അത് ആത്മഹത്യാ വിഡിയോ അല്ല; വിശദീകരണവുമായി നടന്റെ ഭാര്യ

അന്തരിച്ച ബോളിവുഡ് നടൻ ഇന്ദെർ കുമാറിന്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ഭാര്യ പല്ലവി സറഫ്. നടൻ മദ്യം കഴിക്കുന്നതും തുടർന്ന് ആത്മഹത്യയെക്കുറിച്ചും പറയുന്ന വിഡിയോ ആണ് തെറ്റായി പ്രചരിച്ചത്.

ഇതേ തുടർന്ന് നടന്റെ മരണവുമായി ബന്ധപ്പെട്ട് പലരീതിയിലുള്ള വാർത്തകൾ പുറത്തുവന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ മരണം. എന്നാൽ വിഡിയോ മോശമായ രീതിയിൽ പ്രചരിച്ചതോടെ വിശദീകരണവുമായി ഭാര്യ പല്ലവി സറഫ് രംഗത്തെത്തുകയായിരുന്നു.

ഭാട്ടി പാഡി ഹെ യാർ എന്ന സിനിമയിലെ ഒരു രംഗമാണ് ഇതെന്നും കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായ സിനിമയാണ് ഇതെന്നും അവര്‍ പറഞ്ഞു. സിനിമ അടുത്ത വർഷം ആദ്യം തിയറ്ററുകളിലെത്തും. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും വിഡിയോ പുറത്ത് പോയത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്ദെർകുമാറിന്റെ ഭാര്യ പറഞ്ഞു.

1996ൽ പുറത്തിറങ്ങിയ മാസൂം എന്ന ചിത്രത്തിലൂടെയാണ് ഇന്ദെറിന്റെ അരങ്ങേറ്റം. ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൽമാന്‍ ഖാൻ ചിത്രം വാണ്ടഡ്, യേ ദൂരിയാൻ എന്നിവയാണ് അവസാനചിത്രങ്ങൾ.