Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ പിടിവാശികളാണ് എന്റെ സിനിമ

sanal സനൽ കുമാർ ശശിധരൻ

തുടര്‍ച്ചയായി രണ്ടുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. സിനിമാ വിശേഷങ്ങളും സ്വപ്നങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ മനോരമ ഓൺലൈൻ ഐ മി മൈസെൽഫിൽ

കഥ സിനിമയാക്കിയപ്പോൾ സ്വീകരിച്ച മുൻകരുതലുകൾ ?

‘ഒരാൾ പൊക്കം’ എന്ന സിനിമ കഴിഞ്ഞപ്പോൾ ആ പാറ്റേണിലുള്ള സിനിമ ഒരിക്കലും ചെയ്യരുത് എന്നൊരു തോന്നൽ നേരത്തേ ഉണ്ടായിരുന്നു. പുതിയൊരു കഥ മുന്നോട്ടുവയ്ക്കുക എന്നതിലും ഉപരി സിനിമയുടെ ഭാഷയിലും ആവിഷ്കാരശൈലിയിലും ഒരു മാറ്റം കൊണ്ടുവരാൻ പറ്റുമോ എന്നൊരു ശ്രമമായിരുന്നു അടുത്ത സിനിമ ആലോചിക്കുമ്പോൾ മനസിൽ ഉണ്ടായിരുന്നത്. ‘ ഒഴിവു ദിവസത്തെ കളി’ എന്ന കഥ സിനിമയാക്കണമെന്ന ആഗ്രഹം ഒരാൾ പൊക്കത്തിന് മുമ്പായിരുന്നു. ഉണ്ണി ആറിനെ കാണുകയും കഥയുടെ റൈറ്റ് ചോദിച്ചപ്പോൾ തരാം എന്നു പറഞ്ഞു. അതിനുശേഷമാണ് ഒരാൾപൊക്കം വരുന്നത്. ആ സിനിമയ്ക്ക് അവാർഡ് കിട്ടി. ആ സിനിമയും സിനിമയുടെ പാറ്റേണിലും കുടുങ്ങിപ്പോകരുതെന്നൊരു തോന്നലുണ്ടായി.

അടുത്ത സിനിമയായ ഒഴിവുദിവസത്തെ കളി എന്ന കഥയെടുത്ത് സിനിമയാക്കാമെന്ന ആലോചന വന്നപ്പോൾ അതിൽ എന്ത് പുതുമ കൊണ്ടുവരാൻ പറ്റും എന്നതായിരുന്നു. അങ്ങനെയാണ് വളരെ നീളമുള്ള ഷോട്ടുകൾ, ക്ലോസുകൾ ഒഴിവാക്കുക. വളരെ റിയലിസ്റ്റ് എന്നു തോന്നുന്നതരത്തിലുള്ള ചിത്രീകരണം അതേസമയം സിനിമ 100% റിയലിസ്റ്റിക്കായിട്ടുള്ള കലാരൂപമല്ല. സിനിമയെപ്പറ്റി പറയുന്നത് ഫിക്ഷൻ എന്നാണ്. ഫിക്ഷന്റെ എലിമെന്റ് അവിടവിടെയായിട്ടുണ്ട്. നോൺ ഫിക്ഷൻ ആണെങ്കിൽ ഡോക്യുമെന്ററി ആയി തള്ളിക്കളയും. ഈ സിനിമ കാണുമ്പോൾ അറിയാൻ പറ്റും ഫിക്ഷൻ ആയിരിക്കുമ്പോൾ പോലും വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ഫീൽ ഉണ്ട്. സിനിമയുടെ അവസാനത്തിലേക്ക് പോകുംതോറും ഇത് റിയലാണോ ഇത് ഇങ്ങനെ സംഭവിക്കാമോ എന്ന് ചോദിച്ചു. സിനിമ കണ്ടതിനുശേഷം പലരും പറയുന്നത് ഷോക്കിങ്ങായി എന്നാണ്. ഈ മേക്കിങ്ങിൽ റിയാലിറ്റിയേയും ഫാന്റസിയേയും കൂട്ടിച്ചേർത്തുകൊണ്ടുള്ള മേക്കിങ്ങായിരുന്നു ഒരാൾപൊക്കത്തിൽ.

Sanal Kumar Sasidharan | Exclusive Interview | I Me Myself | Manorama Online

അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഒഴിവുദിവസത്തെ കളി . അതിന്റെ അവസാനം വരെ റിയാലിറ്റിയെ കൊണ്ടുപോകുകയും ഒരു പോയ‌ിന്റിൽ ബ്രേക്ക് ചെയ്തിട്ട് അൺറിയൽ ആയിട്ടുള്ള എലിമെന്റിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നൊരു ട്രീറ്റ്മെന്റാണ് ശരിക്കും ഒഴിവുദിവസത്തെ കളിയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിന് തിരക്കഥ പാടില്ല എന്നുണ്ടായിരുന്നു. എഴുതി തയാറാക്കിയ തിരക്കഥ ആർട്ടിസ്റ്റിന്റെ വായിൽ തിരുകിക്കയറ്റി പറയിക്കുന്നത് വേണ്ട എന്നു വച്ചു. അഭിനയ പരിചയമുള്ള ആളുകൾ ക്യാമറയ്ക്കു മുന്നിൽ വന്ന് മേക്കപ്പിട്ട് അഭിനയിക്കുന്ന ഒരു പ്രോഗ്രാം വേണ്ട എന്നും തീരുമാനിച്ചു. നമ്മുടെ ചുറ്റുപാടും കണ്ടിട്ടുള്ള ആളുകളെ പങ്കെടുപ്പിച്ച് അഭിനയിപ്പിക്കുക എന്ന് തീരുമാനിച്ചതിന്റെ അതിന്റെ ആകെത്തുകയാണ് ഒഴിവുദിവസത്തെ കളി എന്ന സിനിമ.

ഇതൊരു അവാർഡ് ചിത്രമാണോ ?

ഒഴിവുദിവസത്തെ കളിക്ക് അവാർഡ് കിട്ടി എന്നേയുള്ളൂ. ഇത് ഒരു എന്റർടെയ്നിങ്ങായിട്ടുള്ള സിനിമയാണ്. ഇതിനൊപ്പമാണ് ചാർലിക്കും അവാർഡ് കിട്ടിയത്. ചാർലി മികച്ച സംവിധായകനുള്ള അവാർഡും ഒഴിവുദിവസത്തെ കളി മികച്ച സിനിമയ്ക്കുള്ള അവാർഡും. അവാർഡെന്നുള്ള ടാഗ് വച്ചിട്ട് ഈ സിനിമയെ വിലയിരുത്തരുത്.

ചിത്രത്തിന്റെ പേരും പ്രമേയവും തമ്മിൽ ?

കഥയുടെ പേര് അങ്ങനെതന്നെ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒഴിവുദിവസം സാധാരണ പുരുഷന്മാർക്കുള്ള സംഭവമാണ്, സ്ത്രീകൾക്ക് ഒഴിവുദിവസമില്ല. നമ്മുടെ സമൂഹത്തിൽ ഒഴിവുദിവസം ഇല്ലാത്ത ജനതയാണ് സ്ത്രീകൾ. പുരുഷന്മാർ ഒഴിവുദിവസം ആഘോഷിക്കുന്നതെങ്ങനെ, അവരുടെ രാഷ്ട്രീയബോധം എങ്ങനെയാണ്, നമ്മൾ പറയപ്പെടുന്ന വലിയ പുരോഗമനമൊക്കെ നമ്മുടെ ഒഴിവുദിവസങ്ങളിൽ എങ്ങനെയാണ് വെളിപ്പെടുന്നത് ഇങ്ങനെയുള്ള കുറേകാര്യങ്ങൾ ഈ കഥയിലുണ്ട്. അതാണ് ഒഴിവുദിവസത്തെ കളിയെന്നുള്ള പേരും സൂചിപ്പിക്കുന്നു.

ആ കഥയിൽ വായിച്ച വേറൊരു കാര്യം ഇലക്ഷനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഇലക്ഷൻ ദിവസം പബ്ലിക് ഹോളീഡേ ആണല്ലോ. ആ പബ്ലിക് ഹോളിഡേയിൽ നമ്മൾ നടത്തുന്ന ഒരു കളിയാണ് നമ്മുടെ ജനാധിപത്യം. ആ തിരഞ്ഞെടുപ്പ് എത്രമാത്രം ഗൗരവത്തോടെയാണ് ഈ ഇലക്ഷനിൽ പങ്കെടുക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. കാരണം വെറുതെ ഒരു സംഗതിയല്ല. നമ്മൾ തിരഞ്ഞെടുക്കുന്ന ആളാണ് ഭരിക്കാൻ പോകുന്നത്. എത്രമാത്രം സൂക്ഷ്മതയോടെയാണ് ആ തിരഞ്ഞെടുപ്പ് നടത്തുന്നത്, ചിന്തിച്ച് ആലോചിച്ച് ഉറപ്പിച്ചിട്ടാണോ, അതോ വെറുതേ പോയിട്ട് ഇലക്ഷൻ കഴിയുമ്പോൾ ചൂണ്ടുവിരലിന്റെ ഫോട്ടോ എടുത്ത് ഫെയ്സ് ബുക്കിലിടും ഞാനും ചെയ്യുന്നതാണ്. അത്രയും ഗൗരവം മാത്രമാണ് ഇത്രയും സീരിയസായിട്ടുള്ള തിരഞ്ഞെടുപ്പിന് നൽകുന്നത്. അതാണ് പേരിന്റെ ഒരു പ്രസക്തി.

നേരമ്പോക്ക് മാത്രമാണോ സിനിമ ?

നേരമ്പോക്കിന് മാത്രമാണ് സിനിമ എന്നൊരു ചിന്ത വന്നിട്ടുണ്ട് പൊതുവെ പ്രേക്ഷകരുടെ ഇടയിൽ. നേരമ്പോക്ക് എന്ന് പറയുമ്പോൾ ‘വളിപ്പ്’ തമാശകൾ കേൾക്കുക, എന്തെങ്കിലും പറയുക, കോക്രികാണിക്കുക എന്നുള്ളത് മാത്രമാണ് സിനിമയ്ക്ക് വേണ്ടത് എന്നൊരു ചിന്ത പൊതുവിൽ വന്നിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നല്ല. ജനങ്ങൾ തള്ളിക്കയറുന്ന സിനിമ കണ്ട് ഇറങ്ങിക്കഴിയുമ്പോൾ ചോദിച്ചാൽ ‘ഓ വളിപ്പാണ് എന്നാലും കുഴപ്പമില്ല കണ്ടോണ്ടിരിക്കാം’ എന്നാണ് പലരുടേയും അഭിപ്രായം. അവർക്ക് മുന്നിൽ ഇത്തരം സിനിമകൾ കൊടുക്കാനുള്ളൊരു സാഹചര്യമില്ലാത്തതുകൊണ്ടാണ്.

ഒഴിവുദിവസത്തെ കളി എന്ന സിനിമ കണ്ട 99% ആളുകളുടേയും പ്രതികരണം ഇതൊരു ഗംഭീരസിനിമയാണ്. ഞാൻ മറ്റുള്ളവരെകാണിക്കും എന്നു പറഞ്ഞിട്ടാണ് തിയറ്ററിൽ നിന്നിറങ്ങുമ്പോൾ പറയുന്നത്. സിനിമയ്ക്ക് പിന്നിൽ നിൽക്കുന്ന സിനിമ പ്രദർശിപ്പിക്കാൻ കഴിവുള്ള ആളുകളുടെ മനസിൽ ഇത് മാറിയിട്ടില്ല. അവർ ഇപ്പോഴും വിചാരിക്കുന്നത് ആളുകൾക്ക് വേണ്ടത് മിമിക്രിയോ നേരമ്പോക്ക് സിനിമയോ മതിയെന്നാണ് അവരുടെ ഒരു നിലപാട്. അതുകൊണ്ട് ഈ സിനിമയ്ക്ക് അവാർഡ് കിട്ടിപ്പോയി എന്ന ടാഗ് ഉള്ളതുകൊണ്ടും, ഇതിൽ പറയപ്പെടുന്ന താരങ്ങളൊന്നും ഇല്ല എന്നുള്ള കാരണം കൊണ്ടും ഈ സിനിമയെ ഒഴിച്ചു നിർത്തുന്നത് ശരിക്കും തെറ്റിദ്ധാരണയുടെ ഭാഗമായിട്ടാണ്. പക്ഷേ ഇപ്പോൾ മാറുന്നുണ്ട്. ഒ

ഴിവുദിവസത്തെ കളി ആഷിഖ് അബുവിനെ കാണിച്ചപ്പോൾ തുറന്ന മനസോടെ ഏറ്റെടുക്കാമെന്നും, ജനങ്ങളുടെ മുന്നിൽ എത്തിക്കാമെന്നും പറഞ്ഞ് മുന്നോട്ടു വന്നു. സിനിമയുടെ ഭാഗമായി നിൽക്കുന്ന ആളുകളുടെ പ്രതികരണം ഉദാഹരണത്തിന് മമ്മൂട്ടി, നിവിൻപോളി, ഫഹദ് ഫാസിൽ അങ്ങനെ ഒരുപാട് ആളുകൾ ഇൻഡസ്ട്രിയിലെ വിനോദ സിനിമയുടെ ഭാഗമായിട്ട് നിൽക്കുന്ന ആളുകൾ തന്നെ ഇതിനെ സപ്പോർട്ട് ചെയ്ത് മുന്നോട്ടു വന്നിട്ടുണ്ട്. ഇത് വലിയൊരു മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.

പ്രേക്ഷകർ സത്യത്തിൽ വളിപ്പിന്റെ ആരാധകരാണോ ?

പ്രേക്ഷകരൊന്നും വളിപ്പിന്റെ ആരാധകരല്ല. ഭൂരിപക്ഷം പ്രേക്ഷകരും നല്ല സിനിമയ്ക്കും കാര്യവിവരമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയ്ക്കുമൊക്കെ കയറുന്ന ആളുകളാണ്. അവരുടെ മുന്നിൽ സിനിമ എത്തിക്കാനുള്ള സംവിധാനം ഇല്ല എന്നുമാത്രമേ ഉള്ളൂ. സിനിമയുടെ പിന്നണി പ്രവർത്തകർക്ക് തെറ്റായ ധാരണയുണ്ട്. പ്രേക്ഷകർ മുഴുവനും വളിപ്പിന്റെ ആരാധകരാണ്. വളിപ്പ് കാണിച്ച് മാത്രമേ സിനിമ ഓടുകയുള്ളൂ എന്നൊരു ധാരണയുള്ളതുകൊണ്ട് അത്തരം സിനിമ നിരന്തരം പ്രൊഡ്യൂസ് ചെയ്യുന്നതുകൊണ്ട് അത് റിലീസ് ചെയ്യാനുള്ള തിയറ്ററുകൾ അത്തരം സിനിമകൾക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. പ്രേക്ഷകന് വേറൊരു ചോയ്സ് ഇല്ല. വേറൊരു സിനിമ കാണാനുള്ള അവസരം ഇല്ല. അവസരങ്ങൾ ഉണ്ടായാൽ മാത്രമേ പ്രേക്ഷകർ പ്രതികരിക്കുകയുള്ളൂ.

