Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ് നെയിം ഈസ് ഖാൻ, ഹി ഈസ് ആൻ ഇന്ത്യൻ

ep

ഷാരൂഖ് ഖാനെ കല്ലെറിയുന്നവരോട് ഒരു ചോദ്യം? ഇത്രയും കാലം ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ട് രസിക്കുകയും ചിരിക്കുകയും ചെയ്തത് മതം നോക്കിയിട്ടാണോ? ആദ്യ സീരിയൽ ഫൗജി മുതൽ അവസാനം ഇറങ്ങിയ ചിത്രം ഹാപ്പിന്യൂ ഇയർ വരെ ഏതു സിനിമയിലാണ് ഷാരൂഖ് ഖാൻ മതം വിഷയമാക്കിയിട്ടുള്ളത്. ദിൽവാലെ ദുൽഹനിയാ ലേജായേംഗെ, കുഛ് കുഛ് ഹോതാഹേ, കഭി കുഷി കഭി ഗം, മേഹൂന തുടങ്ങിയ സിനിമകൾ രസിപ്പിക്കുകയല്ലേ ചെയ്തത്.

പേരിന് വേണമെങ്കിൽ മൈ നെയിം ഈസ് ഖാൻ മതം സംസാരിച്ച സിനിമയാണെന്ന് പറയാം. വേൾഡ് ട്രെയ്ഡ് സെന്റർ തകർന്ന ശേഷം അമേരിക്കയിൽ മുസ്ലീങ്ങൾ നേരിട്ട പ്രതിസന്ധികളായിരുന്നു ചർച്ച ചെയ്തത്. മൈ നെയിം ഈസ് ഖാൻ ബട്ട് അയാം നോട്ട് എ ടെററിസ്റ്റ് എന്ന് പഞ്ച് ഡയലോഗ് ഇന്നത്തെ കാലത്തും പ്രസക്തമല്ലേ.

സിനിമയിൽ കൂടെ, പ്രസ്താവനകളിലൂടെ എന്തിന് സ്വന്തം ജീവിതത്തിലൂടെ പോലും മതേതരത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ച വ്യക്തിയാണ് ഷാരൂഖ് ഖാൻ. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഷാരൂഖിനോട് ചോദിച്ചു, ഭാര്യ ഗൗരിയും നിങ്ങളും വ്യത്യസ്ത മതത്തിൽപ്പെട്ടവരായിട്ടും എങ്ങനെയാണ് ഐക്യം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നതെന്ന്. അതിനുള്ള ഷാരൂഖിന്റെ മറുപടി ഇതായിരുന്നു. ''ഞാൻ ഒരിക്കലും ഗൗരിയോട് എന്റെ മതത്തിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ല, അവൾ തിരിച്ചും. ഞങ്ങൾ പരസ്പരം ഇരുവരുടെയും മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നവരാണ്. ഞാൻ ഒരിക്കലും നമാസിന് എന്നോടൊപ്പം ചേരാൻ ഗൗരിയോട് പറഞ്ഞിട്ടില്ല, എന്നിട്ടും അവൾ പങ്കുചേർന്നു. ദീപാവലിക്ക് ഗായത്രിമന്ത്രം ഒരുവിട്ട് ദീപം തെളിയിക്കാൻ അവൾ എന്നെ ക്ഷണിച്ചിട്ടില്ല എന്നിട്ടും ഞാൻ അവളോടൊപ്പം പങ്കെടുക്കും.''

ഗൗരിയുടെ വിശ്വാസങ്ങള്‍ക്ക് ഒരു പോറല്‍പോലും ഷാരൂഖ് ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. വീടായ "മന്നത്തി'ലെ പൂജാമുറിയില്‍ പരിശുദ്ധ ഖുറാനൊപ്പം ശ്രീരാമനും ഗണപതിയുമുണ്ട്. അബ്രഹാമിന്‍റെ രാമന്‍റെയും പേരുചേര്‍ത്താണ് ഒരു മകന് അബ്രാം എന്ന് പേരിട്ടിരിക്കുന്നത്. മറ്റൊരു മകന്‍റെ പേര് ആര്യന്‍ എന്നുമാണ്. പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചതു പോലെ ഏതെങ്കിലും ഇന്ത്യാവിരുദ്ധ പ്രസ്താവനയോ വര്‍ഗീയ ഇടപെടലോ നടത്തിയിട്ടല്ല ഷാരൂഖ് ഖാന് നേരെ വിമർശനത്തിന്റെ അനേകം നാവുകള്‍ ഒന്നിച്ച് നീണ്ടുചെല്ലുന്നത്. രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും മതസഹിഷ്ണുത പുലര്‍ത്താത്തതും മതേതരത്വം കാത്തുസൂക്ഷിക്കാത്തതും രാജ്യത്തോടുള്ള ദ്രോഹമാണെന്നും ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞതാണ് െ പ്രകോപനം.

വളരുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധസൂചകമായി കലാകാരന്മാരും സാഹിത്യനായകരും ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ ഉപേക്ഷിക്കുന്നതിനെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‌അതോടെയാണ് പാകിസ്ഥാനിലേക്ക് ഓടിക്കപ്പെടേണ്ടവനാണ്, ഇന്ത്യാ വിരോധിയാണ് ഷാരൂഖ് ഖാന്‍ എന്ന ആക്രോശവുമായി ചില നേതാക്കള്‍ രംഗത്തുവന്നത്. ഷാരൂഖ് രാജ്യദ്രോഹിയെന്നും പാകിസ്ഥാനില്‍ ആത്മാവും ഇന്ത്യയില്‍ ജീവിതവുമാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ കുറ്റപ്പെടുത്തി.

ഷാരൂഖാനോട് പാകിസ്ഥാനിൽ പോകാൻ പറയുന്ന നാവുകളോട് ഒരു അപേക്ഷ; എസ്.ആർ.കെയുടെ ചക്ക് ദേ ഇന്ത്യ ഒന്ന് കണ്ടു നോക്കൂ. എവിടെ നിന്നാണ് നിങ്ങൾ വരുന്നതെന്ന ചോദ്യത്തിന് ഹോക്കി ടീമിലെ അംഗങ്ങൾ സംസ്ഥാനങ്ങളുടെ പേരുകൾ പറയുമ്പോൾ അവരെ പുറത്താക്കുന്ന രംഗമുണ്ട്. സംസ്ഥാനത്തിന്റെ പേരിനു പകരം ഞാൻ വരുന്നത് ഇന്ത്യയിൽ നിന്നാണ് എന്നു പറഞ്ഞ കുട്ടിയെ പുറത്താക്കാതെ നിർത്തിയുള്ളൂ. സിനിമ ആണെങ്കിൽ പോലും ജീവിതത്തിലേക്ക് പകർത്താവുന്ന സന്ദേശം കൂടിയായിരുന്നു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേർതിരവ് ഇല്ലാതെ എല്ലാവരെയും ഇന്ത്യക്കാർ എന്ന് വിളിച്ചുകൂടെ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.