Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ തേപ്പുകാരിയല്ല: 9 വർഷം പ്രണയിച്ച് വിവാഹിതയായ ശ്രുതി പറയുന്നു

I ME MYSELF ft. Shruthi Ramachandran

ശ്രുതി രാമചന്ദ്രൻ എന്ന പേരു കേട്ടാൽ ഒരു പക്ഷേ എല്ലാവർക്കും അതാരാണെന്ന് മനസ്സിലാകണമെന്നില്ല. എന്നാൽ സൺ‍ഡേ ഹോളിഡേയിലെ ‘തേപ്പുകാരി’ എന്നു പറഞ്ഞാൽ ആ അപരിചിതത്വം മാറിയേക്കാം. ആസിഫ് അലിയെ പ്രണയിച്ചു ‘തേച്ച’ ആ മുഖം സിനിമ കണ്ടവരാരും അത്ര പെട്ടെന്നു മറക്കില്ല. ചിത്രത്തിന്റെ ക്ലൈമാക്സിൽ അസൂയയോടും ദേഷ്യത്തോടും ആസിഫിനെ നോക്കിയ ആ ‘തേപ്പുകാരി’ ഇന്ന് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയിൽ അദ്ദേഹത്തെ പ്രണയിക്കുകയാണ്. 

തേപ്പുകാരി ആകുന്നത് എങ്ങനെയാണ് ?

എന്റെ ഒരു വിഡിയോ കണ്ടിട്ടാണ് സംവിധായകൻ ജിസ് ജോയ് എന്നെ സൺഡേ ഹോളിഡേ ചെയ്യാൻ വിളിക്കുന്നത്. തേപ്പിന്റെ എല്ലാ ലക്ഷണങ്ങളും ഉള്ളതു കൊണ്ടാവണം എന്നെ വിളിച്ചത്. സിനിമ ക്ലിക്കായാൽ തേപ്പുകാരി എന്ന ലേബൽ എനിക്ക് ലഭിച്ചേക്കാം എന്ന് അദ്ദേഹം അന്നേ പറഞ്ഞിരുന്നു. അഭിനേതാവ് എന്ന നിലയിൽ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ചിത്രത്തിന്റെ ക്ലൈമാക്സ് സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. കഥാസാഹചര്യം സംവിധായകൻ എനിക്ക് വ്യക്തമായി പറഞ്ഞു തന്നിരുന്നു. ആസിഫിനെ നോക്കി ദേഷ്യത്തോടെ ഇറങ്ങിപ്പോകണം എന്നു പറഞ്ഞു. ആ രംഗത്തിന്റെ ഫീൽ അങ്ങനെയായിരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് സിനിമ കണ്ടപ്പോഴാണ് ആ സീൻ യഥാർഥത്തിൽ ആസ്വദിച്ചത്. 

shruthi-ramachandran-1

സിനിമയിലെ അരങ്ങേറ്റം ?

എന്റെ ആദ്യ ചിത്രം രഞ്ജിത് സാർ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനായ ‘ഞാൻ’ ആണ്. എന്റെ നൃത്താധ്യാപിക നാരായണി അനൂപിന്റെ കുടുംബസുഹൃത്താണ് രഞ്ജിത് സാർ. അദ്ദേഹം ഡാൻസ് ക്ലാസ്സിൽ വച്ച് എന്നെ കാണുകയും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെയാണ് ‘ഞാൻ’ ചെയ്യുന്നത്. അതു കഴിഞ്ഞ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രേതം ചെയ്യുന്നത്. അതിനു ശേഷമാണ് സിനിമ എനിക്ക് ഇഷ്ടമായി തുടങ്ങുന്നത്. 

തെലുങ്കിൽ വിജയ് ജേവരകൊണ്ടയുടെ നായികയാകുന്നുവെന്ന് കേട്ടു ?

ആ ചിത്രത്തിന്റെ പേര് ഡിയർ കോമ്രേഡ് എന്നാണ്. ഭരത് എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ജയ എന്ന ക്ലാസിക്കൽ ഡാൻസറുടെ വേഷാണ് എന്റേത്. വിജയ്‌യുടെ കഥാപാത്രത്തിന്റെ ആദ്യ കാല പ്രണയിനിയാണ്. ഇതിൽ തേപ്പുകാരിയല്ല. രെഷ്മിക മന്ദാനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shruthi-ramachandran-4

മലയാളം തമിഴ് തെലുങ്ക് സിനിമകൾ തമ്മിലുള്ള വ്യത്യാസം ?

തെലുങ്കും തമിഴും മലയാളവും ചില കാര്യങ്ങളിൽ‌ തീർത്തും വ്യത്യസ്തമാണ്. തെലുങ്ക് കുറച്ചു കൂടി വലിയ ഇൻഡസ്ട്രിയാണ്. തമിഴിൽ ഭാഷ എനിക്ക് പ്രശ്നമല്ല, പക്ഷെ തെലുങ്കിൽ ഭാഷ വലിയ വെല്ലുവിളിയായിരുന്നു. ഹാസ്യരംഗങ്ങളൊക്കെ അഭിനയിക്കുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. കുറച്ചെങ്കിലും ഭാഷ പഠിച്ചില്ലെങ്കിൽ ശരിയാവില്ല. എന്തൊക്കെയാണെങ്കിലും മലയാള സിനിമയിൽ അഭിനയിക്കാനാണ് ഏറെ ഇഷ്ടം.

ശ്രുതിയുടെ കുടുംബം ?

ഞാൻ ഒരു ആർക്കിടെക്റ്റാണ്. നൃത്തമാണ് ആദ്യം ജീവിതത്തിൽ വന്നത്. പിന്നീട് ആർക്കിടെക്ചറും പിന്നാലെ സിനിമയുമെത്തി. എന്റെ കുടുംബത്തിൽ അച്ഛൻ, അമ്മ, അനിയത്തി കാവ്യ, ഭർത്താവ് ഫ്രാൻസിസ് എന്നിവരാണുള്ളത്. അച്ഛന് ബിസിനസ്സാണ്. അമ്മ അധ്യാപികയും അനിയത്തി തീയറ്റർ ആർട്ടിസ്റ്റുമാണ്. ഭർത്താവ് എഴുത്തുകാരനാണ്, പരസ്യമേഖലയിൽ ജോലി ചെയ്യുന്നു.

ജീവിതത്തിൽ തേപ്പുകാരിയാണോ ?

അയ്യോ ഒരിക്കലുമല്ല. 9 കൊല്ലം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ഫ്രാൻസിസിന്റെ വീട് ചെന്നൈയിലാണ്. അവിടെ വച്ചാണ് ഞങ്ങൾ കണ്ടു മുട്ടിയതും. 

shruthi-ramachandran-2

തേപ്പു കണ്ട ഭർത്താവ് പറഞ്ഞത് ?

അദ്ദേഹത്തിന് മലയാളം ശരിയായി അറിയില്ല. പക്ഷേ സൺഡേ ഹോളിഡേയുടെ ക്ലൈമാക്സ് മനസ്സിലാക്കാൻ ഭാഷ അറിയണമെന്നില്ലല്ലോ. ഫ്രാൻസിസ് അതു കണ്ടിട്ട് ‘എങ്ങനെ ഇത്ര ദേഷ്യത്തോടെ ആസിഫിനെ നോക്കാൻ പറ്റി’ എന്നാണ് ചോദിച്ചത്.

Sunday holiay | Thepp Scene | Asif Ali | Dialouge |

വിവാഹശേഷമാണല്ലോ ശ്രുതി അഭിനയത്തിൽ സജീവമായത്, സാധാരണ നേരെ തിരിച്ചാണ് കണ്ടു വരുന്നത് ?

അത് ഒാരോ ആളുകളുടെ തീരുമാനമല്ലേ. ‘പ്രേതം’ കഴിഞ്ഞായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ ശേഷം ബോംബെയിലേക്ക് മാറാം എന്നതായിരുന്നു പ്ലാൻ. പക്ഷേ പിന്നീട് ഫ്രാൻസിസ് തന്നെ എന്നോട് ‍സിനിമ കുറച്ചു കൂടി ഗൗരവത്തോടെ കണ്ടു കൂടെ എന‌‌‌‌‌‌‌‌‌‌ന്നു ചോദിച്ചു. ആ ഒരു ചിന്ത എന്റെ മനസ്സിൽ ഇട്ടത് അദ്ദേഹമാണ്. ഞാൻ കൊച്ചിയിലേക്ക് മാറാം. എങ്ങനെ പോകുന്നു എന്നു നമുക്ക് നോക്കാം എന്ന് അദ്ദേഹം ഇങ്ങോട്ട് പറയുകയായിരുന്നു. അദ്ദേഹമാണ് ഏറ്റവുമധികം പിന്തുണ നൽകുന്നത്. വിവാഹം കഴിഞ്ഞത് കരിയറിനെ ബാധിച്ചിട്ടില്ല. 

 പുതിയ ചിത്രങ്ങൾ ?

നോൺസെൻസാണ് പുതിയ ചിത്രം. മികച്ച കഥയുള്ള ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ്. തെലുങ്ക് സിനിമയും തമിഴ് വെബ് സീരീസുമൊക്കെ പിന്നാലെ വരുന്നു.