Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമ ദാസിന്റെ ‘വില്ലേജ് റോക്ക്‌സ്റ്റാര്‍സ്' ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി

rima-das റിമ ദാസ്

റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്‌സ്റ്റാര്‍സ് 2019 ഓസ്‌കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട മറ്റ് 28 സിനിമകളെ പിന്തള്ളിയാണ് ചിത്രം യോഗ്യത നേടിയത്. മികച്ച വിദേശഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ് ഓസ്കറിൽ നോമിനേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടിയും ജയരാജിന്റെ ഭയാനകവും ഉള്‍പ്പെടെ 28 ചിത്രങ്ങളെ പിന്തള്ളിയാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. റാസി, പദ്മാവത്, ഹിച്ച്കി, ഒക്ടോബര്‍, ലവ് സോണിയ, ഗുലാബ്ജാം, പിഹു, കദ്വി ഹവ, ബയോസ്‌കോപ്‌വാല, മന്‍തൊ, 102 നോട്ട് ഔട്ട്, പാഡ്മാന്‍, അജ്ജിസ ന്യൂഡ്, ഗലി ഗുലിയാന്‍ എന്നിവയാണ് 91-ാമത് അക്കാദമി അവാര്‍ഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവാന്‍ സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും വില്ലേജ് റോക്ക്സ്റ്റാർസ് നേടിയിരുന്നു. റിമ ജനിച്ചുവളർന്ന ആസ്സാമിലെ ഗ്രാമത്തിന്റെ കഥ ഇന്ത്യയുടെ ആത്മാവു കുടികൊള്ളുന്ന എണ്ണമറ്റ ഗ്രാമങ്ങളുടെയും ലക്ഷക്കണക്കിനു ഗ്രാമീണരുടെ അതിജീവനത്തിന്റെയും കഥയാകുന്നു. കൊച്ചുമോഹങ്ങളുടെയും കുഞ്ഞുസന്തോഷങ്ങളുടെയും നിഷ്കളങ്ക ആഹ്ളാദത്തിന്റെയും തെളിമയുള്ള കാഴ്ച.

യഥാർഥ ഗ്രാമീണർ തന്നെ അഭിനിയിച്ച് സ്വന്തം ക്യാമറയിൽ ചിത്രീകരിച്ച്, സ്വയം എഡിറ്റു ചെയ്തു റിമ തന്നെ ചിത്രം പൂർത്തിയാക്കി. 

സിനിമയുടെ ചിത്രീകരണവും ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. സാധാരണ സിനിമകളുടേതുപോലെയുള്ള ചിത്രീകരണസംഘം ഇല്ലാതെയായിരുന്നു ഷൂട്ടിങ്. സ്‌റ്റോറി ബോര്‍ഡോ ലൈറ്റിങോ ഉണ്ടായിരുന്നില്ല. മാജിക് ലൈറ്റില്‍ (രാവിലെയും വൈകുന്നേരവുമുള്ള സൂര്യപ്രകാശം) ആയിരുന്നു മുഴുവന്‍ ഔട്ട്‌ഡോര്‍ രംഗങ്ങളും ചിത്രീകരിച്ചത്. കുലദ ഭട്യാചാര്യ ഒഴികെ അഭിനയിച്ച എല്ലാവരും സംവിധായികയുടെ ഗ്രാമത്തില്‍ നിന്നുതന്നെ ഉള്ളവരാണ്.

87 മിനിറ്റു മാത്രമുള്ള വില്ലേജ് റോക്ക്സ്റ്റാഴ്സിന്റെ നായിക ധുനു എന്ന 10 വയസ്സുകാരി പെൺകുട്ടി. മറ്റുള്ളവർ പെൺകുട്ടി എന്നു വിളിക്കുമെങ്കിലും ധുനുവിന്റെ കൂട്ട് ആൺകുട്ടികളുമായി.അവൾ സ്വയം പരിഗണിക്കുന്നതും ആൺകുട്ടിയായിത്തന്നെ. ഓടാനും ചാടാനും ചാടിമറിയാനും മരത്തിൽ കയറാനും വെള്ളത്തിൽ കളിച്ചുതിമിർക്കാനുമൊക്കെ ആൺകുട്ടികളാണ് അവളുടെ കൂട്ട്. ആ കുട്ടിക്കൂട്ടത്തിന്  ഒരു സ്വപ്നമുണ്ട്. ഒരു റോക്ക് ബാൻഡ്. പാട്ടുപാടിയും താളം പിടിച്ചും തകർക്കുന്ന ഒരു കൂട്ടം. തുടക്കത്തിൽ എല്ലാവരും ഒരുമിച്ചുനിന്നെങ്കിലും ക്രമേണ ആൺകുട്ടികൾ ഓരോരുത്തരായി കൊഴിഞ്ഞുപോയി. ബാക്കിയായതു ധുനു മാത്രം.അവൾക്കൊരു ഗിത്താർ സ്വന്തമായി വേണം. അവളുടെ ഏറ്റവും വലിയ ആഗ്രഹം. ധുനു ധീരയായ കുട്ടിയാണ്. പേടിയെന്തെന്ന് അറിവില്ലാത്തവൾ. 

