Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തഗ്സ് പരാജയം; കടുത്ത തീരുമാനമെടുക്കാൻ ആമിർ ഖാൻ

thugs-of-hindosthan-aamir-decision

ഏതാണ്ട് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ആമിർ ഖാന്റെ ഒരു ചിത്രം പരാജയത്തിലേക്കു കൂപ്പുകുത്തുന്നത്. 300 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ നവംബര്‍ 15 വരെ നേടിയ കലക്‌ഷൻ 218 കോടി മാത്രമാണ്.

ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിർ ഖാൻ. ഒരു സിനിമ അതിന്റെ മുഴുവൻ ലാഭവും കണ്ടെത്തി നിര്‍മാതാവിനും ലാഭം കിട്ടുന്ന സാഹചര്യത്തിലേ പ്രതിഫലം വാങ്ങാറുള്ളൂവെന്ന് ആമിർ നേരത്തെ വ്യക്തമാക്കിയിരുന്നു. താരം തന്നെ നിർമാണപങ്കാളിത്തം ഏറ്റെടുക്കുന്ന സിനിമകൾക്കായിരുന്നു ഇത്തരത്തിൽ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ സിനിമകളുടെ ലാഭത്തിന്റെ വിഹിതം ആമിർഖാനായിരുന്നു.

തഗ്സ് ഓഫ് ഹിന്ദോസ്ഥാനിന്റെ നിർമാതാവ് അല്ലാതിരുന്നിട്ടു കൂടി അതിന്റെ പരാജയം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ആമിർ. സിനിമയുടെ നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആമിർ തന്റെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

സിനിമയുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടത്തില്‍ തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം ചോദിക്കാന്‍ ഒരുങ്ങിയ സാഹചര്യത്തിലാണ് ആമിറിന്റെ ധീരമായ നീക്കം. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന് തിയറ്ററുകളില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് നഷ്ടം നേരിട്ടത്.

യാഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം ആദ്യദിനം മികച്ച പ്രതികരണത്തോടെയാണ് തുടങ്ങിയത്. 52.25 കോടി രൂപ ആദ്യദിനം ലഭിച്ചപ്പോൾ, വിമർശിച്ചുകൊണ്ടുള്ള നിരൂപണങ്ങള്‍ സിനിമയെ മോശമായി ബാധിച്ചു. ആമിറിന്റെ ഒരു പരാജയം കാത്തിരുന്നതുപോലെയാണ് ചിത്രത്തിനെതിരെ ട്രോളുകൾ എത്തിയതും.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ ആളുകൾ കുറയാന്‍ തുടങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ച സിനിമ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടതോടെ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. 300 കോടിമുടക്കി ചെയ്ത സിനിമയ്ക്ക് ഇന്ത്യിൽനിന്ന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 145.96 കോടി രൂപ മാത്രമാണ്. സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമായി മാറിയേക്കുമെന്നാണ് സൂചന.

സിനിമ ആദ്യ ദിവസം ഇന്ത്യയില്‍ ഉടനീളം റിലീസ് ചെയ്തത് 5000 സ്‌ക്രീനുകളിലായിരുന്നു. അതിപ്പോള്‍ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങി. ആദ്യ ആഴ്ച 134.95 കോടി കളക്ട് ചെയ്ത സിനിമ രണ്ടാമത്തെ ആഴ്ച നേടിയത് വെറും 5.40 കോടിയാണ്. ഇതോടെ വന്‍ നഷ്ടം നേരിടുന്ന തിയറ്റർ ഉടമകൾ ആമിര്‍ഖാനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ 50 ശതമാനം നഷ്ടം നിര്‍മാതാക്കള്‍ നല്‍കണമെന്നാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ യാഷ് രാജ് ഫിലിംസ്, ആമിര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കില്‍ ഏതാനും തിയറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നുമാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

300 കോടി മുടക്കിയ സിനിമയുടെ മുതൽമുടക്ക് ഇനി തിരികെ ലഭിച്ചാലും നിർമാതാവിന് ഒരുപൈസ പോലും ലാഭം കിട്ടുകയില്ല. ഈ സാഹചര്യത്തിലാണ് ആമിർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഇതിനു മുമ്പ് തീർത്തും പരാജയമായൊരു ആമിർ ചിത്രം 2000 ൽ പുറത്തിറങ്ങിയ മേള എന്ന സിനിമ മാത്രമാണ്. ബാക്കി സിനിമകളെല്ലാം ബോക്സ്ഓഫീസിൽ വലിയ ലാഭം നേടിയവയായിരുന്നു. 2005 ൽ റിലീസ് ചെയ്ത മംഗൽ പാണ്ഡെ എന്ന ചരിത്ര ചിത്രവും 2011 ലെ ധോബിഘാട്ടും ശരാശരി വിജയം നേടിയിരുന്നു.

ഗജനി (2008). ബജറ്റ്–52 കോടി, ഗ്രോസ്–232 കോടി

3 ഇഡിയറ്റ്സ് (2009). ബജറ്റ്–55 കോടി. ഗ്രോസ്സ്–460 കോടി

ധോബിഘാട്ട് (2011). ബജറ്റ്–13 കോടി, ഗ്രോസ്സ്– 25 കോടി

തലാഷ് (2012). ബജറ്റ്– 40 കോടി, ഗ്രോസ്സ്– 174 കോടി

ധൂം 3 (2013). ബജറ്റ്– 175 കോടി, ഗ്രോസ്സ്– 589 കോടി

പികെ (2014). ബജറ്റ്– 85 കോടി, ഗ്രോസ്സ്– 854 കോടി

ദംഗൽ(2016). ബജറ്റ്– 70 കോടി, ഗ്രോസ്സ്– 2100 കോടി

സീക്രട്ട് സൂപ്പർസ്റ്റാർ (2017). ബജറ്റ്–15 കോടി, ഗ്രോസ്സ്– 977 കോടി

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ (2018).ബജറ്റ്– 300 കോടി, ഗ്രോസ്സ്– 218 കോടി (നവംബർ 15 വരെയുള്ള കണക്ക്)