Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പരാമർശം; ദിയ മിര്‍സ മാപ്പ് പറഞ്ഞു

dia

ഹോളി ആഘോഷത്തെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ്‌ താരം ദിയ മിര്‍സ ഒടുവില്‍ മാപ്പുപറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

അഭിപ്രായ പ്രകടനത്തിന്‌ എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നതോടെ ഫേസ്‌ബുക്കിലൂടെ മാപ്പുപറഞ്ഞ്‌ താരം തലയൂരി‌.

മഹാരാഷ്ട്രയിലെ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് ആളുകള്‍ ഡ്രൈ ഹോളി ആഘോഷിക്കണം എന്നായിരുന്നു നടിയുടെ അഭ്യര്‍ഥന. വെള്ളം കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഹോളി കളിക്കാന്‍ വേണ്ടി ആളുകള്‍ വെള്ളം പാഴാക്കുകയാണ്. എന്നെ ഹിന്ദു വിരുദ്ധ എന്ന് വിളിച്ചാലും വേണ്ടില്ല–ദിയ മിർസ പറഞ്ഞു.

നിരവധി റിട്വീറ്റുകളും മറുപടികളുമാണ്‌ ദിയയുടെ പ്രതികരണത്തിന്‌ ലഭിച്ചത്‌. പലരും താരത്തിനെതിരെ അസഭ്യവർഷവുമായി എത്തി. സംഭവം വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്ത് വിശദീകരണവുമായി നടി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ താന്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്ന്‌ ഖേദ പ്രകടനത്തില്‍ ദിയ വ്യക്‌തമാക്കി. ഏതെങ്കിലും വ്യക്തിയെയോ വിശ്വാസത്തെയെ വ്രണപ്പെടുത്താനോ വേദനിപ്പിക്കാനോ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്റെ ട്വീറ്റ് വായിച്ച് ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും താരം പറഞ്ഞു.

തുടർന്ന് ഇനി രാജ്യം നേരിടേണ്ടി വരുന്ന ജലക്ഷാമത്തെക്കുറിച്ച് നടി ഒരു കുറിപ്പും എഴുതി– ഗുരുതരമായ ജലക്ഷാമം നേരിടുകയാണ് നമ്മുടെ രാജ്യം. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം 90 ലക്ഷം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ജലക്ഷാമം നേരിടുന്നത്. ആകെയുള്ള 43000 ത്തില്‍പ്പരം ഗ്രാമങ്ങളില്‍ 14708 ലും വരള്‍ച്ചയ്ക്ക് തുല്യമായ സ്ഥിതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നു. ജലസംരക്ഷണം കാര്യമായി എടുക്കേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.

Your Rating: