ADVERTISEMENT

ഞാൻ സിനിമയിൽ കഥാകാരനും തിരക്കഥാകാരനുമൊക്കെയായി വന്നിട്ട് നീണ്ട നാൽപത്തിയഞ്ചു വർഷങ്ങളാണ് ഓടി മറഞ്ഞിരിക്കുന്നത്. അന്നു മുതലുള്ള സിനിമയുടെ സഞ്ചാര വഴികളിൽ ഞാൻ കണ്ടുമുട്ടിയ ഒത്തിരി നിർമാതാക്കളുണ്ട്. ഇരുനൂറ്റൻപതു രൂപയുമായി സിനിമ പിടിക്കാൻ വന്നയാൾ മുതൽ ചെറുതും വലുതുമായ വളരെയധികം പ്രൊഡ്യൂസർമാർ എന്റെ ഓർമയുടെ നാൾവഴികളിൽ ഇന്നും ഒളിമങ്ങാതെ നിറഞ്ഞു നിൽക്കുന്നുണ്ട്. അതിൽ എന്നെ ഏറെ വിസ്മയിപ്പിച്ച ഒരു നിർമാതാവിന്റെ മുഖമാണ് എന്നിലേക്ക് ആദ്യം കടന്നു വരുന്നത്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് മനസ്സുനിറയെ നിശ്ചയദാർഢ്യവുമായി നടന്നിരുന്ന കോട്ടയംകാരൻ സാജൻ വർഗീസാണ് ആ കക്ഷി. സിനിമയിലേക്ക് വരുന്നതിനു മുൻപ് ഓറിയന്റൽ ഫൈനാൻസിയേഴ്സ് എന്നൊരു സ്ഥാപനത്തിന്റെ ഉടമയായിരുന്നു സാജൻ. അദ്ദേഹം നിർമിച്ച ആദ്യ ചിത്രം എൻഎച്ച് 47 ആണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പെന്ന ക്രിമിനലിന്റെ കഥ പറയുന്ന ആ ചിത്രം പ്രതീക്ഷിച്ചത്ര വിജയിക്കാതെ വന്നപ്പോൾ അടുത്ത പടമെടുത്ത് വിജയത്തേരിലേറണമെന്ന വാശിയായി സാജന്. അന്ന് ജോഷിയും ഞാനും കൂടി ചെയ്ത രക്തം, കർത്തവ്യം, ആ രാത്രി എന്നീ ചിത്രങ്ങൾ വൻവിജയം നേടിയിരിക്കുന്ന സമയമാണ്. വിജയങ്ങളുടെ പുറകെ പോകാനാണല്ലോ എല്ലാ നിർമാതാക്കളും ആഗ്രഹിക്കുന്നത്.

സാജന്റെ നാൾവഴികളിലൂടെ ഒന്നു പോകാം.


1984 ഏപ്രിലിലെ ഒരു സായംസന്ധ്യ. ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്യുന്ന, എവർഷൈൻ പ്രൊഡക്‌ഷൻസിന്റെ ‘ഇടവേളയ്ക്കു ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ നടക്കുകയാണ്. മധു, മമ്മൂട്ടി, സോമൻ, ശ്രീവിദ്യ തുടങ്ങിയവരെ വച്ചുള്ള ഒരു കോംബിനേഷൻ സീൻ എടുത്തുകൊണ്ടിരിക്കുകയാണ് ജോഷി. ഞങ്ങൾ സെപ്റ്റംബർ ആദ്യം ജർമനിയിൽ തുടങ്ങാനിരിക്കുന്ന ‘മിനിമോൾ വത്തിക്കാനിൽ’ എന്ന ചിത്രത്തിന്റെ സീൻ ഓർഡറുമായി ഞാൻ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ജോഷി എന്നോട് പറഞ്ഞു: ‘‘എടാ ഇന്ന് വൈകിട്ട് എൻഎച്ച് 47 എന്ന ചിത്രമെടുത്ത സാജ്മൂവീസ് സാജൻ വർഗീസ് ഇവിെട വരും. കഴിഞ്ഞ ദിവസം നീ പറഞ്ഞ ആ കഥ സാജനോടു ഒന്നു പറയണം.’’
‘‘അയ്യോ കഥ പറയാനോ? അതിന്റെ ഒരു രൂപരേഖ മാത്രമേ മനസ്സിലുള്ളൂ. ബാക്കി കൂടി ഉണ്ടാക്കിയിട്ടു പറഞ്ഞാൽ പോരേ?’’
‘‘അതുപോരാ. നീ അതിന്റെ ഒരു ഔട്ട്‍ലൈന്‍ മാത്രം പറഞ്ഞാൽ മതി. അയാൾക്ക് എന്തെങ്കിലും സജഷൻസ് ഉണ്ടെങ്കില്‍ കേൾക്കാമല്ലോ?’’

പണ്ടേ ആലങ്കാരികമായി കഥ പറഞ്ഞു പൊലിപ്പിക്കുന്ന കാര്യത്തിൽ ഞാൻ ഒരു പരാജയമാണ്. കഥയുടെ ക്ലൈമാക്സ് പോർഷൻ ശരിയായി വരുന്നതേയുള്ളൂ.

പറഞ്ഞതുപോലെ വൈകിട്ട് ഏഴു മണിയായപ്പോൾ സാജൻ പ്രസാദ് സ്റ്റുഡിയോയിലെത്തി. ഞാൻ സാജൻ വന്നോ എന്നറിയാനായി സ്റ്റുഡിയോ ഫ്ലോറിൽനിന്ന് ഇറങ്ങിയപ്പോൾ പുറത്ത് കാറിൽ ചാരി ഒരാൾ നിൽക്കുന്നത് ഞാൻ കണ്ടു. സാ‍ജനെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്നെ കണ്ടപ്പോൾ സാജൻ എന്റടുത്തേക്കു വന്നു. ആളെ കണ്ടാൽ ഒരു നിർമാതാവാണെന്നു തോന്നുകയില്ല. ഒരു സാധാരണക്കാരന്റെ ഭാവവാഹാദികളോടെ കേരളാ സ്റ്റൈലിൽ മുണ്ടും ഷർട്ടും ധരിച്ച ഒരു വിനയാന്വിതൻ.

സാജൻ ചോദിച്ചു: ‘‘കലൂർ ഡെന്നീസല്ലേ?’ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്.’’
ഞാൻ അതെ എന്ന് തലകുലുക്കി
‘‘ജോഷി ഷൂട്ടിങിന്റെ തിരക്കിലാണെന്നു പറഞ്ഞിരുന്നു.’’
‘‘അതെ, ജോഷി എന്നോട് കഥയുടെ ഔട്ട്‌ലൈൻ പറയണമെന്ന്....’’
ഞാൻ വാക്കുകൾ പൂർത്തീകരിക്കും മുൻപേ തന്നെ സാജൻ ഇടയിൽകയറി പറഞ്ഞു: ‘‘എനിക്ക് കഥയൊന്നും കേൾക്കണമെന്നില്ല. അതൊക്കെ നിങ്ങൾ തീരുമാനിച്ചാൽ മതി. എനിക്ക് അടുത്ത മാസം പടം തുടങ്ങണം.’’
‘‘അടുത്ത മാസമോ?‘‘
ഞാൻ അദ്ഭുതം കൂറിയപ്പോൾ സാജൻ തുടർന്നു: ‘‘ഹാ, മമ്മൂട്ടിയുടെ ഡേറ്റ് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കിട്ടുമല്ലോ. നിങ്ങളൊരു ടീമല്ലേ പിന്നെന്താ പ്രശ്നം’’

‘‘അതല്ല പ്രശ്നം ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ചിത്രം കൂടാതെ എവർഷൈന്റെ തന്നെ ഓണം പടവും ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്. നസീർ, മധു, മമ്മൂട്ടി, സോമൻ, ശ്രീവിദ്യ തുങ്ങിയവർ അഭിനയിക്കുന്ന ഒരു മൾട്ടി സ്റ്റാർ ചിത്രമാണത്. അതുകഴിഞ്ഞ് ജർമനിയിൽ വച്ചു ഷൂട്ട് ചെയ്യുന്ന മറ്റൊരു സിനിമ കൂടി ഞങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.’’

