Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ തിരഞ്ഞെടുത്ത ഒരേ ഒരു സിനിമ

Fahadh Fazil

മലയാള സിനിമോലോകത്തിനു ലഭിച്ച ഒരു ലക്കി നമ്പരാണ് ഫഹദ് ഫാസിൽ എന്ന നടൻ. മലയാളികൾ മാത്രമല്ല തമിഴകം വരെ നെഞ്ചേറ്റിയ നസ്റിയ എന്ന സുന്ദരിക്കുട്ടിയെ സ്വന്തമാക്കുക കൂടി ചെയ്തപ്പോൾ ഈ നടനോടുള്ള ഇഷ്ടം ഒന്നുകൂടി വർധിച്ചു. വിവാഹശേഷം സ്ക്രീനിൽ നിന്ന് അപ്രത്യക്ഷയായ നസ്റിയയെക്കുറിച്ചും മഹേഷിന്റെ പ്രതികാരം എന്ന പുതിയ ചിത്രത്തെക്കുറിച്ചും താൻ കടന്നു പോയ വഴികളെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് നിങ്ങളുടെ സ്വന്തം ഫഹദ്.

സംസാരിക്കാൻ എനിക്കിഷ്ടം

സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നത് എന്റെ കൂടെത്തന്നെ വളർന്ന ഒന്നാണ്. ആൾക്കാരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. അന്നയും റസൂലും എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്, ജീപ്പിൽ നിന്ന് ഇറങ്ങുന്നവർ തരുന്ന കാശെടുത്ത് ഇരുപതിന്റെ നോട്ട് ഏറ്റവും അടിയിൽ അതിനു മുകളിൽ പത്തിന്റെ നോട്ട്, അതിനും മുകളിൽ അഞ്ചിന്റെ നോട്ട് ഇങ്ങനെ അടുക്കി വയ്ക്കുന്നത്. ഇതാകട്ടെ ആരും പറഞ്ഞു തന്നിട്ടു ഞാൻ ചെയ്തതല്ല, സ്വയം അങ്ങനെ ചെയ്തതാണ്. ഒരിക്കൽ കൊച്ചിൻ എയർപോട്ടിൽ നിന്ന് ടാക്സിയിൽ എറണാകുളത്തേക്ക് വരുമ്പോൾ ഡ്രൈവർ പറഞ്ഞു, എല്ലാ ഡ്രൈവേഴ്സും ചെയ്യുന്ന ഒരു കാര്യമാണ് ഇതെന്ന്.

Fahadh Faasil | Exclusive Interview | I Me Myself

ഞാൻ തിരഞ്ഞെടുത്തത് ഒരു സിനിമ മാത്രം

കരിയറിൽ ഒരു സിനിമയാണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. ബാക്കിയെല്ലാം സിനിമ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പ്ലാൻ ചെയ്ത് പ്രൊജക്ട് ഉണ്ടാക്കുന്ന ആളല്ല. അങ്ങനെ ചെയ്ത ഏക പ്രൊജക്ട് ‘ അന്നയും റസൂലും’ ആണ്. രാജീവ് രവി ഒരു ഡയറക്ടറായി കാണാനുള്ള ആഗ്രഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്നു ആഗ്രഹത്തിൽ നിന്നുണ്ടായതാണ് അന്നയും റസൂലും. ബാക്കിയെല്ലാ സിനിമകളും സംഭവിക്കുകയായിരുന്നു. ഓടുന്ന ഒരു സിനിമ ഏതാണെന്നു ചോദിച്ചാൽ എനിക്ക് അറിയില്ല. ഇതൊരു പ്രോസസ് ആണ്. ആ പ്രോസസിൽ നിന്ന് ഞാൻ പഠിക്കുകയും പല കാര്യങ്ങളും മനസിലാക്കു കയും ചെയ്യുന്നു. എക്സ്പെരിമെന്റ് എന്ന വാക്കാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ താൽപര്യമുള്ളത്. എന്നെ ആശ്ചര്യപ്പെടുത്തുന്ന ഒരു ചിന്ത സിനിമയാക്കി ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അവര്‍ക്കും ആ എക്സൈറ്റ്മെന്റ് കിട്ടുന്നുണ്ടോ എന്നതാണ് ആ എക്സർസൈസിന്റെ തമാശ എന്നുള്ളത്. ഇത് ചിലപ്പോൾ വർക്കാവും. ചിലപ്പോൾ വർക്കാവില്ല.

