Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീറോ പരാജയമായാൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടായില്ലെന്ന് വരാം: ഷാരൂഖ്

shahrukh-zero

കിങ് ഖാന്റെ കരിയറിലെ ഏറ്റവും പ്രധാന സിനിമയാണ് ‘സീറോ’. ചൈന്നൈ എക്സ്പ്രസിനു ശേഷം വലിയൊരു സൂപ്പർഹിറ്റ് അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞിട്ടില്ല. സിറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ ഒരുപക്ഷേ ഒരു തിരിച്ച് വരവ് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് പറയുന്നു.

‘ഈ ചിത്രം കൂടി പരാജയപ്പെടുകയാണെങ്കില്‍ അടുത്ത ആറ് മുതല്‍ പത്ത് മാസം വരെ എനിക്ക് വേറെ അവസരങ്ങള്‍ കിട്ടില്ലായിരിക്കും.’–ഷാരൂഖ് പറഞ്ഞു. സീറോയും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ മറുപടി.

‘എനിക്കത് മാറ്റാന്‍ കഴിയില്ല, എനിക്ക് മാറ്റാന്‍ കഴിയാത്ത ഒന്നിനെക്കുറിച്ച് ഞാന്‍ എന്തിനാണ് ചിന്തിക്കുന്നത്. ‘സീറോ’ എന്റെ പ്രധാന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നെങ്കില്‍, അത് അവരുടെ തോന്നലാണ്. ഈ ചിത്രം പരാജയപ്പെട്ടാല്‍, എന്തു സംഭവിക്കും? ചിലപ്പോള്‍ അടുത്ത ആറോ പത്തോ മാസത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കാം. പക്ഷെ എന്റെ കഴിവിലും കലയിലും വിശ്വാസമുണ്ടെങ്കില്‍ വീണ്ടും ഞാന്‍ അഭിനയിക്കും.’–ഷാരൂഖ് പറഞ്ഞു

‘കഴിഞ്ഞ 15 വര്‍ഷത്തേതു പോലെ തന്നെ ഞാന്‍ ചിലപ്പോള്‍ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. അല്ലെങ്കില്‍ ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരില്ലായിരിക്കാം. വ്യവസായ ലോകത്തിന് സിനിമയെക്കുറിച്ച് ഒരു വീക്ഷണമുണ്ട്, അവരുടെ കാഴ്ചപ്പാടില്‍ നിന്നും അവര്‍ പറയുന്നത് ശരിയുമാണ്.’–ഷാരൂഖ് പറയുന്നു.

ഇംതിയാസ് അലിയുടെ ‘ജബ് ഹാരി മെറ്റ് സെയ്ജാൽ’ ആണ് ഇതിനു മുമ്പ് റിലീസ് ചെയ്ത ഷാരൂഖ് ചിത്രം. ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ നേടാൻ ഈ ചിത്രത്തിനും സാധിച്ചില്ല.

2015ൽ റിലീസ്ചെയ്ത തനു വെഡ്സ് മനു എന്ന ചിത്രത്തിനു ശേഷം ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന സിനിമയാണ് സീറോ. സംവിധാനത്തിൽ നിന്നു മാറിനിന്നിരുന്നെങ്കിലും കഴിഞ്ഞ പത്തുവർഷത്തിനിടെ മികച്ച സിനിമകൾ അദ്ദേഹം നിർമിക്കുകയും ചെയ്തിരുന്നു. നിവിൻ പോളിയുടെ മൂത്തോൻ എന്ന സിനിമയുടെ നിർമാതാവ് കൂടിയാണ് ആനന്ദ് എല്‍.റായ്.

അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് തുടങ്ങിയവരാണ് സീറോയിലെ നായികമാർ. സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്.