മേനകയും മൈനാകവും

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 73
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
menaka-kaloor
SHARE

‘മൈനാകം കടലിൽ നിന്നുയരുന്നുവോ’ എന്ന ഐ.വി.ശശിയുടെ ‘തൃഷ്ണ’ യിലെ പാട്ടു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം കടന്നു വരുന്ന രണ്ടു മുഖങ്ങളുണ്ട്. പഴയകാല സിനിമാനിർമാതാവായ ഖാൻ സാഹിബും മലയാളികളുടെ പ്രിയപ്പെട്ട നായിക താരമായിരുന്ന മേനകയുമാണ് ആ രണ്ടു മുഖശ്രീകൾ. 1986 ൽ ഞാൻ തിരക്കഥ എഴുതിയ ‘ഒപ്പം ഒപ്പത്തിനൊപ്പം’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഖാൻ സാഹിബ്. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ നായികയായിട്ടഭിനയിച്ചത് മേനകയാണ്. സോമൻ അമ്പാട്ടായിരുന്നു സംവിധായകൻ. ഖാൻ സാഹിബിന് അൽപം പ്രായക്കൂടുതലുണ്ടായിരുന്നെങ്കിലും വായ്മൊഴികളിൽ എപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന, നിർദോഷമായ തമാശകൾ പറയുന്ന രസികനായ ഒരു നിർമാതാവും അപൂർവം ചില സിനിമകളിലെ പാട്ടുകളുടെ രചയിതാവും കൂടിയായിരുന്നു അദ്ദേഹം. ‘ആയിരം കാതം അകലെയാണെങ്കിലും അറിയാതെ മക്കാ മനസ്സിൽ നിൽപ്പൂ’ എന്ന അർഥസ‌മ്പുഷ്ടമായ അദ്ദേഹത്തിന്റെ ഗാനം ഏറെ ശ്രദ്ധേയമാണ്.

ചെന്നൈയിലും എറണാകുളത്തും വച്ചായിരുന്നു ‘ഒപ്പം ഒപ്പത്തിനൊപ്പ’ത്തിന്റെ ചിത്രീകരണം നടന്നത്. ആദ്യത്തെ രണ്ടു മൂന്നു ദിവസം മദ്രാസ് ലൊക്കേഷനിൽ ഞാനുമുണ്ടായിരുന്നു. മോഹൻലാൽ, മേനക, ശങ്കർ, ലാലു അലക്സ് തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. മോഹൻലാൽ ലൊക്കേഷനിൽ വന്നാൽ ഓരോ കുസൃതിത്തരങ്ങളും കുറുമ്പുകളുമൊക്കെ കാണിക്കുമ്പോൾ നിർമാതാവായ ഖാൻ സാഹിബും അതിന്റെ കൂടെ അകമ്പടിചേരാറുണ്ട്. മേനക പാതി വിരിഞ്ഞ ചിരിയുമായി ഒരു നിശബ്ദ സാന്നിധ്യം പോലെ അതെല്ലാം കണ്ടു കൊണ്ട് ഇരിക്കുന്നതു കാണാം. അതുകാണുമ്പോൾ കൗമാരകാലത്ത് ഓരോ കുസൃതിത്തരവുമായി ഓടി നടന്നിരുന്ന മേനകയിൽ യൗവനം കടന്നു വന്നപ്പോൾ, അച്ഛനമ്മമാരുടെ നിയന്ത്രണങ്ങളില്‍നിന്ന് ലഭിച്ച അടക്കവും ഒതുക്കവും വിനയവും ലാളിത്യവുമൊക്കെ സ്വാംശീകരിച്ച ഒരു സ്കൂൾ കുട്ടിയെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Menaka-Oppol-movie1

മേനകയുടെ ഇരിപ്പു കാണുമ്പോൾ ഖാൻ സാഹിബ് തന്റെ നാടൻ മുസ്‌ലിം ശൈലിയിൽ ഞങ്ങളോട് പറയും. ‘‘നമ്മുടെ ഈ മൈനാകം ഒരു നടിയാവേണ്ടതല്ല. വല്ല ഓത്ത് പള്ളിക്കൂടത്തിന്റെയും ടീച്ചറമ്മയാവേണ്ടതായിരുന്നു. പക്ഷേ എന്ത് ചെയ്യാം പടച്ചോന് തെറ്റ് പറ്റിയതാവാം.’’

