Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം വകുപ്പിന് എതിരെ രൂക്ഷമായ വിമർശനവുമായി ഹേമമാലിനി

hema-malini

നിശാഗന്ധി നൃത്ത സംഗീതോൽസവത്തിൽ പങ്കെടുക്കാൻ എത്തിയ തന്നോടു സംഘാടകർ അനാദരവു കാട്ടിയതായി ബോളിവുഡ് താരം ഹേമമാലിനി. ടിവി ചാനലുകൾക്കു നൽകിയ അഭിമുഖത്തിൽ സംഘാടകരായ ടൂറിസം വകുപ്പിന് എതിരെ രൂക്ഷമായ വിമർശനമാണ് അവർ നടത്തിയത്.

റിപ്പബ്ലിക് ദിനത്തിൽ നൃത്ത ശിൽപം അവതരിപ്പിക്കുന്നതിനാണു ഹേമമാലിനി തലസ്ഥാനത്ത് എത്തിയത്. നിശാഗന്ധിയിലെ പരിപാടി അവസാനിച്ച ശേഷവും ആരും കലാകാരന്മാരെ ആദരിക്കാൻ വേദിയിൽ എത്തിയില്ലെന്ന് അവർ പരാതിപ്പെട്ടു. തങ്ങൾ അൽപ നേരം വേദിയിൽ കാത്തിരുന്നുവെങ്കിലും ആരും വന്നില്ല. എന്നാൽ പിന്നീടു വേദിക്കു പിന്നിലുള്ള മേക്കപ്പ് റൂമിലെത്തിയ സംഘാടകർ പുരസ്കാരം നൽകാൻ ശ്രമിക്കുകയായിരുന്നു.

അതു താൻ നിരസിച്ചു. ആശയ വിനിമയത്തിൽ സംഭവിച്ച തകരാർ ആണു പ്രശ്നത്തിനു കാരണമെന്നു ടൂറിസം വകുപ്പ് അധികൃതർ വിശദീകരിച്ചു. വേദിയിൽ ആദരിക്കുന്നതുപോലുള്ള ചടങ്ങുകൾ വേണ്ടെന്നാണു ഹേമമാലിനിയുടെ സംഘം ആദ്യം പറഞ്ഞിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.