Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സംഘടനയും രൂപീകരിക്കുന്നത് കുഴപ്പമുണ്ടാക്കാനല്ല: മിയ

I ME MYSELF ft. Miya

പാലായിലാണ് മിയ പഠിച്ചതും വളർന്നതും. പിന്നീടു സിനിമയിൽ വളർന്നപ്പോഴും പാലാ വിട്ടൊരു പരിപാടിക്ക് മിയ പോയിട്ടില്ല. സീരിയലിൽ തുടങ്ങി സിനിമയിലെ സഹനടിയായി വളർന്ന് ഒടുവിൽ തമിഴിലും തെലുങ്കിലും വരെ നായികയായ മിയ ഇന്നും താനൊരു പാലാക്കാരി അച്ചായത്തി തന്നെയാണെന്നു പറയുന്നു. തന്റെ പുതിയ ചിത്രമായ ‘എന്റെ മെഴുതിരി അത്താഴങ്ങളെ’ക്കുറിച്ചും സിനിമാ മേഖലയിലെ മറ്റു സംഭവങ്ങളെക്കുറിച്ചും മിയ മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു. 

എന്താണ് എന്റെ മെഴുതിരി അത്താഴങ്ങൾ ?

ഒരു പോയറ്റിക് ലവ് സ്റ്റോറിയാണ് ഇൗ ചിത്രം. സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര് അഞ്ജലി എന്നാണ്. അഞ്ജലി ഒരു കാൻഡിൽ ഡിസൈനറാണ്. ഇൗ സിനിമയുടെ കഥ കേൾക്കുമ്പോൾ മാത്രമാണ് ഇങ്ങനെ ഒരു പ്രഫഷനുണ്ട് എന്നു ഞാൻ അറിയുന്നത്. 

എല്ലാ കാര്യങ്ങളിലും സ്വന്തം നിലപാടുള്ള ശക്തമായ കഥാപാത്രമാണ് അഞ്ജലി.‌ അനൂപേട്ടനാണ് ഇൗ കഥ പറഞ്ഞു തരുന്നത്. ഇത്ര മനോഹരമായി എനിക്ക് കഥ പറഞ്ഞു തന്ന മറ്റാരുമില്ല. കഥ കേട്ടപ്പോൾ തന്നെ ഞാൻ‌ സിനിമ കമ്മിറ്റ് ചെയ്തു. 

പാലായിലാണ് മിയ വളർന്നത്, സിനിമയിൽ സജീവമായിട്ടും കൊച്ചിയിലേക്കൊന്നും താമസം മാറാത്തത് എന്തു കൊണ്ടാണ് ?

ഞാനൊരു പക്കാ പാലാക്കാരിയാണ്. പാലാക്കാരി അച്ചായത്തിയാണ്. അതു വിട്ടു പോകുമെന്നു തോന്നുന്നില്ല. പാലായുമായി ബന്ധപ്പെട്ടിരിക്കാനാണ് ഇഷ്ടം. ആളുകൾ എപ്പോഴും ചോദിക്കും. കൊച്ചിയിൽ എപ്പോഴും വരേണ്ടതല്ലേ, ഇങ്ങോട്ടു മാറിക്കൂടേ, യാത്ര ഒഴിവാക്കാമല്ലോ എന്നൊക്കെ. എന്നാലും രണ്ടു മണിക്കൂറല്ലേ ഉള്ളൂ. എപ്പോഴും പോയി വരാം എന്നുള്ളതുകൊണ്ട് പാലായിൽത്തന്നെ താമസിക്കുന്നു.  

പാലായിൽ വളർന്ന പെൺകുട്ടി അഭിനയിക്കാൻ പോയപ്പോൾ പോയപ്പോൾ വീട്ടുകാരും ബന്ധുക്കളും എതിർത്തില്ലേ ?

അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവായി അഭിനയിച്ചു കൊണ്ടാണ് ഞാൻ അഭിനയരംഗത്തേക്ക് കടന്നു വന്നത്. പത്താം ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു അത്. അതൊരു ഭക്തിസീരിയലായിരുന്നു. അതും മാതാവിന്റെ കഥാപാത്രവും. അതു കൊണ്ടാവാം ആരും വേണ്ട എന്നു പറഞ്ഞില്ല. പോണോ വേണോ സുരക്ഷിതമാണോ എന്നൊന്നും ആരും ചോദിച്ചില്ല. 

miya-2

അൽഫോൻസാമ്മയോടുള്ള ഭക്തി ഉള്ളതു കൊണ്ടാവാം ആരും എതിർക്കാഞ്ഞത്. മറ്റൊരു കഥാപാത്രമോ മറ്റോ ആയിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയാവില്ലായിരുന്നു. ഒരുപാടു പേർ പറയുന്നതു കേട്ടിട്ടുണ്ട്, ആദ്യം സിനിമയിൽ വന്നപ്പോൾ എല്ലാവരും എതിർത്തു എന്നൊക്കെ. എനിക്കേതായാലും അങ്ങനെയൊരു വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. 

സീരിയലിൽ തുടങ്ങി, സിനിമയിൽ സഹനടിയായി പിന്നീട് നായികയായ ആളാണ് മിയ. പടിപടിയായുള്ള ഉയർച്ച ഗുണകരമായോ ?

സീരിയലിലാണ് തുടങ്ങിയത്. പിന്നീട് ആദ്യ സിനിമയിൽ നായകന്റെ പെങ്ങളായാണ് അഭിനയിച്ചത്. അതു കഴിഞ്ഞും മറ്റു ചില കഥാപാത്രങ്ങളൊക്കെ ചെയ്തതിനു ശേഷമാണ് നായികയാകുന്നത്. ഇപ്പോഴും ക്യാരക്ടർ റോളുകൾ ചെയ്യുന്നുണ്ട്. പെട്ടെന്ന് ഒരു സിനിമയിൽ നായികയായി വരാഞ്ഞത് ഗുണമായെന്നാണ് എനിക്ക് തോന്നുന്നത്. 

എല്ലാം പഠിക്കാൻ എനിക്കു സമയം കിട്ടി. ഞാൻ‌ ചെയ്ത സീരിയലുകൾ, സിനിമയിലെ ചെറിയ വേഷങ്ങൾ ഇതിൽ നിന്നെല്ലാം ഞാൻ ഒരുപാടു പഠിച്ചു. ഇൗ കഥാപാത്രങ്ങളൊക്കെ ചെയ്തപ്പോൾ ലഭിച്ച ആത്മവിശ്വാസം എന്നെ ഒരുപാടു സഹായിച്ചു. ആദ്യം തന്നെ നായികയായിരുന്നെങ്കിൽ ക്യാമറയൊക്കെ കണ്ട് പേടിച്ച് വല്ല പൊട്ടത്തരമൊക്കെ കാണിച്ചേനെ. നന്നായി അഭിനയിക്കാൻ കഴിഞ്ഞില്ലാന്നു വരാം. ഇൗ വളർച്ചയെ അതുകൊണ്ട് പോസിറ്റീവായാണ് കാണുന്നത്. 

സിനിമയിൽ‌ ഗ്ലാമറസാകുന്നതിനോട് യോജിക്കുന്നുണ്ടോ ?

അതോരോരുത്തരുടെയും കംഫർട്ട് അനുസരിച്ചാണ്. നോർത്തിന്ത്യൻസിന്റെയൊക്കെ ഡ്രെസ്സിങ് സ്റ്റൈൽ കേരളത്തിലേതു പോലെ അല്ല. അവർക്ക് കംഫർട്ടിബിളായ രീതി നമുക്ക് പറ്റില്ലായിരിക്കും. ഒാവർ ഗ്ലാമറാകുന്നതും ചെറിയ വസ്ത്രങ്ങളിടുന്നതും എനിക്ക് പൊതുവെ കംഫർട്ടബിളല്ല. നമുക്ക് കംഫർട്ടിബിളായ കാര്യങ്ങൾ ചെയ്യുന്നതായിരിക്കും മനസ്സിനു സന്തോഷവും സമാധാനവും. അല്ലാത്ത കാര്യങ്ങൾ ചെയ്യാൻ താൽപര്യപ്പെടുന്നില്ല. 

സിനിമയിൽ സ്ത്രീകൾ സുരക്ഷിതരാണോ ?

സ്ത്രീസുരക്ഷ എന്നത് ഒരു പ്രഫഷനെ മാത്രം എടുത്തു നോക്കേണ്ട കാര്യമല്ലല്ലോ. കുറെ പ്രശ്നങ്ങൾ പല ഭാഗങ്ങളിൽ നിന്നായി കേൾക്കുന്നുണ്ട്. വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും സ്ത്രീ സുരക്ഷിതയല്ല. മലയാള സിനിമയിലെ സ്ത്രീകളുടെ കാര്യമെന്നല്ലാതെ സ്ത്രീകൾക്ക് പൊതുവെയുണ്ടാകുന്ന പ്രശ്നം എന്ന രീതിയിൽ ഇതിനെ നോക്കിക്കാണാനാണ് താൽപര്യപ്പെടുന്നത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആരായാലും. 

മലയാള സിനിമയിലെ പുതിയ വനിതാസംഘടനയെക്കുറിച്ച്  ?

എനിക്കതിനെക്കുറിച്ച് പറയാനറിയില്ല. നാലു വർഷമായി ഞാൻ അമ്മ സംഘടനയിലെ അംഗമാണ്. വിശുദ്ധൻ ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അംഗത്വമെടുക്കുന്നത്. സംഘടനയിലെ നിയമങ്ങൾക്കനുസരിച്ചു തന്നെയാണ് അതിൽ അംഗമായത്. 

മറ്റുള്ള സംഘടനകളുടെ ഫോർമാറ്റ് എനിക്ക് അറിയില്ല. മോശം കാര്യത്തിനായോ കുഴപ്പമുണ്ടാക്കാനോ അല്ലല്ലോ ആരും എന്തെങ്കിലും തുടങ്ങുന്നത്. എന്തെങ്കിലും നന്മ ഉണ്ടാകാൻ തന്നെയാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യമാണെങ്കിൽ അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.

സിനിമ മോശം മേഖലയാണെന്നു കരുതി പെൺകുട്ടികളെ വിലക്കുന്നവരോടു പറയാനുള്ളത് ?

സിനിമ മോശം മേഖലയാണെന്നു വിചാരിച്ച് മക്കളെ അഭിനയിക്കാൻ വിടാത്തവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ- നിങ്ങൾക്ക് അത്ര പേടിയുണ്ടെങ്കിൽ ഒന്ന് അവരുടെ കൂടെ പോയി നോക്കു. ഒരു പെൺകുട്ടിക്കു താൽപര്യമുണ്ടെങ്കിൽ ആ കുട്ടിയുടെ കൂടെ പോകൂ. പോയി മനസ്സിലാക്കിയിട്ടും ഇഷ്ടമല്ലെങ്കിൽ ശരി. നിങ്ങൾ വിടണ്ട. പക്ഷേ ആഗ്രഹിക്കുന്ന പെൺകുട്ടിയെ മുൻധാരണ വച്ച് വീട്ടിലിരുത്തരുത്. 

സിനിമയിൽ പുരുഷമേധാവിത്വമുണ്ടോ ?

സിനിമയിൽ ഏറ്റവും കൂടുതലുള്ളത് പുരുഷന്മാരാണ്. സിനിമയിലെ എല്ലാ മേഖലയിലും എണ്ണത്തിൽ പുരുഷന്മാർ തന്നെയാണ് മുന്നിൽ. അപ്പോൾ സ്വാഭാവികമായും ഒരു പുരുഷമേധാവിത്വമുണ്ടാകും. 

എന്നുവെച്ച് ഒരു സ്ത്രീ ആയതിനാൽ എന്നെയാരും ഇടിച്ചു താഴ്ത്തി വച്ചിരിക്കുന്നു എന്ന തോന്നൽ വ്യക്തിപരമായി എനിക്കുണ്ടായിട്ടില്ല. സിനിമ എന്ന കല മാർക്കറ്റ് ചെയ്യപ്പെടുന്നത് പുരുഷന്മാരുടെ പേരിലാണ്. ഹീറോയുടെ പേരിലാണ് പല സിനിമകളും ഇറങ്ങുന്നതു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.