Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിന്റെ മഹാഭാരതത്തിൽ അർജുനനായി പ്രഭാസ്?

aamir-prabhas

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മഹാഭാരതം സിനിമയാക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റിലയൻസുമായി ചേർന്ന് ആമിർ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അന്യഭാഷയിലെ സൂപ്പർതാരങ്ങളും എത്തുമെന്നായിരുന്നു വാർത്ത. ഇപ്പോഴിതാ ചിത്രത്തിനായി അദ്ദേഹം പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്.

സിനിമയിൽ അർജുനന്റെ വേഷത്തിലേയ്ക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുമായി ചേർന്ന് ആമിർ നിർമിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.

തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ സിനിമ പൂർത്തീകരിച്ച ആമിർ, മഹാഭാരതം ചെയ്യാനുളള തയാറെടുപ്പിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൃഷ്ണനായി ആമിർ തന്നെ എത്തുമ്പോൾ ദ്രൗപതിയുടെ വേഷത്തിൽ ദീപിക പദുക്കോണെ പരിഗണിക്കുന്നു. മൂന്ന് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക. 

ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി പുതുമുഖങ്ങളെയാകും ആമിർ അണിനിരത്തുക. രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍.‌‌ സൂപ്പർതാരങ്ങളെ അഭിനയിപ്പിക്കുപ്പോഴുണ്ടാകുന്ന അധിക ബജറ്റ് ഒഴിവാക്കാനാണ് ആമിർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും കേൾക്കുന്നു.