Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷൻ ഹീറോ വിനയ് ഫോർട്ട്

vinay-fort-interview

ഇതുവരെ കണ്ട എല്ലാ ചിത്രങ്ങളിലും ഈ നടന്റെ വേഷം നമ്മെ ചിന്തിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് പിന്നെയും ഏറെ നേരം ആലോചിച്ചിരുന്നിട്ടുണ്ട്. പ്രേമത്തിലെ വിമൽ മാഷ് പറയും പോലെ സിമ്പിളും പവർഫുള്ളുമായ കുറേ കഥാപാത്രങ്ങൾ. വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ അടയാളപ്പെടുത്തുന്നത് അതാണ്. പുതിയ ചിത്രമായ കിസ്മത്തിലെ പൊലീസ് വേഷത്തേയും ആ അനുഭവത്തേയും കുറിച്ച് വിനയ് മനോരമ ഒാൺലൈനോട് സംസാരിക്കുന്നു

എങ്ങനെയാണ് കിസ്മത്തിന്റെ ഭാഗമായത് ?

പ്രേമം ഒരുപാടു സന്തോഷം തരുകയും അതുപോലെ പ്രേക്ഷകരിലേക്കു ഏറെ നമ്മെ എത്തിക്കുകയും ചെയ്ത ചിത്രമായിരുന്നു. എങ്കിലും വിമൽ സാറിൽ നിന്നൊരു മാറ്റം കാത്തിരുന്ന സമയത്തായിരുന്നു ഒരു വേഷമെത്തിയത്. കാസ്റ്റിങ് ഡയറക്ടറായിരുന്ന വിജയകുമാർ വഴിയായിരുന്നു വേഷം കിട്ടിയത്. 

കഥ കേട്ടപ്പോൾ എനിക്ക് ഒരുപാട് ആകാംക്ഷ തോന്നി. ഒരു നോവൽ വായിക്കുന്ന പോലെ തോന്നി. അതുകൊണ്ടു തന്നെയാണീ വേഷം ചെയ്തത്. ഒരുപാടു പരിമിതികളുള്ള ചിത്രമായിരുന്നു അത്. ചെറിയ കാൻവാസിൽ ചെയ്ത ചിത്രം. പക്ഷേ അതിനൊരുപാട് ആഴങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഒരു സന്തോഷം തോന്നി വേഷം ചെയ്തപ്പോൾ.

vinay-kismath

പൊന്നാനിയിൽ നടന്നൊരു കഥയാണിത്. അന്ന് സംവിധായകനായ ഷാനവാസ് അവിടെയുണ്ടായിരുന്നു. അന്ന് ആ സംഭവത്തിൽ പ്രതികരിക്കാനോ നീതിയുക്തമായി പ്രവർത്തിക്കുവാനോ സാധിച്ചില്ല. അതുകൊണ്ടാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 23 ദിവസമേ ഷൂട്ടിങുണ്ടായിരുന്നുള്ളൂ. ഞാനും അങ്ങനെയുള്ളൊരാളാണ്. പല കാര്യങ്ങളിലും ഉള്ള് തുറന്നു അഭിപ്രായം പറയുവാൻ കുടുംബം, സമൂഹം തുടങ്ങി പല ചട്ടക്കൂടുകളും നമ്മെ അനുവദിക്കില്ല. നമുക്ക് പ്രതികരിക്കുവാനാകുന്നത് ഇത്തരം വേഷങ്ങളിലൂടെയാണ്. ആ സംതൃപ്തിയാണ് എനിക്ക് കിട്ടിയത്. പൊന്നാനി എന്ന സ്ഥലത്തു കുറച്ചു നേരം ചെന്നു നിന്നാൽ എന്താണു നമുക്കു തോന്നുക. അതീ സിനിമയിലുണ്ട്. അത്രയേറെ യാഥാർഥ്യതയുണ്ട്. 

ഇതിലെ പൊലീസുകാരൻ സത്യത്തിൽ വില്ലനാണോ ?

എന്റെയുള്ളിൽ ഒരു വില്ലനുണ്ട്. ഇങ്ങനെ സ്വഭാവമുള്ള ആളുകളേയും എനിക്കറിയാം. പിന്നെ ഈ എസ്ഐ അത്രയേറെ പരുഷമായി പെരുമാറുന്നുവെങ്കിൽ അതിലെന്തെങ്കിലും ഒരു കാര്യമുണ്ടെന്നാണു ഞാൻ ചിന്തിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ വന്നെത്തുന്ന കാര്യങ്ങൾ അത്രയ്ക്കു സുഖകരമൊന്നുമല്ലല്ലോ. കള്ളനും കൊലപാതകിയും ഒക്കെ ചേരുന്നൊരു ലോകമാണല്ലോ. അതേതു മനുഷ്യനിലും മടുപ്പുണ്ടാക്കും. പ്രേത്യേകിച്ച് എന്തിനോടെങ്കിലും അടുപ്പം തോന്നില്ല. സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കുന്നത് എന്നാണു ഞാൻ ചിന്തിക്കുന്നത്. നിങ്ങള്‍ ആ ചിത്രം കണ്ടുനോക്കൂ എന്നിട്ട് പറയൂ. അയാളൊരു വില്ലനല്ല എന്നാണെനിക്കു തോന്നുന്നത്. പിന്നെ ഈ കാരക്ടറിനെ കുറിച്ച് എന്റെ വിലയിരുത്തലാണിത്. 

