Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡിലെ ഏറ്റവും വലിയ പരാജയം; ആദ്യദിന കലക്ഷൻ 8800 രൂപ

kevin-billionare

ഹോളിവുഡിൽ ഈ അടുത്ത് ഒരു സിനിമയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പരാജയമാണ് കെവിൻ സ്പേസിയുടെ ബില്യണയർ ബോയ്സ് ക്ലബ് നേരിട്ടത്. റിലീസ് ദിവസം സിനിമയ്ക്ക് നേടാനായത് വെറും 126 ഡോളര്‍ കലക്ഷന്‍. (ഏകദേശം 8800 രൂപ)

BILLIONAIRE BOYS CLUB Official Trailer (2018) Taron Egerton, Emma Roberts

അമേരിക്കയിലെ പത്ത് തിയറ്ററിൽ നിന്നുള്ള കലക്ഷനാണ് ഇത്. ഒരു ടിക്കറ്റിന് ശരാശരി 9 ഡോളറാണ് യുഎസിലെ നിരക്ക്. അങ്ങനെ നോക്കിയാല്‍ സിനിമ കാണാന്‍ ടിക്കറ്റ് എടുത്തത് വെറും 14 പേര്‍. സിനിമയുടെ ഒരാഴ്ചത്തെ കലക്ഷൻ 618 ഡോളർ.

രണ്ടുതവണ മികച്ച നടനുള്ള ഓസ്‌കർ കരസ്ഥമാക്കിയ സ്പേസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമയാണ് ബില്യണയർ ബോയ്സ് ക്ലബ് എന്ന് നിരൂപകര്‍ വിലയിരുത്തുന്നു. നടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ജെയിംസ് കോക്‌സ് സംവിധാനം ചെയ്ത ചിത്രത്തിന് ജെയിംസ് കോക്‌സും ക്യാപ്റ്റന്‍ മോസ്‌നറും ചേര്‍ന്നാണ് തിരക്കഥ. 15 ദശലക്ഷം ഡോളർ ബജറ്റുള്ള സിനിമയുടെ നിലവിലെ കലക്ഷൻ വെറും 1.5 ദശലക്ഷം ഡോളറാണ്.

ചിത്രത്തിൽ സ്പേസിക്ക് സപ്പോര്‍ട്ടിങ് റോള്‍ മാത്രമാണുള്ളത്. ടാറന്‍ എഗേര്‍ട്ടന്‍, എമ്മാ റോബോര്‍ട്ടസ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. സിനിമയുടെ ചിത്രീകരണ സമയത്ത് സ്പേസിക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നില്ല. 

അതുകൊണ്ട് തന്നെ സിനിമയിൽ താരത്തിന്റെ സാനിധ്യം പ്രതികൂലമായി ബാധിക്കില്ലെന്നാണ് നിർമാതാക്കളും വിതരണക്കാരും പറഞ്ഞിരുന്നത്. എന്നാല്‍, സിനിമ തിയറ്ററില്‍ ഇറങ്ങിയതിന് ശേഷം ആളുകള്‍ ആരും ഇല്ലാതായി. ലൈംഗികാരോപണത്തിൽ ജനങ്ങളുടെ പ്രതിഷേധമാണ് ഇത് തുറന്നുകാണിക്കുന്നതെന്ന് ഹോളിവുഡ് മാധ്യമങ്ങൾ പറയുന്നു.

ഈ ആരോപണത്തിന് ശേഷം പുറത്തിറങ്ങുന്ന സ്പേസിയുടെ ആദ്യചിത്രം കൂടിയായിരുന്നു ബില്യണയർ ബോയ്സ് ക്ലബ്. ഇതിന് മുമ്പ് അദ്ദേഹം പ്രധാനവേഷത്തിൽ എത്തിയ പക്ഷേ ബേബി ഡ്രൈവർ മികച്ച വിജയം നേടിയിരുന്നു.

ഹോളിവുഡിലും സ്പേസിക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. നെറ്റ്ഫ്ലിക്സിന്റെ ഹൗസ് ഓഫ് കാർഡ്സ് എന്ന വെബ് സീരിസിന്റെ അവസാന സീസണിൽ നിന്നും സ്പേസിയെ പുറത്താക്കിയിരുന്നു. കൂടാതെ റിഡ്‌ലി സ്കോട്ടിന്റെ ‘ ഓൾ ദ് മണി ഇൻ ദ് വേൾഡ്’ എന്ന പുതിയ ചിത്രത്തിൽ നിന്നും അദ്ദേഹത്തെ അവസാനനിമിഷം നീക്കുകയുണ്ടായി.