Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ ആത്മാവിന് സമാധാനം കിട്ടില്ലെന്ന് ആർജിവി

ramu-sasikala

അഴിമതി കേസിൽ ശശികല ജയിലിലായതോടെ ജയലളിതയുടെ ആത്മാവിന് സമാധാനം ലഭിക്കില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ‘ഇപ്പോൾ ശശികലയാണ് തടവിൽ അവരുടെ എംഎൽഎമാർ എല്ലാവരും മോചിതരായി. ജയലളിതയുടെ ആത്മാവ് എന്തായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്? അവർക്ക് സമാധാനം ലഭിക്കില്ലെന്ന് ഉറപ്പ്–രാം ഗോപാൽ വർമ പറഞ്ഞു.

‘സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന എഐഡിഎംകെ പ്രവർത്തകർ ഒരു കാര്യം മറന്നു. ഇതിൽ ജയലളിതയും കുറ്റക്കാരിയായിരുന്നു. അവർ ജീവിച്ചിരുന്നെങ്കിൽ അമ്മയും ജയിലിലായേനേ. രാമു കൂട്ടിച്ചേർത്തു.

അനധികൃതസ്വത്തുകേസിലാണ് വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.

ബെംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്കു സുപ്രീംകോടതി നിർദേശം നൽകി. ഇവരെ വെറുതെവിട്ട കർണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിർണായക വിധി. തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ ശശികല ശ്രമിക്കുന്നതിനിടെയാണു രാഷ്ട്രീയമായി 20 വർഷത്തോളം ചർച്ച ചെയ്യപ്പെട്ട ഈ കേസിലെ വിധി വന്നിരിക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തിൽ ശശികലയ്ക്ക് 10 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിൽനിന്നു മൽസരിക്കാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.

ശശികല ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയത് അഴിമതി തന്നെയാണെന്ന് വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി. പ്രേരണക്കുറ്റം, ഗൂഢാലോചന എന്നിവയും തെളിഞ്ഞെന്നും കോടതി അറിയിച്ചു. നേരത്തേ, അഴിമതിക്കേസല്ല ആദായനികുതി കേസ് ആയി ഇതു പരിഗണിക്കണമെന്ന് ശശികലയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, ഇതു ചരിത്രവിധിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അഴിമതിവിരുദ്ധ പോരാട്ടത്തിലെ ചരിത്രവിധിയെന്നു കർണാടക സർക്കാരും പ്രതികരിച്ചു.