Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണ്ടിന്റെ ഉമ്മ, സെൻസറുടെ ഉമ്മാക്കി

bond-kiss

എല്ലാം വിശദീകരിച്ചു കൊടുക്കുന്നതിലല്ല, പ്രേക്ഷകന് ചിന്തിക്കാൻ കൂടി എന്തെങ്കിലും നൽകുന്നിടത്താണ് ഒരു ക്ലാസിക് ചിത്രത്തിന്റെ ജനനം. പ്രേക്ഷകന്റെ മനസിലൂടെ വേണം അത്തരം ചിത്രങ്ങൾ പൂർണമാകാൻ. പുതിയ ജയിംസ് ബോണ്ട് ചിത്രം ‘സ്പെക്ട്ര’യിൽ ട്രെയിനിൽ വച്ച് വില്ലനെ നിലംപരിശാക്കിയ ശേഷം തളർന്നിരിക്കുന്ന നായകനും നായികയും പരസ്പരം ചോദിക്കുന്നുണ്ട്: ‘എന്താണ് അടുത്ത പരിപാടി...?’ ബോണ്ട് ചിത്രമാണ്. അടുത്തതെന്താണ് നടക്കാൻ പോകുന്നതെന്ന് ബോണ്ടാരാധകർക്കെല്ലാം ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. ഇത്രയും നാളും ഊഹിക്കാതെ തന്നെ ആ കാഴ്ചകൾ പ്രേക്ഷകനു മുന്നിലെത്തിയിരുന്നു. പക്ഷേ ഇത്തവണ നായിക മാഡ്‌ലിൻ സ്വാനിനെ ബോണ്ട് ചുംബിക്കാനൊരുങ്ങുമ്പോഴേക്കും ട്രെയിൻ എത്തേണ്ടയിടത്തെത്തിയിരുന്നു.

ബോണ്ടും മാഡ്‌ലിനും പെട്ടിയും തൂക്കി പുറത്തിറങ്ങിയും കഴിഞ്ഞിരുന്നു. അതിനിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഇത്തവണ അത് ഊഹിച്ചെടുത്തേ മതിയാകൂ. സ്പെക്ട്രയെ ക്ലാസിക് നിലവാരത്തിലേക്കുയർത്താൻ സംവിധായകൻ സാം മെൻഡിസ് മന:പൂർവം സൃഷ്ടിച്ചതല്ലെ ആ ‘കട്ട്’. സ്ഥിരമായി ബോണ്ട് ചിത്രങ്ങൾ കാണുന്ന ഒരാളാണെങ്കിൽ ആ ‘കട്ടിന്’ കാരണക്കാരായവർക്കു നേരെ നീളനൊരു കൂവലും വച്ചുകൊടുത്തിട്ടുണ്ടാകുമെന്നുറപ്പ്.

dr-no

പക്ഷേ ഒന്നല്ല, നാലു കൊടും‘കട്ടു’കളാണ് ഇന്ത്യയുടെ സെൻസർ ബോർഡ് ബോണ്ടിനു നേരെ നടത്തിയിരിക്കുന്നത്. അതിൽത്തന്നെ ചിത്രത്തിലെ മറ്റൊരു നായിക ലൂസിയ സിയാറ(മോണിക്ക ബെലൂച്ചി)യുമൊത്തുള്ള ചുംബനമാണ് നീളക്കൂടുതലിന്റെ പേരിൽ വെട്ടിത്തള്ളി വിവാദമായത്.

ബോണ്ട് ഗേൾസ് എന്ന പ്രയോഗത്തെത്തന്നെ നിലംപരിശാക്കിക്കൊണ്ട് ഇത്തവണ സ്പെക്ട്രയിലെ നായികമാരുടെ ‘മാനം’ കാത്തിരിക്കുകയാണ് സെൻസർ ബോർഡ്, ഒപ്പം ‘വൾഗാരിറ്റി’ എന്ന അതിക്രമത്തെ’ ഇന്ത്യൻ ജനതയിലേക്കെത്തിക്കാൻ സംവിധായകൻ സാം മെൻഡിസ് നടത്തിയ ‘നീക്കത്തെ’ തടഞ്ഞതിന്റെ ചാരിതാർഥ്യവും കാണും ബോർഡിന്. ചിത്രത്തിലെ ചുംബനസീനുകൾക്കും കിടപ്പറ രംഗങ്ങൾക്കും നീളം കൂടിയെന്നും പറഞ്ഞ് നടത്തിയ ‘കത്രിക വയ്ക്കൽ’ സ്പെക്ട്രയെ തനി ‘ദേശി’ ബോണ്ട് ആക്കി മാറ്റിയിരിക്കുകയാണ്. അതിനുള്ള പ്രതിഷേധമായി #SanskariJamesBond എന്ന ഹാഷ്ടാഗിൽ ഇന്ത്യൻ സാംസ്കാരികാവസ്ഥകൾക്ക് വിനീതവിധേയനാക്കപ്പെട്ട ബോണ്ടിന്റെ ഫോട്ടോകളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

bond-girl

പക്ഷേ ബോർഡിലെ അംഗങ്ങൾ ഇപ്പോൾ പറയുന്നു ആ സ്പെക്ട്ര കട്ടുകൾക്കൊന്നും തങ്ങളല്ല ഉത്തരവാദിയെന്ന്. സെൻസർ ബോർഡ് തലപ്പത്തിരിക്കുന്ന അധ്യക്ഷൻ പഹ്‌ലജ് നിഹലാനിയുടെ ഏകപക്ഷീയമായ തീരുമാനമാണ് ചിത്രത്തിലെ കട്ടുകളെന്നാണ് ഏതാനും ബോർഡ് അംഗങ്ങൾ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനുമുൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. അധ്യക്ഷനടക്കം 24 അംഗങ്ങളടങ്ങുന്നതാണ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സിബിഎഫ്സി). അതായത് 100 കോടിയിലേറെ ജനങ്ങൾ എന്തു കാണണമെന്നു തീരുമാനിക്കുന്നത് ഈ വിരലിലെണ്ണാവുന്നവർ ചേർന്നാണ്, ഇവരാണ് അന്തിമ വിധികർത്താക്കൾ.

bond-kiss-movie

കേന്ദ്രസർക്കാർ പോലും പറയുന്നു–സെൻസർ ബോർഡ് എന്നത് ഒരു സ്വതന്ത്ര സംവിധാനമാണെന്ന്. സർക്കാർ ഒരിക്കലും അതിൽ ഇടപെടാറില്ലെന്ന്. 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് അനുസരിച്ച് മാത്രമാണ് അതിന്റെ പ്രവർത്തനമെന്ന്. എന്നിട്ടും ആ ബോർഡിന് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഒരാൾ വിചാരിച്ചാൽ മതി 120 കോടി ജനങ്ങൾ എന്തു കാണണം, എന്തു കാണേണ്ട എന്നു തീരുമാനിക്കാനാകുമെന്നു ചുരുക്കം. ആ തീരുമാനം എടുക്കുന്നയാളാകട്ടെ നിലവിലെ ഭരണകൂടത്തിന് പ്രിയപ്പെട്ടവൻ കൂടിയാണെങ്കിൽ സംശയങ്ങളുയരുക സ്വാഭാവികം.

പോൺ സൈറ്റുകൾക്ക് നിരോധനം, ചാനലുകളിലെ ചുംബന–കിടപ്പറ സീനുകൾക്ക് നിരോധനം, ചില വാക്കുകൾ സിനിമയിലോ സീരിയലുകളിലോ ഉപയോഗിക്കരുതെന്ന നിർദേശം...ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി സെൻസർ ബോർഡ് പുലിവാലു പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ വിവാദവുമായി സ്പെക്ട്രയുടെ വരവ്. ഇക്കഴിഞ്ഞ ജനുവരിയിൽ ‘ദ് മെസഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകിയതിന്റെ പേരിലുള്ള പോരിനെത്തുടർന്ന് സെൻസർ ബോർഡ് അധ്യക്ഷസ്ഥാനം ലീല സാംസൺ രാജി വച്ചൊഴിഞ്ഞപ്പോഴായിരുന്നു നിർമാതാവ് നിഹലാനിയുടെ വരവ്.

മോദിയെ പ്രകീർത്തിച്ചുകൊണ്ട് ഇദ്ദേഹം പണ്ട് തയാറാക്കിയ വിഡിയോയും പുതിയ സാഹചര്യത്തിൽ വാർത്തകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇന്ത്യൻ സംസ്കാരത്തെ തിരിച്ചെടുക്കാനെന്ന പേരിൽ പല കേന്ദ്രങ്ങളിൽ നിന്നുയരുന്ന വിവാദനീക്കങ്ങൾക്ക് ചൂട്ടുപിടിക്കുന്നതു കൂടിയായി സെൻസർ ബോർഡിന്റെ പുതിയ നീക്കം എന്നതാണ് സത്യം. അതും കോടികൾ മുടക്കിയെടുത്ത ഒരു ചിത്രത്തിന്റെ കടയ്ക്കൽ കത്തിവച്ച്.

എന്നാൽ ബിജെപി നയിക്കുന്ന പുതിയ കേന്ദ്ര ഭരണസാഹചര്യത്തിൽ പ്രശ്നം ഒന്നുകൂടി വഷളായെന്നേയുള്ളൂ. മുൻകേന്ദ്രസർക്കാരിന്റെ കാലത്തു തന്നെ ഇന്ത്യയിൽ സെൻസറിങ് അതിന്റെ നീരാളിക്കൈകൾ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. 2011ൽ യുപിഎ ഭരണകാലത്താണ് നഗ്നതയുടെയും ലൈംഗികാതിക്രമ സീനുകളുടെയും പേരിൽ ‘ദ് ഗേൾ വിത്ത് എ ഡ്രാഗൺ ടാറ്റൂ’ ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമാകട്ടെ ഇത് ഇന്ത്യയിൽ പ്രദർശിപ്പിക്കേണ്ടെന്നും തീരുമാനിച്ചു. പിന്നീട് ഇത്തരത്തിലൊരു ‘ഇന്റർനാഷനൽ സെൻസറിങ്’ നാണക്കേടുണ്ടായത് ഈ വർഷം തന്നെയാണ്. ‘ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ’ എന്ന ചിത്രം ലൈംഗികാതിപ്രസരത്തിന്റെ പേരിൽ ഇന്ത്യയിൽ നിരോധിച്ചു. ആവശ്യം വേണ്ട ഭേദഗതികൾ വരുത്താമെന്ന് നിർമാതാവും വിതരണക്കാരും പറഞ്ഞിട്ടു പോലും ഈ ചിത്രത്തെ ഇന്ത്യയിലേക്ക് സെൻസർ ബോർഡ് കടത്തിയില്ല. ശേഷം ഇപ്പോൾ സ്പെക്ട്രയിലെ ചുംബനസീനുകൾക്ക് നീളം കൂടിപ്പോയെന്നും പറഞ്ഞിട്ടുള്ള സെൻസറിങ്ങും. സ്പെക്ട്ര കണ്ടവർക്കറിയാം ആ ‘കട്ടുകൾ’ സിനിമാക്കാഴ്ചയെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്ന്.

sean

സമീപകാലത്തെ ചാനൽ കാഴ്ചകളിലും ഇതേപ്രശ്നം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 2011നു മുൻപ് എച്ച്ബിഒയിലും സ്റ്റാർമൂവീസിലുമെല്ലാം വന്ന ഒരു സിനിമ ഇപ്പോൾ കാണുന്നവർക്കു മനസിലാകും എവിടെയൊക്കെയോ ചില ‘മിസിങ്ങുകൾ’. പല രംഗങ്ങളും പാടെ വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. അത്തരം രംഗങ്ങൾ വരുമ്പോൾ പെട്ടെന്നൊരു ‘ജംപ് കട്ടാണ്’ അടുത്ത സീനിലേക്ക്. വിശ്വരൂപം എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അത്തരമൊരു ടെലിവിഷൻ സെൻസറിങ്ങിലേക്ക് നയിച്ചത്. 2011ൽ രൂപീകരിച്ച ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലെയിന്റ് കൗൺസിലിന്റെ(ബിസിസിസി) തീരുമാന പ്രകാരമാണ് പല കട്ടുകളും. രൂപീകരിച്ച് ആറു മാസത്തിനകം അയ്യായിരത്തിലേറെ പരാതികളാണത്രേ കൗൺസിലിനു മുന്നിലെത്തിയത്. ഒരു വ്യക്തിക്കോ കൂട്ടായ്മകൾക്കോ ഇത്തരത്തിൽ പരാതി നൽകാമെന്നാണ് നിയമം. ഫലമോ? ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിൽ അംഗങ്ങളായ സകല ചാനലുകളും ഇപ്പോൾ പ്രത്യേകമായി ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ്, അവരുടെ ജോലിയാകട്ടെ വിദേശ ചിത്രങ്ങളിൽ ഇന്ത്യൻ സംസ്കാരത്തിന് യോജിക്കാത്ത വാക്കുകളുണ്ടെങ്കിൽ അവ സബ്ടൈറ്റിലിൽ തിരുത്തുകയോ ഒഴിവാക്കുകയോ വേണം, ഡയലോഗ് മ്യൂട്ട് ചെയ്യണം, അനാവശ്യ സീനുകൾ ഒഴിവാക്കണം എന്നിങ്ങനെയും. (അടുത്തിടെ ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റ് പ്രൊഡ്യൂസർമാരുടെ സംഘടനയ്ക്ക് അയച്ചുകൊടുത്തും സെൻസർ ബോർഡ് പുലിവാലുപിടിച്ചതാണ്)

