Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ കല്ലെറിഞ്ഞു മതിയായില്ലേ ?

dileep-interview-imemyself

എന്നെ കല്ലെറിഞ്ഞു മതിയായില്ലേ ?

ദിലീപ് മലയാളികളെ ചിരിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും മറക്കാത്ത സിനിമകളും നർമമുഹൂർത്തങ്ങളുമൊക്കെ മലയാളിക്ക് സമ്മാനിച്ചിട്ടും നാം അദ്ദേഹത്തെ പല തരത്തിൽ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ തകർച്ചകളെയും പാളിച്ചകളെയും പലരും ആഘോഷമാക്കി. വാർത്തയാക്കി. പക്ഷേ ദിലീപിന് ആരോടും പരാതിയില്ല. പരിഭവമില്ല. ആളുകളെ ചിരിപ്പിച്ചു തന്നെ മുന്നോട്ട് നീങ്ങാനാണ് ഉദ്ദേശവും.

ദിലീപ് സെലക്്റ്റീവാകാൻ തുടങ്ങിയോ ?

ഒരിക്കലുമില്ല. ചന്ദ്രേട്ടൻ എവിടെയാ വളരെ സരസനായ ഒരു ഭർത്താവിന്റെ കഥയാണ്. ജീവിതവുമായി അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളാണ് അതിലേത്. ആ സിനിമയുടെ മേക്കിങ് അങ്ങനെയാണ്. അതുപോലെ ‘ലൈഫ് ഒാഫ് ജോസൂട്ടി’ യിൽ ഒ‌രുപാട് തമാശകളുണ്ട്. ചില മുഹൂർത്തങ്ങ‌ളില്‍ എത്തുമ്പോള്‍ അത് ഏതൊരു മനുഷ്യനും ഉണ്ടാകാവുന്ന വേദന ആ സിനിമയിലും കാണിക്കുന്നുണ്ട്. ജോസൂട്ടിയുടെ വേദന ജനങ്ങൾക്ക് ഭയങ്കരായിട്ട് ഫീല്‍ ചെയ്തു.

അല്ലാതെ ഇനി സീരിയസ് സിനിമകളെ ചെയ്യൂ, ഭയങ്കര ജെനുവിനായ സിനിമകളെ ചെയ്യൂ എന്നുള്ള വാശിയൊന്നുമില്ല. ഞാന്‍ അഭിനയിക്കുന്ന സിനിമകൾ എന്ന് പറയുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്റർറ്റെയ്ൻമെന്റ് സിനിമകളാണ്. അതാണ് ഞാൻ പ്രേക്ഷകരുമായിട്ട് ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും അവരെല്ലാം പറയുന്നത്. ‘‘നിങ്ങളുടെ തമാശയും ചിരിയും കളിയും കൊച്ചു കൊച്ചു ബുദ്ധിയും ഒക്കെതന്നെയാണ് ഇഷ്ടം ’’എന്ന്. അപ്പോൾ അതു തന്നെയാണ് തുടരാൻ തീരുമാനിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയ വല്ലാതെ ആക്രമിച്ചില്ലേ ?

എന്നോട് ഒരുപാട് പേർ ചോദിച്ചു. ‘‘ എങ്ങനെ ഇങ്ങനെ നോർമലായി ഇരിക്കാൻ‌ കഴിയുന്നു? ശരിക്കും നിങ്ങള്‍ ഭ്രാന്തനാവേണ്ട സമയം കഴിഞ്ഞു’’. അവരോട് ഞാൻ ചോദിച്ചു, ‘‘എന്താ അങ്ങനെ പറ‍ഞ്ഞത്?’’. ‘‘ സോഷ്യൽ മീഡിയയിൽ നിങ്ങളെ അറ്റായ്ക്ക് ചെയ്യുന്ന കാര്യങ്ങൾ കണ്ടപ്പോൾ ഞങ്ങൾ ഒാർത്തത് നിങ്ങൾ ഒരു ഭ്രാന്തന്റെ അവസ്ഥയിൽ എത്തിക്കാണുമെന്നാണ്. അവർ മറുപടി പറഞ്ഞു.

മനുഷ്യന്റെ ജീവിതത്തില്‍ പല ട്രാജഡികൾ ഉണ്ടാകും. ഇൗ ലോക‌ത്ത് എല്ലാം തികഞ്ഞവരായി ആരുമില്ല. എല്ലാവരുടെ ലൈഫിലും പല തരത്തിലുള്ള തോൽവികൾ സംഭവിച്ചിട്ടുണ്ടാകാം. എന്റെ പേഴ്സണൽ ലൈഫിൽ ഞാന്‍ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു തോൽവി സംഭവിച്ച സമയത്ത് സോഷ്യൽ മീഡിയയിൽ കാര്യങ്ങളൊക്കെ വളച്ചൊടിച്ച് വന്നത് കണ്ടപ്പോൾ ഒരു പാട് വിഷമം ഉണ്ടായി. എന്താണെന്ന് എന്റെ ലൈഫിൽ സംഭവിച്ചതെന്ന് അന്വേഷിക്കാെത എല്ലാവരും ഒാരോന്ന് പറയുന്നു.