മേനകയെ മൈനാകം എന്നാണ് ഖാൻ സാഹിബ് വിളിച്ചിരുന്നത്. അവർ കേൾക്കെ അങ്ങനെയൊന്നും വിളിക്കാറില്ല. മൈനാകം വന്നോ? മൈനാകത്തിന്റെ പണി കഴിഞ്ഞോ? എന്നൊക്കെയാണ് സംവിധായകനോടും പ്രൊഡക്‌ഷൻ കൺട്രോളറോടുമൊക്കെ ഖാൻ സാഹിബ് ചോദിച്ചിരുന്നത്. എന്താണ് ഈ മൈനാകത്തിന്റെ മീനിം‌ങ് എന്ന് ഞാൻ ചോദിക്കുമ്പോൾ അദ്ദേഹം പറയും: ‘‘മീനിങ്ങും കൂനിങ്ങും ഒന്നും എനിക്ക് അറിയേണ്ട കാര്യമില്ല. ഐ.വി. ശശിയുടെ തൃഷ്ണയിലെ കാവ്യഭംഗിയുള്ള പാട്ടാണെന്നറിയാം. അപ്പോൾ മേനകയെന്ന വിളി ഞാനൊന്ന് മൈനാകം എന്നാക്കി മാറ്റിയെന്നെയുള്ളൂ.’’ ഇതായിരുന്നു ഖാൻ സാഹിബിന്റെ സംസാരരീതി.

ഇനി ഖാൻ സാഹിബ് ‘മൈനാകം’ എന്നു വിളിക്കുന്ന മേനകയുടെ നാൾവഴിയിലേക്ക് വരാം. കൗമാരപ്രായത്തിൽ ‘രാമായി വയസ്സുക്കു വന്തുട്ടാ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന മേനക കെ.എസ്. സേതുമാധവന്റെ ‘ഓപ്പോളി’ലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നായികാതാരമായി മാറുന്നത്. സിനിമയും സിനിമാ അഭിനയവുമൊന്നും തന്റെ സ്വപ്ന സഞ്ചാരങ്ങളിൽ പോലും എത്തിനോക്കിയിട്ടില്ലെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് സിനിമ എന്ന മായാപ്രപഞ്ചത്തിലേക്ക് മേനക കടന്നു വന്നത്. തമിഴ്നാട്ടിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ച പത്മാവതി എന്ന കൗമാരക്കാരി പതിനഞ്ചാമത്തെ വയസ്സിലാണ് സിനിമയിൽ അഭിനയിക്കുന്നത്. അച്ഛന്റെ സുഹൃത്തും തമിഴിലെ പ്രശസ്ത തിരക്കഥാകാരനുമായ വിയറ്റ്നാം സുന്ദരത്തിന്റെ ആവശ്യപ്രകാരമാണ് മേനക ആദ്യമായി വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വരുന്നത്. തന്റെ തിരക്കഥയിലെ ഒരു കൗമാരക്കാരിയുടെ വേഷത്തിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് അവിചാരിതമായി വിയറ്റ്‌നാം സുന്ദരം ഈ കൗമാരക്കാരിയെ കാണുന്നത്. അന്ന് ഒരു കുസൃതിക്കുട്ടിയായി ഓടിനടന്നിരുന്ന മേനകയുടെ രൂപവും ഭാവവും മാനറിസങ്ങളും സുന്ദരത്തിന്റെ കഥാപാത്രത്തിന്റെ തനി സ്വരൂപമായി തോന്നിയതു കൊണ്ട് ആ ചിത്രത്തിന്റെ സംവിധായകനായ വേദംപെട്ടി അഴകപ്പനോട് സുന്ദരം മേനകയുടെ കാര്യം പറയുകയും സംവിധായകന് മേനകയെ വളരെ ഇഷ്ടപ്പെട്ടതോടെ പത്മാവതി എന്ന അയ്യങ്കാർ പെൺകുട്ടി മേനക എന്ന പേരു സ്വീകരിച്ച് സിനിമയിലെത്തുകയുമായിരുന്നു. കൂടാതെ ഒന്നുരണ്ടു തമിഴ് ചിത്രങ്ങളിൽ കൂടി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പോളിലൂടെയാണ് മേനക മലയാളികളുടെ ഓപ്പോളായി മാറുന്നത്.

