Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ പറഞ്ഞു, കൂടെക്കിടന്നാൽ സിനിമയിൽ അവസരം

tisca-chopra

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിൽ അത്ര ‘ഗ്ലാമറല്ലാത്ത’ ചില കാഴ്ചകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ബോളിവുഡ്. ഒരുപക്ഷേ മലയാള സിനിമാലോകത്തിന് അത്ര പരിചിതവുമല്ല അത്തരം അനുഭവങ്ങൾ. ‘കാസ്റ്റിങ് കൗച്ച്’ എന്നാണതിന്റെ പേര്. പേരു സൂചിപ്പിക്കും പോലെത്തന്നെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് ‘കാസ്റ്റിങ് കൗച്ച്’ എന്നു പറയുന്നത്.

ഇതിനു വിധേയമാകുന്നവർക്ക് മിക്കപ്പോഴും സിനിമയിൽ അവസരം കൊടുക്കുന്നതിനാൽത്തന്നെ അധികമാരും പുറത്തു പറയാറില്ല. പക്ഷേ കാസ്റ്റിങ് കൗച്ചിനു വിധേയരായ ഒട്ടേറെ നടിമാർ പരാതിയുമായി കോടതിയെ സമീപിച്ച സംഭവങ്ങളുമുണ്ട്. 2004ൽ മാധുർ ഭണ്ഡാർക്കറിനെതിരെ പ്രീതി ജെയ്ൻ, 1998ൽ രാജ്കുമാര്‍ സന്തോഷിക്കെതിരെ മമതാ കുൽക്കർണി എന്നിവർ നൽകിയ കേസുകൾ ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു.

ഒട്ടേറെ ബോളിവുഡ് നടിമാർ ‘കാസ്റ്റിങ് കൗച്ചി’ൽ നിന്നു രക്ഷപ്പെട്ട കഥകളും പലപ്പോഴായി മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. ആ യാഥാർഥ്യങ്ങൾക്കൊപ്പം പുതിയൊരു കൂട്ടിച്ചേർക്കലുമായെത്തിയത് നടി ടിസ്ക ചോപ്രയാണ്. ‘താരെ സമീൻ പർ’ ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ ടിസ്ക Kommune India എന്ന കൂട്ടായ്മയുടെ ‘സ്റ്റോറി ടെല്ലർ’ വിഡിയോ സീരീസിലാണ് തന്റെ ‘കാസ്റ്റിങ് കൗച്ച്’ അനുഭവം പങ്കുവച്ചത്. ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെ അനുഭവങ്ങൾ കഥകളെന്ന പോലെ പങ്കുവയ്ക്കുന്നതാണ് ‘സ്റ്റോറി ടെല്ലർ’

The Storytellers: Reptile Dysfunction - Tisca Chopra

1993ൽ, ഇരുപതാം വയസ്സിലാണ് ആദ്യമായി ടിസ്ക സിനിമയിലഭിനയിക്കുന്നത്. എന്നാൽ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ഇനിയെന്തു ചെയ്യും എന്നാലോചിച്ച് വീട്ടിലിരിക്കുന്ന സമയത്താണ് ബോളിവുഡിലെ പ്രശസ്തനായൊരു സംവിധായകന്റെ ഫോൺവിളിയെത്തുന്നത്. ‘റെപ്റ്റൈൽ’ എന്നതിന്റെ ചുരുക്കപ്പേരായി ‘ആർപി’ എന്നാണ് ടിസ്ക ഈ സംവിധായകനെ വിശേഷിപ്പിച്ചത്. തന്റെ പുതിയ ബിഗ്ബജറ്റ് ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരമെന്നതായിരുന്നു വാഗ്ദാനം. പറഞ്ഞതു പ്രകാരം അദ്ദേഹത്തിന്റെ ഓഫിസിലെത്തി. ‘ഹീലുള്ള ചെരിപ്പിട്ട് നടക്കാൻ പഠിക്കണം, മാനിക്യൂർ ചെയ്യണം, മുടിയൊന്നു സ്പാ ചെയ്യണം...’ തുടങ്ങിയ കാര്യങ്ങളായിരുന്നു ഷൂട്ടിനു മുന്നോടിയായുള്ള നിർദേശങ്ങൾ.