ഒരാൾപൊക്കം 13 തിയറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യത്തെ ഒരാഴ്ച കുഴപ്പമില്ലാതെ പോയി. ആളുകൾ അറിഞ്ഞ് തിയറ്ററിലേക്ക് വന്നു തുടങ്ങിയപ്പോഴേക്കും സിനിമ മാറ്റി. അത്തരമൊരു അവസ്ഥയാണ് ഏറ്റവും പ്രയാസമുണ്ടാക്കുന്നത്. ഒഴിവുദിവസത്തെ കളി 25–ഓളം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നുണ്ട്. പ്രേക്ഷകരോട് പറയാനുള്ളത് ആദ്യത്തെ ഒരാഴ്ച അറിഞ്ഞു വരാനുള്ള സമയം കൊടുക്കരുത്. അതിനു മുൻപുതന്നെ തിയറ്ററിൽ എത്തുക. അടുത്ത ആഴ്ചത്തേക്കു കാത്തിരിക്കുവാനുള്ള മാനസികാവസ്ഥ തിയറ്ററിന്റെ ഓണേഴ്സിനോ ഡിസ്ട്രിബ്യൂഷൻസ് സെറ്റപ്പുകൾക്കോ ഒന്നുമില്ല. പ്രേക്ഷകർ വളരെ മുൻകൈയെടുത്ത് മുന്നോട്ട് വരിക എങ്കിൽ മാത്രമേ സ്ട്രീം നിലനിൽക്കുകയുള്ളൂ. അല്ലെങ്കിൽ സിനിമ ഉണ്ടാക്കുന്ന ആളുകളുടെ തെറ്റിദ്ധാരണയുടെ പുറത്തുണ്ടാകുന്ന സിനിമകൾ ഉണ്ടാകുകയും സിനിമയ്ക്കോ പ്രേക്ഷകനോ നാടിനോ ഗുണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്നു.

മിനിറ്റുകൾ നീളുന്ന ഒറ്റ ഷോട്ടിന് പിന്നിൽ ?

ലെങ്തി ഷോട്ട്സ് എന്നു കേൾക്കുമ്പോൾ ആളുകളുടെ മനസിൽ വരുന്ന ഏറ്റവും വലിയൊരു സംശയം എത്രമാത്രം പ്രിപ്പറേഷൻ വേണ്ടിവന്നു എത്ര റിഹേഴ്സൽ വേണ്ടി വന്നു ആർട്ടിസ്റ്റുകളൊന്നും പരിചയമില്ലാത്തതുകൊണ്ട് എത്രമാത്രം അവർ പ്രിപ്പെയർ ചെയ്യേണ്ടി വന്നു എന്നീ പ്രസക്തമായ ചോദ്യമാണ്. ഇതിൽ സ്വീകരിച്ച മേക്കിങ് പാറ്റേൺ വളരെ ഈസിയായിരുന്നു. കാരണം സ്ക്രിപ്റ്റ് ഇല്ല എന്നുള്ളതാണ് ഇത്രയും നീളമുള്ള ഷോട്ട് വളരെ പെട്ടെന്ന് എടുക്കാനും എഫക്ടീവായി കമ്യൂണിക്കേറ്റ് ചെയ്യാനും പറ്റിയത്.

ആർട്ടിസ്റ്റിനോട് പറഞ്ഞത് അഭിനയവുമല്ല, പോളീഷ്ഡ് ആയിട്ടുള്ള ഡയലോഗുമല്ല വേണ്ടത്. പെരുമാറ്റരീതി ആണ് വേണ്ടത്. ഈ ഒരു അവസ്ഥയിൽ നിങ്ങൾ ചെന്നുപെട്ടുകഴിഞ്ഞാൽ നിങ്ങൾ എങ്ങനെ പെരുമാറും, നിങ്ങളെന്തു പറയും നിങ്ങളുടേതായ ഭാഷയിൽ പറഞ്ഞാൽ മതി. ഈ ഒരു സ്വാതന്ത്ര്യം കൊടുത്തതോടെ മനസിലായ കാര്യം ഇവരുടെയൊക്കെ ഉള്ളിലുള്ള ഭയം മുക്കാൽ മണിക്കൂർ എങ്ങനെ സഹിക്കും എന്ന ഭയമൊക്കെ മാറി. അതോടെ വളരെ എളുപ്പമായി. കൂളായിട്ട് അഭിനയിക്കാൻ തുടങ്ങി. ക്യാമറയുടെ ഫ്ലോ ആണെങ്കിലും, അത്രയും സമയത്തെ ടെംപോ പിടിച്ചുനിർത്തുന്നതിനും വളരെ എഫക്ടീവായിട്ട് ചെയ്യാൻ പറ്റി. പ്രധാന കാരണം സ്ക്രിപ്റ്റ് ഇല്ലാത്തതും, ആർട്ടിസ്റ്റിന് വേണ്ട സ്വാതന്ത്ര്യം കൊടുത്തു എന്നുള്ളതുമാണ്.

സിനിമയിലെത്തുന്നത് എങ്ങനെ ?