Watch Full Video Interview

ഞാൻ അതിനെപ്പറ്റി പറയാനും താല്‍പര്യപ്പെടുന്നില്ല കാരണം, അത് അങ്ങനത്തെ വിഷയമാണ്. അതു സംബന്ധിച്ച വാർത്തകൾ വായിച്ചാൽ ഒരു വലിയ തകർച്ചയിൽ നിൽക്കുന്ന ഞാൻ വീണ്ടും തകർച്ചയിലേക്ക് പോയേക്കുമായിരുന്നു. അതിന്റെ കാര്യമില്ലല്ലോ. അതുകൊണ്ട് എന്നെ വേദനിപ്പിക്കുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നടക്കുകയാണ് ഞാൻ ചെയ്തത്. ദിലീപ് എന്ന നടനെ നിലനിർത്തുന്നത് ഇവിടുത്തെ പ്രേക്ഷകരാണ്. മിമിക്രി ചെയ്തിരുന്ന കാലത്തു മുതൽ ജനങ്ങളുെട മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്.

മീഡിയ എന്നൊക്കെ പറയുമ്പോള്‍ ,ദിവസവും വാർത്തകൾ ഉണ്ടാവണം. ഇൗ അടുത്ത കാലത്ത് എനിക്ക് മനസ്സിലായ വിഷയം എന്തെന്നുവെച്ചാൽ ഒരു വാർത്തയും കിട്ടിയില്ലെങ്കില്‍ ദീലീപിന്റെ ആ വാർത്ത കൊടുത്താലോ എന്ന് പറയുന്ന രീതിയാണ് ഉള്ളത്. ഞാനിപ്പം ഒരു 10 തവണ കല്യാണം കഴിച്ച് കഴിഞ്ഞു. ‍പലപ്പോഴും എന്റെ സുഹൃത്തുകൾ അടക്കം വിളിച്ചിട്ട് ചോദിക്കാറുണ്ട്, ‘‘നീ എന്തുകൊണ്ട് ഞങ്ങളോട് പറയാതിരുന്നത്. ’’ അ‌തുപോലെ സത്യസന്ധമായ രീതിയിൽ പത്രത്തിന്റെ കട്ടിങ് പോലെ എന്നാൽ പത്രമാണെന്ന് ക്ലിയറല്ലാതെ എന്റെ വിവാഹവാർത്തകൾ‌ പ്രചരിച്ചു.

അങ്ങനെ ഒരു പാട് വിഷയങ്ങൾ വന്നിട്ടുണ്ട്. അതിനെ ഒരു തമാശയായിട്ട് കാണാൻ തുടങ്ങിയപ്പോഴാണ് ഞാൻ വളരെ നോർമലായത്. അതുകൊണ്ട് പല കാര്യങ്ങളിൽ നിന്നും ഞാൻ മാറി. അതല്ലാതെ സോഷ്യൽ മീഡിയോട് ദേഷ്യം ഉണ്ടായിട്ടോ ഒന്നും അല്ല. ഒരു സെലിബ്രിറ്റിയുടെ മുഖത്ത് കരിവാരിതേയ്ക്കുമ്പോൾ ഒരുപാട് കുടുംബങ്ങള്‍ ആ വഴിക്കും ജീവിക്കുന്നുണ്ട്. എല്ലാവർക്കും പല പല രീതികളാണെന്നേയുള്ളൂ. എല്ലാവർക്കും നന്മയുണ്ടാകട്ടേ എന്ന് പ്രാർത്ഥിച്ച് ഇതുമായി പൊരുത്തപ്പെട്ട് മിണ്ടാതിരിക്കുകയേ വഴിയുള്ളൂ.

ഇത്തരം സംഭവങ്ങൾ അഭിനയത്തെ ബാധിച്ചിരുന്നോ ?

ഇപ്പോൾ എല്ലാവരും ജേർണലിസ്റ്റുകളാണ്. കാരണം ,എല്ലാ‌വരുടേയും വിരൽതുമ്പിലാണ് ഫോൺ. ചെയ്യുന്നയാൾക്കാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആ വിരലുകൾ വേറൊരാളെ ആക്രമിക്കാൻ മുതിരില്ല. ഏതൊരാളുടേയും വളർച്ചയ്ക്ക് പിന്നിൽ ഒരു പാട് ശ്രമമുണ്ട്. അത് നശിപ്പിക്കാൻ ഒരു നിമിഷം മതി. ഒരു ചെടിവളർന്നു വരാൻ ഒരു പാട് സമയം എടുക്കും. അത് നുള്ളിക്കളയാൻ പെട്ടെന്ന് പറ്റും. അതിലെന്താണ് ഗുണം. വാട്സപ്പിൽ ‌അപൂർവമായി മാത്രമാണ് ഞാൻ ചാറ്റ് ചെയ്യുക. ആരെങ്കിലും ഒരു മെസേജ് അയച്ചിട്ടുണ്ടെങ്കിൽ എന്നോടൊരു ചോദ്യമാണെങ്കിൽ ഫോണ്‍ വിളിച്ചിട്ട് സംസാരിക്കുന്നതാണ് എന്റെ രീതി. ഫ്രണ്ട്സ് തന്നെ എന്റെയടുത്ത് പറയാറുണ്ട് സോഷ്യൽ മീഡിയയിൽ സജീവമാകണം എല്ലാവരുമായിട്ട് സമ്പർക്കം പുലര്‍ത്തണം.

dileep-interview

നിങ്ങളെ ചിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്റെ സിനിമകള്‍ കൂടുതൽ . കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായിട്ട് മായാമോഹിനി, മൈ ബോസ് ഒക്കെ ചെയ്യുന്ന സമയത്ത് ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആയിരുന്നു. മനസ്സ് ശാന്തമായിരുന്നാലേ കയ്യും കാലുമൊക്കെ അനങ്ങുകയുള്ളൂ. അതിന് ശരിക്കു പറഞ്ഞാൽ പ്രേക്ഷകരുടെ സപ്പോർട്ടാണ് വേണ്ടത്. ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലോ ജനത്തിന് വിഷമമുണ്ടാകുന്ന രീതിയിലോ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ പേഴ്സണൽ ലൈഫിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് , എതൊരു മനുഷ്യന്റെ ലൈഫിലും പ്രശ്നങ്ങളുണ്ട് . അതൊന്ന് മനസ്സിലാക്കുക.

നമ്മൾ എപ്പോഴും മറ്റുള്ളവരുടെ ഭാ‌ഗത്ത് നിന്ന് ചിന്തിക്കുക എന്ന ഒരു വിഷയം കൂടി ഉണ്ട്. അതിന്റെ ആ സത്യം എന്താണെന്ന് അറിയുന്ന ഒരു വിഷയം. എന്നാൽ അതിലേക്ക് ഒന്നും പോകാതെ നമുക്ക് തോന്നുന്നത് പറയുന്നു. എന്നാൽ ഒരു പ്രശ്നത്തിന്റെ സത്യമെന്താണെന്ന് ഒരു വാർത്താ മാധ്യമങ്ങൾ കാണിക്കുന്നുമില്ല പറയുന്നുമില്ല. ഒരു രാഷ്ട്രീയ പ്രവർത്തകനെപ്പറ്റിയോ അല്ലെങ്കില്‍ ഒരു സെലിബ്രിറ്റിയെക്കുറിച്ചോ എന്തെങ്കിലും കേട്ടു അത് എടുത്ത് വാർത്തയായ‌ക്കി ,പക്ഷേ അത് അല്ലാ എന്ന് പറഞ്ഞ് ഒരു വാർത്തയും വന്ന് ഇതുവരെ കണ്ടിട്ടില്ല. എല്ലാവർക്കും വാർത്തകളാണ് ആവശ്യം.

ഇവരോടോക്കെ എന്താണ് പറയാനുള്ളത് ?

ഞാന്‍ ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. എന്തെങ്കിലും കേട്ടാൽ തന്നെ അത് അങ്ങനെയാണോ അത് എന്തു കൊണ്ട് എന്ന് അന്വേഷിക്കും. എനിക്കും വേണമെങ്കിൽ ജേണലിസ്റ്റുകളില്‍ ഒരാളാവാം. പക്ഷേ, ഒരിക്കൽ പോലും വേറൊരാളെ വേദനിപ്പിക്കുന്ന രീതിയിലേക്ക് എന്റെ വിരല്‍പോലും ചലിച്ചിട്ടില്ല. ആ ആങ്കിളിൽ നില്‍ക്കുന്നയൊരാളാണ് ഞാൻ. എന്തൊക്കെ നല്ലത് നമ്മുടെ നാട്ടില്‍ കാണുന്നു അതൊന്നും നമ്മൾ പ്രമോട്ട് ചെയ്യുന്നില്ല .പക്ഷേ, നെഗറ്റീവിനെ സ്പ്രെഡ് ചെയ്യിക്കാനുള്ള ആവേശം കാണുമ്പോൾ സങ്കടം തോന്നും. കാരണം, ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന ‌കേരളത്തില്‍ അതിന് പ്രവണത കൂടുമ്പോൾ വിഷമമാണ് ശരിക്കും. ഇപ്പോഴത്തെ യുവാക്കൾ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ്. കാരണം, ഇപ്പോൾ 25 വയസുള്ള ചെറുപ്പക്കാർ അവരുടെ 12 മത്തെ വയസ്സിൽ മൂന്നും നാലും തവണ സി.െഎ.ഡി.മൂസ കണ്ട് വളർന്നതാണ്. ആ സ്നേഹം അവർക്ക് എന്നോട് ഇപ്പോഴുമുണ്ട്. ചില ആളുകൾ ചുമ്മാ ഇരുന്ന് ഒരോന്ന‌് ഉണ്ടാക്കിവിടുന്നു . അതൊക്കെ പാർട്ട് ഒാഫ് ദി ഗെയിം. അതിനോട് പരാതിയുമില്ല പരിഭവവുമില്ല.

സോഷ്യൽ മീഡിയയ്ക്ക് പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ?

എനിക്ക് പ്രേക്ഷകർ ലൈസൻസ് തന്നിട്ടുണ്ട്. ലൊക്കേഷനിൽ ചെല്ലുമ്പോൾ ജനങ്ങളുടെ പ്രതികരണം എന്താണെന്ന് നേരിട്ടുകണ്ട് മനസ്സിലാക്കുന്ന ഒരാ‌ളാണ് ഞാൻ. എന്റെ വ്യക്തിജീവിതത്തിൽ പലതും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും വേദനിപ്പിക്കുന്ന രീതിയിൽ ആരും എന്നോട് പെരുമാറിയിട്ടില്ല. എപ്പോഴും ‘‘മോൾ എന്ത് പറയുന്നു ? ഹാപ്പിയല്ലേ ?’’എന്നല്ലാതെ വേറെ ഒരു തരത്തിലുള്ള ബാഡ് കമൻസ് പോലും പറയില്ല.

dileep-old-image

അത് എനിക്ക് മനസ്സിലാകും. എന്നോടുള്ള സ്നേഹമാണ്. ആ സ്നേഹം ഞാൻ വിലമതിക്കുന്ന ഒന്ന് തന്നെയാണ്. കാരണം ഇവിെട നിലനിർത്തുന്നത് സിനിമയുടെ ഫൈനൽ ‍ജഡ്ജസായ പ്രേക്ഷകർതന്നെയാണ്. ഞാൻ ദൈവത്തെ തന്നെയാണ് സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും. അതുപോലെ എന്റെ പ്രേക്ഷകരെയും. എനിക്ക് എന്ത് തോന്നുന്നോ അത് തുറന്ന് സംസാരിക്കുന്നയാളാണ് ഞാൻ.

അച്ഛന്റെ സിനിമകളെക്കുറിച്ച് മകൾ അഭിപ്രായം പറയാറുണ്ടോ ?

തീർ‌ച്ചയായും. ഒരിക്കൽ ശങ്കർസാർ വിളിച്ചിട്ട് തമിഴിലെ നൻപൻ എന്ന സിനിമയിൽ ഒരു ക്യാരക്ടർ ചെയ്യുമോ എന്ന കാര്യം ചോദിക്കുന്നത് മീനൂട്ടി കേട്ടു. അവൾ അത് കേട്ടിട്ട് അതിൽ ഏത് വേഷമാ അമീർ ഖാൻ ചെയ്ത വേഷമാണോ എന്ന് ചോദിച്ചു. അതല്ല, അവരെ കൊണ്ടുവരുന്നയാളുടെ വേ‌ഷമാണെന്ന് പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞത് ആ വേഷം ചെയ്താൽ പിന്നെ അച്ഛനോട് മിണ്ടൂലാ എന്നാണ്. അതാണ് ആദ്യമായിട്ട് മീനൂട്ടിയുടെ ഇടപെടൽ.

പിന്നെ ചില സിനിമകൾ ചെയ്യുന്ന സമയത്ത് സ‌്ക്രിപ്പ്റ്റ്, വെറുതെ നോക്കിയിട്ട് ഇതിൽ കാര്യമില്ലാട്ടോ എന്നൊക്കെ വെറുതെ പറയും. വായിച്ചുവരുമ്പോൾ അതിൽ ചിലപ്പോൾ കാര്യം കാണില്ലായിരിക്കാം. പക്ഷേ, നോട്ടത്തിൽതന്നെ പിടിക്കാൻ പറ്റുന്ന ഒരു സ്വഭാവംസ അവൾക്കുണ്ട്. സിനിമകൾ കണ്ട് കഴിഞ്ഞാൽ ഭയങ്കരമായിട്ട് ആസ്വദിക്കും. പിന്നെ അതുപോലെ കണ്ടുകഴിഞ്ഞാൽ കുഴപ്പമില്ലാ അച്ഛാ, കൊള്ളാം എന്നൊക്കെ പറയും. ചിലപ്പോള്‍ പറയും വിഷമിപ്പിച്ചു.

നാദിർഷ സ്വതന്ത്രസംവിധായകനാവുന്നു ?

നാദിർഷയ്ക്ക് സിനിമയെപ്പറ്റി നല്ല കാഴ്ചപ്പാട് ഉള്ളയാളാണ്. ഏകദേശം ഒരു 25 വർഷത്തെ ബന്ധമുണ്ട് നാദിർഷയും ഞാനും തമ്മിൽ. എന്നെ മിമിക്രി സ്റ്റേജിൽ ജഡ്ജ് ചെയ്യാനൊക്കെ വന്നിട്ടുണ്ട് നാദിർഷ . ഞങ്ങൾ ഒരുമിച്ച് പാര്‍ട്ണർ ഷിപ്പിൽ കാസറ്റുകളും അങ്ങനെ പല ബിസിനസ് കാര്യങ്ങളും ചെയ്തിട്ടുണ്ട്്. ഏത് രാത്രിയിലും എന്തും വിളിച്ച് സംസാരിക്കുന്ന രണ്ട് സുഹൃത്തുക്കളാണ്. ഒരു മനസ്സും രണ്ട് ശരീരവും എന്ന് പറയുന്നത് പോലെ. എന്നെ വെച്ച് സിനിമചെയ്യണം എന്നായിരുന്നു. പക്ഷേ, കറക്ടായിട്ടുള്ള കഥ വന്നില്ല.

അമർ അക്ബർ അന്തോണി, ഇൗ സിനിമ വന്നപ്പോൾ അവൻ എന്റെയടുത്ത് പറഞ്ഞു. ഒരു കഥവന്നിട്ടുണ്ട് . പക്ഷേ, നിനക്ക് പറ്റിയതല്ല മൂന്ന് ഹീറോസ് തന്നെ ചെയ്യണം എന്ന്. ഞാൻ പറഞ്ഞു നീ എന്താന്ന് വെച്ചാൽ തീരുമാനിച്ചോ ,വേണമെങ്കില്‍ നമുക്ക് ഒരുമിച്ച് പ്രൊഡ്യൂസ് ചെയ്യാം. പക്ഷേ, പ്രൊഡ്യൂസ് ചെയ്യാൻ വേറെയാൾ വന്നിട്ടുണ്ടായിരുന്നു. നാദി‌ർഷയെ സംബന്ധിച്ച് ഏതു സമയത്തും എന്തിനേയും ഹ്യൂമറായിട്ട് കാണാനുള്ള മനസ്സുണ്ട്. ഹ്യൂമറിനെപ്പറ്റി നല്ല കാഴ്ചപ്പാടുള്ളയാളാണ്.

ദിലീപിന്റെ മൈനസും പ്ലസും എന്താണ് ?

ആരോടും നോ പറയാത്തതാണ് എന്റെ ഏറ്റവും വലിയ മൈനസ് . അതിന്റെ പേരിലാണ് പലപ്പോഴും പലതും സഹിക്കേണ്ടിവന്നിട്ടുള്ളത്. പ്ലസ് പോയിന്റ് എന്നുവച്ചാൽ ആരെന്തുപറ‍ഞ്ഞാലും എനിക്ക് പെട്ടെന്ന് മനസ്സിലാകും അതാണ്.

ലാൽജോസ് എന്ന ഉറ്റ സുഹൃത്തിനെക്കുറിച്ച് ?

ലാൽജോസിനെ എന്റെ കുടുംബത്തില്‍ അച്ഛന്റെ മൂത്ത പുത്രനായിട്ടാണ് അച്ഛൻ വെച്ചിരിക്കുന്നത്. എന്നുവെച്ചാൽ എന്റെ മൂത്ത സഹോദരന്‍. മലയാള സിനിമയിൽ ആരെന്നോട് എതിരിട്ട് നിന്നാലും ലാലു എതിര് പറഞ്ഞാൽ എനിക്ക് ഭയങ്കര വിഷമമായിരിക്കും. ലാലു അങ്ങനെ പറയരുതെന്ന് ആഗ്രഹിക്കുന്നയൊരാളാണ് ഞാൻ. അപ്പോള്‍ നിങ്ങൾക്ക് മനസ്സിലാകും ഞങ്ങൾ തമ്മിലുള്ള അടുപ്പം. ഞങ്ങൾ റൂംമെയ്റ്റ്സായിരുന്നു. ആദ്യമായിട്ട് സിനിമയിൽവന്നപ്പോൾ ജയറാമേട്ടൻ പരിചയപ്പെടുത്തിയത് ലാലുവിെനയാണ്. അതൊരു വലിയ കുടുംബബന്ധം തന്നെയായി.

dileep-talks

എന്റെ വീട്ടിൽ എന്തെങ്കിലും സംസാരവിഷയമുണ്ടായാൽ അച്ഛൻ പറയുന്നത് അവൻ വരട്ടെ എന്നാണ്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വർക്ക് ചെയ്യുന്ന സമയത്ത് ഞാൻ അഭിനയിക്കണം ഒരു നടനാവണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതിലൊരാൾ ലാലുവാണ്. എന്നെയും വിനീതിനെയും ഒക്കെ വച്ചിട്ടാണ് ആദ്യം ഒരു സിനിമ പ്ലാൻ ചെയ്തത്. പിന്നെയാണ് ആ സിനിമയുടെ കാര്യങ്ങളൊക്കെ മാറി മമ്മൂക്ക ഡെയിറ്റ് കൊടുത്തു. ‍പിന്നെ മമ്മൂക്കയുമൊത്തുള്ള സിനിമയ്ക്ക് ശേഷം എന്നെ വെച്ചിട്ടുള്ള സിനിമയാണ് ചെയ്യുകയെന്നാണ് ലാലു ‌അന്ന് പറഞ്ഞത്.

