Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലിയയുമായി പ്രണയത്തിലായതെങ്ങനെ; രൺബീർ പറയുന്നു

alia-ranbir

ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന രൺബീറിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവും ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്.

സിനിമയിൽ ആലിയ ഇപ്പോൾ വലിയ ഉയരത്തിലാണെന്നും രൺബീറുമായുള്ള പ്രണയം രണ്ടു കുടുംബങ്ങൾക്കിടയിൽ രഹസ്യമല്ലെന്നും ഇരുവരോടും അടുത്തവൃത്തങ്ങൾ പറഞ്ഞു. 2020ൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നും ഇവർ വെളിപ്പെടുത്തി.

ജിക്യു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആലിയുമായുള്ള പ്രണയം തുറന്നുപറഞ്ഞത്. താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും രൺബീർ ഉത്തരമായി പറഞ്ഞു. ‘അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആൾ. അവളുടെ സിനിമകൾ കാണുമ്പോൾ അഭിനയം കാണുമ്പോൾ കൂടാതെ ജീവിതത്തിലെ അവരുടെ പെരുമാറ്റം, അതിലൂടെ അവൾ നൽകുന്നത് ഞാൻ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങൾക്ക് ഇതൊരു പുതിയ അനുഭവമാണ്’. 

ആലിയയുമായി പ്രണയത്തിലായതിനെക്കുറിച്ചും രൺബീർ വെളിപ്പെടുത്തി. ‘പ്രണയത്തിൽ അകപ്പെടുമ്പോഴാണ് നമ്മൾ ജീവിതത്തിൽ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നത്. പ്രണയത്തിൽ അകപ്പെടുന്നത് മനോഹരമായ കാര്യമായാണ് എനിക്ക് തോന്നുന്നത്. അത് ചിലപ്പോൾ പെൺകുട്ടിയോട് മാത്രം ആകണമെന്നില്ല, സുഹൃത്ത് ആകാം, അമ്മയാകാം അച്ഛനാകാം ഈ ബന്ധങ്ങളില്‍ സത്യസന്ധമായ പ്രണയമുണ്ടെങ്കിൽ ജീവിതം തന്നെ മനോഹരമാകും.’–രൺബീർ പറഞ്ഞു.

‘ആലിയ എന്റെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കി. ഞങ്ങൾ ഒരുമിച്ച് ഇപ്പോളൊരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. നടിയെന്ന നിലയിലും ആലിയയെ ഒരുപാട് ബഹുമാനിക്കുന്നു. അവളുടെ ഉള്ളിൽ നിറങ്ങളും ആത്മശക്തിയും കാണാനായി. മാത്രമല്ല ആലിയയ്ക്ക് അവളുടേതായ ചിട്ടകളും ദിശാബോധവുമുണ്ട്.

‘ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആൾ. പുതിയ താളങ്ങൾ. ജീവിതത്തിൽ കുറച്ചുകൂടി പക്വത വന്നതുപോലെ എനിക്ക് തോന്നുന്നു. ബന്ധങ്ങൾക്ക് കൂടുതൽ വിശ്വാസ്യത കൽപ്പിക്കുന്നു.–രൺബീർ പറഞ്ഞു.

സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് 25കാരിയായ ആലിയ ഭട്ട്. നടൻ റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35കാരനായ രൺബീർ.

കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ ആകട്ടെ സിദ്ധാർത്ഥ് മൽഹോത്രയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ വർഷം ആദ്യമാണ് ബന്ധം വേർപിരിയുന്നത്.