ADVERTISEMENT

വെളിമ്പറമ്പിലെ സജി കൊണ്ടുവന്ന വാർത്ത വേഗത്തിൽ സ്കൂളിൽ എല്ലായിടത്തും എത്തി. ഞാനും അറിഞ്ഞു. ഈ അവസരം നഷ്ടപ്പെടാൻ പാടില്ല. പക്ഷേ എങ്ങനെ ? ക്ലാസ്സിൽ പോകാതിരിക്കാൻ ഏതായാലൂം സാധിക്കില്ല. വീട്ടിൽ പറഞ്ഞതുകൊണ്ട് പ്രയോജനവുമില്ല. എന്തെങ്കിലും വഴിയുണ്ടാകും. ശുഭപ്രതീക്ഷയോടെ ചോറുംകെട്ടി  നേരേ  സ്കൂളിലേക്കു വിട്ടു. പക്ഷേ  ക്ലാസ്സിൽ എത്തിയില്ലെന്നുമാത്രം. എത്തിയതോ, കിടങ്ങാംപറമ്പിൽ ഭുവനേശ്വരിദേവിയുടെ സന്നിധിയിൽ. കേട്ടറിവ്  തെറ്റി. ഷൂട്ടിങ് അമ്പലത്തിലല്ല, അടുത്തുള്ള ഹാളിലാണ്. അതിനുമുന്നിൽ  ആളുകൾ തിങ്ങിക്കൂടി  നിൽക്കുന്നു.  ഞാൻ  തനിച്ചേയുള്ളൂ. സജിയെ  വിളിച്ചിട്ടു  വന്നില്ല. പാവം  അവനു യോഗമില്ല, പ്രേംനസീറിനെ കാണാൻ. നാളെ  ക്ലാസ്സിൽ ചെല്ലുമ്പോൾ ഞാൻ സസീറിനെ നേരിട്ടു കണ്ടകാര്യം അഹങ്കാരത്തോടെ പറയും. അന്നേരം  എന്തായിരിക്കും അവന്റെ മുഖത്തെ ഭാവം? എന്താകാൻ, തകർന്നുപോകും. ഇതൊക്കെ ഓർത്തപ്പോൾ മനസ്സിൽ ഒരു പ്രത്യേക സന്തോഷമുണ്ടായി. ചൂണ്ടുവിരലിലെ കുത്തുന്ന വേദനയും  തൽക്കാലത്തേക്കു മറന്നുപോയി.

ഇതൊരു വല്ലാത്ത പൊല്ലാപ്പുതന്നെ ! ഞാൻ വലതു കയ്യിലെ ചൂണ്ടു വിരലിൽ നോക്കി. ഈ ഉണ്ടക്കെട്ട് വലിയ അസ്വസ്ഥതയുണ്ടാക്കുന്നു.  തലേദിവസം സംഭവിച്ച ദുരന്തം. ക്ലാസ് മുറിയുടെ ജനൽ തുറക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. ഞാൻ തള്ളിത്തുറന്നു. പോയതിലും  ആയത്തിൽ ജനൽപാളി തിരികേ  വന്നടഞ്ഞു. വിരൽ അതിനിടയിൽപെട്ടു ചതഞ്ഞു. നിലവിളികേട്ട് മൂന്നു ക്ലാസിനപ്പുറം പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചർമാർവരെ ഓടിയെത്തി. സ്വർണ നിറമുള്ള  ഏതോ ലായനി  ടീച്ചർ വിരലിൽ പുരട്ടിത്തന്നു, തുണികൊണ്ട് വിരൽ മുഴുവനായും ചുറ്റിക്കെട്ടി. അതിപ്പോൾ ഒരു ചെറിയ പന്തു പരുവത്തിലായിട്ടുണ്ട്.

