എന്തും തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് അനാർക്കലി. വരുംവരായ്കകൾ ആലോചിക്കാതെ എല്ലാത്തിനെയും കുറിച്ച് തുറന്ന് സംസാരിക്കും. സിനിമ വന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല എന്ന് മലയാളത്തിലെ ഒരു യുവനായിക ക്യാമറയ്ക്ക് മുന്നിൽ പറയണമെങ്കിൽ അവരുടെ ധൈര്യം ഉൗഹിക്കാവുന്നതേയുള്ളൂ. പ്രായത്തിന്റെ പക്വതക്കുറവായിരിക്കാം ഇൗ ധൈര്യത്തിന് പിന്നിലെന്ന് അനാർക്കലി തന്നെ പറയുമ്പോഴും അവരുടെ നിലപാടുകൾ വ്യക്തമാണ്. മനോരമ ഒാൺലൈനിന്റെ ഐമീമൈസെൽഫിൽ അനാർക്കലി മനസ്സു തുറക്കുന്നു.
സിനിമകൾ തിരഞ്ഞെടുക്കുന്നത് കുറവാണോ ?
സിനിമകൾ കുറയ്ക്കുന്നത് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല. ആനന്ദത്തിന് ശേഷമാണ് വിമാനം ചെയ്യുന്നത്. ആ ചിത്രം കുറച്ചു താമസിച്ചു. ഇതിനിടയിൽ അമല എന്നൊരു ചിത്രവും ചെയ്തു. നിർഭാഗ്യവശാൽ അതും വൈകി. വളരെ കുറച്ച് സിനിമകളെ എന്നെ തേടി വന്നിട്ടുള്ളൂ. പക്ഷേ വന്നതൊക്കെ നല്ല ചിത്രങ്ങളായിരുന്നു. ഇപ്പോൾ റിലീസാവുന്ന മന്ദാരവും അത്തരത്തിൽ ഒന്നാണ്.
ആനന്ദത്തിലെ മിണ്ടാപ്പൂച്ചയായ കഥാപാത്രത്തെക്കുറിച്ച് ?
ആനന്ദത്തിലെ ബാക്കി ആറു പേർക്കും ട്രെയിനിങ് ഒക്കെയുണ്ടായിരുന്നു. പക്ഷെ എന്റെ കഥാപാത്രത്തിന് ഡയലോഗുകൾ ഇല്ലാത്തതിനാൽ അത്തരം പരിശീലനങ്ങളുടെ ആവശ്യമില്ലായിരുന്നു. ഞാൻ ഒരു ദിവസം അവിടെ ചെന്നപ്പോൾ ഇവരെല്ലാവരും കൂടി ഒച്ചയും ബഹളവും ഒക്കെയായിരുന്നു. ഞാൻ വ്യക്തിപരമായി അത്രയും ബഹളം വയ്ക്കുന്ന ആളൊന്നുമല്ല. പിന്നെ അവരുമായി പരിചയപ്പെട്ടപ്പോൾ അതൊക്കെ ശരിയായി. സീനിൽ എല്ലാവർക്കും ഡയലോഗ് ഉള്ളപ്പോൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ഒരു ടൂർ കഴിഞ്ഞ ഫീൽ മാത്രമെ ആനന്ദം കഴിഞ്ഞപ്പോൾ എനിക്കുണ്ടായുള്ളൂ.
പഠനമാണോ സിനിമയാണോ വലുത് ?
പഠനവും സിനിമയും ഒരുമിച്ചു കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ പഠനം അല്ലെങ്കിൽ സിനിമ. അങ്ങനെയെ എനിക്ക് പറ്റിയിട്ടുള്ളൂ. സിനിമയുള്ളപ്പോൾ പഠനം ഉഴപ്പിയിട്ടുണ്ട്. മാർക്കും കുറഞ്ഞിട്ടുണ്ട്. അക്കാദമിക് രംഗത്ത് വലിയ മികവുള്ള ആളല്ല ഞാൻ. പക്ഷേ കോളജുമായി അടുപ്പം പുലർത്തിയിരുന്നു. കൂട്ടുകാരുമായി അടുപ്പമുണ്ടായിരുന്നു. മൂന്നു വർഷം അടിച്ചു പൊളിച്ചു. ഇപ്പോൾ ഒരു വർഷം ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.
സിനിമയിലെ സ്ത്രീസുരക്ഷ ഇപ്പോൾ വലിയ ചർച്ചയാണ്. വ്യക്തിപരമായി മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടോ ?
സിനിമയിൽ സ്ത്രീകൾ കുറേ രീതിയിലൊക്കെ നോക്കിയാൽ സുരക്ഷിതരല്ല. പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് അത്രയും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്. നമുക്ക് ചുറ്റുമുള്ളവർക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിർത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. സിനിമയിൽ ചിലപ്പോൾ കുറച്ച് കൂടുതൽ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം.
സൗന്ദര്യ സങ്കൽപങ്ങൾ ?
മുടി വെട്ടിയിടുന്നതാണ് എനിക്ക് ഇഷ്ടം. കഥാപാത്രങ്ങൾ കുറയുമല്ലോ എന്നോർത്തിട്ടാണ് ഇത്രയെങ്കിലും വളർത്തിയിരിക്കുന്നത്. ബോയ്കട്ട് തന്നെയാണ് എനിക്കിഷ്ടം. ഷോർട്ട് സൈറ്റ് വന്നപ്പോഴാണ് കണ്ണാടി വച്ചത്. കണ്ണാടി വയ്ക്കുന്നതാണ് എന്റെ മുഖത്തിന് ചേരുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഗ്ലാമറസ് വേഷങ്ങൾ, ചുംബനരംഗങ്ങൾ ഒക്കെ ചെയ്യാൻ ധൈര്യമുണ്ടോ ?
ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്. ഗ്ലാമറസ് വേഷം വന്നാൽ ഞാൻ വണ്ണം കുറയ്ക്കാൻ നോക്കും. കാരണം എന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാൽ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിർപ്പൊന്നുമില്ല. ചുംബന രംഗങ്ങളോടും എനിക്ക് എതിർപ്പൊന്നുമില്ല. എന്റെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടോ എന്നറിയില്ല. പക്ഷേ എനിക്കൊരു പ്രശ്നമില്ല.
സിനിമ തന്നെയാണോ ജീവിതവും മോഹവും ?
അയ്യോ അങ്ങനെ ഒരിക്കലുമില്ല. എനിക്ക് അങ്ങനെ സിനിമയിൽ പിടിച്ചു നിൽക്കണമെന്നൊന്നുമില്ല. സിനിമ വന്നാൽ കൊള്ളാം നല്ല വേഷങ്ങൾ വന്നാൽ കൊള്ളാം എന്നേയുള്ളൂ. അല്ലാതെ സിനിമയെ മാത്രം ആശ്രയിച്ചല്ല ജീവിക്കുന്നത്. എന്നെ അതു ബാധിക്കുന്നില്ല. സിനിമ വന്നില്ലെങ്കിൽ എന്റെ ജീവിതം തീർന്നു ഇനി എനിക്ക് ജീവിതമില്ല എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. സിനിമകൾ വന്നാൽ ഞാൻ ചെയ്യും. എന്റെ കഴിവ് മുഴുവൻ എടുത്ത് നല്ലതു പോലെ ചെയ്യും. സിനിമ വന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല, അല്ലാതെ പിടിച്ചു നിൽക്കാനായി എന്തും ചെയ്യില്ല.
സംസാരത്തിൽ നിയന്ത്രണം വയ്ക്കാറില്ലേ ?
ഇഷ്ടമുള്ളതൊക്കെ തോന്നുന്നതു പോലെ പറയുന്നയാളാണ് ഞാൻ. പിന്നീട് ചിന്തിക്കും പറഞ്ഞത് കൂടിപ്പോയോ ? പണി കിട്ടുമോ എന്നൊക്കെ. നിയന്ത്രണമില്ലാതെ സംസാരിക്കും. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
സിനിമയിലെ സൗഹൃദങ്ങൾ ?
എനിക്ക് സിനിമയിൽ സൗഹൃദങ്ങൾ കുറവാണ്. അങ്ങനെയുള്ള സൗഹൃദങ്ങൾ ഉണ്ടാക്കാൻ എനിക്ക് മടിയാണ്. സിനിമക്കാരോട് സംസാരിക്കാൻ എനിക്ക് ചമ്മലാണ്. നമ്മൾ ചാൻസ് കിട്ടാനായി വന്ന് സംസാരിക്കുന്നതാണോ എന്നൊക്കെ അവർ ഒാർക്കുമല്ലോ എന്ന് വിചാരിച്ച് ആരോടും അധികം മിണ്ടാൻ പോകാറില്ല.
ആരോടെങ്കിലും പ്രണയം തോന്നിയാൽ ?
കുറച്ചു നാളൊക്കെ മനസ്സിൽ വയ്ക്കും. പിന്നെ ചെറുതായി ഒന്നു ട്യൂൺ ചെയ്തൊക്കെ നോക്കും. എന്നെയും ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കണമല്ലോ. എന്നിട്ടും ഒന്നും നടക്കുന്നില്ല എന്നാണെങ്കിൽ ഞാൻ പറയും. അങ്ങനെ ഞാൻ പറഞ്ഞിട്ടുമുണ്ട്. അതിന് മടിയൊന്നുമില്ല. ‘ഐ ഹാവ് ഫീലിങ്സ് ഫോർ യു’ എന്ന് പറയും. ഫോണല്ലേ ഉള്ളത്. ഞാന് മെസജ് അയയ്ക്കും.