ആ സമയത്ത് ഞാൻ അഭിനയിച്ചു തുടങ്ങിയിരുന്നില്ല. പിന്നെ ഞാൻ പെട്ടെന്ന് അഭിനയത്തിലേക്ക് മാറി. പിന്നെ ലാലു പറഞ്ഞപോലെ തന്നെ രണ്ടാമത്തെ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കൽ നമ്മളെ വച്ചിട്ട് തന്നെയാണ് ചെയ്തത്. ഇപ്പോഴും എന്റെയടുത്ത് പറയും റിയലസ്റ്റിക്ക് സിനിമയുടെയാളായി മാറണം. സിനിമകൾ പൊട്ടിക്കോട്ടെ അതൊരു വിഷയമേയല്ല. കഥാപാത്രങ്ങൾ മറ്റുള്ളവരറിയണം. സിനിമ വിജയിച്ചില്ലയെന്നുള്ളതല്ല. പക്ഷേ ഇവിടുത്തെ ഒരു വിഷയം എന്ന് പറയുന്നത് മാർക്കറ്റ് ആണ്. ഒരു നല്ല സിനിമ ഒാടാത്തതിന്റെ പേരിൽ നടന്റെ മാര്‍ക്കറ്റിങ് ഇടിഞ്ഞു എന്ന് പറയുന്ന പ്രവണത. അത് എല്ലായിടത്തുമുള്ളതാണ്.

ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തല്ലോ?

എന്റെ സിനിമകൾ വ്യത്യസ്തമാവണം അല്ലെങ്കിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ‍ ജനങ്ങൾ സ്വീകരിക്കുന്നു, അതിനുവേണ്ടി അവർ ഉറ്റുനോക്കുന്നു എന്നു പറയുന്നത് എല്ലാത്തിലുമൊരു റിസർച്ച് പരിപാടികളുണ്ട് . കാരണം നമ്മൾ പുതിയതായിട്ടുള്ള മാനറിസങ്ങളും കാര്യങ്ങളുമൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനുപറ്റിയ കഥാപാത്രങ്ങൾ വരുന്നുണ്ടായിരുന്നു ആ സമയത്ത്. അതൊക്കെ പേടിച്ചിട്ടാണ് ചെയ്യുന്നത്. കാരണം, ഒരു മിമിക്രിയായിപ്പോകുമോ അല്ലെങ്കിൽ ഒരു കോമാളിത്തരമായിപ്പോകരുത് എന്ന ചിന്തയും അതിന്റെ പുറകെ തന്നെ ഒരുപാട് നടന്നു ഒബ്സേർവ് ചെയ്ത ശേഷമാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്.

എന്തു കൊണ്ട് പുട്ട് റെസ്റ്റോറന്റ് ?

ഭക്ഷണ കാര്യത്തിൽ ആദ്യം ചിന്തിച്ചത് പുട്ട് എന്നുപറയുമ്പോൾ കലർപ്പില്ലാത്ത ആഹാരമാണ്. നമ്മൾ അതിനകത്ത് ഒന്നും ചേർക്കുന്നില്ല. ശരിക്കും ആവികൊണ്ടാണ് അതുണ്ടാക്കുന്നത്. പുട്ട് നമ്മൾ കൂടുതലും ബ്രേയ്ക്ക്ഫാസ്റ്റായിട്ടാണ് കഴിച്ചിരുന്നത്. അതിനെ ഏത് നേരത്തും കഴിക്കാൻ പറ്റുന്നൊരു സംഭവമായിട്ട് അത് മാറ്റുക. അതിന് പറ്റിയ ക്ലൂവും കാര്യങ്ങളുമൊക്കെ നമുക്ക് കിട്ടി. ശരിക്കും സഹോദരന്മാരുടെ കൂട്ടായ്മ എന്നുള്ളതാണ് സ്റ്റാഫും ഞങ്ങളും ഒക്കെ തമ്മിലുള്ള ബന്ധം. വരുന്ന ഗസ്റ്റെന്നു പറയുന്നത് കണ്‍കണ്ട ദൈവങ്ങളെപ്പോലെയാണ് ഞങ്ങൾക്ക്. അതിഥി ദേവോ ഭവ എന്ന് പറയുന്നൊരു രീതിയിലാണ് നമ്മുടെ റെസ്റ്റൊറന്റിൽ കാര്യങ്ങളൊക്കെ ചെയ്യുന്നത്.

ഇടയ്ക്ക് ചെക്ക് ചെയ്യും ഭക്ഷണം കഴിക്കാൻ വരുന്നവരോട് അവിടുത്തെ സ്റ്റാഫ് ഇടപെടുന്ന രീതി എങ്ങനെയാണെന്ന് അറിയാൻ. റെസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ നമ്മളെ വിശ്വസിച്ച് വരുന്നവരാണ്. ഏതൊരു സ്ഥലത്ത് നിന്ന് ആളുകൾ വരുമ്പോഴും ദേ പുട്ടിൽ കേറാം എന്ന് പറഞ്ഞിട്ട് വരുന്നവരുമുണ്ട്. ചിലർ അഡ്രസ്സും കാര്യങ്ങളുമൊക്കെ കൊടുത്തിട്ട് പോകും. ചിലപ്പോൾ നമ്മൾ തന്നെ തിരിച്ച് വിളിക്കും. അങ്ങനത്തെ കാര്യങ്ങളൊക്കെ അവിടെ ചെയ്യാറുണ്ട്്. ഇപ്പോൾ ഏകദേശം 100നടുത്ത് വ്യത്യസ്തമായിട്ടുള്ള പുട്ടിന്റെ പല രീതികൾ നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

കോമഡി വിട്ട് ഇടയ്ക്കിടെയുള്ള ആക്ഷൻ സിനിമകൾ ?

ശരിക്ക് ആക്ഷനുള്ള സിനിമ ഞാന്‍ ചെയ്‌തത് മീശമാധവനായിരിക്കും. അടിക്കേണ്ട സ്ഥലത്ത് അടിക്കുക എന്നുപറയുന്നത് പോലത്തെ ഒരു സിനിമ. അതിന് ശേഷം പിന്നെ വാളയാർ പരമശിവം,ലയൺ ,ചെസ്സ്ഇവയൊക്കെയാണ് ഒരു ആക്ഷൻ ഒാറിയെന്റഡായിട്ടുള്ള സിനിമകൾ. അതിൽ ഡോൺ മാത്രമാണ് പരാജയപ്പെട്ട് പോയത്. അവതാരം പക്ഷേ, ഒരു റിവെഞ്ച് എന്നുപറയുന്നതല്ലാതെ ഒരു ആക്ഷൻ ഒാറിയന്റഡ് മൂവിയായിട്ടൊന്നുമല്ല. ഭാര്യ നഷ്ടപ്പെട്ട അല്ലെങ്കിൽ സഹോദരൻ നഷ്ടപ്പെട്ട ഒരാളുടെ റിവെഞ്ച് ‌‌ എന്നുള്ളൂ. അത് അയാഃ‌ളുടെ ബുദ്ധി ഉപയോഗിച്ച് കണക്ട് ചെയ്യുന്നു എന്നുമാത്രമേയുള്ളൂ.

പരാജയങ്ങളെ എങ്ങനെ കാണുന്നു ?

പരാജയം എന്നു പറയുന്നത് വിജയത്തിലേക്കുള്ള മുന്നോടിയായിട്ടാണ് ഞാൻ കാണുന്നത്. ഞാന്‍ ഏഴാംക്ലാസിൽ തോറ്റയാളാണ്. ഞാൻ ഒരിക്കലും വിചാരിച്ചില്ല ഏഴാം ക്ലാസിൽ തോൽക്കുമെന്ന്. ഞങ്ങൾ മൂന്നാലഞ്ച് പേര് ഏഴിൽ തന്നെയിരുന്നു. ഞാൻ തകർന്ന് പോയി സത്യം പറഞ്ഞാൽ . എന്നെ തല്ലിക്കൊല്ലും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, അച്ഛൻ എന്നെ ചേർത്ത് പിടിച്ച് എന്നോട് പറഞ്ഞത്. ഒരു പരാജയം ഒരു വീഴ്ച അതൊരു ഉയർത്തെഴുന്നേൽപ്പാണ്. പരാജയം എന്നു പറയുന്നത് വിജയത്തിലേക്കുള്ള മൂന്നോടിയാണ്. പിന്നെ അങ്ങോട്ട് വാശിയായിരുന്നു. പിന്നെ ആ ഏഴാം ക്ലാസില്‍ വീണ്ടും പഠിച്ചിട്ട് ഞാൻ ക്ലാസിൽ ഒന്നാ‌മനായിരുന്നു.

