Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൽത്താൻ എന്തുകൊണ്ട് പ്രിയങ്കരനാകുന്നു

sultan-1

സുൽത്താൻ– വിധി എതിരായപ്പോൾ സ്വന്തം വിധി തനിയെ എഴുതിയവൻ. കാണണം കണ്ടിരിക്കണം ഈ സിനിമ. സുൽത്താൻ അലി ഖാന്റെയും ആർഫയുടെയും ജീവിതം അത്രമേൽ പ്രചോദിപ്പിക്കുന്നതാണ്. കാരണം ജീവിതത്തിലെ വൻപരാജയങ്ങളിൽ നിന്നും കരകയറി മുൻപുള്ളതിനേക്കാൾ മനോഹരമായ ജീവിതം കെട്ടിപടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സിനികൾ കാണിച്ചു തരുന്നത് ആ മനോഹാരിതയാണ്. ഒരിക്കൽ പരാജയപ്പെട്ടവനാണ് യഥാർഥ വിജയി, കാരണം അവനു മാത്രമേ വിജയത്തിന്റെ മാധുര്യമറിയൂ. സുൽത്താന്റെ കഥയും കലഹത്തിന്റെ കഥയാണ്. ജീവിതത്തോട്, വിധിയോട്, പരാജയങ്ങളോട്, വേദനകളോട്, അവനവനോടു തന്നെയുള്ള നിരന്തരമായ യുദ്ധമാണ് സുൽത്താൻ.

ഒരു സ്പോർട്സ് സിനിമ എന്നതിനപ്പുറം അതൊരു യാത്രയാണ്, വൈകാരികമായ യാത്ര. ആ യാത്രയിലേക്ക് പ്രേക്ഷകനെ അതിമനോഹരമായി കൂട്ടിക്കൊണ്ടുപോകാൻ സൽമാനും അനുഷ്കയ്ക്കും സാധിച്ചു. ബജ്രംഗി ബായിജാനിലൂടെ പോയ ഇമേജ് തിരിച്ചു പിടിച്ച സൽമാൻ ഖാന്റെ അതിലും മിന്നുന്ന പ്രകടനമാണ് സുൽത്താൻ. സൽമാൻ ഖാന് മാത്രം ചെയ്യാൻ സാധിക്കുന്ന കഥാപാത്രമെന്ന് പറയാം.

sultan-3

കുറച്ചുകാലങ്ങളായി ഹിന്ദി സിനിമയിൽ നല്ല മാറ്റത്തിന്റെ കാറ്റ് അടിക്കുന്നുണ്ട്. ആ കാറ്റിനൊപ്പം സൂപ്പർതാരങ്ങളും ഒഴുകുന്നതിന്റെ തെളിവുകൂടിയാണ് ഈ സിനിമ. അടുത്തകാലത്തായി കഴിഞ്ഞ വർഷം ഇറങ്ങിയ ഹിന്ദി സിനിമകൾ മാത്രം പരിശോധിച്ചാൽ ഈ മാറ്റം അറിയാം. ദം ലഗാക്കെ ഹയ്ഷ, പികു, പികെ, തമാശ, കപൂർ ആൻഡ് സൺസ്, നീർജ ഇതൊന്നും ബ്രഹ്മാണ്ഡ സിനിമകളെ അല്ല. ഇതിൽ എടുത്തുപറയേണ്ട സിനിമകളാണ് പികുവും കപൂർ ആൻഡ് സൺസും.

വളരെ ലളിതമായ പ്രമേയ മനോഹരമായി കൈകാര്യം ചെയ്ത സിനിമകളാണ് ഇതു രണ്ടും. പികുവിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ ആഗ്രഹം സുഗമമായി മലശോധന നടത്തുക എന്നുള്ളത്, അദ്ദേഹത്തെ അലട്ടുന്ന വാർദ്ധക്യ സഹജമായ പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. അതുകൊണ്ടു തന്നെ ആ കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ സംസാരിക്കുന്നതും ഇതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ്.

sultan-2

കപൂർ ആൻഡ് സൺസിൽ എത്തുമ്പോൾ അതിലെ ഋഷികപൂറിന്റെ മുത്തശ്ശൻ കഥാപാത്രത്തിന്റെ ഏറ്റവും വലിയ ആഗ്രഹം കുടുംബാംഗങ്ങൾ എല്ലാം ചേർന്നൊരു ഫോട്ടോയാണ്. കുടുംബാംഗങ്ങൾ എന്നാൽ അധികം പേരില്ല, രണ്ടു മക്കളും അവരുടെ കുടുംബവും. പുറമേ നിന്നു നോക്കുമ്പോൾ അതൊരു ചെറിയ കാര്യമല്ലേ എന്ന് തോന്നാം, എന്നാൽ ഈ ആഗ്രഹപൂർത്തീകരണത്തിലേക്ക് എത്തുമുമ്പ്, കുടുംബത്തിലെ സ്വരചേർച്ചയില്ലായ്മ, ശീതസമരങ്ങൾ അതിന്റെ ഇടയിൽ നിസഹായനായി പോകുന്ന മുത്തശ്ശൻ, പേരകുട്ടികൾ, ചതി, മൂന്നുതലമുറയുടെ ബന്ധം ഇതെല്ലാം വിഷയങ്ങളാണ്.

ദം ലഗാക്കെ ഹൈഷയും പറയുന്നതും ലളിതമായ വിഷയമാണ്, മെലിഞ്ഞ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചയാൾക്ക് തടിച്ചിയായ ഭാര്യയെ കിട്ടുമ്പോഴുള്ള പ്രശ്നങ്ങളാണ് ദംലഗാക്കെ ഹൈഷ.  

1983

സുൽത്താനോളം മികച്ചു നിൽക്കുന്ന ഈ അടുത്തകാലത്ത് ഇറങ്ങിയ ഇമോഷണൽ ജേർണി എന്നു വിശേഷിപ്പിക്കാവുന്ന മലയാളസിനിമ 1983യാണ്. ക്രിക്കറ്റ് പ്രമേയമായ സിനിമയെന്നതിലുപരി 1983 ഒരു വികാരമായിരുന്നു. പണ്ട് ആമിർ ഖാന്റെയും ഇർഫാൻ ഖാന്റെയും ഫറാൻ അക്തറുടെയും മാത്രം കുത്തകയായിരുന്ന വൈകാരിക തീവ്രതയുള്ള റിയലിസ്റ്റിക്ക് സിനിമാഗണത്തിലേക്ക് സൽമാനും എത്തിയതിൽ സന്തോഷം. കിക്ക് കണ്ടതിലുള്ള ദേഷ്യം സുൽത്താൻ മാറ്റി.

വാൽകഷ്ണം; ഹിന്ദി സിനിമ ഇങ്ങനെ കുടുംബത്തിനകത്തു നിന്നുള്ള ലളിതമായ വലിയ കഥകൾ പറയുന്നതുകാണുമ്പോൾ പത്മാരാജനെ എന്തുകൊണ്ടാണ് മലയാളി ഇന്നും സ്നേഹിക്കുന്നതെന്ന് മനസ്സിലാകുന്നു. മൂന്നാംപക്കത്തിലെ മുത്തശ്ശനും, ജോൺപൗലോക്കാരനും, ഫയൽമാനുമൊക്കെ എത്രയോ വർഷങ്ങൾക്കു മുമ്പേ പത്മരാജൻ കാണിച്ചു തന്നു.

Your Rating: