Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാഭാരതം സിനിമ; പുതിയ തന്ത്രവുമായി ആമിർ ഖാന്‍

aamir-ambani

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മഹാഭാരതം സിനിമയാക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റിലയൻസുമായി ചേർന്ന് ആമിർ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അന്യഭാഷയിലെ സൂപ്പർതാരങ്ങളും എത്തുമെന്നായിരുന്നു വാർത്ത. ആയിരം കോടിയുടെ ബജറ്റിലായിരിക്കും ചിത്രമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്തായാലും പദ്ധതിയിൽ വലിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ആമിർ.

മിസ്റ്റർ പെര്‍ഫക്ഷനിസ്റ്റ് എന്നറിയിപ്പെടുന്ന താരം ബുദ്ധിമാനായ നിർമാതാവാണെന്ന് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഈ ചുവടുമാറ്റം. മഹാഭാരതം സിനിമയാകും, പക്ഷേ അതിൽ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാകും. രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍.‌‌

സൂപ്പർതാരങ്ങളെ അഭിനയിപ്പിക്കുപ്പോഴുണ്ടാകുന്ന ഭീകരമായ ബജറ്റ് ഒഴിവാക്കാനാണ് ആമിർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ചിത്രത്തിൽ കൃഷ്ണനായി ആമിര്‍ തന്നെയാകും എത്തുക. പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യുമ്പോള്‍ ആമിറുമായി ഈഗോ ക്ലാഷുണ്ടാവില്ലെന്നതും താരത്തെ ഇങ്ങനെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ ആമിർ ഖാന്റെ ഈ തീരുമാനം ചില താരങ്ങളെ അസ്വസ്ഥരാക്കിയെന്നും റിപ്പോർട്ട് ഉണ്ട്.

മാത്രമല്ല മറ്റുരണ്ട് പദ്ധതികൾ കൂടി ആമിറിന്റെ മനസ്സിലുണ്ട്. സിനിമയായോ അല്ലെങ്കിൽ വെബ് സീരിസ് ആയോ ആകും ആമിറിന്റെ മഹാഭാരതം പുറത്തിറങ്ങുക.

ആമിറിനൊപ്പം റിലയൻസ് കോ പ്രൊഡ്യൂസറാകുന്ന ഈ ചിത്രം പത്ത് ഭാഗങ്ങളായാണ് പുറത്ത് വരുക. സംവിധായകനെ തീരുമാനിച്ചിട്ടില്ല. രാജമൗലിയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരെയാകും ആമിർ നോക്കുക.  

‘എന്റെ സ്വപ്ന പദ്ധതിയാണ് മഹാഭാരതം സിനിമയാക്കുകെന്നത്, എന്നാൽ അതിനു വേണ്ടി ജീവിതത്തിലെ 15 വർഷങ്ങൾ ചെലവഴിക്കേണ്ടി വരുമോ എന്ന ഭയമുള്ളതിനാലാണ് ഒന്നും ആരംഭിക്കാത്തതെന്ന്’ അമിർഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കർണനാണ്  ഇഷ്ട കഥാപാത്രമെന്നും തന്റെ‌ ശരീര ഘടന കർണന് അനുയോജ്യമാകുമോയെന്നു സംശയമുള്ളതിനാൽ ചിലപ്പോൾ കൃഷ്ണനായി പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.