സിനിമയ്ക്കായി അഞ്ചു കിലോ കൂട്ടിയിരുന്നു. പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു ചെയ്ത ചിത്രമൊന്നുമല്ല. എനിക്കറിയാം ഇങ്ങനെയുള്ള ആളുകളെ. 

ഇത്തരം സിനിമകൾ ടൊറന്റിൽ ഹിറ്റാവുകയാണല്ലോ പതിവ് ? 

ആർട് സിനിമ എന്ന ലേബലിൽ ഇൗ സിനിമയെ കാണരുത്. താരങ്ങളില്ലാത്തതുകൊണ്ട് കാണാതിരിക്കുകയും ചെയ്യരുത്. സിനിമയേയും കലയേയും സ്നേഹിക്കുന്ന ഒരു കൂട്ടം സിനിമക്കാർ ആത്മാർഥതയോടെ സമീപിച്ചപ്പോൾ പിറന്ന ചിത്രമാണ്. ഒട്ടുമേ കലർപ്പില്ലാത്തത്. അതുകൊണ്ടാണു രാജീവ് രവി നിർമ്മിച്ചതും ലാൽ ജോസ് വിതരണം ചെയ്തതും. ഹിന്ദി, തമിഴ്, ഇംഗ്ലിഷ് അടക്കമുള്ള ചിത്രങ്ങൾ റിലീസ് ദിവസം തന്നെ എത്തുന്ന സംസ്ഥാനമാണു കേരളം. അവിടെ മലയാളം സിനിമ, പ്രേത്യേകിച്ച് ഇതുപോലുള്ള നല്ല ചിത്രങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ പ്രേക്ഷകർ തന്നെ ഇടപെടണം. കിസ്മത് പ്രതീക്ഷിക്കുന്നതും അതാണ്.

മച്ചാനേ സിനിമ ഡൗൺലോഡ് ചെയ്തു കണ്ടൂട്ടോ...എന്തുട്ട് പടാ...തീയറ്ററില്‍ പോയി കാണുവാനായില്ല....എന്നു പറയരുത്....

കിസ്മത്തിന്റെ രാഷ്ട്രീയം ?

സിനിമ ഗൗരവതരമായ ഒരു രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. ലോകം മുഴുവൻ വേര്‍തിരിവുകൾക്കു മുകളിലാണു കടന്നുപോകുന്നത്. സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിച്ചു പോകാനുള്ള സാഹചര്യമാണ് അവിടെ ഇല്ലാതാക്കപ്പെടുന്നത്. അതിനെ കുറിച്ചു കൂടിയാണു കിസ്മത്ത് സംസാരിക്കുന്നത്. 

ഞാൻ പറഞ്ഞല്ലോ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളാണു ചെയ്യാറുള്ളത്. പിന്നെ കിസ്മത്തിലേത് എന്തുകൊണ്ടും വ്യത്യസ്തമായൊരു വേഷമാണിത്. ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഒരുപക്ഷേ അങ്ങനെ തിരഞ്ഞെടുക്കപ്പെടാൻ എന്നെ പ്രേരിപ്പിക്കുന്നതും പരുവപ്പെടുത്തിയതും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു പങ്കുണ്ടാകാം. പഠനം നമ്മെ കുറച്ചുകൂടി ജഡ്ജ്മെന്റലാക്കും. 

shane-nigam-kismath-ktm

പക്ഷേ ഞാനൊരു തികഞ്ഞ ആക്ടർ ഒന്നുമല്ല. എനിക്കൊരുപാട്പരിമിതികളുണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നു കിട്ടുന്ന അവസരങ്ങളിൽ നിന്നും നല്ലത് തിരഞ്ഞെടുക്കുന്നുവെന്നു മാത്രം. സെലക്ടീവ് ആണു ഞാൻ. തുടക്കം മുതൽക്കേ അങ്ങനെ തന്നെയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ ആളുകൾ നമ്മെ ആലോചിക്കണം എന്നാണെന്റെ ചിന്ത.

Your Rating: