Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമലിനൊപ്പം നിൽക്കേണ്ടത് മലയാളിയുടെ കടമ: ഉണ്ണി ആർ

unni-r-kamal

സംവിധായകൻ കമലിനെ പിന്തുണച്ച് തിരക്കഥാകൃത്തായ ഉണ്ണി ആർ രംഗത്ത്. ജാതിമത ഭേദങ്ങളില്ലാതെയാണ് മലയാളി കമലിന്റെ ചിത്രങ്ങൾ ആസ്വദിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിനൊപ്പം നിൽക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണെന്നും ഉണ്ണി ആർ പറഞ്ഞു. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉണ്ണി.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘കേരളത്തെ ഭ്രാന്താലയമാക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ്. ജാതിമത ചിന്തകളിൽ നിന്ന് കുതറി മാറാനുള്ള ശ്രമങ്ങളെ ഇവർ ഇടുങ്ങിയ വാക്കുകളാൽ, ചിന്തകളാൽ തടയാൻ ശ്രമിക്കുന്നു. ‌നേരു പറയുന്നവരുടെ നാവരിയുക എന്നത് എല്ലാക്കാലത്തേയും ഫാസിസ്റ്റ് രീതിയാണ്. കമലിനോടുള്ള അസഹിഷ്ണുത ആവർത്തിച്ച് പറയുന്നതിലൂടെ സംഘപരിവാർ അവരുടെ മനുഷ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രം നവോത്ഥാന മൂല്യങ്ങളാൽ ഉണർത്തപ്പെട്ട കേരളത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

ജാതിമത ഭേദങ്ങളില്ലാതെയാണ് മലയാളി കമലിന്റെ ചിത്രങ്ങൾ കണ്ടതും ആസ്വദിച്ചതും. ഒരു നിമിഷത്തേക്കെങ്കിലും നമ്മുടെ വിരസനിമിഷങ്ങളെ ആനന്ദിപ്പിച്ച ഈ ചലച്ചിത്രകാരനൊപ്പം നിൽക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്.’ ഉണ്ണി ആർ പറഞ്ഞു.