Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടുകളില്ലാത്ത ആത്മകഥ; സണ്ണിയെ കണ്ടത് 2 കോടി ആളുകൾ

sunny-leone-biopic-trailer

കരൺജീത് കൗർ വോഹ്റയുടെ പുതിയ സിനിമ, കരൺജീത് മൽഹോത്രയുടെ സ്റ്റേജ് ഷോ... ഇതൊക്കെ കേൾക്കുമ്പോൾ നേരത്തേയാണെങ്കിൽ ആരുമൊന്ന് സേർച്ചു ചെയ്തു നോക്കുമായിരുന്നു– ഇതാരാ കക്ഷി എന്ന്. പക്ഷേ തിരഞ്ഞു പോകുമ്പോഴാണറിയുക, ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ ‘തിരഞ്ഞ്’ ഗൂഗിളിനെ പോലും ‘അമ്പരപ്പിച്ച’ വനിതയാണ് ഇവരെന്ന്. 

Karenjit Kaur: The Untold Story of Sunny Leone | Uncut Trailer | Now Streaming on ZEE5

പേരിൽ ചെറിയൊരു മാറ്റമുണ്ടെന്നു മാത്രം– സണ്ണി ലിയോൺ. പോൺ സ്റ്റാറും റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമെല്ലാമായി ഞെട്ടിച്ച സണ്ണിയുടെ ആത്മകഥ വെബ്സീരീസ് ആയി പുറത്തിറങ്ങിയപ്പോഴും ഈ ജനപ്രീതിയിൽ മാറ്റമില്ല. സീരീസിന്റെ ആദ്യഭാഗം ‘സീ5’ വെബ്സൈറ്റിൽ സംപ്രേഷണം ചെയ്തപ്പോൾ ലഭിച്ചത് വൻ പ്രേക്ഷകനിരയെ. ഒരാഴ്ച കൊണ്ട് പല ഭാഷകളിലുള്ള ട്രെയിലർ മാത്രം കണ്ടത് രണ്ടു കോടിയോളം പേർ!

കാനഡയിലെ സിഖ് കുടുംബത്തിൽ ജനിച്ച് പിന്നീട് യുഎസ് പൗരത്വം സ്വീകരിച്ച് പോൺതാരമായി മാറിയ സണ്ണിയുടെ കഥയാണ് ‘കരൺജീത് കൗർ– ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ലൂടെ സംവിധായകൻ ആദിത്യ ദത്ത് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്ത്. 10 ഭാഗങ്ങളായൊരുക്കുന്ന സീരീസിൽ ആദ്യഭാഗമാണ് ഇപ്പോഴിറങ്ങിയത്. 

കരൺജീത് കൗറായുള്ള കുട്ടിക്കാലം മുതൽ ‘പെന്റ്ഹൗസ്’ മാഗസിന്റെ കവർഗേൾ ഫോട്ടോഷൂട്ട് വരെയുള്ള കഥയാണിത്. അവിടെ നിന്നാണ് പിന്നീട് സണ്ണി പോൺസ്റ്റാറാകുന്നതും 2011ൽ ഇന്ത്യയിൽ ‘ബിഗ് ബോസ്’ ഷോയിലെത്തുന്നതും തൊട്ടടുത്ത വർഷം ‘ജിസം 2’ വിലൂടെ ബോളിവുഡിൽ നിലയുറപ്പിക്കുന്നതും.

സണ്ണി ലിയോണിന് ക്ലീൻ ഇമേജുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമല്ല ചിത്രമെന്ന് സംവിധായകൻ പറയുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഇന്നേവരെയുള്ള ജീവിതത്തിൽ അവർ തെറ്റും ശരിയുമായ ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആ തെറ്റുകളും ധൈര്യത്തോടെ അവതരിപ്പിക്കാൻ സണ്ണി സമ്മതം നൽകിയിട്ടുണ്ടെന്ന് ആദിത്യ പറയുന്നു. 

ആത്മകഥയിൽ സ്വന്തം ജീവിതം തന്നെ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യവും ലഭിച്ചു ഇതുവഴി ഈ നടിക്ക്. ‘ഒരേസമയം സന്തോഷമാണത്. എന്നാൽ ജീവിതത്തിൽ ഇന്നേവരെ കടന്നു പോയ എല്ലാ നല്ലതും ചീത്തയുമായ ഭാഗങ്ങൾ ഒരിക്കൽ കൂടി അഭിനയിച്ചു തീർക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി’– സണ്ണിയുടെ വാക്കുകൾ.

‘മാസങ്ങളോളം വീട്ടിൽ ദേഷ്യപ്പെട്ടും കരഞ്ഞും തീർത്ത രാപ്പകലുകളുണ്ട്. എന്റെ ഗ്ലാമറിനപ്പുറം മറ്റേതൊരു സാധാരണക്കാരനും നടന്നു തീർത്ത വഴിത്താരയിലൂടെയാണ് ഞാൻ വന്നതെന്ന് ലോകത്തെ അറിയിക്കണം. അതിനു കൂടിയുള്ള ശ്രമമാണിത്’– സണ്ണി പറയുന്നു. രണ്ടു വർഷം മുൻപ് ‘മോസ്റ്റ്‌ലി സണ്ണി’ എന്ന പേരിൽ നെറ്റ്‌ഫ്ലിക്സിൽ സണ്ണിയുടെ ആത്മകഥ സീരീസായിട്ടുണ്ട്. എന്നാൽ അതിലെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ സംവിധായകൻ തയാറാകാത്തതിനെത്തുടർന്ന് പ്രീമിയർ ഷോയ്ക്കു പോലും ഇവർ എത്തിയിരുന്നില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.