അതുകേട്ടപ്പോൾ സാജന്റെ മുഖത്ത് പെട്ടെന്ന് നിരാശ പടർന്നു.

‘‘എന്റെ കഴിഞ്ഞ പടം എൻഎച്ച് 47 വിചാരിച്ചതു പോലെ അത്ര സക്സസായില്ല. അപ്പോൾ കലൂർ ഡെന്നിസ് – ജോഷി– മമ്മൂട്ടി ടീമിനെ വച്ചൊരു സക്സസ് ഉണ്ടാക്കാമെന്ന് കരുതി.’’

സാജൻ സംസാരിക്കുമ്പോൾ എപ്പോഴും കടന്നുവരുന്ന ഒരു വാക്കുണ്ട്– സക്സസ്. കൂടാതെ എന്തു കാര്യത്തിനിറങ്ങിത്തിരിച്ചാലും അത് നടത്തിയെടുക്കണമെന്ന വാശിക്കാരനാണ് സാജനെന്നും ഞാൻ കേട്ടിട്ടുണ്ട്. ആരോടൊക്കെയോ ഉള്ള വാശിയുടെ പുറത്ത് ഇപ്പോൾ പടം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടതാണെന്നാണ് എനിക്കു തോന്നിയത്. നമ്മളെയാർക്കും തോൽപിക്കാനാകില്ലെന്നൊരു വാശിയുണ്ടെങ്കിൽ മാത്രമേ എല്ലാവർക്കും ഉയരങ്ങളിലെത്താനാകൂ എന്ന വിശ്വാസക്കാരനാണ് സാജൻ. അത് കേട്ടപ്പോൾ സാജന്റെ വിജയരഹസ്യവും അതാണെന്ന് എനിക്ക് തോന്നി.

സാജൻ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു: ‘‘നിങ്ങൾ ഒന്നുകൂടി ആലോചിക്ക്. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി. ജോഷി ഷൂട്ടിങ് തിരക്കിലല്ലേ? ഞാൻ രാത്രി വിളിക്കുമ്പോൾ ജോഷിയോടു സംസാരിക്കാം.’’

സാജൻ അപ്പോൾത്തന്നെ കാറിൽ കയറി പോകുകയും ചെയ്തു.

‘ഇടവേളയ്ക്കു ശേഷ’ ത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജൂണിൽ എവർഷൈനിന്റെ തന്നെ ‘അലകടലിനക്കരെ’യുടെ മറ്റെല്ലാ വർക്കും തീർത്തിട്ടാണ് ഞങ്ങൾ ജർമനിയിലേക്ക് പോയത്.

ജർമനിയിൽ 'മിനിമോൾ വത്തിക്കാനി'ന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഓണനാളിൽ ‘അലകടലിനക്കരെ’ കേരളത്തിൽ റിലീസ് ചെയ്തത്. ജർമനിയിലും വത്തിക്കാനിലും വച്ചായിരുന്നു ഷൂട്ടിങ്. ഈ ചിത്രത്തിന്റെ വർക്ക് കഴിഞ്ഞ് ഒക്ടോബർ അവസാനം സാജന്റെ സിനിമ ചെയ്യാമെന്നുള്ള തീരുമാനവുമായാണ് ഞങ്ങൾ ജർമനിയിലേക്ക് പോയതെങ്കിലും എനിക്ക് അവിടെ വച്ച് അതിന്റെ സീൻ ഓർഡറൊന്നും എഴുതാൻ സമയം കിട്ടിയില്ല. സീൻ ഓർഡറിന്റെ ഒരു ഏകദേശ രൂപം മനസ്സിലുണ്ടായിരുന്നതു കൊണ്ടു മമ്മൂട്ടിയുടെയും സരിതയുടെയും ഡേറ്റ് മാത്രമേ നേരത്തേ പറഞ്ഞു വച്ചിരുന്നുള്ളൂ.

ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഒരു ദിവസം ജോഷിക്ക് മദ്രാസിൽനിന്ന് പ്രൊഡക്‌ഷൻ കൺട്രോളർ ഷണ്മുഖത്തിന്റെ ഒരു വിളി വന്നു. ‘‘ആ സീൻ ഓർഡർ ഒന്ന് കിട്ടിയിരുന്നെങ്കിൽ മറ്റ് ആർട്ടിസ്റ്റുകളുടെ ഡേറ്റും കൂടി വാങ്ങിവയ്ക്കാമായിരുന്നു. അല്ലെങ്കിൽ ആകെ ക്ലാഷാകും.’’ ഷൺമുഖം പറഞ്ഞു.

അതു കേട്ടപ്പോൾ ജോഷി എന്നോടു പറഞ്ഞു: ‘‘നീ ഇവിടുത്തെ ഷൂട്ടിങ് തീരാൻ നിൽക്കണ്ട. രണ്ടു ദിവസം മുൻപേ മദ്രാസിൽ ചെന്ന് ഷണ്മുഖത്തെ കണ്ട് ആരുടെ ഡേറ്റ് എത്രദിവസം വേണമെന്ന് ഒക്കെ പറഞ്ഞു കൊടുക്ക്.’’

ജോഷി പറഞ്ഞപ്രകാരം ഷൂട്ടിങ് തീരും മുൻപേ ഞാൻ ജർമനിയിൽനിന്നു മദ്രാസിലേക്ക് പോന്നു. ഷണ്മുഖത്തിനെ കണ്ട് അന്നു വൈകുന്നേരം തന്നെ ട്രെയിനിൽ വീട്ടിൽ ചെന്നിട്ട് സീൻ ഓർഡർ എഴുതാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ സീൻ ഓർഡർ എഴുതി തന്നിട്ട് പിറ്റേന്ന് പോയാൽ പോരെ എന്ന് ഷൺമുഖം പറഞ്ഞപ്പോൾ ഞാൻ എന്റെ പോക്ക് പിറ്റേദിവസത്തേക്ക് ആക്കി. ഒരുമാസത്തെ ജർമനിയിലെ ഷൂട്ടിങ് കഴിഞ്ഞ് സാജനോട് പറഞ്ഞ തീയതിയിൽത്തന്നെ ജോഷി കോട്ടയത്ത് ഷൂട്ടിങ് ആരംഭിച്ചു. ‘മുഹൂർത്തം പതിനൊന്നു മുപ്പത്’ എന്നാണ് ചിത്രത്തിന് പേരിട്ടത്. കോട്ടയത്തെ ഐഡാ ഹോട്ടലിൽ ഇരുന്നാണ് ഞാൻ അതിന്റെ സ്ക്രിപ്റ്റ് എഴുതി തീർത്തത്.

ഷൂട്ടിങ്ങിന്റെ പൂജാ ദിവസം ഒരു മിന്നലു പോലെ നിർമാതാവായ സാജനെ കണ്ടതല്ലാതെ പിന്നീട് ആളെ ലൊക്കേഷനിലേക്കൊന്നും കണ്ടില്ല. സാധാരണ പ്രൊഡ്യൂസർമാർ ഷൂട്ടിങ് തുടങ്ങിയാൽ കണ്ണിൽ എണ്ണയൊഴിച്ച് ഓരോ കാര്യങ്ങളും അന്വേഷിച്ച് ലൊക്കേഷനിൽത്തന്നെ ഉണ്ടാവും. ഇത് സാജൻ ഇങ്ങോട്ടൊന്ന് എത്തി നോക്കുന്നു പോലും ഇല്ല. മമ്മൂട്ടിയും സരിതയുമൊഴിച്ച് മറ്റ് അഭിനേതാക്കളൊന്നും നിർമാതാവിനെ നേരിട്ടു കണ്ടിട്ടുമില്ല.

ഞാനും സാജനും തമ്മിൽ നല്ല അടുപ്പമുള്ളതുകൊണ്ട് ഒരു ദിവസം ഞാൻ സാജനെ വിളിച്ചു തമാശയിൽ ഇങ്ങനെ പറഞ്ഞു: ‘‘എന്താ സാജാ നിങ്ങൾ ലൊക്കേഷനിൽ വരാതെ മുങ്ങി നടക്കുന്നത്? ഇവിടെ എല്ലാവരും നിർമാതാവിനെ ഇതുവരെ കണ്ടില്ലല്ലോ എന്നു പറയുന്നുണ്ട്. നിങ്ങൾക്ക് ഇവിടം വരെ ഒന്നു വന്ന് മുഖം കാണിച്ചിട്ടു പൊയ്ക്കൂടേ.’’

