Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനില്‍ സെല്‍ഫിക്കു വിലക്ക്

കാൻ ചലച്ചിത്രോൽസവത്തിൽ ഇത്തവണ ഒട്ടേറെ പുതുമകൾ. ആർഭാടത്തിനും താരങ്ങൾക്കും കുറവൊന്നുമില്ലെങ്കിലും പ്രധാനമാറ്റം സെൽഫി വിലക്കാണ്. ഇത്തവണ റെഡ് കാർപറ്റിലോ പടവുകളിലോ നിന്ന് പ്രശസ്തരുടെ സെൽഫി വേണ്ടെന്നായിരുന്നു അധികൃതരുടെ നിർദേശം. ഇത് വളരെ അപഹാസ്യമായ രീതിയാണെന്നാണ് കാൻ സംഘാടകരുടെ ന്യായം. സെൽഫിയായിരിക്കും നിങ്ങളുടെ ഏറ്റവും മോശം ചിത്രമെന്നും ഫെസ്റ്റിവൽ പ്രസിഡന്റ് പിയറി ലെസ്ക്യൂർ പറഞ്ഞു.

എന്നാൽ സെൽഫി വിലക്ക് ബലം പ്രയോഗിച്ചു നടപ്പാക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. നിരോധനം പ്രായോഗികമാക്കാൻ പൊലീസിനെ നിയോഗിക്കാനാവില്ലെന്നതാണു കാരണം. ആരാധകർക്കൊപ്പം നിന്ന് റെഡ് കാർപറ്റിൽ സെൽഫിക്ക് പോസ് ചെയ്യുന്നത് ഇപ്പോൾ ലോകമെമ്പാടും പതിവായിട്ടുണ്ട്. കാനിലും ഓസ്കറിലുമടക്കം പ്രശസ്തരുടെ സെൽഫി വ്യാപകമായതോടെയാണ് പൊതുചടങ്ങുകളിൽ ഇതൊരു ശല്യമാണെന്ന കാര്യം കൂടി തിരിച്ചറി‍ഞ്ഞത്. കാനിലെ വിലക്കിനു പിന്നാലെ മറ്റു ചലച്ചിത്രമേളകളിലും വിലക്കു വരുമോയെന്നാണ് പലരും ഉറ്റു നോക്കുന്നത്.

ആരാധകർക്കൊപ്പം സെൽഫിക്കു പോസ് ചെയ്യാൻ താരങ്ങളും വലിയ താൽപര്യമാണ്. ന്യൂജൻ സാംസ്കാരികപ്രതിഭാസമായ സെൽഫിയെ അങ്ങനെയങ്ങ് ഇല്ലാതാക്കാൻ പറ്റുമോ? ടൊറോന്റോ, വെനിസ്, ന്യൂയോർക്ക് ചലച്ചിത്രമേളകളാണ് ഇപ്പോൾ കാൻ മേളയേക്കാൾ ശ്രദ്ധ നേടുന്നതെന്നും ചൂണ്ടിക്കാണിക്കാറുണ്ട്. മറ്റു മേളകൾ അവാർഡ് സീസണുകളോട് അടുപ്പിച്ചു നടക്കുന്നതാണ് ഒരു കാരണം.നല്ല സിനിമകൾ പലതും കാനിലേക്ക് വരുന്നില്ലത്രേ. കാനിൽ അംഗീകാരം നേടിയാലും ഓസ്കർ, ഗോൾഡൻ ഗ്ളോബ് പുരസ്കാരങ്ങൾ നടക്കുന്നത് വർഷാവസാനമായതിൽ അവിടെ വലിയ നേട്ടമുണ്ടാകാറില്ലെന്നതാണ് സിനിമക്കാരുടെ ഒരു പ്രശ്നം. ഈ സാഹചര്യത്തിൽ മികച്ച ചിത്രങ്ങൾ എത്തിക്കാനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

വൂഡി അലന്റെ നാൽപത്തിയാറാമതു പടം ആൻ ഇറാഷനൽ മാൻ മൽസരേതിര വിഭാഗത്തിലാണു പ്രദർശിപ്പിക്കുക. എമ്മ സ്റ്റോൺ ആണു നായിക. ഹോളിവുഡ് നടി നതാലിയ പോർട്ട്മാൻ ആദ്യമായി സംവിധാനം ചെയ്ത എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡാർക്ക്നസ് മൽസരവിഭാഗത്തിലാണ്. പ്രശസ്ത ഇസ്രയേലി നോവലിസ്റ്റ് അമോസ് ഒസിന്റെ ആത്മകഥയാണിത്. ജറുസലേമിൽ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഗ്രനഥകാരന്റെ സ്മരണകളാണ്. ജറുസലേമിൽ ഇതിന്റെ ചിത്രീകരണത്തിനിടെ ചില വിവാദങ്ങളുണ്ടായിരുന്നു.

1987നുശേഷം ഇതാദ്യം ഒരു വനിത സംവിധായകയുടെ സിനിമയോടെ കാനിൽ ചലച്ചിത്രോൽസവത്തിനു തുടക്കമായി. പതിവുരീതിയായ ഹോളിവുഡ് സിനിമയ്ക്കു പകരം ഫ്രഞ്ച് നടിയും സംവിധായകയുമായ ഇമ്മാനുവലെ ബെർക്കോട്ടിന്റെ സ്റ്റാൻഡിങ് ടോൾ എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായത്.

ഹോളിവുഡ് സംവിധായകരായ കോയെൻ സഹോദരൻമാരാണ് ജൂറിയെ നയിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ നേടാനായി 19 സിനിമകൾ മൽസരിക്കുന്നു. മൈക്കിൾ ഫാസ്ബെൻഡറിന്റെ മാക്ബെത്ത്, ടോഡ് ഹെയ്നിന്റെ കാരൾ, പാലോ സൊറെന്റീനോയുടെ യൂത്ത് എന്നിവയാണ് മൽസര രംഗത്തെ പ്രശസ്ത ചിത്രങ്ങൾ.വൂഡി അലന്റെയും ഹസ് വാൻ സാന്റിന്റെയും പുതിയ പടങ്ങളും പ്രദർശിപ്പിക്കും. 24നു സമാപിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.