Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് കണ്ടില്ല എന്നാൽ ആമിർ അത് നേരത്തെ കണ്ടു

PTI12_27_2016_000070B

ഹോളിവുഡിനെ അനുകരിച്ച് മുംബൈ ഹിന്ദി സിനിമാ ലോകത്തെ ബോളിവുഡ് എന്നു വിളിച്ചത് മുംബൈയിലെ പഴയ സിനിമാ ഗോസിപ് മാസികക്കാരാണ്. ആ പേരു ക്ലച്ചുപിടിച്ചതോടെ മറ്റു ഭാഷകളിലെ സിനിമകൾക്കും വികൃതമായ പേരുകളും അതും പറഞ്ഞു നടക്കാൻ ആളുമായി. മലയാളത്തിന് മോളിവുഡ്, കോടമ്പാക്കം പാരമ്പര്യം മൂലം തമിഴിന് കോളിവുഡ്, തെലുങ്കിന് ടോളിവുഡ്... പക്ഷേ, വ്യാളീവുഡ് (ചൈനീസ് സിനിമാ രംഗത്തെ അങ്ങനെ വിളിച്ചാലോ!) രംഗത്തിറങ്ങിയതോടെ ലോകത്തെ മറ്റെല്ലാ വുഡുകളും നിഷ്പ്രഭമായിരിക്കുകയാണ്.

ചൈനാക്കാർ ഹോളിവുഡ് വരെ നിയന്ത്രിക്കാൻ കോപ്പു കൂട്ടുന്നു. ചൈനീസ് സിനിമകൾ നമ്മൾ കുറേ കണ്ടിട്ടുണ്ട്. പണ്ട് ബ്രൂസിലിയുടെ പടം കണ്ടതുമുതൽ തുടങ്ങിയതാണ്. അന്നു മുതലാണു ഹുഹീഹാ അപശബ്ദകങ്ങളുമായി കരാട്ടെ കോമഡി തുടങ്ങിയത്. ജാക്കിചാനും മറ്റനേകം ചാൻമാരും വന്നു പോയി. കലാപരമായി യാതൊരു മേന്മയുമില്ലാത്ത പണംവാരി പടങ്ങൾ. ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിൽ നിന്നാണ് ഇവറ്റകളുടെ വരവ്. 

ഹോളിവുഡ് സിനിമകളെ 45 വർഷമായി ചൈനയിൽ പ്രവേശിപ്പിച്ചിരുന്നില്ല. പക്ഷേ, അടുത്ത കാലത്ത് വർഷം 34 പടങ്ങൾ ചൈനയിൽ റിലീസ് ചെയ്യാൻ സമ്മതിച്ചു. വിദേശ സിനിമകളെ ചൈനയിൽ റിലീസ് സമ്മതിച്ചതിന്റെ ഭാഗമാണ് നമ്മുടെ ഹിന്ദി പടം ദങ്കൽ അവിടെ പോയി പണം വാരുന്നത്. അടുത്തിടെ ഇറങ്ങിയ ഹോളിവുഡ് തട്ടുപൊളിപ്പൻ പടം ‘ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ്’ ചൈനയിൽ നിന്ന് 319 മില്യൺ ഡോളർ വാരി. സുമാർ 2000 കോടി രൂപ! ഹോളിവുഡ് സായിപ്പിന്റെ കണ്ണു തള്ളിപ്പോയി. അമേരിക്കൻ സിനിമാ വിപണിയേക്കാളും വമ്പൻ വിപണി ദേ കിടക്കുന്നു എന്നു മനസ്സിലാക്കിയത് അപ്പോഴാണ്. ചൈനയിലാകെ എത്ര സിനിമാ സ്ക്രീനുകളുണ്ടെന്നാ? 41,179 സ്ക്രീൻ. അവിടെ പടം റിലീസ് ചെയ്താൽ കൊയ്യാമെന്ന് ആമിർഖാൻ കാണിച്ചു തന്നതോടെ ഇനി ചൈനീസ് വിപണി പിടിക്കാനായിരിക്കും നെട്ടോട്ടം. ബാഹുബലിയും അങ്ങോട്ടു പോകുന്നുണ്ട്. 

വിപണി വലുതായതോടെ സിനിമയുടെ അലകും പിടിയും മാറുകയാണ്. ഹോളിവുഡിൽ 200 മില്യൺ ഡോളറിന് (1300 കോടി രൂപ) പടം പിടിക്കുന്നതൊക്കെ സാധാരണം. എന്നിട്ട് ഒരു ബില്യൺ (100 കോടി ഡോളർ, 6500 കോടി രൂപ) വാരിയെടുക്കും. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് അതാണു ചെയ്തത്. ഇനിയൊരു ടൈറ്റാനിക്കോ, അവതാറോ വന്നാൽ ചൈനയിൽ പോയി പണം വാരും. 

വിപണിയുടെ വലുപ്പത്തിലാണു കാര്യം. അഥവാ വിപണിയെ വലുതാക്കിയെടുക്കണം. മലയാളം സിനിമ കേരളത്തിൽ മാത്രം കുറേ തിയറ്ററുകളിൽ റിലീസ് ചെയ്തുകൊണ്ടിരുന്നാൽ ഒരുകാലത്തും ഗുണം പിടിക്കില്ലെന്നു മനസ്സിലായില്ലേ? ബാഹുബലി, കബാലി പോലെ വമ്പൻ പടങ്ങൾ ഒരേ സമയം ആയിരക്കണക്കിനു സ്ക്രീനുകളിൽ റിലീസ് ചെയ്യുന്നു. എന്നാൽ പിന്നെ ഹോളിവുഡ് സിനിമാ നിർമാണ കമ്പനികളെക്കൊണ്ടു തന്നെ മലയാളം സിനിമ പിടിപ്പിച്ചാലോ? പടത്തിന്റെ രൂപഭാവം മാറില്ലേ? 

ചൈനാക്കാർ അതു ചെയ്യാനൊരുങ്ങുകയാണ്. ഹോളിവുഡിലെ സോണി പിക്ചേഴ്സിനു പടം പിടിക്കാൻ ചൈനീസ് വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻഡ കാശുകൊടുക്കും. അവർ ഹോളിവുഡിലെ ചില സിനിമാ നിർമാണ വിതരണ കമ്പനികളും ഏറ്റെടുത്തു. എഎംസി എന്ന തിയറ്റർ ശൃംഖല സ്വന്തമാക്കി. എഎംസിയാകട്ടെ ബ്രിട്ടനിലെ കാർമൈക്, ഓഡിയോൺ തിയറ്റർ കമ്പനികളെ ഏറ്റെടുത്തു. ചൈനയിലെ തന്നെ വമ്പൻ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ അലിബാബയുടെ ചെയർമാൻ ജാക്ക് മാ സാക്ഷാൽ സ്റ്റീവൻ സ്പീൽബർഗിന്റെ ആംബ്ളിൻ പാർട്ണേഴ്സിൽ കാശുമുടക്കി. ഇനി ഈ കമ്പനി ഹോളിവുഡ് സിനിമകൾ നിർമിച്ചു വിതരണം ചെയ്യും. 

വേറെയും നിരവധി ചൈനീസ് കമ്പനികൾ ഹോളിവുഡിൽ മുതൽമുടക്കുന്നു. ഒരു കാലത്ത് ജപ്പാൻ കമ്പനികൾ ഹോളിവുഡ് കയ്യടക്കിയതിനേക്കാളേറെയാണിത്. ചൈനയിലെ വാർഷിക സിനിമാ കലക്‌ഷൻ 6.6 ബില്യൺ അഥവാ 40000 കോടി രൂപയിലേറെയാണ്. ആ വലിയ കേക്കിന്റെ ഒരു കഷണം കിട്ടാനാണ് ഓരോ സിനിമയും ശ്രമിക്കുന്നത്. ദങ്കലിന് നല്ലൊരു കഷണം കിട്ടിയതു നമ്മൾ കണ്ടു. 

ഒടുവിലാൻ ∙ ചൈനയിൽ ഹോളിവുഡ് പടങ്ങൾ ഷൂട്ട് ചെയ്യുന്നതിന് സബ്സിഡിയും കൊടുക്കുന്നു! തീരദേശ ചൈനീസ് നഗരമായ ക്വിങ്ദാവോയിൽ വൻ ഷൂട്ടിങ്, റെക്കോർഡിങ്, സ്റ്റുഡിയോ സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ വന്നു ഷൂട്ട് ചെയ്താൽ 40% സബ്സിഡി എന്നാണു വാഗ്ദാനം.