സിനിമയിലേക്ക് വരാൻവേണ്ടി ഞാൻ വക്കീലായി. എന്തെങ്കിലും ബാക്ക്ഗ്രൗണ്ട് സപ്പോർട്ടോ, പേരിന്റെ കൂടെ എന്തെങ്കിലും ഉണ്ടെങ്കിലേ ഒരു ബലമുണ്ടാകുകയുള്ളൂ എന്നൊരു തെറ്റിദ്ധാരണയായിരുന്നു. അഡ്വ. സനൽകുമാർ എന്നു കേൾക്കുമ്പോൾ സംവിധായകരുടെ അസിസ്റ്റന്റായിട്ട് പോയാൽ അവര് പിടിച്ചുനിർത്തുമെന്നൊക്കെ വിചാരിച്ചു. അതായിരുന്നു വക്കീലാകാനുള്ള പ്രചോദനം. രണ്ടാമത്തെ കാര്യം മമ്മൂട്ടിയാണ്. മമ്മൂട്ടി അഡ‍്വക്കേറ്റാണല്ലോ. അദ്ദേഹം കോട്ട് ഊരിവച്ചിട്ടാണ് സിനിമയിൽ പോയത് അങ്ങനെയുള്ള ഒരുപാട് മോഹങ്ങളും, തെറ്റിദ്ധാരണകളുമാണ് ശരിക്കും വക്കീൽകോട്ട് ഊരിവച്ചിട്ട് സിനിമയിലേക്ക് ഇറങ്ങാൻ കാരണം. അതിനുമുമ്പ് സിനിമയായിരുന്നു പാഷൻ. ഡിഗ്രികഴിഞ്ഞപ്പോൾ സിനിമ പഠിക്കാൻ പൂണെയിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞു. വഴക്കൊക്കെ ഉണ്ടായി. അതൊന്നും നടക്കാത്ത അവസ്ഥയുണ്ടായിരുന്നു. അങ്ങനെയാണ് വക്കീലാകാൻ പോയതും. അതുകഴിഞ്ഞ് കോട്ടൂരിവച്ചിട്ട് സിനിമയിൽ പോകാൻ തീരുമാനിച്ചത്. അതൊന്നും നടന്നില്ല.

വക്കീലായി 5-6 വർഷം പ്രാക്ടീസ് ചെയ്തു. കുറേയേറെ ആളുകളുടെ അടുത്ത് കഥയൊക്കെ പറഞ്ഞു നടന്നു. അതൊന്നും സഫലമായില്ല. പിന്നെ എന്റേതായിട്ടുള്ള രീതിയിൽ സിനിമാ പ്രവർത്തനം നടത്തുകയായിരുന്നു. കാഴ്ച ചലച്ചിത്രവേദി 2001ൽ രൂപീകരിക്കുന്നു. ആദ്യത്തെ ഷോർട്ട് ഫിലിം അതിശയലോകം നിർമ്മിച്ചു. സണ്ണിജോസഫും, ബീനാപോളും ഇതിൽ സഹകരിച്ചിരുന്നു. ഒരു പാരലൽ സ്ട്രീം ഞാനറിയാതെ തന്നെ ഉരുത്തിരിഞ്ഞു വരുന്നതും കാണാമായിരുന്നു. അതേ മോഡലിലാണ് സിനിമകൾ എല്ലാം ഉണ്ടായത് 2008ൽ പരോൾ(ഷോർട്ട് ഫിലിം) ബ്ലോഗിലെ സുഹൃത്തുക്കൾ ചേർന്ന് നിർമ്മിച്ചത്. 2012ൽ ഫ്രോഗ് കാഴ്ച ചലച്ചിത്രവേദി നിർമ്മിച്ചു. 2013ൽ ഒരാൾപൊക്കം ഓൺലൈൻ സൗഹൃദത്തിലൂടെ ഉണ്ടായതാണ് . പിന്നീട് സിനിമാവണ്ടി എന്നൊരു ആശയം ഉണ്ടാക്കി സിനിമ കാണിക്കാൻവേണ്ടി മുൻകൈയെടുക്കുകയും ച‌െയ്തു. ഇതൊക്കെ ഞാനറിയാതെ തന്നെ എന്റെ ഉള്ളിലുള്ള ചില ചോദനകൾകൊണ്ട് ഉണ്ടായിവന്ന സംഗതികളാണ്. ഒരു പ്രൊഫഷൻ കരുതിക്കൂട്ടി തിരഞ്ഞെടുത്തതാണെന്നുള്ള വിശ്വാസം ഇല്ല. സിനിമ പാഷൻമാത്രമല്ല, പ്രൊഫഷനും കൂടിയാണ്. സിനിമയാണ് എല്ലാം. വേറെ ജോലി ഒന്നും ചെയ്യുന്നില്ല.

ഓരോ സിനിമയും പഠിപ്പിക്കുന്നതെന്ത് ?

ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. എന്തുചെയ്തുകൂടാ എന്തുചെയ്യുമ്പോൾ എങ്ങനെചെയ്യണം അങ്ങനെയുള്ള ഓരോ ചോദ്യങ്ങൾ നമ്മൾതന്നെ ചോദിച്ചുകൊണ്ടിരിക്കും. ഒരാൾപൊക്കം എന്ന സിനിമ വളരെ വ്യത്യസ്തമായ സിനിമയാണ്. അതിന്റേതായ ഓഡിയൻസും, രീതിയിലും പ്രവർത്തിക്കും അതൊക്കെ മാറ്റിവച്ചുകഴിഞ്ഞാൽ അടുത്ത സിനിമയിലേക്ക് പോകുമ്പോൾ എന്ത് നമ്മൾ ചെയ്താലാണ് എവിടെ എത്തുക എന്നൊരു ചിന്ത ഉറപ്പായിട്ടും മനസിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഒഴിവു ദിവസത്തെ കളിയുടെ ലോഞ്ചിങ് എങ്ങനെ ചെയ്യണം, ആരെ സമീപിക്കണം, എവിടെ എത്തിക്കണം എന്നുള്ള കാര്യങ്ങളുടെ പ്ലാനിങ് നടക്കുന്നു. പ്ലാനിങ്ങെന്നുപറയുമ്പോൾ അതിനകത്ത് ഒരു ട്രൂത്ത്ഫുൾനസ് ആത്മാവുണ്ട്. അത് ജനങ്ങൾ എങ്ങനെ സ്വീകരിക്കും, ആരൊക്കെ എങ്ങനെ ഏറ്റെടുക്കും അതിനെ ആശ്രയിച്ചാണ് ഓരോരോ കാര്യത്തിന്റെയും വിജയം ഇരിക്കുന്നത്.

ഒഴിവുദിവസത്തെ കളി സാധാരണ സിനിമയല്ല. താരങ്ങളൊന്നും ഇല്ലാതെ ഉണ്ടായ സ്വതന്ത്ര സിനിമയാണ്. വലിയ സിനിമകളോട് മത്സരിച്ചിട്ടാണ് കേരള സർക്കാരിന്റെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള അവാർഡ് കിട്ടുന്നത്. കേരള സർക്കാരിന്റെ അവാർഡ് ശിൽപം വാങ്ങി വീട്ടിൽകൊണ്ട് വച്ചതുകൊണ്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ആളുകളെങ്കിലും കണ്ടിരിക്കണം. എങ്കിലേ അത് വിജയിക്കൂ.

സിനിമയിലെ ഗുരുക്കന്മാർ ആരൊക്കെ ?

ഒരുപാട് ആളുകളുടെ കൂടെ ജോലി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യമായിട്ട് ക്യാമറയുടെ കാര്യങ്ങൾ പറഞ്ഞു തന്നത് സണ്ണി ജോസഫ് ആണ്. സണ്ണിസാർ ആയിരുന്നു ആദ്യത്തെ ഷോട്ട് ഫിലിമിന്റെ ക്യാമറ ചെയ്തിരുന്നത്. പിന്നീട് വിജയകൃഷ്ണൻ സാറിന്റെ 1-2 ടെലിഫിലിമുകളിലേ ജോലി ചെയ്തു. നമ്മുടെ ഉള്ളിലുള്ള കാര്യങ്ങൾ മനസിലാക്കുകയും അതനുസരിച്ച് നമ്മളെ ചേർത്തുനിർത്തുകയും ചെയ്യുന്ന മനസുണ്ട് അദ്ദേഹത്തിന്. ഒരു പടത്തിൽ പൂർണമായും വർക്ക് ചെയ്തത് വിജി തമ്പി സാറിന്റെ കൂടെയായിരുന്നു. സാറിന്റെ സിനിമ എന്റെ സിനിമയിൽ നിന്നും വ്യത്യസ്തമാണെങ്കിൽ പോലും എന്റെ ഉള്ളിൽ എന്തോ ഉണ്ട് എന്ന് മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ആളാണ്. അടൂർ സാർ, ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അരവിന്ദൻ സാർ, ജോൺ ഏബ്രഹാം ഇവരെല്ലാം എന്തെങ്കിലും ഒക്കെ ചെയ്യുമ്പോൾ പ്രചോദനം തരുന്ന എല്ലാമനുഷ്യരും എനിക്ക് ഗുരുക്കന്മാർ തന്നെയാണ്.

കൊമേഴ്സ്യൽ സിനിമകൾ ചെയ്യണമെന്ന് തോന്നിയിട്ടില്ലേ ?

സ്ക്രിപ്റ്റുകൾ കുറേ എഴുതിയിട്ടുണ്ട്. ഇപ്പോൾ ആ സ്ക്രിപ്റ്റുകൾ വായിച്ചുനോക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പറ്റാത്ത സ്ക്രിപ്റ്റുകളാണ് നേരത്തേ എഴുതിയിട്ടുള്ളത് എന്നു തോന്നും. ഒരാൾപൊക്കം ചെയ്യുന്നതിന് മുമ്പ് വേറെന്തെങ്കിലും സിനിമ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ ഈ ഒരു സിനിമ ആയിരിക്കില്ല എന്റെ പാറ്റേൺ എന്ന് തോന്നിയിട്ടുണ്ട്. 2001 ചെയ്ത ആദ്യ ഷോർട്ട് ഫിലിമായ ‘അതിശയലോകം’ പക്കാ ആർട്ട് സിനിമയാണ്. ഉള്ളിലുള്ളത് ഈ സിനിമ തന്നെയാണ്. എന്റേതായിട്ടുള്ള രീതിയിൽ ഒരു സിനിമ ഉണ്ടാക്കിയെടുക്കാൻ പറ്റിയെന്നതിൽ സന്തോഷമേ ഉള്ളൂ.

ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആളുകളുടെ മുന്നിൽ പോയി നിന്നു ആരും അംഗീകരിക്കാത്ത അവസ്ഥ വന്നു. സിനിമ എന്നത് ഒരു വ്യാമോഹമായിട്ട്മാത്രം നിൽക്കുമോ എന്നൊരു പേടിയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ വളരെ സന്തോഷമാണ് കാരണം എന്താണോ ആഗ്രഹിച്ച സംഗതി അതേ രീതിയിൽ ചെയ്യാൻ പറ്റുന്നു എന്നുള്ള സന്തോഷമാണ്. ഒരിക്കലും ഒരിടത്തും വ്യതിചലിച്ചുപോകുമായിരുന്നില്ല എന്ന് തോന്നുന്നത്. സ്ക്രിപ്റ്റുകളൊക്കെ നടക്കാതെ പോയതിന് പിന്നിലും പല പിടിവാശികളും ഉണ്ട്. എഴുതിയ ചില സംഗതികൾ അങ്ങനെ മാറ്റൂ ഇങ്ങനെ മാറ്റൂ എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ഒരുപാട് വന്നിട്ടുണ്ടായിരുന്നു.


ശ്രീനിസാർ, കലാഭവൻമണി, സിദ്ദിഖ് ലാലിലെ ലാൽ എന്നിവരെ പോയി കണ്ടിട്ടുണ്ട്. അങ്ങനെയൊരു വിട്ടുവീഴ്ച ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സനൽകുമാർ ശശിധരൻ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ ഈ പറയുന്ന നടക്കാതെ പോകലുകളാണ് ശരിക്കും സിനിമയിലേക്ക് കൊണ്ടെത്തിച്ചതെന്ന് വിശ്വാസം. ഒരു ത‌രത്തിലും പശ്ചാത്താപമോ, തിരിഞ്ഞുനോക്കുമ്പോൾ കുറച്ച് മുമ്പേ ഒരു സിനിമ ചെയ്യാമായിരുന്നെന്നോ, ഒരു സൂപ്പർഹിറ്റ് ഉണ്ടാക്കാമായിരുന്നെന്നോ തോന്നുന്നില്ല. വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ തന്നെ അഞ്ചോ പത്തോ വർഷങ്ങൾ കഴിയുമ്പോൾ സൂപ്പർഹിറ്റ് രീതിയിലേക്ക് പോകാൻ പറ്റുന്ന ഒരു സിനിമയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നൊരു വിശ്വാസം ഉണ്ട്. അത് ഒരു അഹങ്കാരമായിട്ടാണ് ആളുകൾക്ക് തോന്നുന്നത്. അതാണ് ഞാൻ വിശ്വസിക്കുന്നത്.

ആളുകൾ തിരിച്ചറിയാതിരിക്കുന്നതിൽ വിഷമമില്ലേ ?

പേര് അറിയുന്നത് നമ്മൾ ചെയ്യുന്നത് അംഗീകരിക്കപ്പെടുമ്പോഴാണ്. സനൽകുമാർ ശശിധരൻ എന്നു പറയുന്ന ആള് ആരോ ആയിക്കോട്ടെ. പക്ഷേ ചെയ്യുന്ന സിനിമ ആളുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമുണ്ട്. അയാളെ കാണുമ്പോൾ മുണ്ട് താഴ്ത്തിയിടുക എന്നതിൽ കാര്യമൊന്നും തോന്നുന്നില്ല. ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്. മുടി എന്തിനു നീട്ടിവളർത്തുന്നു,പെട്ടെന്നു വെട്ടിക്കളയുന്നു, ഒരു തരത്തിലും ഉള്ള ലുക്ക് കീപ്പ് ചെയ്യാതിരിക്കുന്നു എന്നൊക്കെ. എന്നെ കണ്ടാൽ ആളുകൾ തിരിച്ചറിയണ്ട എന്നാണ്. എന്റെ സ്വകാര്യതകളുണ്ട്, തിരിച്ചറിയാതിരിക്കുന്നതിൽ ഒരു സുഖമുണ്ട് അതിൽ ഒരു സങ്കടമോ പരിഭവമോ ഒന്നുമില്ല. സന്തോഷമേ ഉള്ളൂ.

സിനിമയ്ക്ക് ചട്ടക്കൂട് ആവശ്യമാണോ ?

സിനിമ നിയതമായ ചട്ടക്കൂടിൽ ചെയ്യണമെന്ന് ആഗ്രഹമുള്ള ആളല്ല. മാറിക്കൊണ്ടിരിക്കണം. പുതിയ പുതിയ രീതികൾ വരണം. പുതിയഭാഷയിൽ സിനിമ വരണം പുതിയ ഭാഷയെന്നുദ്ദേശിക്കുന്നത് സംസാരഭാഷയല്ല. സിനിമയുടെ ഭാഷയുണ്ട്. അത് ഒരു വിഷ്വൽ ലാംഗ്വേജ് ആണ് യൂണിവേഴ്സൽ ആയിട്ടുള്ള ലാംഗ്വേജ് ആണ്. അങ്ങനെയൊരു തീരുമാനമാനവും ആഗ്രഹവുമാണ് ഉള്ളത്. അതിൽ ഏത് ആർട്ടിസ്റ്റ് വരണം, ഏതുതരത്തിലുള്ള സിനിമ ചെയ്യണം എന്നൊക്കെ. മുഴുവൻ മ്യൂസിക് മാത്രമായുള്ള സിനിമ ആലോചിക്കാറുണ്ട്. അതുകൊണ്ട് എന്നിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത് എന്നാണ് പറയാനുള്ളത്.പ്രതീക്ഷിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്.