dileep-personel-interview

ഇൗ രീതിയിൽ‌ അങ്ങനെ പത്താം ക്ലാസ് വരെയെത്തി . പത്താം ക്ലാസിൽ ഫസ്റ്റ്ക്ലാസ് ആയിരുന്നു. അന്ന് ഡിസ്റ്റിങ്ഷൻ ഒന്നുമില്ല. സ്കൂളില്‍ എഴുതിതള്ളപ്പെട്ട ആൾക്കാരില്‍ ഒരാളായിരുന്നു ഞാന്‍. പക്ഷേ, പിന്നെ ട്രാക്ക് മാറി . അവിടെ തളര്‍ന്ന് കിടന്നിരുന്നെങ്കിൽ ഒരിക്കലും വിചാരിക്കുന്ന സ്ഥലത്ത് എത്തില്ല. അതുകൊണ്ട് ജീവിതം എപ്പോഴും അപ്പ് ആന്റ് ഡൗണിൽ കൂടിപോകുന്നതാണ് നല്ലത്. ഞാൻ സിനിമയിൽ വന്നിട്ട് ഏകദേശം 25 വര്‍ഷമാകുകയാണ്. ഇതിനിടയിൽ ഒരു പാട് ഹിറ്റുകൾ കിട്ടിയിട്ടുണ്ട്. പരാജയങ്ങള്‍ അറിഞ്ഞിട്ടുണ്ട്. പിന്നെയും നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കും.

പുതിയ സിനിമകളെക്കുറിച്ച് ?

‘ടു കൺട്രീസ്’ ഷാഫി സംവിധാനം ചെയ്യുന്ന സിനിമയാണ്. റാഫി സ്ക്രിപ്റ്റ്. രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന ഇൗ സിനിമ. 100% എന്റർടെയ്നറാണ്. നമ്മളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സിനിമയാണ്. ഞാൻ ഷാഫിയുടെ കൂടെ കല്ല്യാണരാമൻ, മേരിക്കൊണ്ടൊരു കുഞ്ഞാട് അതിനുശേഷം ചെയ്യുന്ന സിനിമയാണ്. പിന്നാലെ ‘കിങ് ലയർ’ എന്ന് പറയുന്നത് സിദ്ദിഖ്് ലാൽ ഒന്നിക്കുന്ന സിനിമയാണ്. അതിലൊരു നായകനാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. പിന്നെ വരുന്നത് ‘വെല്‍ക്കം ടു സെൻട്രൽ ജയിൽ’ ബെന്നി പി നായരമ്പലത്തിന്റെ സ്ക്രിപ്റ്റ് സുന്ദർദാസ് ചെയ്യുന്ന ഫിലിമാണ്. പിന്നെ ‘കമാരസംഭവം’. സി െഎ ഡി മൂസ രണ്ടാം ഭാഗം െചയ്യുന്നുണ്ട്. പിന്നെ അതുപോലെ 3 ഡി ഒരു ഫിലിം വരുന്നുണ്ട്. പിന്നെ കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലത്തെ സ്ളാപ്പ് സ്റ്റിക്ക് നെയ്ച്വറുള്ള ഫിലിം ചെയ്യാനുള്ള ഉദ്ദേശങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആരോടാണ് ദിലീപ് മത്സരിക്കുന്നത്?

ഞാൻ അഭിനയിക്കുന്ന സിനിമ എന്ന് പറയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് എന്റെർടെയിൻമെന്റ് സിനിമകളാണ്. കാരണം., ഒരു മതിൽക്കെട്ടും ഇല്ലാതെ ഏതു സമയത്തും ഒാപ്പണായി കിടക്കുന്ന വാതിലാണ് എന്റെയടുത്തേക്കുള്ളത് എല്ലാവർക്കും. എല്ലാവരും നേരിട്ട് വന്നിട്ടാണ് ഏതു തരത്തിലുള്ള സിനിമകൾ ചെയ്യണം . എന്താണ് സിനിമകളെന്ന് പറയും. എല്ലാതരത്തിലുള്ള സിനിമകള്‍ ചെയ്യാൻ ഇടയ്ക്ക് നമ്മൾ മാറിയും മറിഞ്ഞും സിനിമകൾ ചെയ്യും. ചിലപ്പോൾ നമ്മുടെ ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യുമ്പോൾ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്ത് തന്നാൽ മതി. കാരണം, നിങ്ങളാഗ്രഹിക്കുന്ന സിനിമകൾ കണ്ടിന്യൂസായിട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത് ഭീകരമാണ്.

കോംബറ്റീഷൻ മറ്റുള്ള സിനിമകളുമായിട്ടല്ല സത്യത്തിൽ . ഞാനഭിനയിക്കുന്ന സിനിമകളുമായിട്ട് തന്നെയാണ് വർഷങ്ങളായിട്ട് മത്സരിച്ചുക്കൊണ്ടിരിക്കുന്നത്. ഇൗ കഴിഞ്ഞ സിനിമയേക്കാൾ മുകളിലായിരിക്കണം അടുത്ത സിനിമ. അതിനും മുകളിലായിരിക്കണം അടുത്ത സിനിമ. അതിന് വേണ്ടിയിട്ടുള്ള ശ്രമമാണ്. അതിന് ഞാൻ മാത്രമല്ല. എന്റെ കൂടെ നിൽക്കുന്ന ആളുകളെല്ലാം ഒപ്പം നിന്നാൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ. അതിന് വേണ്ടി എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, വേണ്ടത് പ്രേക്ഷകരുടേയും മീഡിയയുടേയും സപ്പോര്‍ട്ടാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.