Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാവിറ്റിയ്ക്കു പിന്നിൽ

തലയിൽ ആപ്പിൾ വീണപ്പോഴാണ് ഗുരുത്വാകർഷണം അല്ലെങ്കിൽ ഗ്രാവിറ്റി എന്നൊരു സംഗതിയുണ്ടെന്ന് ന്യൂട്ടണ് മനസ്സിലായത്. വർഷങ്ങൾക്കിപ്പുറം അമ്മയായ ഭൂമീദേവിയുടെ മടിത്തട്ടിലേക്കുള്ള മടങ്ങിപ്പോക്കിനെ വെള്ളിത്തിരയിൽ ആവിഷ്ക്കരിച്ച ഗ്രാവിറ്റി എന്ന ദൃശ്യവിസ്മയം കണ്ട പ്രേക്ഷകർക്ക് മരണവും ഏകാന്തതയും തമ്മിലുള്ളഅഭേദ്യബന്ധത്തെക്കുറിച്ച് ബോധ്യമായി.

ബാഹ്യാകാശശൂന്യതയിൽ നിന്നുള്ള നിലവിളിയാണ് ഗ്രാവിറ്റി. ബഹിരാകാശത്തു സ്പേസ് ഷട്ടിൽ തകർന്ന് ഒറ്റപ്പെട്ടു പോയ ഒരു ബഹിരാകാശശാസ്ത്രജ്ഞ ഭൂമിയിലേക്കു തിരിച്ചെത്താൻ നടത്തുന്ന ശ്രമങ്ങൾ ആവിഷ്കരിച്ച ഗ്രാവിറ്റി എന്ന ത്രീഡീ ചിത്രം പ്രേക്ഷകനെ ഒരേ സമയം വിസ്മയിപ്പിക്കുകയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത ചിത്രം വൻ വിജയമായി.

സിനിമയെന്നാൽ കഥ പറച്ചിൽ മാത്രമല്ലെന്നും സിനിമാ സാങ്കേതികവിദ്യ സർഗാത്മകമാണെന്നും ഗ്രാവിറ്റി നമുക്ക് കാണിച്ചു തരുന്നു. സാധാരണനിലയിൽ വിരസമായേക്കാവുന്ന സ്പെഷൽ ഇഫക്ടും ത്രീഡിയും ഗ്രാവിറ്റിയിൽ വിസ്മയകരമായിട്ടാണു നാം അനുഭവിക്കുന്നത്. അതിന്റെ മേയ്ക്കിങ് വിഡിയോ കാണുമ്പോഴാണ് ഇക്കാര്യം മനസ്സിലാകുക.

ത്രീഡി സാങ്കേതികവിദ്യയുടെ വികാസപാതയിൽ ഗ്രാവിറ്റി ഒരു നാഴികക്കല്ലാണെന്നതും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാലു വർഷമെടുത്തു നിർമിച്ച ഗ്രാവിറ്റിയുടെ സ്പെഷൽ ഇഫക്ടുകൾ ഒരുക്കാനായി മൂന്നുവർഷം വേണ്ടിവന്നു. പൂർണമായും ബഹിരാകാശത്തുനടക്കുന്ന ഈ കഥയിലാകട്ടെ രണ്ടു കഥാപാത്രങ്ങൾ മാത്രം. സിനിമയുടെ രണ്ടാം പാതിയിൽ ഒരാൾ മാത്രവും.

അർഥവത്തും വികാരപൂർണവുമായ സംഭാഷണങ്ങളിലൂടെയും സൂക്ഷ്മചലനങ്ങളിലൂടെയുമാണ് സിനിമയുടെ ത്രിൽ നിലനിർത്തുന്നത്. ബഹിരാകാശഅനുഭവം പകരാൻ ത്രീഡി വിദ്യ ഇതിൽ സവിശേഷമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനും കഴിഞ്ഞാൽ പിന്നീടുള്ള അവാർഡുകളിൽ സാങ്കേതികത്വത്തിനാണു മുൻതൂക്കമെന്നു കാണാം.

മെക്സിക്കൻ സംവിധായകനായ അലക്സാണ്ടർ ക്വറോണിന്റെ ആദ്യ ഓസ്കർ പുരസ്കാരമാണിത്. മെക്സിക്കൻ വംശജനായ ഒരാൾക്ക് മികച്ച സംവിധായകനുള്ള ഓസ്കർ ലഭിക്കുന്നതും ഇതാദ്യമായിട്ടാണ്.നാലുവർഷം കൊണ്ട് ഇത്തരമൊരു പടം പൂർത്തിയാക്കിയപ്പോഴേക്കും ഇതിൽ പങ്കാളികളായവർക്കു പുതിയ ഉൾക്കാഴ്ചകൾ ലഭിച്ചിട്ടുണ്ടാകാം. തനിക്കാകട്ടെ തലമുടി നരച്ചുപോയതായും ക്വറോൺ പറഞ്ഞു. ഗ്രാവിറ്റി സിനിമാചരിത്രത്തിലെ മാത്രമല്ല സാങ്കേതികവിദ്യയുടെയും ചരിത്രത്തിലെ വിസ്മയനിമിഷമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.