Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടനും പരസ്യരംഗത്തെ അതികായനുമായ അലിക്‌ പദംസി അന്തരിച്ചു

alyque-padamsee

ഇന്ത്യന്‍ പരസ്യരംഗത്തെ അതികായനും നടനുമായ അലിക്‌ പദംസി (90) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ലോകപ്രശസ്തമായ ഗാന്ധി എന്ന ചിത്രത്തിൽ മുഹമ്മദലി ജിന്നയായി വേഷമിട്ടത് പദംസിയായിരുന്നു. ലിന്റാസ് ഇന്ത്യയുടെ മേധാവി അലിക് പദംസി നൂറിലേറെ ബ്രാന്‍ഡുകളെ പരസ്യക്കരുത്തില്‍ വളര്‍ത്തിയെടുത്തു. ഇന്ത്യന്‍ പരസ്യമേഖലയുടെ തലതൊട്ടപ്പനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

എൺപതുകളിൽ സർഫ് എക്സൽ അലക്കുപൊടിയുടെ പരസ്യത്തിൽ വന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് പദംസിയാണ്. കവിത ചൗധരി എന്ന മോഡലാണ് ലളിതാജിയായത്. അക്കാലത്ത് ഹിന്ദുസ്ഥാൻ ലീവറിന്റെ സർഫ് അലക്കുപൊടിക്കു നിർമ  ഭീഷണിയുയർത്തി. സർഫിന്റെ സ്വന്തമായിരുന്ന വിപണിയിൽ നിർമയ്ക്കു മേധാവിത്തമുണ്ടാകുമെന്ന സ്ഥിതി വന്നപ്പോഴാണ് ലിന്റാസ് ഏജൻസിയുടെ മേധാവി അലിക് പദംസി ലളിതാജിയെ അവതരിപ്പിച്ചത്. പക്ഷേ, കമ്പനി ആ പരസ്യം നിരസിച്ചു!

പച്ചക്കറിക്കച്ചവടക്കാരനുമായി തർക്കിച്ച് വിലപേശി വാങ്ങുന്ന നാൽപതു കഴിഞ്ഞ വീട്ടമ്മയാണു ലളിതാജി. വെറും സുന്ദരിക്കോത മോഡൽ അല്ല. ഇത്തരം ഉടക്കു കഥാപാത്രത്തെ പരസ്യമാക്കിയാൽ സർഫിന് ബാക്കിയുള്ള വിപണി കൂടി നഷ്ടപ്പെടുമെന്നായിരുന്നു കമ്പനിക്കാരുടെ പേടി. ഒടുവിൽ അലിക് പദംസിയുടെ നിർബന്ധത്തിൽ അവർ പുനരാലോചന നടത്തി, പരസ്യത്തിലെ ലളിതാജിയുടെ വഴക്കാളി സ്വഭാവം കുറച്ച് അവതരിപ്പിച്ചു. സൂപ്പർ ഹിറ്റായെന്നു പറയേണ്ടല്ലോ. വില കുറച്ചു കിട്ടുന്ന താണതരം അലക്കുപൊടിയല്ല, കുടുംബത്തിനു വേണ്ടത്, നിലവാരമുള്ള പൊടിയാണെന്ന് ലളിതാജി ഉറപ്പിച്ചു പറഞ്ഞത് നിർമയെ ലക്ഷ്യമിട്ടായിരുന്നു. 1984 ൽ നിർമയുടെ മലവെള്ളപ്പാച്ചിലിൽ മുങ്ങാതെ സർഫിനെ ആ പരസ്യം രക്ഷിച്ചു.

Liril - Waterfall Priety Zinta

Cherry Blossom Shoe Polish

പിന്നീട് ലിറിൽ പെൺകുട്ടി, ചെറി ബ്ലോസം ഷൂ പോളിഷിലെ ചെറി ചാർലി, ഹമാരാ ബജാജ്, എംആർഎഫ് പരസ്യത്തിലെ മസ്സിൽ മാൻ തുടങ്ങി പരസ്യരംഗത്ത് ഇപ്പോഴും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കരവിരുതിൽ സൃഷ്ടിക്കപ്പെട്ടവയാണ്.

2000ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.