Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നസ്രിയ കല്യാണം കഴിച്ചെങ്കിലെന്താ ?’ അഞ്ജലി മേനോൻ ചോദിക്കുന്നു

Anjali Menon IMM

മലയാള സിനിമയും അതിലെ വനിതാ സംഘടനയുമൊക്കെ വലിയ ചർച്ചയായിരിക്കുന്ന കാലത്താണ് അഞ്ജലി മേനോൻ എന്ന സംവിധായിക തന്റെ പുതിയ ചിത്രമായ ‘കൂടെ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉസ്താദ് ഹോട്ടലും ബാംഗ്ലൂർ ഡെയ്സുമൊക്കെ സമ്മാനിച്ച വൻ വിജയങ്ങളിൽ അഞ്ജലി അമിതമായി ആഹ്ലാദിക്കുന്നില്ല. കാരണം സിനിമയല്ല അഞ്ജലിക്ക് എല്ലാം. 

സിനിമയെക്കാൾ വലുതാണ് തനിക്ക് തന്റെ കുടുംബമെന്ന് അവർ പറയുന്നു. സിനിമയാണ് ജീവാത്മാവും പരമാത്മാവുമെന്ന് ഉൗറ്റം കൊള്ളുന്നവർക്കിടയിൽ സിനിമ എന്നത് തന്റെ ജോലിയാണെന്ന നിലപാട് അഞ്ജലി ആവർത്തിക്കുന്നു. ഇൗ വ്യക്തമായ നിലപാടുകൾ തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നതും. 

ഭൂരിപക്ഷ പുരുഷസമൂഹത്തോടൊപ്പം ജോലി ചെയ്യുന്ന സംവിധായികയുടെ അനുഭവം ?

ഇതൊരു ജോലിയാണ്. അത് സ്ത്രീ–പുരുഷ ഭേദമില്ലാതെ ചെയ്യാൻ സാധിക്കണം. നിർമാതാവും സംവിധായകനും, എഴുത്തുകാരനും ചേർന്നാണ് ഒരു സിനിമയ്ക്ക് രൂപം കൊടുക്കുന്നത്. ആ ഉത്തരവാദിത്തം എപ്പോഴും ഇൗ മൂന്നു പേർക്കുമുണ്ടാവും. സ്ത്രീയും പുരുഷനും തമ്മിൽ ഒരു കൾച്ചറൽ ഗ്യാപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. നമുക്ക് ചുറ്റും ജോലി ചെയ്യുന്ന ആളുകൾക്ക് സ്ത്രീകളുടെ ഒപ്പം ജോലി ചെയ്ത് പരിചയമില്ലെങ്കിൽ ചില പ്രശ്നങ്ങളുണ്ടാകും. അത് പരിഹരിച്ച് മുന്നോട്ടു പോണം. 

സംവിധായിക എന്ന നിലയിൽ നേരിടുന്ന വെല്ലുവിളികൾ ?

ഒരു കുടുംബം നടത്തിക്കൊണ്ടു പോകാൻ ഒരുപാട് ക്ഷമ വേണം. അതു പോലെ തന്നെയാണ് സിനിമയും. എല്ലാവർക്കും ഇത് അവനവന്റെ സിനിമയാണെന്ന് തോന്നണം. എന്റെ സിനിമ എല്ലാവരും കൂടി ചെയ്യുന്നു എന്നല്ല, മറിച്ച് എല്ലാവരും കൂടി ഒരു സിനിമ ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാവണം. അത് എന്നെ സംബന്ധിച്ച് പ്രധാനമാണ്. അങ്ങനെയെങ്കിൽ മാത്രമെ ഒരു നല്ല സിനിമ പുറത്തിറക്കാൻ സാധിക്കൂ. 

anjali-nazriya

പ്രശ്നങ്ങളുണ്ടെങ്കിലും അതിനെ ആ രീതിയിൽ സമീപിച്ചാൽ പരിഹാരവുമുണ്ടാകും. ഒരു സെറ്റിൽ പല സ്വഭാവക്കാരായ ആളുകൾ കാണും. അവരെയൊക്കെ മനസ്സിലാക്കി ഒരുമിപ്പിച്ച് കൊണ്ടു പോകണം. ഒരു കമാൻഡർ ഇൻ ചീഫായല്ല സംവിധായിക പെരുമാറേണ്ടത്, മറിച്ച് എല്ലാവരെയും പിന്നിൽ നിന്ന് നയിക്കുന്ന ഒരു ആട്ടിടയനാവണം.

സൈബർ ആക്രമണത്തെക്കുറിച്ച് പേടിയുണ്ടോ ?

ഒരു സിനിമയുടെ വിധി തിലകൻ ചേട്ടൻ ഉസ്താദ് ഹോട്ടലിൽ പറയുന്നതു പോലെ ‘കിസ്മത്താണ് മോനെ’. സിനിമ നല്ലതാണോ മോശമാണോ എന്നു തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവർ എന്തു തീരുമാനിക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല. പുറമെ എന്തു നടന്നാലും അത് ആ സിനിമയുടെ യോഗത്തെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. 

anjali-nazriya-parvathy-1

പ്രതീക്ഷയോടെ പുറത്തിറക്കിയ പല ചിത്രങ്ങളും മോശമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷയില്ലാതെയിറക്കിയ പല ചിത്രങ്ങളും ബോക്സ് ഒാഫിസിൽ വിജയിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെയാണ് സിനിമയുടെ വിധി നിർണയിക്കുക. പുറത്തുള്ള മറ്റൊന്നിനും ആ സിനിമയുടെ വിജയത്തെയോ പരാജയത്തെയോ നിർണയിക്കാനാവില്ല. 

വനിതാ സംഘടനയായ ഡബ്ല്യുസിസി തുടങ്ങാനുള്ള സാഹചര്യം ?

കുറച്ചു വർഷങ്ങൾക്കു മുമ്പ് തന്നെ ഇങ്ങനെ ഒരാശയം ഞങ്ങളുടെയൊക്കെ ഉള്ളിലുണ്ടായിരുന്നു. സ്ത്രീകൾക്കായി മറ്റു പല ഭാഷകളിലും സംഘടനകളുണ്ട്. അത്തരം ചില സംഘടനകളുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാനിടയായിട്ടുണ്ട്. നിർഭാഗ്യവശാൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായപ്പോൾ പെട്ടെന്നു തന്നെ അത്തരത്തിലൊരു സംഘടന രൂപീകരിച്ചു. 

anjali-nazriya-parvathy-5

സ്ത്രീകൾക്ക് പുറത്തു പറയാൻ പറ്റാത്ത പല കാര്യങ്ങളുണ്ട്. സിനിമയിലും പുറത്തും അവർ നേരിടുന്ന പല വെല്ലുവിളികളുമുണ്ട്. ഡബ്ല്യുസിസി മറ്റൊരു സംഘടനയ്ക്കും ബദലായി ഉണ്ടാക്കിയതല്ല. അത് സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള ഒന്നാണ്. 

നിലപാടുകൾ തുറന്നു പറയുന്നത് തെറ്റാണെന്ന് തോന്നിയിട്ടുണ്ടോ ?

അവനവന്റെ നിലപാടുകൾ തുറന്നു പറയുന്നത് ഒരിക്കലും തെറ്റല്ല. പക്ഷെ അഭിപ്രായം പറയുന്ന രീതി എങ്ങനെ വേണമെന്ന് നാം ആലോചിക്കണം. നമുക്കുള്ള സ്വാതന്ത്ര്യം മറ്റൊരാളെ വേദനിപ്പിക്കാത്ത രീതിയിൽ വേണം നാം ഉപയോഗിക്കാൻ. എന്നാൽ അഭിപ്രായങ്ങൾ അടിച്ചമർത്തപ്പെടേണ്ടതുമല്ല. ഒരു ബഹുമാനം എല്ലാവർക്കും കൊടുക്കേണ്ടതുണ്ട്. 

anjali-nazriya-parvathy

എന്തു കൊണ്ടാണ് ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്യാതിരുന്നത് ?

ആ കഥ അൻവർ റഷീദിനോട് പറയുമ്പോൾ ഞാൻ മൂന്നു മാസം ഗർഭിണിയായിരുന്നു. ആ കഥ കേൾക്കാൻ നേരിട്ടു വരുമ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് അൻവർ അറിയുന്നത്. ആ സമയത്ത് ഏതായാലും എനിക്ക് സംവിധാനം ചെയ്യാൻ സാധിക്കില്ല. അപ്പോൾ പിന്നെ എഴുതാമെന്നു വച്ചു. അൻവറിന്റെ ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രം എനിക്ക് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് അൻവറിനായി ആ കഥ എഴുതുന്നത്. 

anjali-nazriya-parvathy-3

ദുൽ‌ക്കർ, നിവിൻ, ഫഹദ്: മൂവരെക്കുറിച്ചും പറയാനുള്ളത് ? 

എനിക്ക് അവരെയൊക്കെ വളരെ ഇഷ്ടമാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണ് അവർ. അവരുടെ എല്ലാ സിനിമകളും വളരെ എക്സൈറ്റ്മെന്റോടെയാണ് ഞാൻ കാണുന്നത്. അവരുടെ വളർച്ച വളരെയധികം സന്തോഷം തരുന്നതാണ്. 

സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ ?

എനിക്ക് എന്റെ കുടുംബമാണ് വലുത്. വളർന്നു വരുന്ന ഒരു മകനുണ്ട്. അവന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ അവനോടൊപ്പം ഉണ്ടാവണമെന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഇൗ ഇടവേളകൾ എടുക്കുന്നത്. അല്ലാതെ വെറുതെ സമയം കളയുന്നതല്ല. ഏതൊരു അമ്മയോടു ചോദിച്ചാലും അറിയാം. ഒരു കുഞ്ഞിന്റെ അഞ്ചു വയസ്സു വരെയുള്ള ആ നിമിഷങ്ങളൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ല. അതു കൊണ്ടാണ് ‌സിനിമകൾക്കിടയിൽ അവധി എടുക്കുന്നത്.

ബന്ധങ്ങളാണോ അഞ്ജലിയുടെ ഇഷ്ട വിഷയം ?

ഒാരോ എഴുത്തുകാരനും ഇഷ്ടപ്പെട്ട മേഖലകൾ കാണുമല്ലോ. മറ്റുള്ളവർ പറയുമ്പോഴാണ് എന്റെ സിനിമകൾ കൂടുതലും കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് മനസ്സിലാക്കുന്നത്. 

കൂടെ എന്ന സിനിമയിലും അങ്ങനെ തന്നെയാണ്. സിനിമകളിൽ നാം അധികം ഒരു സഹോദരൻ–സഹോദരി ബന്ധം കണ്ടിട്ടുണ്ടാവില്ല. ‘കൂടെ’ എന്ന ചിത്രത്തിന്റെ ഹൃദയം അത്തരമൊരു ബന്ധമാണ്. എനിക്ക് രണ്ടു ചേട്ടന്മാരാണ്. അവരുമായുള്ള ബന്ധം, അതിന്റെ രീതിയൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഒന്നാണ്. 

വിവാഹശേഷം നടിമാർക്ക് അവസരങ്ങൾ ലഭിക്കുക അപൂർവമാണ്. നസ്രിയയിലേക്ക് എത്തുന്നത് ? 

ഒരു നടിയെ സംബന്ധിച്ചിടത്തോളം അവരുടെ കഴിവാണ് പ്രധാനം. അല്ലാതെ അവർ വിവാഹിതയാണോ അല്ലയോ എന്നുള്ളതല്ല. ഇങ്ങനെയൊരു കഥാപാത്രം വന്നപ്പോൾ അത് നസ്രിയയ്ക്കാവും കൂടുതൽ യോജിക്കുക എന്നു തോന്നി. അതു കൊണ്ട് നസ്രിയയെ തന്നെ തിരഞ്ഞെടുത്തു.