പിറ്റേന്ന് രാവിലെ തന്നെ സാജൻ ലൊക്കേഷനിലെത്തി. ഓറിയന്റൽ ഫിനാൻസ് എന്ന പേരിൽ വലിയൊരു ഫിനാൻസ് കമ്പനി നടത്തുന്നതിന്റെ തിരക്കിൽ ഓടി നടക്കുന്നതു കൊണ്ടാണ് സാജന് ലൊക്കേഷനിൽ എത്താൻ കഴിയാത്തതെന്ന് എനിക്കും ജോഷിക്കുമറിയാം. മറ്റുള്ളവർക്ക് ഇതൊന്നും അറിയില്ലല്ലോ. സാജൻ വന്ന ദിവസം മമ്മൂട്ടി, സരിത, രതീഷ്, ലാലു അലക്സ്, ജഗതി, ബേബി ശാലിനി തുടങ്ങിയ ആർട്ടിസ്റ്റുകളുടെ ഫുൾ കോറം തന്നെ ലോക്കേഷനിലുണ്ടായിരുന്നു. സാജനെ കണ്ടപ്പോൾ എല്ലാവരും കേൾക്കെ ഞാൻ തമാശ രൂപേണ പറഞ്ഞു: ‘‘സാധാരണ എല്ലാ നിർമാതാക്കളും ലൊക്കേഷനിൽനിന്ന് മാറാതെ നടക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. ഇത് നിങ്ങൾ നിർമിക്കുന്ന സിനിമയുടെ കഥയും അറിയേണ്ട, സ്ക്രിപ്റ്റും കേൾക്കണ്ട, സിനിമ ഓടുമോ ഇല്ലയോ എന്നുപോലും ചിന്തിക്കാതെ എന്തു ധൈര്യത്തിലാണ് നിങ്ങൾ ഇങ്ങനെ വളരെ കൂളായിട്ട് നടക്കുന്നത്?’’

എന്റെ കുസൃതി ചോദ്യത്തിന് സാജൻ വളരെ കൂളായിട്ടു തന്നെയാണ് മറുപടി പറഞ്ഞത്.

‘‘സിനിമ നന്നാകേണ്ടത് നിങ്ങളുടെ ആവശ്യമാണ്. പടം ഓടിയിട്ടില്ലെങ്കിൽ നിങ്ങളുടെ മാർക്കറ്റാണ് പോകുന്നത്. എനിക്ക് മറ്റു ബിസിനസൊക്കെ ഉള്ളതുകൊണ്ട് വലിയ പരുക്കൊന്നും വരാനില്ല.’’

ഒട്ടും പ്രതീക്ഷിക്കാതെയുള്ള സാജന്റെ ഈ സംസാരം അദ്ഭുതം കൂറുന്ന മിഴികളോടെയാണ് ഞാൻ ശ്രദ്ധിച്ചത്. ഇങ്ങനെ ഒരു നിർമാതാവിനെ ഞാൻ ആദ്യമായി കാണുകയാണ്. മലയാളത്തിലല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര ലാഘവത്തോടെ സിനിമയെ കാണുന്ന ഒരു നിർമാതാവ് ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. ഷൂട്ടിങ് തീരുന്നതിന്റെ തലേന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സാജൻ പെട്ടെന്നു ലൊക്കേഷനിൽ വന്ന് എന്നെയും ജോഷിയെയും വിളിച്ചു മാറ്റി നിർത്തിയിട്ട് ഒരു പ്രഖ്യാപനം പോലെ പറഞ്ഞു: ‘‘മുഹൂർത്തം പതിനൊന്ന് മുപ്പതിന്റെ റിലീസ് ദിവസം തന്നെ നമ്മുടെ അടുത്ത പടത്തിന്റെ ഷൂട്ടിങ് തുടങ്ങണം.’’

ഞങ്ങൾ കാര്യം മനസ്സിലാകാതെ പരസ്പരം മുഖത്തോടു മുഖം നോക്കുന്നത് കണ്ടപ്പോൾ സാജൻ തുടർന്നു: ‘‘ഞാൻ സീരിയസായി തന്നെയാണ് പറഞ്ഞത്. നിങ്ങൾക്ക് വിശ്വാസം വരുന്നില്ലല്ലേ. ആർട്ടിസ്റ്റുകൾ ആരു വേണമെന്നൊക്കെ നിങ്ങൾ തീരുമാനിച്ചാൽ മതി.’’

പിന്നെ കൂടുതലൊന്നും പറയാൻ നിൽക്കാതെ സാജൻ കാറിൽ കയറി ഒറ്റപ്പോക്കാണ്. ഈ സിനിമ കഴിഞ്ഞ് ഞങ്ങൾ അടുത്ത് ചെയ്യേണ്ട പടം ജൂബിലിക്ക് വേണ്ടിയാണ്. സാജന്റെ പടം ഉടനെ തുടങ്ങണമെന്നു പറഞ്ഞപ്പോൾ ഞങ്ങൾ ആകെ പ്രതിസന്ധിയിലായി. ജൂബിലിയുടെ പടം എന്തായാലും ചെയ്യാതിരിക്കാനാവില്ല. ഞങ്ങളിൽ ഇത്രയും വിശ്വാസം ചൊരിയുന്ന സാജനെയും ഞങ്ങൾക്ക് ഉപേക്ഷിക്കാനാകില്ല. ഏതായാലും രണ്ടു പടവും ചെയ്യാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ആ ചിത്രങ്ങളാണ് സാജനു വേണ്ടി ചെയ്ത ‘ഒരു കുടക്കീഴി’ലും, ജൂബിലിക്ക് വേണ്ടി ചെയ്ത ‘കഥ ഇതുവരെ’യും. സാജന്റെ സിനിമ പെട്ടെന്നു കയറി വന്നതുകൊണ്ട് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയില്ല. മമ്മൂട്ടിയില്ലെങ്കിൽ വേറെ ആരെ വേണമെങ്കിലും വച്ചെടുത്തോളൂ എന്നാണ് സാജൻ പറഞ്ഞത്.

മുഹൂർത്തം പതിനൊന്നിന്റെ റിലീസിന്റെ അന്നു തന്നെ ‘ഒരു കുടക്കീഴിൽ’ ഷൂട്ടിങ് തുടങ്ങണമെന്നുള്ള സാജന്റെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു. വേണു നാഗവള്ളി, നെടുമുടി വേണു, മാധവി, ശങ്കര്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ‘കഥ ഇതുവരെ’യിൽ മമ്മൂട്ടി, സുഹാസിനി, റഹ്മാൻ തുടങ്ങിയ വൻതാരനിരയും അണിനിരന്നു. ‘ഒരു കുടക്കീഴിൽ’ ഞങ്ങൾ ചെയ്ത കൊമേഴ്സ്യൽ ചിത്രങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു മധ്യവർത്തി സിനിമയായിരുന്നു. എന്നാൽ ബംപർ ഹിറ്റടിച്ചത് ‘കഥ ഇതുവരെ’യാണ്.

ഒരു വർഷം ഒരു നിർമാതാവിന്റെ നാലു സിനിമകൾ ചെയ്ത സംവിധായകനും തിരക്കഥാകൃത്തും ഞങ്ങളല്ലാതെ മറ്റാരും ഉണ്ടാവുമെന്നു തോന്നുന്നില്ല. ഈ നാല് സിനിമകളും ഞങ്ങളിലേക്കു വന്നുചേർന്നത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ഞങ്ങളുടെ സിനിമയ്ക്കു ശേഷം ഐ.വി. ശശിയുടെ ആവനാഴി, പ്രിയദർശന്റെ കടത്തനാടൻ അമ്പാടി തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സാജൻ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയെല്ലാം വിട്ട് പുതിയ ബിസിനസ് മേഖലയിലേക്കു കടന്നിരിക്കുകയാണ് സാജൻ.

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com