ഈ മനുഷ്യനെതിരെ കേസ് എടുക്കാൻ കഴിയില്ലേ: പി.സി. ജോർജിനെതിരെ രവീണ ടണ്ടൻ

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെതിരെ നടി രവീണ ടണ്ടൻ. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന്‍ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു. ഈ മനുഷ്യനെതിരേ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ എന്നും രവീണ ചോദിക്കുന്നു.

അതേസമയം പി.സി. ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ സമൻസ് അയച്ച വനിത കമ്മിഷൻ, ഈ മാസം 20ന് പി.സി. ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് നിർദേശിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയില്‍ പി.സി. ജോര്‍ജ് പ്രതികരിച്ചത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.