അമ്മ ധുനുവിനെ വളർത്തിയതും മിടുക്കിയായി. ഏതു സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ ശേഷിയുള്ള ആത്മവിശ്വാസമുള്ള കുട്ടിയായി.അച്ഛൻ മരിച്ചെങ്കിലും ഒരു ദുഃഖവും അറിയിക്കാതെ ധുനുവിനെ അമ്മ വളർത്തി. കരുത്തുള്ള പെൺകുട്ടിയായി. ധുനു വലിയ കുട്ടിയാകുന്നു. 

പ്രായപൂർത്തിയാകുന്നതോടെ സമൂഹം അവൾക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായി. ചങ്ങലകളാൽ വരിഞ്ഞുമുറുക്കുകയായി. പക്ഷേ, ധുനുവിനു സ്വാതന്ത്ര്യം വേണം. ആകാശത്തിലൂടെ പാടിപ്പറന്നുപോകുന്ന പക്ഷിയാകണം  ആരെയും ശ്രദ്ധിക്കാതെ, ആർക്കും വേണ്ടിയല്ലാതെ, ഹൃദയമുരുകി പാടുന്ന പക്ഷി. ധുനു സർവതന്ത്രസ്വതന്ത്രയായി പറന്നുനടക്കുമ്പോൾ  ക്യാമറയുമായി പിന്തുടരുന്നു  റിമ ദാസ്. വില്ലേജ് റോക്ക്സ്റ്റാഴ്സ് എന്ന അസാധാരണമായ, യാഥാസ്ഥിതിക ചലച്ചിത്രസങ്കേതങ്ങളെ കവച്ചുവയ്ക്കുന്ന ചലച്ചിത്രം പിറക്കുകയായി. 

ബനിത ദാസ്, ബസന്തി ദാസ്, ബോലോറാം ദാസ്, റിങ്കു ദാസ്, ബിഷ്ണു കളിത എന്നിവരാണു വില്ലേജ് റോക്ക്സ്റ്റാഴ്സിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ പ്രമേയം റിമയുടെ മനസ്സിൽവരുന്നതു മുന്നു വർഷം മുമ്പ് ‘മാൻ വിത് ദ ബൈനോക്കുലേഴ്സ്’ എന്ന ആദ്യചിത്രം ചെയ്യുമ്പോൾ. ആദ്യചിത്രവും ഗ്രാമത്തിൽവച്ചായിരുന്നു ചിത്രീകരണം. അന്നു പരിചയപ്പെട്ട കുട്ടികളാണ് പിന്നീട് വില്ലേജ് റോക്ക്സ്റ്റാഴ്സിലെ അഭിനേതാക്കളായി.

പണവുമായി ആരും വരാത്തതിനാൽ സ്വന്തം ചെലവിൽ, കയ്യിലുള്ള ക്യാമറയിൽ റിമ ചിത്രീകരണം തുടങ്ങി. റിമയുടെ കസിൻ‌ മല്ലികയും ഗ്രാമത്തിലെ കുട്ടികളും നടീനടൻമാരായി. ഇന്ത്യയിലെ യഥാർഥ ഗ്രാമങ്ങളുടെ യഥാർഥ കഥയാണ് വില്ലേജ് റോക്ക്സ്റ്റാഴ്സ്. യാഥാർഥ്യത്തോടു പൂർണമായും നീതി പുലർത്തുന്ന ആത്മാർഥതയുള്ള, സത്യസന്ധമായ സിനിമ.

ന്യൂട്ടൺ എന്ന ചിത്രമായിരുന്നു കഴിഞ്ഞ തവണ ഇന്ത്യയിൽ നിന്നും ഓസ്കറിലേയ്ക്ക് പരിഗണിച്ച ചിത്രം. കോർട്ട്, ലയാർസ് ഡൈസ്,വിസാരണൈ, ദ് ഗുഡ് റോഡ് എന്നീ ചിത്രങ്ങളും മുൻവർഷങ്ങളിൽ ഇന്ത്യയിൽ നിന്നും ഓസ്കറിലേയ്ക്ക് പരിഗണിക്കപ്പെട്ട സിനിമകളാണ്. എന്നാൽ ലഗാന് ശേഷം മികച്ച വിദേശഭാഷ ചിത്രങ്ങളിലേയ്ക്കുള്ള ഓസ്കർ നോമിനേഷനിൽ ഈ ചിത്രങ്ങൾക്കൊന്നും ഇടംകണ്ടെത്താനായില്ല.

 

മദർ ഇന്ത്യയാണ് വിദേശ ഭാഷ ചിത്രങ്ങളിൽ ഇന്ത്യയിൽ നിന്നും പരിഗണിക്കപ്പെട്ട ആദ്യ ചിത്രം. പിന്നീട് 1988 ൽ സലാം ബോംബെയും ഈ പട്ടികയിൽ ഇടംനേടി.