ഇത്രയും നാളുമില്ലാത്ത സെൻസറിങ് ഇപ്പോഴിതെവിടെ നിന്നു വന്നു എന്നതിന് ഉത്തരമായി നമുക്ക് ചുറ്റിലും തന്നെ പല രാഷ്ട്രീയ–സാമൂഹിക സംഭവങ്ങൾ ചിറകുവിടർത്തുന്നുണ്ട്. കണ്ണുതുറന്ന് കാണേണ്ടതാണ് കല.

bond

പക്ഷേ കാഴ്ചകൾ പലതും വെട്ടിമാറ്റപ്പെടുകയാണ്. അതും അധികാരസ്ഥാനത്തിരിക്കുന്ന ചിലരുടെ വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം. ഏതൊക്കെ പ്രായക്കാർക്ക് കാണാമെന്ന വിധത്തിൽ യു, യു/എ, എ, എസ് എന്നിങ്ങനെ സർട്ടിഫിക്കേഷനുകളുള്ളപ്പോൾ എന്തിനാണിങ്ങനെ ബാലിശമായ വാദങ്ങളുന്നയിച്ചുള്ള ചുംബന സെൻസറിങ്ങും മറ്റും? കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംബന്ധിച്ച തീരുമാനമാണ് എടുക്കേണ്ടത്. കോടികൾ മറിയുന്ന ബിസിനസും ഒട്ടേറെ പേരുടെ ജീവനമാർഗവും കൂടിയാണ് സിനിമ.

സെൻസർഷിപ് നടപ്പാക്കുന്നതിനെപ്പറ്റി സുപ്രീം കോടതി നിരീക്ഷിച്ചതിങ്ങനെ: ‘അച്ചടി മാധ്യമങ്ങളെക്കാളും ഒരാളുടെ പ്രവൃത്തിയെയും ചിന്തകളെയും സ്വാധീനിക്കാൻ സിനിമകൾക്ക് വല്ലാത്തൊരു കഴിവുണ്ട്. അതുകൊണ്ടുതന്നെ സൂക്ഷ്മതയോടെ പരിശോധിച്ചിട്ടേ ഓരോ സിനിമയും ജനങ്ങളിലെത്തിക്കാവൂ...’ സിനിമയുടെ ഈ സ്വാധീന ശക്തി തിരിച്ചറിഞ്ഞവരാണ് ഇന്ന് അധികാരകേന്ദ്രങ്ങളിലിരിക്കുന്നവരും.

അത് തങ്ങളുടെ താൽപര്യങ്ങൾക്ക് വിപരീതമായൊരു സന്ദേശമാണ് ജനങ്ങളിലേക്കെത്തിക്കുന്നതെങ്കിൽ അസഹിഷ്ണുത സ്വാഭാവികം. സെൻസറിങ്ങിന് നിയോഗിക്കപ്പെട്ട ബോർഡ് അംഗങ്ങളോട് പോലും ചർച്ച ചെയ്യാതെ ചിലർ അത്തരം ചില തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കപ്പെടുമ്പോഴാണ് പ്രശ്നത്തിന്റെ ഭീകരത മനസിലാവുക. ഓർക്കുക, ചുംബനങ്ങൾ മാത്രമല്ല നമ്മളറിയാതെ കണ്മുന്നിലെ പലതും വെട്ടിമാറ്റപ്പെടുന്നുണ്ട്. അതാകട്ടെ പ്രേക്ഷകന്റെ നിതാന്തമായ ജാഗ്രത ആവശ്യപ്പെടുന്ന തരം വെട്ടലുകളുമാണ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.