Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിൽ ഇനി കളി 100 കോടിക്കു മുകളിൽ

big-budget-hindi

ഇന്റർനെറ്റ് ഡേറ്റ വിപ്ലവം, ഐപിഎൽ- ഐഎസ്എൽ കായിക മാമാങ്കങ്ങൾ, ശക്തിപ്രാപിച്ചു വരുന്ന പ്രാദേശിക സിനിമകൾ, അതിനിടയിൽ വന്ന് ഗോളടിച്ചിട്ടു പോകുന്ന ഹോളിവുഡ് സിനിമ......ബോളിവുഡ് സിനിമകൾക്ക് വെല്ലുവിളി ഒഴിയുന്നില്ല. പിടിച്ചു നിൽക്കാൻ വജ്രായുധമായി ശതകോടികൾ മുതൽമുടക്കിയുള്ള ദൃശ്യവിസ്മയ മാമാങ്കങ്ങൾക്കു കളമൊരുങ്ങുകയാണ് ബോളിവുഡിൽ.  

മൊബൈൽ ഫോണിൽ സൗജന്യമായി സിനിമ കണ്ടു രസിക്കുന്നവരെ എന്തുവിലകൊടുത്തും തിയറ്ററിൽ എത്തിക്കുകയാണു മറ്റൊരു ലക്ഷ്യം. അതിനായി 100-125 കോടി രൂപ വീതം ചെലവിൽ നിർമിക്കുന്ന 12 സിനിമകൾ ഉടൻ റിലീസിന് ഒരുങ്ങുന്നു. ജീവചരിത്രം, ഇതിഹാസം, സൂപ്പർ ഹീറോ ഫാന്റസി അടക്കം കണ്ണഞ്ചിപ്പിക്കുന്ന താരവിരുന്നാകും തീയറ്ററുകളിൽ പ്രേക്ഷകനെ കാത്തിരിക്കുക. 70 എംഎം സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ ലെവൽ ഒന്നു വേറെ തന്നെ എന്ന് ശരിക്കു ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനാണ് ഈ ബിഗ്ബജറ്റ് പരീക്ഷണങ്ങളെന്ന് ടി സീരീസ് ചെയർമാൻ ഭൂഷൻ കുമാർ പറയുന്നു. എങ്കിലും ഇന്റർനെറ്റ് സംപ്രേഷണാവകാശത്തിൽ നിന്നുള്ള വരുമാനവും ലക്ഷ്യമിട്ടാണ് വമ്പൻ നിർമാണക്കമ്പനികൾ കൈമെയ് മറന്ന് കോടികൾ എറിയാൻ രംഗത്തെത്തിയിരിക്കുന്നത്. 

ഇതിന്റെ ആദ്യ പടിയായി സൽമാൻ ഖാൻ നായകനായ റേസ് 3 ഈദ് റിലീസായി ജൂണിൽ പ്രദർശനത്തിനെത്തും. കങ്കണ റനോട്ട് ‘റാണി ലക്ഷ്മിബായ്’ ആകുന്ന ജീവചരിത്ര സിനിമ മണികർണിക സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അമീർഖാൻ തിരിച്ചെത്തുന്ന ആക്ഷൻ അഡ്വഞ്ചർ തഗ്സ് ഓഫ് ഹിന്ദൊസ്ഥാൻ ആണു പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം. ബിഗ്ബി അമിതാബ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിർമാണം യഷ് രാജ് ഫിലിംസ് ആണ്. 

Ranbir Kapoor in and as SHAMSHERA | Film Announcement

രൺബീര്‍ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പീരിഡ് ചിത്രം ശംഷേര. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുക.

കാഴ്ചയുടെ പുത്തൻ ചരിത്രമെഴുതാൻ 2019ൽ രണ്ടു ബിഗ്ജറ്റ് ചിത്രങ്ങളാണ് കരൺ ജോഹറിന്റെ ധർമ പ്രൊ ഡക്ഷൻസ് നിർമിക്കുന്നത്. മാധുരി ദീക്ഷിദ്, സഞ്ജയ് ദത്ത്, ആലിയ ഭട്ട് എന്നിവർ ഒന്നിക്കുന്ന ചരിത്ര സിനിമ കലിംഗ് ആയിരിക്കും ആദ്യം പുറത്തുവരിക. മറ്റൊന്ന് ഫാന്റസി ചിത്രമായ ബ്രഹ്മാസ്ത്രയാണ്. അമിതാബ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് പ്രധാനവേഷത്തിൽ. ചിത്രത്തിനു മൂന്നു ഭാഗങ്ങൾ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കത്രീന കെയ്ഫ് നായികയാകുന്ന ഡാൻസ് സിനിമ, രാകേഷ് റോഷന്റെ ക്രിഷ് സീരിസിലെ അടുത്ത ഭാഗം എന്നിവയും 2019ലെ ബിഗ് ബജറ്റ് പ്രതീക്ഷകളാണ്. 

1200 കോടി രൂപയാണ് നിലവിലെ പ്രോജക്റ്റുകൾക്കായി വിവിധ നിർമാണ കമ്പനികൾ വകയിരുത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് 20-25 കോടി ശരാശരി നിർമാണ ചെലവുണ്ടായിരുന്ന ബോളിവുഡിലെ ഈ മാറ്റം പ്രതീക്ഷയോടെയാണ് വിപണി വിലയിരുത്തുന്നത്. 

ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലെ സംപ്രേഷണ അവകാശ വിൽപനയിലൂടെ ഇത്തരം ചിത്രങ്ങൾക്ക് എൺപതു കോടിയെങ്കിലും നേടിയെടുക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

തിയറ്ററുകളുടെ എണ്ണം വർധിക്കുന്നതും പ്രതീക്ഷയേറ്റുന്നുണ്ട്. 2017ൽ 9,530 സ്‌ക്രീനുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിൽ പലതും ഇപ്പോൾ രണ്ടും മൂന്നും സ്‌ക്രീനുകളുള്ള മൾട്ടിപ്ലക്‌സുകളാക്കി മാറ്റിയിട്ടുമുണ്ട്. നിലവിൽ വൻ പ്രൊഡക്ഷൻ കമ്പനികൾ മാത്രമാണ് ബിഗ് ബജറ്റ് ഗെയിമിൽ താരങ്ങളെങ്കിലും, സംഗതി പരുക്കില്ലെന്നു കണ്ടാൽ ഒരു കൈ നോക്കാമെന്ന് മട്ടിലാണ് ഇടത്തരം നിർമാണ കമ്പനികൾ.