Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്‍ വിവരദോഷിയാണെന്ന് സല്‍മാന്‍റെ അച്ഛന്‍ സലിം ഖാന്‍

salman-tweet

1993 സ്ഫോടന പരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യാക്കൂബ് മേമൻ നിരപരാധിയാണെന്നും നടൻ സൽമാൻഖാന്റെ ട്വീറ്റ്; സംഗതി വൻവിവാദമാകുകയും പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറുകയും ചെയ്തതോടെ താരത്തിന്റെ നിരുപാധിക മാപ്പുചോദിക്കൽ. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ടു ജാമ്യത്തിലിരിക്കെയാണു നടന്റെ വിവാദട്വീറ്റ്. കേസിൽ സൽമാന്റെ ജാമ്യം റദ്ദാക്കണമെന്ന് അഭ്യർഥിച്ചു ബിജെപി മുംബൈ ഘടകം മഹാരാഷ്ട്ര ഗവർണറെ സന്ദർശിച്ചു.

*ഇന്നലെ പുലർച്ചെ രണ്ടിന് ശേഷം സൽമാന്റെ ട്വീറ്റ് പരമ്പര *

∙ യാക്കൂബ് മേമനെയെല്ല അയാളുടെ സഹോദരനും ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ടൈഗർ മേമനെയാണു തൂക്കിലേറ്റേണ്ടത്.

∙ ടൈഗറെ കണ്ടുപിടിക്കട്ടെ, അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരട്ടെ ( 257 പേർ മരിക്കുകയും ആയിരത്തിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരക്കേസിൽ ദാവൂദ് ഇബ്രാഹിമിനൊപ്പം പിടികിട്ടാപ്പുള്ളിയാണ് ടൈഗർ മേമൻ. )

∙ ഒരു നിരപരാധിയെ വധിക്കുന്നത് മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ് എന്നിങ്ങനെ യാക്കൂബ് മേമനെ അനുകൂലിച്ച് സൽമാൻ ഖാന്റേതായി 14 ട്വീറ്റുകൾ.

വൻ പ്രതിഷേധം, സിനിമാ പ്രദർശനം തടയൽ:

∙ ട്വീറ്റിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ, നിയമ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം.

∙ സൽമാന്റെ പരാമർശങ്ങൾ ഇന്ത്യൻ നിയമവ്യവസ്ഥയെ തരംതാഴ്ത്തുന്നതാണെന്ന് ബിജെപി

∙സ്ഫോടനത്തിൽ മരിച്ചവരെയും പരുക്കേറ്റവരെയും സൽമാൻ അപമാനിച്ചെന്നും വിഷയം ഇന്നു പാർലമെന്റിൽ ഉന്നയിക്കുമെന്നും ബിജെപി എംപി കിരിത് സോമയ്യ

∙ ബാന്ദ്രയിൽ നടന്റെ വസതിയിലേക്കു ബിജെപി യുവനേതാക്കളുടെ മാർച്ച്

∙ നടന്റെ പുതിയ സിനിമയായ ബജ് രംഗി ഭായിജാന്റെ പോസ്റ്ററുകളിൽ കറുത്ത നിറം പൂശി ശിവസേന.

∙ പോസ്റ്ററുകൾ വലിച്ചുകീറി. സത്താറ ജില്ലയിലും കൊങ്കണിലെ മഹാഡിലും വിവിധ തിയറ്റുകളിൽ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞു

*മകൻ വിവരദോഷി: സലിം ഖാൻ *

∙ പ്രശ്നം ഗുരുതരമാകുമെന്നു തിരിച്ചറിഞ്ഞ് സൽമാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാൻ രംഗത്തെത്തി. ‘മകൻ വിവരദോഷിയാണ്. വിഷയത്തിൽ അറിവില്ലാതെയാണ് അഭിപ്രായപ്രകടനം നടത്തിയത്. ആരും കാര്യമായി എടുക്കരുത്, ’ അദ്ദേഹം അഭ്യർഥിച്ചു.

മലക്കംമറിഞ്ഞു, മാപ്പ് ചോദിച്ചു

വസതിയിലേക്കുള്ള ബിജെപി മാർച്ചിനിടെ സൽമാന്റെ തിരുത്തും മാപ്പ് അഭ്യർഥനയും വന്നു. യാക്കൂബ് മേമനെ അനുകൂലിച്ചുള്ള ട്വീറ്റുകളെല്ലാം അക്കൗണ്ടിൽ നിന്നു നീക്കി. ടൈഗർ മേമനെ തൂക്കിലേറ്റണമെന്നും അയാൾക്കായി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നാണു സൽമാൻ തിരുത്തിയത്. എല്ലാ മതങ്ങളെയും ആദരിക്കുന്ന, ഇന്ത്യൻ നിയമവ്യവസ്ഥയിൽ പൂർണമായി വിശ്വസിക്കുന്ന ആളാണു താനെന്നും പറഞ്ഞു. പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും തിരുത്താൻ പിതാവ് നിർദേശിച്ചതിനെത്തുടർന്നാണ് നിരുപാധികം മാപ്പു പറയുന്നതെന്നും താരത്തിന്റെ അടുത്ത ട്വീറ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.