ഇത്രയും വലിയൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന് കൂട്ടുകാരെല്ലാം ടിസ്കയോടു പറഞ്ഞു-‘നിന്റെ ഭാഗ്യം...’ പക്ഷേ ആർപിയുടെ മുൻകാല സിനിമകളിൽ അഭിനയിച്ച ചില നടിമാർ പറഞ്ഞു-‘ടിസ്ക ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്...’ അന്നേരം അതിന്റെ അർഥമെന്താണെന്നു മനസിലായില്ലെങ്കിലും ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ കാര്യങ്ങളുടെ പോക്ക് പിടികിട്ടി. ആർപിക്ക് ടിസ്കയോട് എന്തോ ഒരു ‘ഇത്’ ഉണ്ടല്ലോ എന്നത് സെറ്റിൽ ചർച്ചയായി. സംഗതി സത്യവുമായിരുന്നു. ഷൂട്ടിനിടെ സംവിധായകന് നായികയോടെ വല്ലാത്ത ‘സ്നേഹം’. അങ്ങനെ വിദേശ ലൊക്കേഷനിലേക്ക് ചിത്രീകരണം മാറിയ സമയം. സംവിധായകന്റെ മുറിയോട് ചേർന്നാണ് ടിസ്കയ്ക്കും താമസസൗകര്യം. സാധാരണ നായകന്റെ ശല്യമാണ് സിനിമയ്ക്കിടെ ഉണ്ടാകുക. എന്നാൽ തന്റെ കാര്യത്തിൽ നായകന് മേയ്ക്കപ്പ് അസിസ്റ്റന്റിനോടായിരുന്നു താൽപര്യമെന്നും ടിസ്ക പറയുന്നു.

tisca-chopra-1

ആർപിയുടെ മകനായിരുന്നു ചിത്രത്തിലെ അസി. ഡയറക്ടർ. ഒരുദിവസം രാത്രി എല്ലാവരും കൂടെ പുറത്തൊന്നു കറങ്ങാൻ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ആർപിയുടെ ഫോൺ. രാത്രി മുറിയിലേക്കൊന്നു വരണം, കുറച്ചു നേരം സ്ക്രിപ്റ്റ് ചർച്ച ചെയ്യാനുണ്ട്. ടിസ്കയ്ക്ക് കാര്യം പിടികിട്ടി. ഈ ‘സ്ക്രിപ്റ്റ് ചർച്ച’യാണ് കാസ്റ്റിങ് കൗച്ചിന്റെ പ്രധാന കോഡ്. എന്തുചെയ്യും? ‘ചർച്ച’യ്ക്ക് പോയില്ലെങ്കിൽ തിരികെ ഇന്ത്യയിലേക്ക് പറക്കുകയേ വഴിയുള്ളൂ. എന്തായാലും രാത്രിയായപ്പോൾ വലിയൊരു ബൊക്കെയും കുറേ ചോക്കലേറ്റുകളുമായി ടിസ്ക ആർപിയുടെ മുറിയിലെത്തി.

സംവിധായകനെപ്പോലും ഞെട്ടിക്കുന്ന വിധം ഒരു കെട്ടിപ്പിടിത്തവും നടത്തി. ആർപിയാകട്ടെ കുളിച്ച് കുട്ടപ്പനായി ഒരുങ്ങിത്തന്നെയിരിക്കുകയായിരുന്നു. പക്ഷേ ‘ചർച്ച’യിലേക്ക് കടക്കും മുൻപേ മുറിയിലെ ഫോണടിച്ചു. അങ്ങേത്തലയ്ക്കൽ ആർപിയുടെ മകനാണ്. ടിസ്കയെ ലൈനിൽ കിട്ടണം. ആർപി ടിസ്കയ്ക്ക് ഫോൺ കൊടുത്തു. പുറത്തു കറങ്ങാൻ പോകാൻ എല്ലാവരും തയാറായിരിക്കുകയാണ് ടിസ്ക എപ്പോഴെത്തും എന്നാണ് മകന്റെ ചോദ്യം. ‘അതേയ് ഞാനിപ്പോൾ ആർപിയുടെ മുറിയിൽ തിരക്കഥാചർച്ചയ്ക്ക് വന്നതാണ്...’ ഇതുംപറഞ്ഞ് ആർപിയോടൊരു ചോദ്യം-‘സാർ ചർച്ച എത്രനേരമുണ്ടാകും? പത്തോ പതിനഞ്ചോ മിനിറ്റു മതിയാകുമോ? മകനുൾപ്പെടെ താഴെ കാത്തു നിൽക്കുന്നു...’ ആർപിയാകെ ആവിയായ അവസ്ഥയായി.

പിന്നെയും തുടരെത്തുടരെ ആർപിയുടെ മുറിയിലേക്ക് ഫോൺ. എല്ലാം ടിസ്കയെ അന്വേഷിച്ച്. സംഗതി ഇതാണ്-തനിക്കു വരുന്ന കോളുകളെല്ലാം ആർപിയുടെ മുറിയിലേക്ക് കണക്ട് ചെയ്യണമെന്ന് ടിസ്ക ഹോട്ടൽ റിസപ്ഷനിൽ പറഞ്ഞിരുന്നു. അതുപ്രകാരം സകല കോളും, ടിസ്കയുടെ മെയ്ക്കപ്പ് അസിസ്റ്റന്റിനെ തേടിയുള്ള നായകന്റെ ഫോൺ വരെ, വന്നത് ആർപിയുടെ മുറിയിലേക്ക്. എന്തായാലും ആർപി വലഞ്ഞു പോയെന്നുതന്നെ പറയണമല്ലോ. മിനിറ്റുകൾക്കകം ടിസ്ക യാത്ര പറഞ്ഞിറങ്ങി. പിന്നെ സിനിമ തീരും വരെ ആർപിയുടെ യാതൊരു ശല്യവുമുണ്ടായില്ല’. കൈയ്യടികളോടെയായിരുന്നു ടിസ്കയുടെ ഈ വാക്കുകളെ ചുറ്റിലുമിരുന്നവർ സ്വീകരിച്ചത്.

tisca-chopra-2

ഒടുവിൽ ഒരുകാര്യം കൂടി പറഞ്ഞു ടിസ്ക- ‘ഇപ്പോൾ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. കുറേ പെൺകുട്ടികളെങ്കിലും കാസ്റ്റിങ് കൗച്ചിൽ നിന്നു രക്ഷപ്പെടുന്നു. കാരണം ചില കാസ്റ്റിങ് ഡയറക്ടർമാരെങ്കിലും സ്വവർഗലൈംഗികതയിൽ താത്പര്യമുള്ളവരാണ്..എല്ലാവരും അറിയട്ടെയെന്നേ ഇതിന്റെയൊക്കെ ഒരു ബുദ്ധിമുട്ട്...’. ടിസ്ക ഇങ്ങനെ പറയാനും കാരണമുണ്ട്. അടുത്തിടെയാണ് തുടക്കക്കാലത്ത് തനിക്കും ‘കാസ്റ്റിങ് കൗച്ച്’ അനുഭവമുണ്ടായെന്ന് ബോളിവുഡ് താരം രൺവീർ സിങ്ങും ആയുഷ്മാൻ ഖുറാനയും വെളിപ്പെടുത്തിയത്. ഒരുവിധത്തിലാണത്രേ അന്ന് രക്ഷപ്പെട്ടു പോന്നത്...! 

Your Rating: