Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിലേക്ക് റെനേ...

Alain Resnais അലൻ റെനേ

ഓർമകൾ കൊണ്ടായിരുന്നു അലൻ റെനേയുടെ സിനിമാജീവിതം. അവസാന ശ്വാസത്തിൽ വരെ സിനിമയെ നിറച്ചിരുന്ന ആ സംവിധായകൻ യാത്ര പറഞ്ഞിരിക്കുന്നു. ഫ്രഞ്ച് നവതരംഗത്തിന്റെ സ്ഥാപക സംവിധായകരിലൊരാളായ റെനേ മലയാളികൾക്കും സുപരിചിതനാണ്. റെനേയുടെ ഹിരോഷിമ മോൺ അമോറും നൈറ്റ് ആൻഡ് ഫോഗും വാൻഗോഗുമെല്ലാം ചലച്ചിത്രമേളകളിൽ പ്രേക്ഷകന്റെ ചിന്തകളെയും കാഴ്ചാഭിരുചിയെയും മാറ്റി മറിച്ചവയാണ്.

ഷോട്ട് ഫിലിമുകളിൽ നിന്ന് ഡോക്യുമെന്ററിയിലേക്കും അതിൽ നിന്ന് സിനിമയുടെ വിശാലലോകത്തേക്കുമുള്ള യാത്രയുടെ പരിണാമ കഥ പറയുന്നതിന് മിക്ക ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടുകളും ആശ്രയിക്കുന്നത് റെനേയുടെ വർക്കുകളെയാണ്. ഗൂർണിക്കയും വാൻഗോഗും പിന്നെ നൈറ്റ് ആൻഡ് ഫോഗും പിറകെയെത്തിയ ഹിരോഷിമ മോൺ അമോറുമെല്ലാം കാണാതെ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പടികളിറങ്ങിയവർ ചുരുക്കം. ഒരേ സമയം റെനേയുടെ രാഷ്്ട്രീയവും സിനിമയും ഒന്നു തന്നെയായിരുന്നു.

പഴയ സിനിമകൾ മടുപ്പിക്കുകയും ടെലിവിഷൻ അതിന്റെ എല്ലാ സ്വാധീന ശക്തിയോടും കൂടെ സിനിമയെ കീഴ്പ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് ഫ്രാൻസിൽ നവതരംഗം പൊട്ടിമുളയ്ക്കുന്നത്. ചലച്ചിത്ര നിർമാണത്തിന് ചെലവേറുക കൂടിയായതോടെ ഒരു കൂട്ടം സംവിധായകർ ക്യാമറയുമായി തെരുവിലേക്കിറങ്ങി. തെരുവിന്റെ കാഴ്ചകൾ, അവിടത്തെ യഥാതഥമായ ശബ്ദം, വെളിച്ചം..ഇതെല്ലാം ചേർത്തു വച്ച് സിനിമയാക്കി. അസാധാരണമായ തിരക്കഥകളുടെ ബലവുമുണ്ടായിരുന്നു അവയ്ക്ക്. ഇറ്റാലിയൻ നിയോറിയലിസ്റ്റിക് രീതിക്ക് സമാനമായാണ് ഫ്രഞ്ച് ന്യൂവേവും വളർന്നു വന്നത്. എന്നാൽ ഹോളിവുഡിന്റെ മായക്കാഴ്ചകളിൽ മയങ്ങി ഇറ്റാലിയൻ സിനിമ വീണപ്പോൾ ആക്രമണത്തിന്റെ ശക്തി കൂട്ടുകയാണ് ഫ്രഞ്ച് ന്യൂവേവ് സംഘം ചെയ്തത്. അവിടെയും പക്ഷേ വിഭജനമുണ്ടായി. സിനിമ രാഷ്ട്രീയായുധമാക്കിയ റെനേയെപ്പോലുള്ളവർ ഒരു വശത്ത്. സിനിമ സിനിമയ്ക്കു വേണ്ടിയാവണമെന്നു വാദിച്ച് ഗൊദാർദും കൂട്ടരും. പക്ഷേ ആരോഗ്യകരമായ ആ മത്സരം മികച്ച സിനിമകളെയാണ് ലോകത്തിനു മുന്നിലെത്തിച്ചത്.