ഷൂട്ടിങ്  നടക്കുന്ന ചെറിയ ഹാളിന്റെ ജനലിൽ   നിലംതൊടാതെ തൂങ്ങിനിൽക്കുമ്പോൾ വിരലിലെ  ഉണ്ടക്കെട്ട് പിന്നെയും ബാധ്യതയാകുന്നു. അതിനുള്ളിലെ വിങ്ങലിലും ഹൃദയം വെമ്പി, എവിടെ പ്രേംനസീർ ? നസീർ വന്നിട്ടില്ലേ ? എന്റെ കൊച്ചു കണ്ണുകൾ ചുമരിൽ  നാരായണഗുരുസ്വാമിയുടെയും  ഗാന്ധിജിയുടെയുമൊക്കെ  പ്രതിമകൾ  സ്ഥാപിച്ചിട്ടുള്ള  ഹാളിനുള്ളിലെ ആൾക്കൂട്ടത്തിൽ പ്രിയപ്പെട്ട നടനെ തേടിനടന്നു. ഒരൊറ്റ  ഇടിയിൽ  പത്തുപേരെ തകർത്തു  തരിപ്പണമാക്കുന്ന വീരനായകൻ എവിടെ ? ആകാംക്ഷ അത്രയുമെത്തിയപ്പോൾ ആരോ ഉറക്കെ വിളിച്ചുകൂവുന്നത്  കേട്ടു, 'നസീർ നസീർ.'  എല്ലാവരുടെയും നോട്ടം ഹാളിന്റെ മൂലയിലേക്കു കുതിച്ചു. അവിടെ ഉദിച്ചുയരുന്ന  സൂര്യനെപ്പോലെ  സാക്ഷാൽ പ്രേംനസീർ നിൽക്കുന്നു. വെളുത്ത  ഷർട്ടും  മുണ്ടും  വേഷം. മീശ  ചെറുതായി  പിരിച്ചുവച്ചിട്ടുണ്ട്. തൊട്ടടുത്തായി  ഷീലയെയും  കാണാം. നസീർ ആളുകളുടെ  നേരേ ചെറുപുഞ്ചിരിയോടെ കൈവീശി. ആവേശം കൊടുമുടി കയറിയ നിമിഷം. 'എടാ സജീ, നീ ഇതൊന്നും കാണുന്നില്ലല്ലോടാ, ഭാഗ്യംകെട്ടവനേ!'

ഷൂട്ടിങ് ഇമചിമ്മാതെ നിരീക്ഷിക്കുന്നതിനിടെ ഒരുകാര്യം ശ്രദ്ധയിൽ വന്നു, ഒരുത്തൻ ഇടയ്ക്കിടെ ചെറിയൊരു  പലക  ക്യാമറയുടെ മുന്നിൽ കൊണ്ടുവന്നു പിടിക്കുന്നുണ്ട്. അതിന്മേൽ  എഴുതിവച്ചിരിക്കുന്നത് വായിച്ചെടുത്തു- 'ആനപ്പാച്ചൻ'. പുറത്തുകിടന്ന വണ്ടിയിലും ഇതുതന്നെ എഴുതിവച്ചിരിക്കുന്നു. അങ്ങനെ സിനിമയുടെ പേര് മനസിലായി.  ചിത്രീകരിക്കുന്ന രംഗം ഒരു കല്യാണമാണെന്നും മനസിലായി. കല്യാണപ്പെണ്ണിനെയും ചെറുക്കനെയും കണ്ടു. ഇനി  സദ്യവട്ടം  ഉണ്ടാകുമോ ?  ഉണ്ടാകണം. അതിന്റെ  ഒരുക്കങ്ങൾ  പക്ഷേ  കാണുന്നില്ല. ഇങ്ങനെ  ഓരോ മനോവിചാരങ്ങളുമായി ജനലഴികളിൽ പിടിച്ചു തൂങ്ങിക്കിടന്നപ്പോൾ ഹാളിനുള്ളിലുണ്ടായിരുന്ന, കറുത്ത  കോട്ടും  തലപ്പാവും  ധരിച്ച  ഒരു  തടിയൻ   ബലത്തിൽ ജനലിൽ വന്നു ചാരി.  വിരലിലെ ഉണ്ടക്കെട്ടിൽ അയാളുടെ ശരീരഭാരം അമർന്നു. നല്ല  ജീവൻപോയി ! ഞാൻ വലിയ വായിൽ നിലവിളിച്ചു. അപ്പോഴേക്കും മുറിഞ്ഞ വിരലിൽ മുതുകു ചാരിയ മനുഷ്യനും പരിഭ്രമത്തോടെ  തിരിഞ്ഞുനോക്കി - അടൂർഭാസി! കരച്ചിൽകേട്ട പ്രേംനസീറും  ആളുകളെ നീക്കി മുന്നിലേക്കു വന്നു. കെട്ടിനെ നനച്ചുകൊണ്ട് മുറിവിൽനിന്നും ചോര  പൊടിച്ചുതുടങ്ങിയിരുന്നു.  പ്രേംനസീർ അതു  കണ്ടു.

'ആ കുട്ടിയെ ആരെങ്കിലും അകത്തേക്ക് കൊണ്ടുവരൂ'.

അദ്ദേഹം നിർദേശം കൊടുത്തു. അങ്ങനെ ഞാൻ ഹാളിനുള്ളിൽ എത്തി.

നസീർ  മുറിവിൽ സൂക്ഷിച്ചുനോക്കി. 

'അയ്യേ,  ഇത്രയേ ഉള്ളൂ. ഇപ്പൊ മാറ്റി തരാം'.

nzair-sheela
ആനപ്പാച്ചൻ സിനിമയിൽ നസീറും ഷീലയും

അദ്ദേഹം സഹായിയുടെ ചെവിയിൽ  എന്തോ സ്വകാര്യം പറഞ്ഞു. അടുത്ത നിമിഷം തിളങ്ങുന്ന വർണക്കടലാസിൽ പൊതിഞ്ഞ ഒരു വലിയ ചോക്ലേറ്റ് എന്റെ ഉള്ളം കയ്യിൽ പ്രത്യക്ഷപ്പെട്ടു. സത്യത്തിൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. പ്രേംനസീറിനെ തൊട്ടുമുന്നിൽ കണ്ടമാത്രയിൽ വേദന മാറി, മുറിവും കരിഞ്ഞു ഭേദമായി.  ഇനി ഈ ഉണ്ടക്കെട്ടിന്റെപോലും ആവശ്യമില്ല.

ഷൂട്ടിങ് തുടർന്നുകൊണ്ടിരുന്നു. ഞാനിപ്പോൾ പ്രേംനസീറിന്റെ പുറകിലായിനിൽക്കുകയാണ്. ആ നിൽപ്പിൽ  ഷൂട്ടിങ് കാണാൻവേണ്ടി ഇടികൂടുന്നവരെ ഇടം കണ്ണിട്ടു നോക്കി. ചില മുഖങ്ങൾ പരിചിതം. അവർ എന്നെ കാണാൻ പാകത്തിൽ  ഞാനും നിന്നുകൊടുത്തു. സംഗതി ഏറ്റു. ചിലർ ഉറക്കെ എന്റെ പേര് വിളിക്കുന്നുണ്ട്. ക്ലാസ്സിൽ പഠിക്കുന്നവന്മാരോ  അവരുടെ  ചേട്ടന്മാരോ അക്കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ  ആത്മാർഥമായി ആശിച്ചുപോയി. ഇതിനിടയിൽ  ഞാനൊരു ബാലതാരവുമായി. കല്യാണത്തിൽ  പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്.  തകർത്തഭിനയിച്ചു.

ഉച്ചയോടെ ഷൂട്ടിങ് തീർന്നു, എല്ലാവരും പിരിഞ്ഞുപോയി. ഞാൻ സ്കൂളിലേക്കു  പോയില്ല, വീട്ടിലേക്കും. ഇപ്പോൾ ചെന്നുകയറിയാൽ  പലരോടും കാരണം  പറയേണ്ടിവരും. അതൊഴിവാക്കാൻ  നാലു മണിവരെ ഭുവനേശ്വരിക്ഷേത്രത്തിലെ  ആനക്കൊട്ടിൽ ഇരുന്നു.  പ്രേംനസീർ നൽകിയ ചോക്കലേറ്റ് പോക്കറ്റിൽനിന്നും പുറത്തെടുത്തു. കഴിച്ചാൽ തീർന്നുപോകുമല്ലോ എന്ന പേടികാരണം കഴിക്കാതിരുന്നു. എത്ര നേരം സാധിക്കും! ഒടുക്കം  കൊതിതന്നെ  വിജയിച്ചു. ഓരോ തരിതരിയായി ചോക്കലേറ്റ് നാവിൽ അലിഞ്ഞുതീർന്നു. കടലാസ് ഞാൻ കളഞ്ഞില്ല. മലയാളം പാഠപുസ്തകത്തിൽ ഭദ്രമായി സൂക്ഷിച്ചുവച്ചു. 

ഇന്നും പ്രേംനസീറിന്റെ  പഴയകാല  സിനിമകൾ കാണാൻ എനിക്കു  താല്പര്യമാണ്.  കഴിഞ്ഞയാഴ്ച യൂട്യൂബിൽ 'ആനപ്പാച്ചൻ' ഒരു  റെക്കമെൻഡേഷനായി  പ്രത്യക്ഷപ്പെട്ടു. സിനിമയുടെ മുക്കാൽഭാഗം  കഴിഞ്ഞപ്പോൾ  ഞാൻ ഷൂട്ടിങ്ങിൽ കണ്ട കല്യാണരംഗം വന്നു. വരൻ  ജോസ്. അരിച്ചുപെറുക്കിനോക്കി, നിക്കറിട്ട  ഒരു പയ്യനെ ആൾത്തിരക്കിൽ എവിടെയെങ്കിലും കാണുന്നുണ്ടോ ? പൊടിപോലുമില്ല. ഞാൻ ഉള്ളിൽ ചിരിച്ചുപോയി. നാലുപതിറ്റാണ്ടുകൾക്കുശേഷം അന്നത്തെ  മിഠായിക്കടലാസിനെപ്പറ്റിയും ഞാൻ  ഓർത്തു. അതെവിടെ പോയിട്ടുണ്ടാവും ? ഓർത്തെടുക്കാൻ  എനിക്കു  കഴിഞ്ഞില്ല.  പക്ഷേ മറന്നതുമില്ല, ആ മഹാനായ നടൻ വാത്സല്യപൂർവം  നൽകിയ ഓർമയുടെ തിരുമധുരം.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com