക്കുന്നതാണെന്ന്. എന്നാൽ, മോഹൻലാലിനേയും ഇന്നസെന്റിനേയും സംബന്ധിച്ച് അവർ സ്വയം എഴുതാൻ കഴിവുള്ളവരാണ്.

ലാലിന്റെ ചില സമയത്തുള്ള തമാശകൾ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും. ഞാൻ സംവിധാനം ചെയ്ത ഗായത്രീദേവി എന്റെ അമ്മ എന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ  റിലീസ് ചെയ്യാൻ വൈകി. ടിപി ബാലഗോപാലൻ എംഎ എന്ന ചിത്രം റിലീസ് ചെയ്തതിനു ശേഷമാണ് ഗായത്രീ ദേവി എന്റെ അമ്മ എന്ന ചിത്രം റിലീസ് ചെയ്തത്. ആസമയത്ത് ലാൽ എന്നോട് ചോദിച്ചു ഗായത്രീ ദേവി പെട്ടിയിലിരുന്നു ഇരുന്ന് എന്റെ അമ്മുമ്മയായി മാറുമോ എന്ന്? കത്തെഴുത്ത് ലാലിന്റെ ഹോബിയാണ്, അത് അയക്കില്ല, ഏതെങ്കിലും ദൂതൻ വഴി കൊടുത്തയക്കും.

ലാലിന്റെ ചിത്രത്തിന്റെ സെറ്റിൽ നിന്ന് എന്റെ സെറ്റിലേക്ക് ഏതെങ്കിലും നടനോ നടിയോ ഒക്കെ വന്നാൽ ലാൽ കുറിപ്പ് നൽകിവിടും. അതുപോലെ ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയിൽ ലാൽ ചിലത് കുത്തിക്കുറിക്കുന്നത് കാണാം. അവയെല്ലാം കവിതകളാണ്. ചിലപ്പോൾ പൊട്ടക്കവിതകളായിരിക്കും. അതിന്റ ഒക്കെ താഴെ ലാലുണ്ണി, ലാലാശാൻ, ലാലിട്ട, ലാലത്തോൾ എന്നൊക്കെയാവും പേരെഴുതുക. കുഞ്ഞുണ്ണിമാഷിന്റേയും കുമാരനാശാന്റേയും, കടമനിട്ടയേയുമൊക്കെ അനുകരിച്ചാണ് ലാൽ അവരുടെയൊക്കെ പേരെഴുതുക. ഒരു നീളമുള്ള സംഭാഷണം കേട്ട് അഞ്ച് മിനിറ്റിനുള്ളിൽ അത് വേണ്ടയിടത്തെല്ലാം ഉൗന്നൽ കൊടുത്തു പറയണമെങ്കിൽ ലാലിന്റെ ഉള്ളിൽ ഒരു എഴുത്തുകാരനുണ്ട്.

ഞാൻ എഴുതിക്കൊടുത്ത സംഭാഷണങ്ങൾ ലാൽ പറയുന്നതു കേട്ട് എന്റെ കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. ഒരിക്കൽ ‍ഒരു പാട് പുസ്തകങ്ങൾ വായിക്കണമെന്ന് പറഞ്ഞ് എന്നെക്കൊണ്ട് കുറെ പുസ്തകങ്ങൾ വാങ്ങിപ്പിച്ചു. ഞാൻ അതെല്ലാം ഒരു പെട്ടിയിലാക്കി നൽകി. പിന്നീട് എവിടെ ഷൂട്ടിങ്ങിനു പോയാലും ആ പെട്ടിയും കൊണ്ടായിരുന്നു ലാലിന്റെ നടപ്പ്. ഇപ്പോൾ അത് കാണാറില്ല. അതെല്ലാം വായിച്ചോ എന്നെനിക്കറിയില്ല. ലാൽ ഒരു ബഹുമുഖ പ്രതിഭയാണ്. അതിൽ അഭിനയമെന്ന കല മുന്നിട്ടു നിൽക്കുന്നുവെന്നേ ഉള്ളൂ. ലാൽ നല്ല സാമൂഹിക നിരീക്ഷകനാണ്. ലാലിന്റെ ബ്ലോഗുകൾ വിവാദമാക്കേണ്ട കാര്യമില്ല. ലാലിനും വ്യക്തിപരമായ അഭിപ്രായമുണ്ട്. വിവാദങ്ങളിൽ ലാൽ പ്രതികരികാതിരിക്കരുത്. തന്റെ നിലപാടുകൾ ലാൽ തുറന്നു പറയണം. എങ്കിലേ, അദ്ദേഹത്തിലെ വ്യക്തിയെ നമുക്ക് കാണാൻ കഴിയൂ.

തയ്യാറാക്കിയത് രാജശ്രീ സത്യപാൽ. 

Your Rating: