Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡിൽ ‘മാത്തുക്കുട്ടി’യാകാൻ സ്കാർലെറ്റ്; വിവാദമായി ഈ ചിത്രം

scarlett-johanson-jayasurya

ഞാൻ മേരിക്കുട്ടി മലയാള സിനിമയിൽ വിപ്ലവം തീർത്തു മുന്നേറുകയാണ്. സമൂഹം പരിഹാസത്തോടെ മാത്രം നോക്കിയ ഒരു വിഭാഗത്തിനു വേണ്ടി ഉച്ചത്തിൽ ശബ്ദിക്കുകയാണ് ചിത്രം ചെയ്തത്. പുരുഷ ശരീരത്തിൽ ജനിക്കുകയും തന്റെ വ്യക്തിത്വം സ്ത്രീയാണെന്നു തിരിച്ചറിഞ്ഞ് ശസ്ത്രക്രിയയിലൂടെ മേരിക്കുട്ടിയായി മാറുന്ന ട്രാൻസ്ജെൻഡറിന്റെ കഥയാണ് ഞാൻ മേരിക്കുട്ടി. 

മാത്തുക്കുട്ടിയിൽ നിന്നുള്ള മേരിക്കുട്ടിയുടെ പരിണാണം ജയസൂര്യയുടെ കൈകളിൽ ഭദ്രമായിരുന്നു. മേരിക്കുട്ടിയെ മലയാള സിനിമയും സമൂഹവും ചർച്ച ചെയ്യുകയും ചെയ്തു. ട്രാൻസ്ജെൻഡർ കഥാപാത്രം വീണ്ടും ചർച്ചകളിൽ നിറയുകയാണ്, ഇവിടെയല്ല അങ്ങ് ഹോളിവുഡിൽ. 

പ്രശസ്ത ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസനാണ് ട്രാൻസ്ജൻഡർ വേഷവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന റബ് ആൻഡ് ടഗ് എന്ന ചിത്രത്തിലെ ട്രാൻസ്ജെൻഡർ വേഷം ജൊഹാൻസനെ തേടിയെത്തിയിരുന്നു. 

1970–80 കളിൽ പിസ്റ്റ്‌ർബർഗിൽ തിരുമ്മൽ കേന്ദ്രം നടത്തിയിരുന്ന ലൂയിസ് ജീൻ ഗിൽ എ​ന്ന യുവതി പിന്നീട് പുരുഷന്മാരെ പോലെ  വസ്ത്രം ധരിച്ചും മുടി വെട്ടിയും ജീവിക്കാൻ തുടങ്ങി. പിന്നീട് ഇവർ ഡാന്തെ ടെക്സ് ഗിൽ എന്ന പേരിലാണ് അറിയപ്പെട്ടത്.

സ്കാർലറ്റ് നായികയായി എത്തിയ ഗോസ്റ്റ് ഇൻ ദ് ഷെൽ ഒരുക്കിയ റൂപെർട്ട് സാൻഡേർസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ സ്കാര്‍ലറ്റിനെ മാറ്റി ചിത്രത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ നായികയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖ വ്യക്തികൾ രംഗത്തു വന്നതോടെയാണു വിവാദം ആരംഭിക്കുന്നത്. 

ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽ നിന്നുള്ള അഭിനേതാക്കൾക്ക് സിനിമയിൽ വളരെ കുറച്ചു അവസരങ്ങളാണു കിട്ടുന്നതെന്നും ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിയുടെ ജീവിതം സിനിമയാകുമ്പോൾ ഇതേ വിഭാഗത്തിൽ നിന്നുള്ള വ്യക്തി മുഖ്യ വേഷം ചെയ്യണമെന്നാണ് ആഗ്രഹമെന്നും നടി ജാമി ക്ലേട്ടൺ പറഞ്ഞു. നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയിൽ ട്രാൻസ്ജെൻഡറായി വേഷമിട്ട നടിയാണ് ഇതേ വിഭാഗത്തിൽ നിന്നുള്ള ജാമി ക്ലേട്ടൺ. 

ജൊഹാൻസൺ ചിത്രത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യമുയരുന്നതിനോടൊപ്പം ഇതിനെ ശക്തമായി എതിർക്കുന്നവരുമുണ്ട്. ഗാന്ധിയുടെ വേഷവും ജൊഹാൻസൺ ചെയ്യുന്നുവെന്ന തരത്തിൽ ട്രോളുകളും പ്രചരിക്കുന്നുണ്ട്. മുൻപ് പല അഭിനേതാക്കളും മികവുറ്റ രീതിയിൽ ട്രാൻസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നു ജൊഹാൻസന്റെ വക്താവ് സംഭവത്തോടു പ്രതികരിച്ചു. 

മലയാളത്തിൽ മേരിക്കുട്ടിയാകാൻ ജയസൂര്യ അല്ലാതെ മറ്റൊരു നടനില്ലെന്നായിരുന്നു കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്. കലാസാംസ്കാരിക രംഗത്തുള്ളവരും ജയസൂര്യയെ പ്രശംസിച്ചെത്തി. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം കയ്യടികളോടെയായിരുന്നു ജയസൂര്യയുടെ മേരിക്കുട്ടിയെ സ്വീകരിച്ചത്. ഗൗരവമേറിയ ഈ വിഷയത്തെ അതിന്റെ എല്ലാ പ്രാധാന്യത്തോടെയും വെള്ളിത്തിരയിൽ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കറിന്റെ സംവിധാനമികവും എടുത്തുപറയേണ്ടതാണ്.