Menaka-Oppol-movie2

ഓപ്പോളിനെക്കുറിച്ച് പറയുമ്പോൾ ആരും അറിയാത്ത ഒരു ഓപ്പോൾചരിതമുണ്ട്. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധായകനായി വരുന്നത് പ്രസ്തുത ചിത്രത്തിന്റെ നിർമാതാവായ എയ്ഞ്ചൽ ഫിലിംസ് ജോർജേട്ടന്റെ പ്രത്യേക താൽപര്യ പ്രകാരമാണ്. അദ്ദേഹം ചിത്രകൗമുദി സിനിമാ വാരിക നടത്തിയിരുന്ന കാലം മുതലേ കക്ഷിയെ എനിക്കറിയാം. എന്റെ യൗവനാരംഭത്തിൽ സിനിമാ ലേഖനവും കഥകളും എഴുതിയിരുന്ന സമയം മുതലേയുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. ഞാൻ അദ്ദേഹത്തിന്റെ വാരികയിൽ കഥകളും സിനിമാലേഖനങ്ങളുമൊക്കെ എഴുതിയിരുന്ന കാലമായിരുന്നു അത്. ജോർജ് ചേട്ടൻ മിക്ക ദിവസങ്ങളിലും ഞാനും കിത്തോയും കൂടി നടത്തുന്ന ചിത്രപൗർണമി വാരികയുടെ ഓഫിസിൽ വരാറുണ്ട്. കിത്തോയെ കൊണ്ട് അദ്ദേഹത്തിന്റെ ചിത്രകൗമുദിയിൽ ഇല്ലസ്ട്രേഷൻ വരപ്പിക്കാൻ വേണ്ടിയാണ് ആ വരവ്.

ജോർജ് ചേട്ടൻ ഓരോ സിനിമ എടുക്കുമ്പോഴും അതേക്കുറിച്ചുള്ള വിശേഷങ്ങളും അതിന്റെ കഥയും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ എന്നോട് പറയാറുണ്ട്. ഓപ്പോളിന്റെ കാര്യം പറഞ്ഞപ്പോൾ അതിൽ മേനകയെ അല്ലായിരുന്നു, അന്നത്തെ പ്രശസ്തയായ ഒരു നടിയെ ആയിരുന്നു ജോർജ് ചേട്ടൻ മനസ്സിൽ കണ്ടിരുന്നത്. സേതുമാധവൻ സാറിന്റെ സജഷനായിരുന്നു മേനക. മേനക അഭിനയിച്ച ഒന്നുരണ്ട് തമിഴ് ചിത്രങ്ങൾ കണ്ടിട്ടാണ് സേതു സാർ എംടിയുടെ ഓപ്പോളായി മേനകയെ തിരഞ്ഞെടുത്തത്. ജോർജ് ചേട്ടൻ കച്ചവട സിനിമയുടെ ആളായിരുന്നതു കൊണ്ടായിരിക്കാം അന്നത്തെ പ്രശസ്ത നടിയെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞതെന്ന് എനിക്ക് തോന്നി. ആ കഥാപാത്രം അൽപം ഉയരം കുറഞ്ഞ്, ശാലീന സുന്ദരിയായ ഒരു പെൺകുട്ടിയാണ്. അതിന് അനുയോജ്യ മേനക തന്നെയായിരുന്നു എന്നുള്ള എന്റെയും കിത്തോയുടെയും അഭിപ്രായം കൂടി കേട്ടപ്പോഴാണ് ജോർജേട്ടന്റെ മനസ്സിലെ താരസ്വരൂപത്തെ അദ്ദേഹം വേണ്ടെന്നു വച്ചത്. ഈ കഥ പിന്നീട് ‍ജോർജ് ചേട്ടൻ ഞങ്ങളുടെ സാന്നിധ്യത്തിൽ ജോൺ പോളിനോടും പറഞ്ഞിട്ടുണ്ട്.

Menaka-Oppol-movie

അങ്ങനെ രാമായണവും മഹാഭാരതവും പഞ്ചതന്ത്രം കഥകളുമൊക്കെ പഠിച്ചുവന്നിരുന്ന കൗമാരക്കാരിയിൽ കാലം എന്ന മഹാമന്ത്രികൻ തന്റെ മാന്ത്രിക വടികൊണ്ട് എന്തെല്ലാം മയക്കാഴ്ചകളാണ് വാരി വിതറിയത്. ഇതിനെയാണ് നമ്മൾ സമയമെന്നും വിധിയെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് എങ്കിലും നമുക്കു വരാനുള്ളത് നമ്മുടെ കയ്യിൽ തന്നെ വന്നു ചേരുമെന്നുള്ള പഴമൊഴിയാണ് ഇവിടെ പ്രസക്തമാകുന്നത്.

ഓപ്പോളോടുകൂടിയാണ് മേനക മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടുന്നത്. എൺപതുകളിൽ ശങ്കർ –മേനക ജോഡി ഒരു തരംഗം തന്നെയായി മാറുകയായിരുന്നു. ഞാൻ എഴുതിയ ‘നാളെ ഞങ്ങളുടെ വിവാഹം ’ഒരുനോക്ക് കാണാൻ‘, ഒപ്പത്തിനൊപ്പം’ എന്നീ ചിത്രങ്ങളിൽ ശങ്കർ – മേനക ജോഡിയായിരുന്നു നായികാനായകന്മാർ.

ഞാൻ മേനകയെ ആദ്യമായി കാണുന്നത് എന്റെ തിരക്കഥയിൽ സാജൻ സംവിധാനം ചെയ്ത ‘കൂട്ടിനിളംകിളി’യില്‍ അഭിനയിക്കാനായി എറണാകുളത്തെത്തിയപ്പോഴാണ്. മേനകയെ പെട്ടെന്ന് കണ്ടാൽ ഒരു സിനിമാനടി ആണെന്ന് തോന്നുകയേയില്ല. നാട്ടിൻപുറത്തു കാണുന്ന ശാലീനസുന്ദരിയായ ഒരു നാടൻ പെൺകുട്ടിയാണെന്നേ തോന്നൂ. മേനകയുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊന്നും താരജാ‍‍ടയുടെ ഒരു സ്പർശം പോലും കാണാനാവില്ല. ഞാൻ തിരക്കഥ എഴുതി കെ. മധു സംവിധാനം ചെയ്ത ‘മലരും കിളിയി’ൽ അംബികയുടെ അനുജത്തിയുടെ വേഷമായിരുന്നു മേനകയ്ക്ക്. വിജയാ മൂവീസിന്റെ ‘അതിനുമപ്പുറം’ എന്ന ചിത്രത്തിൽ സത്താറിന്റെ ഭാര്യയുടെ റോളായിരുന്നു. താൻ നായികയായി മാത്രമേ അഭിനയിക്കൂ എന്നൊന്നും മേനക ഒരിക്കലും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. തനിക്കിണങ്ങുന്ന എന്ത് വേഷമാണെങ്കിലും നാലഞ്ചു സീനിൽ വന്നു പോകുന്ന വേഷമാണെങ്കില്‍ കൂടി മേനക യാതൊരു മടിയും കൂടാതെ വന്ന് അഭിനയിച്ചു പോകും.

എന്റെ നാൽപത്തഞ്ചു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഞാൻ ഒത്തിരി നായികമാരെ കണ്ടിട്ടുണ്ടെങ്കിലും ശാരദ, ഗീത, സരിത തുടങ്ങിയവർ കഴിഞ്ഞാൽ പെരുമാറ്റത്തിൽ ഇത്രയും വിനയവും ലാളിത്യവും പുലർത്തുന്ന മറ്റൊരു നടിയെ ഞാൻ വേറെ കണ്ടിട്ടില്ല (ഈ മൂന്നു നായികമാരും മലയാളികളല്ലെന്ന് ഓർക്കുക). ആ ഒരു സ്വഭാവനൈർമല്യം കൊണ്ടായിരിക്കാം ഈശ്വരൻ മേനകയ്ക്ക് സിനിമയിൽ നിന്നു തന്നെ നല്ലൊരു ഭർത്താവിനെ തരപ്പെടുത്തിക്കൊടുത്തതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രശസ്ത നിർമാതാവായ സുരേഷ് കുമാറിനെ ഭർത്താവായി കിട്ടിയതു തന്നെ തന്റെ മഹാഭാഗ്യമാണെന്ന് മേനകയും പലപ്പോഴും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആ ദാമ്പത്യ വല്ലരിയിൽ രണ്ടു പെൺ സൂനങ്ങളും അവർക്ക് പിറന്നു. ഒരാൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടി കീർത്തി സുരേഷാണ്. രേവതിയും സിനിമാലോകത്ത് തന്നെ പ്രവർത്തിക്കുന്നതു കൊണ്ട് ഒരു സന്തുഷ്ട സിനിമാ കുടുംബം തന്നെയാണ് അവരുടേതെന്നാണ് എല്ലാരും പറയുന്നത്.

ഈയിടെ നിർമാതാവ് ഈരാളി എന്നെ കാണാൻ വീട്ടിൽ വന്നപ്പോൾ പഴയതും പുതിയതുമായ സിനിമാവിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ അറിയാതെ സുരേഷ് –മേനക ദമ്പതിമാരെക്കുറിച്ചും അവരുടെ ഇഴയടുപ്പത്തെക്കുറിച്ചും പരാമർശിക്കാനിടയായി. സുരേഷ് കുമാർ ഈരാളിയുടെ ആദ്യകാല സുഹൃത്തും മേനക ഈരാളിയുടെ ‘പാവം പൂർണിമ’ 'നദി മുതൽ നദി വരെ' എന്ന ചിത്രങ്ങളിലെ നായികയുമായിരുന്നു. ‘‘വല്ലാതെ ഇഷ്ടം കൂടി ഒരാൾ ഉള്ളിൽ കയറിക്കൂടിയാൽ എങ്ങനെയാണ് നമുക്ക് ഇറക്കി വിടാൻ കഴിയുക’’ എന്ന് ഞാൻ സുരേഷ്‌ –മേനകമാരുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ നിനക്ക് നല്ല പ്രണയപരിചയം ഉണ്ടല്ലോടാ മോനെ എന്ന് പറഞ്ഞ് ഈരാളി പൊട്ടിച്ചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു.

ഞാൻ എഴുതിയ ‘ഒപ്പം ഒപ്പത്തിനൊപ്പ’ത്തിൽ അഭിനയിച്ച ശേഷം പിന്നെ മേനക എന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. 1987 ൽ സുരേഷ് കുമാറുമായുള്ള വിവാഹംനടന്നത്തിനു ശേഷം മേനക ഉത്തമയായൊരു ഭാര്യയായി ഒതുങ്ങിക്കൂടുകയായിരുന്നു. അവരുടെ വിവാഹത്തിനു ശേഷം പിന്നീട് എന്റെ തിരക്കുമൂലം മേനകയെ കാണാനോ സംസാരിക്കാനോ അവസരം കിട്ടിയിരുന്നില്ല. പിന്നീട് മുപ്പത്തഞ്ച് വർഷങ്ങൾക്കു ശേഷമാണ് മേനകയുമായി സംസാരിക്കാൻ കഴിഞ്ഞത്. സുരേഷ്കുമാറും മേനകയും കൂടി മകളുടെ വിവാഹം വിളിക്കാൻ കലൂരിൽ എന്റെ വീട്ടിൽ എത്തിയപ്പോഴാണത്. ഞാൻ അപ്പോൾ വീട്ടിൽ ഇല്ലായിരുന്നതു കൊണ്ട് സുരേഷ് എന്നെ ഫോണിൽ കൂടിയാണ് കല്യാണം ക്ഷണിച്ചത്. ആ ഫോൺ വാങ്ങി മേനക ഇങ്ങനെയാണ് പറഞ്ഞത്. ‘‘ഞങ്ങളുടെ മകളുടെ വിവാഹം ക്ഷണിക്കാൻ വേണ്ടിയാണു ഞാനും സുരേഷേട്ടനും കൂടി വന്നത്. പക്ഷേ സാറിനെ നേരിൽ കാണാനായില്ല. ക്ഷണിച്ചെങ്കിലും സാറിനു വിവാഹത്തിന് വരാനാകാനാകില്ലെന്നു എനിക്കറിയാം എന്നാലും സാറിന്റെ എല്ലാ അനുഗ്രഹാശിസുകളും എന്റെ മകൾക്ക് ഉണ്ടാകണം.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA