Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമർ ഷരീഫ് ഇനി ഓർമകളിൽ

Egyptian-actor-Omar-Sharif

കയ്റോ∙ ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ ഒമർ ഷരീഫ് ഓർമയായി. അവസാന കാലത്ത് മറവിരോഗത്തിന്റെ മരുഭൂമികളിലലഞ്ഞ ‘ലോറൻസ് ഓഫ് അറേബ്യ’ നടൻ 83-ാം വയസിലാണ് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്. ഹൃദയസ്തംഭനത്തെത്തുടർന്ന് ഇന്നലെയായിരുന്നു മരണം.

റഷ്യൻ എഴുത്തുകാരൻ ബോറിസ് പാസ്റ്റർനാക്കിന്റെ നോവൽ ഡോക്ടർ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറൻസ് ഓഫ് അറേബ്യയിലെ സഹനടനായുമാണ് ഒമർ ഷരീഫ് ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ ഹൃദയം കവർന്നത്.

ഹോളിവുഡ് താരസിംഹാസനം സ്വന്തമാക്കിയ അപൂർവം അറബ് അഭിനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ചെങ്കിസ് ഖാൻ, ദി യെലോ റോൾസ് റോയ്സ്, ദ് നൈറ്റ് ഓഫ് ദ് ജനറൽസ്, ഫണ്ണി ഗേൾ, മേയർലിങ്, മക്കെന്നാസ് ഗോൾഡ്, ദി അപ്പോയ്ന്റ്മെന്റ്, ചെ! തുടങ്ങിയവയാണ് ഒമർ ഷരീഫ് വേഷമിട്ട പ്രശസ്തമായ മറ്റു ചിത്രങ്ങൾ.

ഈജിപ്ഷ്യൻ ചിത്രമായ ബ്ലേസിങ് സണിലൂടെ അരങ്ങേറ്റം കുറിച്ച ഷെറിഫ് ഇൻഗ്രിഡ് ബെർഗ്‌മാനും സോഫിയ ലോറനുമുൾപ്പെടെയുള്ള അതുല്യപ്രതിഭകൾക്കൊപ്പം ഒട്ടേറെ മികച്ച ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടു. ലോറൻസ് ഓഫ് അറേബ്യയിലെ അഭിനയത്തിന് സഹനടനുള്ള ഓസ്കാർ നാമനിർദേശം ലഭിച്ച ഷരീഫിന് 2003ൽ മെസ്യെ ഇബ്രാഹിം എന്ന ഫ്രഞ്ച് ചിത്രത്തിലെ വേഷത്തിന് വെനിസ് ചലച്ചിത്രോൽസവത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഹോളിവുഡ് താരമായി യുഎസിലേക്കു ചേക്കേറിയെങ്കിലും അടുത്തിടെ ജന്മനാടായ ഈജിപ്തിൽ തിരികെയെത്തിയിരുന്നു.

മികച്ച ബ്രിജ് കളിക്കാരനായിരുന്ന അദ്ദേഹം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഒമർ ഷരീഫ് ബ്രിജ് എന്ന പേരിൽ ഒരു കംപ്യൂട്ടർ ഗെയിമും പ്രശസ്തം. ബ്ലേസിങ് സണിലെ നായികയായിരുന്ന ഫാതെൻ ഹമാമയെ 1955ൽ വിവാഹം കഴിച്ച ഷരീഫ് 1974ൽ വിവാഹമോചനം നേടി. ഇവരുടെ മകൻ ടാരെക് ഒൻപതാം വയസിൽ ഡോക്ടർ ഷിവാഗോയിലെ യൂറി എന്ന കഥാപാത്രമായി വേഷമിട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.