Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണ, നിങ്ങൾക്ക് എങ്ങനെ സുഖമായി ഉറങ്ങാൻ കഴിയുന്നു: വെളിപ്പെടുത്തലുമായി കൃഷ്

krish-kangana-1

കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രമായെത്തുന്ന 'മണികർണിക; ദ് ക്വീൻ ഓഫ് ഝാന്‍സി പുറത്തിറങ്ങിയതിന് പിന്നാലെ നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തിന്റെ ആദ്യ സംവിധായകനായിരുന്ന കൃഷ് രംഗത്ത്. സംവിധാനത്തിലുള്ള ക്രഡിറ്റിൽ നിന്നും തന്റെ പേര് എടുത്തുമാറ്റിയ കങ്കണ എങ്ങനെ സുഖമായി ഉറങ്ങുന്നുവെന്ന് കൃഷ് ചോദിക്കുന്നു. സംവിധായിക എന്ന പേര് വെയ്ക്കാനുള്ള യോഗ്യത കങ്കണയ്ക്കില്ലെന്നും കൃഷ് വ്യക്തമാക്കി.

ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയ്ക്ക് നേരെ രൂക്ഷവിമർശനങ്ങളുമായി കൃഷ് എത്തിയത്. കങ്കണ കാരണമാണ് താൻ ചിത്രത്തിൽ നിന്ന് പുറത്തുപോയതെയന്ന് കൃഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും അതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. മണികർണിക ആദ്യം സംവിധാനം ചെയ്തിരുന്നത് കൃഷ് ആയിരുന്നു. അവസാനഘട്ടത്തിൽ കൃഷ് പിന്മാറിയതോടെ കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

Krish's SHOCKING REVELATIONS in the EXPLOSIVE Interview on Manikarnika, Kangana, Sonu S

സിനിമയുടെ ആദ്യ പകുതിയില്‍ 20 മുതല്‍ 25 ശതമാനം വരെയും രണ്ടാം പകുതിയില്‍ 10 മുതല്‍ 15 ശതമാനം വരെയും കങ്കണയാണ് ചിത്രീകരിച്ചത്. ഞാന്‍ ചെയ്ത ഏതാനും ഭാഗങ്ങള്‍ കങ്കണ വീണ്ടും ചിത്രീകരിച്ചു. പലരുടെയും കഥാപാത്രങ്ങള്‍ തോന്നുന്ന പോലെ അവര്‍ വെട്ടിച്ചുരുക്കി.’–കൃഷ് പറഞ്ഞു.

സിനിമയുടെ 70 ശതമാനവും താന്‍ ചിത്രീകരിച്ചുവെന്നാണ് കങ്കണ അവകാശപ്പെട്ടത്. എന്നാല്‍ അത് വാസ്തവ വിരുദ്ധമാണെന്ന് കൃഷ് പറയുന്നു. താനും ആര്‍ട് ഡയറക്ടറും എഡിറ്ററും വളരെയേറെ കഷ്ടപ്പെടുത്തുന്ന നിമിഷങ്ങളാണ് ചിത്രത്തിലെ വലിയ യുദ്ധ രംഗങ്ങളെന്നും കൃഷ് വ്യക്തമാക്കി.

‘2017 ഏപ്രിൽ മാസത്തിലാണ് ഞാൻ ഈ സിനിമയുടെ കരാർ ഒപ്പിടുന്നത്. 400 ദിവസം സിനിമയ്ക്കായി മുംൈബയില്‍ ചിലവഴിച്ചു. 109 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ബാക്കി ദിവസങ്ങൾ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷന് വേണ്ടിയായിരുന്നു. ജൂൺ മാസത്തിൽ ഞാൻ എൻടിആർ എന്ന തെലുങ്ക് ചിത്രത്തിനായി കരാർ ഒപ്പിട്ടു.’

‘അതേ മാസത്തില്‍ ഈ സിനിമയിലെ ഏതാനും പ്രധാനപ്പെട്ട ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു. ആഗസ്റ്റിൽ മണികർണികയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായി. കുറച്ച് രംഗങ്ങൾ മാത്രം ചിത്രീകരിക്കാനുണ്ടായിരുന്നു. അതും നാലഞ്ച് ദിവസം മാത്രം. അങ്ങനെ പോസ്റ്റ് പ്രൊഡക്‌ഷൻ ആരംഭിച്ചു. കങ്കണ ഒഴിച്ച് ബാക്കിയുള്ളവരുടെ ഡബ്ബിങ് പൂർത്തിയാക്കി. വിഎഫ്എക്സിനായുള്ള രംഗങ്ങൾ നല്‍കി.’

‘സിനിമ അതിന്റെ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. കങ്കണ അന്ന് ‘മെന്റൽ ഹേ ക്യാ’ എന്ന സിനിമയുടെ ഷൂട്ടിനായി ലണ്ടനിലായിരുന്നു. തിരിച്ചുവന്ന ശേഷം അവർ ഈ സിനിമയുടെ കുറച്ച് ഭാഗങ്ങൾ കണ്ടു. കുറച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടി, അതൊക്കെ സിനിമയ്ക്കും ഗുണകരമായ കാര്യങ്ങളായിരുന്നു. എന്നാൽ മറ്റുള്ള കഥാപാത്രങ്ങൾ തന്നെക്കാൾ മികച്ച രീതിയിൽ അഭിനയിക്കുന്നു എന്നത് അവരെ അലട്ടി.’–കൃഷ് പറയുന്നു.

‘ഡബ്ബിങ്ങിന് വന്നപ്പോള്‍ കങ്കണ എന്നോട് ചില ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു. അവരുടെ വേഷം കൂടുതലുണ്ട്, ആ പെൺകുട്ടി അമിതാഭിനയമാണ്. ഇങ്ങനെയായിരുന്നു പരാതികൾ. ഞാന്‍ എല്ലാം സമ്മതിക്കുകയും ചെയ്തു. സിനിമയുടെ നിർമാതാവിന് ഇതൊന്നും ഇഷ്ടപ്പെടില്ലെന്നും പറയുന്നുണ്ടായിരുന്നു. എന്നാല്‍ സോനു സൂദിന്റെ കഥാപാത്രം ഇടവേളയ്ക്ക് മുന്‍പായി മരിക്കുന്ന തരത്തില്‍ കഥ മാറ്റണമെന്ന് കങ്കണ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. സത്യത്തിൽ റാണി ലക്ഷ്മി ഭായിയുടെ ചരിത്രത്തിൽ പോലും അങ്ങനെ ഇല്ല. ചിത്രത്തിലെ പ്രധാനവേഷമാണ് സോനുവിന്റേത്. മാത്രമല്ല മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതും. 35 ദിവസങ്ങളോളം അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.’

‘കങ്കണയുടെ തീരുമാനം സോനുവിനും ഇഷ്ടമായില്ല. ഞാന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതിന് തൊട്ടുപിന്നാലെ സോനുവും മണികര്‍ണികയില്‍ നിന്ന് പുറത്ത് പോകുവാനുള്ള കാരണം അതായിരുന്നു. അങ്ങനെ ഞാൻ എന്റെ പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേയ്ക്ക് പോയി. അപ്പോഴാണ് ഒരു ഫോൺ കോൾ. ഞാൻ ചെയ്ത ഭാഗങ്ങളൊക്കെ റി–റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്ന്. മാത്രമല്ല സിനിമയുടെ എഡിറ്ററെയും മാറ്റിയിരിക്കുന്നു. നിർബന്ധമായും പുറത്തുപോകണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടതോടെ എന്റെ എഡിറ്റര്‍ പിന്മാറുകയായിരുന്നു’–കൃഷ് പറഞ്ഞു.

‘കുറച്ച് ദിവസങ്ങൾക്ക് ശേഷം സോനു എന്നെ വിളിച്ചു. ഞാൻ ഈ സിനിമ തുടർന്ന് സംവിധാനം ചെയ്യുമോ എന്ന് അറിയാനായിരുന്നു അദ്ദേഹം വിളിച്ചത്. അങ്ങനെ ഞാൻ മുംബൈയിലെത്തി നിർമാതാവ് കമൽ ജെയ്നിനെ കണ്ടു. ആ മീറ്റിങിൽ കങ്കണയും ഉണ്ടായിരുന്നു. ഞാൻ തിരക്കിലാണെങ്കിൽ ബാക്കി ഭാഗങ്ങൾ താൻ ചെയ്തോളാമെന്ന് കങ്കണ പറഞ്ഞു. പക്ഷേ ഞാനൊരു തീരുമാനം എടുക്കാതെ തിരിച്ചുപോയി.’

‘ഹൈദരാബാദിൽ തിരിച്ചെത്തിയപ്പോൾ സോനു വീണ്ടും വിളിച്ചു. എന്റെ കഥാപാത്രത്തെ ഇടവേളയ്ക്കു ശേഷം വധിക്കുന്നതായി ചിത്രീകരിക്കാനാണ് അവർ തീരുമാനിച്ചതെന്ന് പറഞ്ഞു. അങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഈ സിനിമ ഇനി ചെയ്യാൻ താൽപര്യമില്ലെന്ന് നിർമാതാവിനെ വിളിച്ചറിയിച്ചു. എന്നാൽ കങ്കണ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നിർമാതാവിന്റെ മറുപടി. 400 ദിവസം ഈ ചിത്രത്തിനായി ഞാൻ പ്രവർത്തിച്ചു. ഈ സിനിമ ഞാൻ പൂർത്തിയാക്കി. എന്നിട്ടും എന്തിനായിരുന്നു ഇങ്ങനെയൊരു തീരുമാനം. അതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്.’

‘ഞാൻ മാറിയതോടെ സോനുവും എനിക്കൊപ്പം പിന്മാറി. സോനുവിനെ ഒരിക്കലും കുറ്റംപറയാൻ കഴിയില്ല. ചിത്രത്തിൽ നൂറ് മിനിറ്റ് റൺടൈം സോനുവിന്റെ കഥാപാത്രത്തിനുണ്ടായിരുന്നു. അത് അവർ 60 മിനിറ്റാക്കി ചുരുക്കി. പ്രതിഫലത്തിന്റെ കാര്യത്തിൽ 30 ശതമാനം മാത്രമാണ് ഇതുവരെ അവർ എനിക്ക് നൽകിയിട്ടുള്ളത്. ആവശ്യമില്ലാത്ത റി–ഷൂട്ടിനും മറ്റുമായി കോടികളാണ് ഈ സിനിമയ്ക്കായി നിർമാതാക്കൾ ചിലവഴിച്ചത്. സംവിധാനത്തിലുള്ള ഫസ്റ്റ് ക്രെഡിറ്റിൽ നിന്നും എന്റെ പേര് ഒഴിവാക്കിയ കങ്കണ എങ്ങനെ സുഖമായി ഉറങ്ങുമെന്ന് എനിക്ക് ആശങ്കയുണ്ട്. കാരണം അതിന് അവർ ഒരിക്കലും അർഹയല്ല.’

‘കങ്കണ ഒരിക്കല്‍ എന്നോട് പറഞ്ഞു, നിർമാതാക്കൾക്ക് ഞാന്‍ ചെയ്ത ഭാഗങ്ങള്‍ ഇഷ്ടമായിട്ടില്ല എന്ന്. ഭോജ്പുരി സിനിമ പോലുണ്ടെന്നായിരുന്നു അവരുടെ പരിഹാസം. എന്റെ മുന്‍കാല സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് എന്നെ അറിയാം. കങ്കണയ്ക്ക് എല്ലാം സ്വന്തമായി വേണമെന്ന വിചാരമാണ്. മണികര്‍ണികയുടെ കാര്യത്തില്‍ സംഭവിച്ചതും അത് തന്നെയാണ്.-കൃഷ് പറഞ്ഞു.

റാണി ലക്ഷ്മി ബായിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് മണികർണിക. ചിത്രത്തിൽ നിന്ന് പല കഥാപാത്രങ്ങളെയും കങ്കണ നീക്കം ചെയ്തെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോള്‍ അതിൽ കൃഷിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു. പിന്നീട് നിർമാതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കൃഷിന്റെ പേരുകൂടി ഉൾപ്പെടുത്താൻ കങ്കണ തയാറാകുകയായിരുന്നു

കൃഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി തിരക്കഥാകൃത്ത് അപൂർവ അസ്രാണിയും രംഗത്തുവന്നിരുന്നു. 2017ൽ പുറത്തിറങ്ങിയ സിമ്രാൻ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് അപൂര്‍വയും കങ്കണയും ചേർന്നാണ്. ഹൻസൽ മേഹ്‍തയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ കങ്കണ അണിയറയിൽ കരുക്കള്‍ നീക്കിയെന്ന് അപൂർവ ആരോപിച്ചിരുന്നു.

''കൃഷ് ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥയിലൂടെ ഞാൻ പണ്ട് കടന്നുപോയതാണ്. സിമ്രാന്റെ തിരക്കഥ അത്ര ഇഷ്ടത്തോടെ എഴുതിയതാണ്. എന്നാൽ സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത കങ്കണ മറ്റുപല അഭിനേതാക്കളുടെയും കഥാപാത്രങ്ങളെ നീക്കി. കൃഷിന്റെ വിശ്വാസ്യത തകർക്കാൻ കങ്കണ ഏതറ്റം വരെയും പോകും. മാധ്യമങ്ങളും കപടസ്ത്രീപക്ഷവാദം പറയുന്നവരും നിങ്ങൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകില്ല എന്നതാണ് ഖേദകരം.’

‘കങ്കണയുടെ കളികൾ ക്രൂരമാണ്. ആദ്യം ഇരയായി നടിച്ച്, പലരുടെയും വിശ്വാസം പിടിച്ചുപറ്റും. നിഷ്കളങ്കയാണെന്ന് കരുതി നിങ്ങൾ അവരെ പിന്തുണയ്ക്കും. അത് പൂർത്തിയായാൽ അവർ നിങ്ങളെ പുറത്തെറിയും, മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യും.’ അപൂർവ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.