വികാരങ്ങളെ പിന്തുടരുന്ന രാജീവ് രവി

Rajeev Ravi

ആക്ടേഴ്സിനെ മാത്രം ഫോളോ ചെയ്ത് ഒരു രീതിയിലുള്ള ഡ്രാമയും ഉപയോഗിക്കാതെ ഫിലിം മേക്ക് ചെയ്യുക എന്നതാണ് രാജീവ് രവിയുടെ സിനിമകളുടെ പ്രത്യേകത. ക്യാമറ വിൽ ഫോളോ ദ് ആക്റ്റർ എന്നതാണ് . രാജീവ് രവിയുടെ ക്രാഫ്റ്റ്. അല്ലാതെ അഭിനേതാക്കൾ ക്യാമറയെപ്പറ്റി ചിന്തിക്കുകയേ വേണ്ട. അന്നയും റസൂലും എന്ന സിനിമയിൽ പല സീനുകളിലും ക്യാമറ എവിടെയാണെന്നു പോലും അറിയില്ല. അഭിനേതാക്കളുടെ ഇമോഷൻ ഫോളോ ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു രീതിയാണ്. അങ്ങനെയൊരു രീതിയിൽ മുമ്പ് വർക്ക് ചെയ്തിട്ടുമില്ല.

ഞാൻ അഭിനയം പഠിച്ചിട്ടില്ല

അഭിനയം പഠിക്കാൻ വേണ്ടി ഞാൻ ഒരു ആക്ടിങ് സ്കൂളിലോ ആക്ടിങ് ക്ലാസിലോ പോയിട്ടില്ല. പഠിക്കാൻ പോയത് എഞ്ചിനിയറിങ്ങാണ്. ഒന്നരവർഷം സത്യസന്ധമായി പഠിച്ചു നോക്കി. എനിക്കു വഴങ്ങില്ലെന്നു കണ്ടപ്പോൾ വാപ്പയേയും ഉമ്മയേയും വിളിച്ചു പറഞ്ഞു ഇത് പറ്റില്ല. എനിക്ക് ഫ്രീയായി വായിക്കാനോ, ചിന്തിക്കാനോ പറ്റുന്നില്ല. ഏതെങ്കിലും ഒരു തിയറി ഫോളോ ചെയ്യുക എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അപ്പോൾ അവർ ഇഷ്ടമുള്ളത് പഠിക്കാൻ അവസരം തന്നു. പിന്നെ ഫിലോസഫി ചെയ്തു. തിരിച്ചുവന്നു. കേരളാ കഫേയിൽ അഭിനയിച്ചു. അല്ലാതെ മുന്നൊരുക്കങ്ങൾ ഒരു സിനിമയ്ക്കുവേണ്ടിയും എടുത്തിട്ടില്ല.

ബോറടിച്ച് ചെയ്യേണ്ടതല്ല അഭിനയം

വാപ്പയുടെ എറ്റവുമധികം ശ്രദ്ധിക്കുന്നത് എൻജോയ് ചെയ്യുന്നുണ്ടോ എന്നുള്ളതാണ്. ബോറടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഫിലിംമേക്കിങ്. നമ്മൾ എൻജോയ് ചെയ്ത് ചെയ്താൽ മാത്രമേ ആ എനർജി കാണുന്ന ആൾക്കാരിലേക്കും പകരാൻ പറ്റുകയുള്ളൂ. ഏതെങ്കിലും പോയിന്റ് നമ്മൾക്ക് ബോർ ആയി തോന്നുകയാണെങ്കിൽ അത് കാണുന്ന പ്രേക്ഷകരിലേക്കും എത്തില്ല. അവർക്കും ബോറായിട്ടേ തോന്നൂ. ചെയ്യുന്ന സിനിമകൾ , ചെയ്യുന്ന ജോലി അത് ഏതുമാകട്ടെ എൻജോയ് ചെയ്യുന്നുണ്ടോ എന്നതാണ് വാപ്പയ്ക്ക് താൽപര്യം. ഞാൻ ചെയ്തതിൽ വാപ്പയ്ക്ക് ഇഷ്ടപ്പെട്ട സിനിമകളും ഇഷ്ടപ്പെടാത്ത സിനിമകളും ഉണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് 22FKആണ്. ഉമ്മായ്ക്കാണെങ്കിൽ ഡയമണ്ട് നക്‌ലേസ്, ഇന്ത്യൻ പ്രണയകഥ, നോർത്ത് 24 കാതം തുടങ്ങി എന്നെ കാണാൻ പറ്റുന്ന സിനിമകളാണ് ഇഷ്ടം. എന്റെ കഥാപാത്രങ്ങളോ എന്റെ സിനിമയോ അല്ല ഫഹദ് ഫാസിൽ. ഞാൻ സിനിമയെ പുറത്തു നിന്നു കാണുന്ന ഒരാളാണ്.

കോസ്റ്റ്യൂം ശ്രദ്ധിക്കാറില്ല

ചാപ്പാക്കുരിശും 22FK ലൊക്കെ അഭിനയിക്കുന്ന സമയത്ത് ബോക്സർ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാൻ അതിലെന്നും അന്നും ഇന്നും ശ്രദ്ധിക്കുന്ന ആവല്ല. എന്നെ സംബന്ധിച്ച് സിനിമയുടെ ഇമോഷനാണ് പ്രധാനം. സിനിമയ്ക്ക് ഒരു തുടക്കം വേണം, മിഡ്പോയിന്റ് വേണം, ഒരു എൻഡിങ് വേണം. അതിലൊരു സ്റ്റോറി ടെല്ലിങ് വേണം. അതിലൊരു ഇമോഷൻ ക്യാരി ഓവറും ചെയ്യണം ഇത്രയുമല്ലാതെ ഇടുന്ന കോസ്റ്റ്യൂം പോലും ശ്രദ്ധിക്കാത്ത ഒരു നടനാണ് ഞാൻ. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം എന്നു പറയുന്നത് ഇമോഷൻ തന്നെയാണ്.

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയില്ല

ശ്രദ്ധാപൂർവം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റുന്നത് അഭിനേതാക്കൾക്ക് നല്ലതാണ്. എനിക്ക് അതിന് അറിയില്ല. എനിക്ക് അത് ഉപയോഗിക്കാത്തതാണ് കുറച്ചുകൂടി സ്വാതന്ത്ര്യം നൽകുന്നത്. ഞാൻ എന്ന ആക്ടറിനല്ല, ഞാൻ എന്ന വ്യക്തിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നത് അത് ഉപയോഗിക്കാതിരിക്കുമ്പോഴാണ്.

വാപ്പയ്ക്കൊപ്പം ഇനി സിനിമ?

അങ്ങനെയൊരു സിനിമയും അങ്ങനെയൊരു കഥയുമൊക്കെ ഉണ്ടായാൽ തീർച്ചയായും ആലോചിക്കും. ഇതുവരെ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. വാപ്പയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്നാണ് വാപ്പയുടെയും ആഗ്രഹം.ഒരു സിനിമ ഡയറക്ട് ചെയ്യണമെന്ന് വാപ്പയോട് ആവശ്യപ്പെടാറില്ല.

നസ്റിയ എവിടെ?

fahad-nazriya-latest

ഒരു അപ്പാർട്ട്മെന്റ് വാങ്ങിയതിന്റെ ഫിനീഷിങ്ങും കാര്യങ്ങളുമായിട്ട് തിരക്കിലാണ് നസ്റിയ. എനിക്കൊരു വീട് തന്നയാളാണ്. നസ്റിയ സന്തോഷമായിരിക്കുന്നു. നന്നായി കുക്ക് ചെയ്യും. ഞങ്ങൾ രണ്ടുപേരും തടിവച്ചു എന്ന് പറഞ്ഞ്സോഷ്യൽ മീഡിയയൊക്കെ ഒരുപാട് ആഘോഷിച്ചതാണ്. ഞങ്ങൾ രണ്ടുപേരും വയറ്ഭാഗ്യമുള്ള ആൾക്കാരാണ്.

ഭാര്യയ്ക്കൊപ്പം സിനിമ?

രണ്ടുപേരേയും എക്സൈറ്റ് ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് വരുകയാണെങ്കിൽ ആലോചിക്കാം. ഇപ്പോൾ വേറെ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ ഇനി ഒരു ചർച്ച ഉണ്ടാകുകയുള്ളൂ.

മിനി കൂപ്പറിനോട് പ്രേമം

Monsoon Mangoes

മൺസൂൺ മാംഗോസ് അമേരിക്കയിൽ ഷൂട്ട് ചെയ്തപ്പോൾ ഉപയോഗിച്ചതാണ് കൂപ്പർ. അത് നാട്ടിലേക്ക് കൊണ്ടുവരാൻ കുറേ ശ്രമിക്കുകയും ചെയ്തു. വാങ്ങിക്കാനും നോക്കി. ഈ കാർ കൈവശം വച്ചിരിക്കുന്ന ആളിന് 24 മിനിക്കൂപ്പറുകൾ ഉണ്ട്. മിനിക്കൂപ്പർ ശേഖരിക്കുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കൊടുക്കാൻ തയാറല്ല. മിനി കൂപ്പർ ഒരു ഡ്രീം ആയിരുന്നു. അമേരിക്കയിൽ പഠിക്കുമ്പോൾതൊട്ട് കാണുന്ന ഒരു ക്യൂട്ട് ലിറ്റിൽ കാർ.

ഞാൻ തമാശ ഇഷ്ടപ്പെടുന്നു

ഞാൻ തമാശ മാത്രം ഇഷ്ടപ്പെടുന്ന ആളാണ്. തമാശ മാത്രമേ ഞാൻ ഇഷ്ടപ്പെടുകയുള്ളൂ. എന്റെ ചുറ്റുമുള്ള ആൾക്കാർ എപ്പോഴും ചിരിക്കുകയും വേണം. എന്നേയും ചിരിപ്പിക്കണം. സൗബിനോട് തമാശയ്ക്ക് പറയും എന്നും രാവിലെ സെറ്റിൽ വന്ന് ഒരു തമാശയെങ്കിലും പറഞ്ഞിട്ട് പോകണമെന്ന്. അത്രയും തമാശ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഒരുപാട് ചിരിക്കുന്ന ആളും, ഒരുപാട് സന്തോഷം ആഗ്രഹിക്കുന്ന ആളുമാണ്.

സിനിമയ്ക്ക് വേർതിരിവുകൾ പാടില്ല

മൂന്നു കോടി അല്ലെങ്കിൽ മുപ്പതു കോടി മുടക്കുന്ന ചിത്രം എന്ന വേർതിരിവ് സിനിമയ്ക്ക് ഉണ്ടാകാൻ പാടില്ല. എത്ര മുടക്കിയാലും ഇതു കാണേണ്ടത് ഒരേ പ്രേക്ഷകർ തന്നെയാണ്. തിയറ്ററിൽ നൂറുദിവസം ഓടണമെന്നും, കാണുന്ന എല്ലാവരും ആസ്വദിക്കണമെന്നുമുള്ള ആഗ്രഹത്തോടെതന്നെയാണ് ഞാൻ എല്ലാ സിനിമയും ചെയ്യുന്നത്. ഇതിനിടയ്ക്ക് ഞാൻ ചെയ്ത ‘ ഹരം’ എന്ന ചിത്രം കണ്ടിട്ട് ഒരാൾ എന്നോടു പറഞ്ഞത് ഭയങ്കര സീരിയസ് ആയിട്ടാണ് അതിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് എന്നാണ്. അത്രയും സീരിയസായിട്ടുള്ള കാര്യങ്ങൾ തമാശയിൽ ചർച്ച ചെയ്യുന്ന സ്ക്രീൻപ്ളേ എനിക്ക് അറിയില്ല.

ഫാൻസ് അസോസിയേഷൻ വേണ്ട

എന്റെ സിനിമകൾ ആളുകൾ കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. അത്രയും മതി.സിനിമ കഴിഞ്ഞാൽ എന്നെപ്പറ്റി ആലോചിക്കുകയോ, ഒരു കാര്യത്തിലും താൽപര്യമെടുക്കുകയോ വേണ്ട. സിനിമ കാണുമ്പോൾ നല്ല സിനിമ കാണുകയും, മോശം സിനിമയാണെങ്കിൽ ഒഴിവാക്കുകയും ചെയ്യുക. ഇന്റലിജന്റായി ഉപയോഗിക്കാൻ പറ്റുന്ന ആക്ടേഴ്സിന് വളരെ നല്ല കാര്യമാണ് ഫാൻസ് അസോസിയേഷൻ. അതു വേണമെന്നുള്ള അഭിനേതാക്കൾക്ക് തീർച്ചയായും വേണം. സിനിമയുടെ ഭാഗമായിട്ടുള്ള കാര്യമാണ് അത്. എനിക്കത് വേണ്ട എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഒരു മോശം ആള് നല്ല സിനിമ ചെയ്താൽ ആള് മോശമാണ് സിനിമ കാണേണ്ട എന്നാരും പറയില്ല. മോശം സിനിമ ഓടിയ ചരിത്രവുമില്ല. ജനങ്ങൾ അത് അനുവദിച്ചിട്ടുമില്ല.

ഇനിയും സിനിമ നിർമിക്കും

തീർച്ചയായും ഞാൻ സിനിമകൾ നിർമിക്കും. എന്നെ അത്ഭുതപ്പെടുത്തുന്ന സ്ക്രിപ്റ്റോ പ്രൊജക്ടോ വന്നിട്ടില്ല. വന്നാൽ തീർച്ചയായും പ്രൊഡക്ഷനിൽ താൽപര്യമുണ്ട്.

സുഹൃത്തുക്കളുടെ പ്രതികാരം

Theliveyil song of Maheshinte Prathikaram is love in times of death

ആഷിഖ്,ദിലീഷ്, ശ്യാം, ഷൈജു ഇവരൊക്കെ എന്റെ ഒരുപാട് നാളായിട്ടുള്ള സുഹൃത്തുക്കളാണ്. ഇതിനു മുൻപ് ഇവരോടൊപ്പം വർക്ക് ചെയ്തിട്ടുള്ളത് 22fk യിലാണ്. രണ്ടു വർഷത്തിനുശേഷം വീണ്ടും മഹോഷിന്റെ പ്രതികാരവുമായി എത്തി. 40-45 ദിവസം ഇടുക്കിയിൽ നടന്ന ഷൂട്ട് Absolutely fun ആയിരുന്നു. ഞാൻ ഇത്രയും എൻജോയ് ചെയ്ത് ഷൂട്ട് ചെയ്ത ഒരു സിനിമ ഇല്ല. വളരെ ആത്മാർഥതയോടെ എല്ലാവരും അവരവരുടെ വേഷങ്ങൾ ചെയ്തു. അതിൽ നിന്ന് ഒരു ആക്ടറിനെ എടുത്തുമാറ്റിയാൽ മഹേഷിന്റെ പ്രതികാരം പൂർണമാകില്ല. ഒരു ടീം എഫേർട്ടിന്റെ റിസൾട്ടായിരിക്കും മഹേഷിന്റെ പ്രതികാരം.

2016 ൽ ഒരു സിനിമ

ഇപ്പോൾ അൻവർ റഷീദിന്റെ ഫിലിമാണ് ചെയ്യുന്നത്. ചെയ്യാത്ത രീതിയിലുള്ള സിനിമയാണ്. ഈ വർഷം ആ സിനിമ മാത്രമേ ചെയ്യുന്നുള്ളു.

ഇനിയും ഒരുപാട് ചെയ്യാനുണ്ട്

ഇനിയും ഒരുപാട് ചെയ്യാനുള്ളതു പോലെ തോന്നുന്നുണ്ട്. സിനിമയുടെ ഫോർമാറ്റ്സോ, ഫിലിംമേക്കേഴ്സിനുണ്ടാകുന്ന അക്നോളജ്മെന്റ് മാത്രമല്ല കാണുന്ന ആളുകളുടെ അക്നോളജ്മെന്റ് ഇപ്രൂവാകണം. ഒരുപാട് സിനിമകൾ ചെയ്യണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.