ചിത്രകലയെന്ന മാധ്യമത്തിന്റെ ശക്തി ഡോക്യുമെന്ററിയിലേക്ക് ആവാഹിച്ചെടുത്തതായിരുന്നു റെനേയുടെ ഗൂർണിക്ക. വെറുതെയിരിക്കുമ്പോൾ നിശബ്ദമാണ് പെയിന്റിങ്ങുകൾ. അവയ്ക്ക് റെനേ ശബ്ദം കൂടി പകർന്നതോടെ പ്രേക്ഷകമനസിലേക്ക് ആഞ്ഞടിക്കുകയായിരുന്നു അവ. നാസി കോൺസൺട്രേഷൻ ക്യാംപുകളിലെ ഭീകരത ഫൊട്ടോകളിലൂടെയും ഒഴിഞ്ഞ കോൺസൺട്രേഷൻ ക്യാംപുകളിലൂടെയും ഫുടേജുകളിലൂടെയും കാണിച്ചു തന്ന നൈറ്റ് ആൻഡ് ഫോഗ് ഒരു ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാനാകില്ല.

1959ലിറങ്ങിയ ഹിരോഷിമ മോൺ അമോർ എന്ന ആദ്യചിത്രത്തിലൂടെ ഓർമകൾ വേട്ടയാടുന്നവരുടെ വർത്തമാന കാലമാണ് റെനേ പറഞ്ഞത്. അണുബോംബിന്റെ ദുരിതഓർമകളുമായി ജീവിക്കുന്ന ഒരു ജാപ്പനീസ് ആർക്കിടെക്ടിനെ പ്രണയിക്കുന്ന ഫ്രഞ്ച് പെൺകുട്ടി. ഇരുവരുടെയും ഓർമകളിൽ യുദ്ധം മാരക മുറിവുകൾ വീഴ്ത്തിയിട്ടുണ്ട്. വർത്തമാന കാലത്തിലും ഉറക്കം കെടുത്തുന്ന ഓർമകളാണവ. അതുവരെയുണ്ടായിരുന്ന ചലച്ചിത്ര നിർമാണ രീതികളെയും ഫോർമുലകളെയും അട്ടിമറിച്ചു കൊണ്ടായിരുന്നു റെനേയുടെ വരവ്. ലാസ്റ്റ് ഇയർ ഇൻ മാരിയൻബാദ്, മുരിയേൽ, ന്യൂയ് ന് എറ്റ് ബ്രൗയല്ലാർഡ്, സ്റ്റാവ്സ്കി, മെലോ, ഐ വാൺട് ടു ഗോ ഹോം, പ്രൊവിഡൻസ്, മൈ അമേരിക്കൻ അങ്കിൾ, സെയിം ഓൾഡ് സോങ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം റെനേയുടെ പുതുപുതു പരീക്ഷണങ്ങൾ കാണാം.

2009ൽ കാൻ ഫിലിം ഫെസ്്റ്റിവലിനോടനുബന്ധിച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും റെനേയെ തേടിയെത്തി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ലവിങ്, ഡ്രിങ്കിങ് ആൻഡ് ഈറ്റിങ് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയിരുന്നു. അടുത്ത മാസം ചിത്രം ഫ്രാൻസിൽ റീലീസ് ചെയ്യാനിരിക്കെയായിരുന്നു മരണം. ആശുപത്രിക്കിടക്കയിലായിരുന്ന സമയത്തു പോലും തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ തിരുത്തുന്ന തിരക്കിലായിരുന്നുവത്രേ റെനെ. തൊണ്ണൂറ്റിയൊന്നാം വയസിലും, സിനിമയോടു ചേർന്നു കിടന്നായിരുന്നു ആ മരണം..അത്രമാത്രം സ്നേഹത്തോടെയായിരുന്നു റെനേ സിനിമയെ കണ്ടത്, സിനിമ റെനേയെ സ്വീകരിച്ചതും...

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ഓർമകളിലേക്ക് റെനേ...

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer