Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യയ്ക്കും ആരാധ്യയ്ക്കും ബച്ചന്റെ കത്ത്

navya-aradhya

ഇന്ത്യൻ സിനിമയുടെ തലപ്പൊക്കമെന്നു ബച്ചനെ മനസുകൊണ്ടു വിശേഷിപ്പിക്കുന്നതു ഇതുകൊണ്ടാണ്. അഭിനയത്തിൽ മാത്രമല്ല കുടുംബത്തോടുള്ള സ്നേഹബദ്ധങ്ങളിലും ചില നിലപാടുകളിലും വർത്തമാനങ്ങളിലും മനസ് ആ ശരീരത്തിന്റെ ഉയരേത്തേക്കാൾ മുകളിലാണ്. ഒരുപാടു വേളകളിൽ അതു നമുക്ക് മനസിലായിട്ടുണ്ട്. ബച്ചൻ തന്റെ പേരക്കുട്ടികൾക്കെഴുതിയ കത്ത് ഇത്രയധികം വായന നേടിയെടുത്തതും അതുകൊണ്ടാണ്.

മകന്റെയും മകളുടെയും പെൺമക്കൾക്കു കുറിച്ചതാണീ കത്തെങ്കിലും അത് ഇന്ത്യയിലെ ഓരോ പെൺകുഞ്ഞുങ്ങൾ‌ക്കും കൂടിയുള്ളതാണെന്നു നിസംശയം പറയാം. പെൺകുട്ടികളുടെ ചിന്തകൾ എങ്ങനെയുള്ളതാകണമെന്നും ജീവിതത്തെ എങ്ങനെ ചേർത്തു നിർത്തണമെന്നും ബച്ചന്‍ അക്ഷരങ്ങളിലൂടെ പേരക്കുട്ടികളായ നവ്യ നവേലി നന്ദയ്ക്കും ആരാധ്യ ബച്ചനും പറഞ്ഞുകൊടുക്കുകയാണ്. ഒരു ദേശീയ മാധ്യമമാണു കത്ത് പ്രസിദ്ധീകരിച്ചത്. കത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്...

A letter to my grand daughters, Navya Naveli and Aaradhya

പ്രിയപ്പെട്ട നിങ്ങൾ രണ്ടുപേരുടെയും ചുമലുകളിൽ നിങ്ങളുടെ മുതു മുത്തശ്ശൻമാരുടെ പാരമ്പര്യമുണ്ട്, ആരാധ്യയ്ക്ക് ഡോ ഹരിവംശറായ് ബച്ചന്റെയും നവ്യയ്ക്കു എച്ച്.പി നന്ദയുടെയും. അവരുണ്ടാക്കിയ പേരും പ്രശസ്തിയുമാണു നിങ്ങളെ പ്രസക്തമാക്കുന്നത്. എങ്കിലും അതൊന്നും ഒരിക്കലും നിങ്ങളെ സംരക്ഷിക്കുവാൻ പോകുന്നില്ല. കാരണം നിങ്ങൾ പെൺകുട്ടികളാണെന്നുള്ളതു കൊണ്ടു തന്നെ. പേരിനൊപ്പമുള്ള സർനെയിം വലിയൊരു പാരമ്പര്യത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. അതു നിങ്ങൾക്കു പേരും പ്രശസ്തിയും പരിഗണനയുമൊക്കെയെത്തിക്കും. എന്നിരുന്നാലും നിങ്ങൾ പെൺകുട്ടികളാണ്. അതിൻറേതായ ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടേണ്ടതായി വരും. ഈ സർ നെയിം അതിനൊന്നും തടയിടുവാൻ പോകുന്നില്ല.

നിങ്ങളുടെ ചിന്തകൾക്കു അതിരുകളിടുവാൻ എപ്പോഴും ചുറ്റുമുള്ളവർ ശ്രമിച്ചുകൊണ്ടേയിരിക്കും. എങ്ങനെ വസ്ത്രധാരണം ചെയ്യണം. എങ്ങനെ പെരുമാറണം, ആരുമായൊക്കെ കൂടിക്കാഴ്ച നടത്തണം, എവിടെ പോകണം എന്നിവയിലൊക്കെ അവര്‍ കൈകടത്തും. അത്തരം വിധികർത്താക്കളുടെ നിഴലിൽ നിങ്ങൾ ഒതുങ്ങിപ്പോകരുത്. നിങ്ങളുെട ജ്ഞാനം തീർക്കുന്ന പ്രകാശത്തിനുള്ളിൽ നിന്നുവേണം തീരുമാനങ്ങൾ കൈക്കൊള്ളുവാൻ. വസ്ത്രത്തിന്റെ നീളമോ വീതിയോ അടിസ്ഥാനമാക്കി സ്വന്തം വ്യക്തിത്വത്തെ അളക്കുവാൻ ആരെയും നിങ്ങൾ അനുവദിക്കരുത്. കല്യാണം കഴിക്കണമെന്നു തോന്നുമ്പോഴല്ലാതെ മറ്റൊരു കാരണത്താലും വിവാഹത്തിലേക്കു പോകരുത്. ആളുകൾ പലതും പറയും. അതു ചിലപ്പോള്‍ വേദനിപ്പിക്കുന്നതാകാം. അതൊന്നുമോർത്തു വിഷമിക്കരുത്. അവരെ ശ്രദ്ധിക്കുവാന്‍ നിൽക്കുകയുമരുത്.

നവ്യ, നിന്റെ പേരു തരുന്ന പ്രശസ്തി ഒരു സ്ത്രീ എന്ന നിലയിൽ നീ നേരിടുവാൻ പോകുന്ന പ്രശ്നങ്ങളിൽ നിന്നു നിന്നെ സംരക്ഷിക്കുകയില്ല.

ആരാധ്യ, ഞാൻ പറഞ്ഞതൊക്കെ നീ കാണുമ്പോഴോ മനസിലാക്കി വരുമ്പോഴോ ഞാനുണ്ടാകണമെന്നില്ല. പക്ഷേ ഈ ഞാൻ പറഞ്ഞതിനെല്ലാം എന്നെന്നും പ്രസക്തിയുണ്ടാകുമെന്നാണു ഞാൻ കരുതുന്നത്.

എന്തുകാര്യം ചെയ്താലും അതിന്റെ അന്തിമമായ ഫലം അനുഭവിക്കുന്നതു നമ്മൾ മാത്രമായിരിക്കും. അതുകൊണ്ടു തന്നെ തീരുമാനങ്ങൾ നിങ്ങളുടേതു മാത്രമാകണം. എനിക്കറിയാം സ്ത്രീകള്‍ക്ക് ഈ ലോകം ബുദ്ധിമുട്ടേറിയതാണെന്ന്. പക്ഷേ നിങ്ങളെ പോലുള്ള സ്ത്രീകള്‍ക്കു അതു മാറ്റിയെടുക്കുവാനാകും. അതൊരിക്കലും ലളിതമായ കാര്യമൊന്നുമല്ല. നിങ്ങളുടെ അതിരുകളും തീരുമാനങ്ങളും നിങ്ങളുടേതു മാത്രമാകണം. മറ്റുള്ളവരുടെ വിധി പ്രസ്താവനകൾക്കു മുകളിൽ നിന്നു ചിന്തിക്കണം. അങ്ങനെ ചെയ്താൽ ഞാൻ എന്റെയീ ജന്മം കൊണ്ടു ചെയ്തതിനുമപ്പുറത്തേക്കു നിങ്ങൾക്കു സാധ്യമാകും. നിങ്ങളുടെ മുത്തശ്ശൻ എന്നറിയപ്പെടുവാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കാം എന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനകരമായ കാര്യം. ബിഗ് ബി കത്തിലൂെട പറയുന്നു 

Your Rating: