റോജര്‍ ജോണ്‍ വിന്‍സ്‌ലെറ്റ് എന്ന പാവപ്പെട്ട നാടകനടന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടെ തന്റെ കുഞ്ഞുമകളോടു പറഞ്ഞു- ‘നീ ചെയ്യുന്ന എന്തു കാര്യവും നിന്റെ കഴിവിന്റെ പരമാവധി മികച്ചതാക്കുക’. അഭിനയശേഷി കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച കേറ്റ് എലിസബത്ത് വിന്‍സ്‌ലെറ്റ് അച്ഛന്റെ ഉപദേശം ശിരസ്സാവഹിച്ചു. ചെറുപ്രായത്തില്‍ ടൈറ്റാനിക് നേടിക്കൊടുത്ത വിജയം കേറ്റിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. താരമാകാനല്ല നല്ല അഭിനേത്രിയാകാന്‍ തീരുമാനിച്ചു കേറ്റ് വിന്‍സ്‌ലെറ്റ്. വലിയ ബജറ്റ് സിനിമകള്‍ വേണ്ടെന്നുവച്ച് ചെറുസിനിമകളിലെ കഥാപാത്രങ്ങള്‍ ഏറ്റെടുത്തു. ഓസ്കര്‍ നേടി കൂടുതല്‍ പൊതുജനശ്രദ്ധയാകര്‍ഷിച്ച സമയത്ത് രണ്ടു വര്‍ഷത്തേക്ക് അവധിയെടുത്ത് എല്ലാത്തില്‍ നിന്നും വിട്ടുനിന്നു. മെലിഞ്ഞ സുന്ദരിമാര്‍ ആഘോഷിക്കപ്പെടുന്നയിടത്ത് തന്റെ ശരീരത്തിന്റെ അഴകളവുകളെക്കുറിച്ചു വ്യാകുലപ്പെട്ടില്ല. തന്റെ ഓരോ കഥാപാത്രവും മികച്ചതാക്കുന്നതില്‍ മാത്രമായിരുന്നു റോജര്‍ ജോണ്‍ വിന്‍സ്\ലെറ്റിന്റെ മകളുടെ ശ്രദ്ധ. 17-ാം വയസ്സിൽ ആദ്യ സിനിമയിൽ വേഷമിട്ട കേറ്റിന്റെ പ്രായം ഇന്ന് 47. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ കേറ്റിന്റെ 30 വർഷം നീണ്ട അഭിനയജീവിതം ഇപ്പോള്‍ റൊനാൽ ആയി അവതാര്‍ ദ് വേ ഓഫ് വാട്ടറില്‍ എത്തിനില്‍ക്കുന്നു.
HIGHLIGHTS
- സിനിമകളുടെ സിലക്‌ഷൻ കഥാപാത്രത്തിനു ‘ഫുൾ മാർക്കെങ്കിൽ’ മാത്രം
- ‘മികച്ച’ ചിത്രങ്ങൾ ഒഴിവാക്കിയും ശരാശരി ചിത്രങ്ങൾ തിരഞ്ഞെടുത്തും കേറ്റിന്റെ മുന്നേറ്റം
- കഥാപാത്ര പൂർണതയ്ക്കായുള്ള ഡെഡിക്കേഷൻ ലെവലിനും കേറ്റ് ബഹുദൂരം മുന്നിൽ