തിരക്കഥ ഇല്ലാതെയാണോ സിനിമ ചെയ്യുന്നത് ?

എഴുതി തയാറാക്കിയ തിരക്കഥ സിനിമയായാൽ ചിലപ്പോൾ വഴിതെറ്റിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഒഴിവുദിവസത്തെ കളി സിനിമയാക്കിയതിനു ശേഷമുള്ളൊരു തോന്നൽ. എഴുതി തയാറാക്കിയ തിരക്കഥ എന്നു പറഞ്ഞാൽ കൃത്യമായിട്ട് ആണി അടിച്ച് ഉറപ്പിച്ച തരത്തിൽ എഴുതി തയാറാക്കിയ തിരക്കഥകൾ ശരിക്കും സിനിമയെ അനാവശ്യമായ ചട്ടക്കൂടിനുള്ളിൽ തളച്ചിടും. തിരക്കഥയുടെ പേപ്പർ കത്തിച്ചുകളഞ്ഞാലും തിരക്കഥ മനസിൽ തന്നെയുണ്ട്. സ്വതന്ത്രമായിട്ട് വിടാവുന്ന എങ്ങനെയും മനസ് തുറന്ന് ആശ്ലേഷിക്കാവുന്ന തരത്തിലുള്ള തിരക്കഥകൾ ഉണ്ടാവണം.

തിരക്കഥ സിനിമയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. അത് എങ്ങനെ എടുക്കുന്നു തിരക്കഥയാണോ സിനിമയുടെ അടിസ്ഥാനം എന്നു ചോദിച്ചുകഴിഞ്ഞാൽ തിരക്കഥയല്ല സിനിമയുടെ അടിസ്ഥാനം. സിനിമയെന്നു പറയുന്നത് അതിനൊക്കെ അപ്പുറമുള്ള സംഭവമാണ്. ഒരുകാലത്ത് വിചാരിച്ചിരുന്നു തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനം, എഡിറ്റിങ്ങാണ് സിനിമയുടെ അടിസ്ഥാനം. സിനിമ എന്നു പറയുന്നത് വേറൊരു തലമാണ്. തിരക്കഥയോ എഡിറ്റിങ്ങോ, അഭിനയമോ ഒന്നുമല്ല സിനിമയുടെ അടിസ്ഥാനം. അത് മറ്റെന്തോ ആണ്. ഒരു ലൈഫ് ആണ് സിനിമ.

വിമർശകരോട് പറയാനുള്ളത് ?

സിനിമ എടുക്കുന്നതിന് മുമ്പുവരെയും അതിനുശേഷവും കൃത്യമായി അഭിപ്രായങ്ങൾ എഴുതുകയും പറയുകയും ചെയ്യുമായിരുന്നു.ഇപ്പോൾ സത്യസന്ധമായിട്ട് അഭിപ്രായം പറയാൻ പറ്റില്ല എന്നുള്ളതാണ്. അതുകൊണ്ട് ഒന്നും പറയാറില്ല. കാണും മിണ്ടാതിരിക്കും. കാരണം വലിയ ശത്രുതകളുണ്ടാക്കും. എന്റെ സിനിമകളെപറ്റി വിമർശനം പറയുന്നവരെ കുറച്ചുകൂടി സിനിമ കാണിക്കും. എടുക്കുന്ന സിനിമ ആദ്യം കാണിക്കുന്നത് വിമർശകരെയാണ്.അവരാണ് സഹായിക്കുന്നത്. ചിലപ്പോൾ അവര് പറയുന്നത് പൊട്ടത്തെറ്റായിരിക്കും, അല്ലെങ്കിൽ അസൂയകൊണ്ട് പറയുന്നതായിരിക്കും എന്നാൽപോലും പറയുന്നതിൽ എന്തെങ്കിലും അതിൽ നിന്ന് എടുക്കാൻ കാണും.

വിമർശകനാണ് ഏതെങ്കിലും തരത്തിൽ നമ്മളെ സഹായിക്കുന്നത്. അല്ലെങ്കിൽ ഒരാൾ വന്ന് ഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചാൽ വിശ്വസിക്കരുത്. അയാൾ പറഞ്ഞിട്ട് പോകും. നമ്മൾ വീണ്ടും അതേ തരത്തിലുള്ള സിനിമ എടുക്കും പൊട്ടസിനിമയായിരിക്കും. വിമർശകനെ കൂടുതൽ അടുത്തു നിർത്തുക. സിനിമ നന്നാകും. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വിമർശകനെ കണ്ടാൽ വെടിവച്ചുകൊല്ലും അതുകൊണ്ട് നമ്മളാരും സിനിമയെപ്പറ്റി അഭിപ്രായം പറയില്ല.

Your Rating: