Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഉഡ്ത പഞ്ചാബി’ന് കൊടുംവെട്ട്; എതിർപ്പുമായി രാഷ്ട്രീയ പാർട്ടികളും

udutha-punjab-shahid-aliah.jpg.image.783.409

ഉഡ്ത പഞ്ചാബ്’ എന്ന ഹിന്ദി ചിത്രത്തിലെ 89 രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെൻസർ ബോർഡ് നടപടി വൻ വിവാദത്തിലേക്ക്. ബോർഡ് റിവ്യൂ കമ്മിറ്റി പാസാക്കിയ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടു നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബോർഡിനെതിരെ ബോളിവുഡിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയതോടെ ആരോപണങ്ങൾക്കു ചൂടേറി. സെൻസർ ബോർഡ് ചെയർമാൻ പഹ്‌ലജ് നിഹലാനിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.

പഞ്ചാബിലെ ലഹരി മാഫിയയെക്കുറിച്ചുള്ള ചിത്ര‍ം റിലീസ് ചെയ്യണമെങ്കിൽ പേരിലെ ‘പഞ്ചാബ്’ നീക്കണം, നഗരങ്ങളുടെ പേരുകളും എംഎൽഎമാരെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും പറയുന്ന ഭാഗങ്ങളും ഒഴിവാക്കണം തുടങ്ങിയവയാണു നിർദേശങ്ങൾ.
അകാലിദൾ– ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബിൽ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പു മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് അണിയറപ്രവർത്തകർ ആഞ്ഞടിച്ചു. നിഹലാനി ബിജെപിക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു.


നിഹലാനി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നു നിർമാതാക്കളിലൊരാളായ സംവിധായകൻ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിലും പ്രതിഷേധം രേഖപ്പെടുത്തി. ആം ആദ്മി പാർട്ടിയോട് (എഎപി) ആഭിമുഖ്യം പുലർത്തുന്ന കശ്യപ് അവർക്കു വേണ്ടിയാണു സംസാരിക്കുന്നതെന്നാരോപിച്ചു നിഹലാനിയും രംഗത്തെത്തി. ഇതു തള്ളിയ കശ്യപ്, സെൻസർഷിപ്പിനെതിരായ തന്റെ യുദ്ധത്തിൽ കോൺഗ്രസും എഎപിയും മറ്റു പാർട്ടികളും ഇടപെടരുതെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, പഞ്ചാബ് സർക്കാരിനെതിരെ എഎപിയും കോൺഗ്രസും രംഗത്തെത്തി. ചിത്രം നിരോധിച്ചതുകൊണ്ടു പ്രശ്നങ്ങൾ തീരില്ലെന്നും പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപി നിർദേശപ്രകാരമാണു നിഹലാനി പ്രവർത്തിക്കുന്നതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തി.

കശ്യപ് എഎപിയുടെ പണം വാങ്ങിയെന്നാരോപിച്ച നിഹലാനി മാപ്പു പറയണമെന്നു ബോളിവുഡ് സിനിമാ പ്രവർത്തകരും ആവശ്യപ്പെട്ടു.
ഷാഹിദ് കപൂർ, ആലിയ ഭട്ട്, കരീന കപൂർ ടീമിന്റെ ചിത്രം 17 നാണു റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ മലയാളി രാജീവ് രവിയാണ്.

Your Rating: