മോഹൻലാൽ–നരേന്ദ്ര മോദി കൂടിക്കാഴ്ചയെ ട്രോളി സഞ്ജീവ് ഭട്ട്

കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാലും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ പരിഹസിച്ച് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നടത്തിയ സാങ്കല്‍പിക സംഭാഷണമായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്രോള്‍ ട്വീറ്റ്. 

മോഹന്‍ലാലുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് ട്രോളുമായി എത്തിയത്. മോഹന്‍ലാലിനെ വാനോളം പുകഴ്ത്തിയുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ ട്വീറ്റ്. അതേ വാചകം തന്നെയാണ് സഞ്ജീവ് ഭട്ടും ട്വീറ്റിൽ ഉപയോഗിച്ചത്. അതിന്റെ അവസാനഭാഗത്ത് മാത്രം മോദിയുടെ വാക്കുകൾ തന്റേതായ രീതിയിൽ എഴുതി ചേർത്തു.

ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്രോളുകളിലൂടെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. അതിനിടെ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.  രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസിൽപെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.