Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നെ മാറ്റി നിര്‍ത്തുന്നു: കാവ്യ മാധവൻ

kavya-madhavan

ബാലതാരമായി സിനിമയിലെത്തി മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കാവ്യ മാധവൻ. അടുത്ത വീട്ടിലെ കുട്ടി എന്ന അടുപ്പത്തോടെയാണ് മലയാളി എപ്പോഴും കാവ്യയെ കണ്ടിട്ടുള്ളത്. തന്റെ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവച്ച് കാവ്യ ഐ മി മൈസെൽഫിൽ...

സിനിമ തന്നെ എല്ലാം

എന്റെ ജീവിതം നോക്കി കഴിഞ്ഞാൽ ജീവിതത്തിന്റെ 95% സിനിമയുമായിട്ട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അഞ്ചുവയസുവരെ സാധാരണ ജീവിതമായിരുന്നു. അതുകഴിഞ്ഞ് എനിക്കുണ്ടായിട്ടുള്ള ബന്ധങ്ങളും അനുഭവങ്ങളും, സുഹൃദ്ബന്ധങ്ങളും എല്ലാം സിനിമ തന്നതാണ്. ആ സിനിമയെ ഒരു കാലത്ത് വേണ്ടാന്നു പറയാനോ തള്ളിപ്പറയാനോ ഒന്നും സാധിക്കില്ല. ബുദ്ധിമുട്ടാണ്. സിനിമയിൽ വന്നത് തീർച്ചയായും ദൈവനിയോഗം തന്നെയാണ് കാരണം സിനിമയുടെ യാതൊരു വിധ പശ്ചാത്തലവും ഇല്ലാതെയുള്ള ഒരു കുടുംബത്തിൽ നിന്നും എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലത്തുനിന്ന് സിനിമയിലേക്ക് വന്നത് തീർച്ചയായിട്ടും യോഗമുള്ളത്കൊണ്ട് തന്നെയാണ്.

kavya

നടി ആയിരുന്നില്ലെങ്കിൽ

നടിയായി സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരു കല്യാണമൊക്കെ കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയൊക്കെയായി നീലേശ്വരത്തെ ഏതെങ്കിലും പ്രാന്തപ്രദേശത്ത് നല്ലൊരു വീട്ടമ്മയായി സുഖമായി കഴിയുന്നുണ്ടാകുമായിരുന്നു. തീര്‍ച്ചയായും ജോലിക്കു പോകുന്ന സ്ത്രീ ആയിരിക്കില്ല. പക്ഷെ സിനിമയില്‍ എത്താന്‍ കഴിഞ്ഞത് അനുഗ്രഹമാണ്.

kavya-amma-selfie.jpg.image.784.410

അനുഭവിച്ചതല്ലെ മിസ് ചെയ്യൂ

നമ്മുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള കാര്യം പിന്നെ നമുക്ക് നഷ്ടപ്പെടുമ്പോഴാണ് മിസ് ചെയ്യുക എന്ന് പറയുന്നത്. കോളേജ് ലൈഫ് അനുഭവിച്ചിട്ടേയില്ല. പക്ഷേ പലരും പറയുന്നത് കേട്ട് തോന്നിയിട്ടുണ്ട് എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നഷ്ടമല്ലേ എന്ന്. എന്നിലെ വ്യക്തിത്വത്തെ ഒരു പരിധി വരെ മാറ്റാൻ പലരും പറയുമായിരുന്നു മിക്സഡ് കോളജിലൊക്കെ പഠിച്ചുകഴിഞ്ഞാൽ നമ്മളിലെ ഒരുപാട് കുഴപ്പങ്ങളൊക്കെ മാറ്റാൻ പറ്റും . കോളേജ് ലൈഫിലാണ് ശരിക്കും ഒരു വ്യക്തിക്ക് എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം വരും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തിലൂടെയാണ് എനിക്ക് അതൊക്കെ സാധിച്ചിട്ടുള്ളത്. ക്ലാസ്മേറ്റ്സ് എന്ന സിനിമ വലിയൊരു അനുഗ്രഹമാണ്. കോളേജ് ലൈഫ് ആസ്വദിക്കാത്ത, അറിയാത്ത ഒരാൾക്ക് അങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചു എന്നത് കോളജിൽ പഠിച്ച ഒരു ഫീൽ തന്നെയായിരുന്നു ആ സിനിമയിൽ അഭിനയിച്ചപ്പോൾ

Kavya Madhavan | Exclusive Interview | I Me Myself | Manorama Online

ന്യൂ ജനറേഷന്‍

ന്യൂ ജനറേഷന്‍ സിനിമയെ ഞാനൊരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നെ മാറ്റി നിര്‍ത്തുന്നു എന്നതാണ് സത്യം. സിനിമ മാറി എന്ന് പറഞ്ഞ് അഭിനയം നിര്‍ത്താന്‍ കഴിയുമോ. പിന്നെ എന്നെ വച്ച് ന്യൂ ജനറേഷന്‍ സിനിമ ചെയ്യുക എന്ന റിസ്‌ക്ക് എടുക്കാന്‍ സംവിധായകര്‍ തയ്യാറായാല്‍ അഭിനയിക്കാം

ക്യാമറയ്ക്ക് മുന്നില്‍ മാത്രം താരം

ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് ഞാന്‍ താരം. അല്ലാത്തപ്പോള്‍ ശരിക്കും ഒരു സാധാരണക്കാരിയാണ്. ആര്‍ട്ടിസ്റ്റ് എന്നത് വീട്ടില്‍ ഒരിക്കലും ഒരു ചര്‍ച്ചാ വിഷയം ആകാറില്ല. എന്നെ വളര്‍ത്തി കൊണ്ടുവന്നതും അങ്ങനെയാണ്. അതുകൊണ്ട് തന്നെ സാധാരണ ജീവിതത്തിന് തന്നെയാണ് എന്നും മുന്‍തൂക്കം.

സിനിമയില്‍ പുരുഷമേധാവിത്വം


സിനിമയില്‍ പുരുഷമേധാവിത്വം എന്ന് പറയുന്നതില്‍ വിശ്വസിക്കുന്നില്ല. അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കഴിഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല. ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളൊക്കെ വര്‍ഷങ്ങളായുള്ള അവരുടെ അധ്വാനം കൊണ്ട് നേടിയെടുത്തതാണ് സ്റ്റാര്‍ഡം. അത് ജനങ്ങള്‍ കൊടുക്കുന്ന അംഗീകാരമാണ്. സിനിമ എന്ന ബിസിനസ് നടക്കുന്നതും നായകന്മാരെ അടിസ്ഥാനമാക്കിയാണ്. വ്യക്തിപരമായി എനിക്കങ്ങനെ ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാന്‍ പോകുന്ന സ്ഥലത്തൊക്കെ എനിക്ക് ലഭിയ്‌ക്കേണ്ട ബഹുമാനവും പരിഗണനയും കിട്ടിയിട്ടുണ്ട്.

ശബ്ദം

എന്റെ ശബ്ദം ഒരേ സമയം തന്നെ നല്ലതും ചീത്തയുമായി തോന്നിയിട്ടുണ്ട്. സാഹചര്യം അനുസരിച്ച് ഒരാളുടെ സ്വഭാവം മാറുന്നത് പോലെയാണ് എന്റെ ശബ്ദവും. മലയാളം പദ്യം ചൊല്ലല്‍, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം പോലുള്ള പരിപാടികള്‍ക്ക് എന്റെ ശബ്ദം നല്ലതാണ്. പക്ഷെ ലളിതഗാനം പോലുള്ള പരിപാടിയ്ക്ക് എന്റെ ശബ്ദം യോജിക്കില്ല. പിന്നെ എന്റെ ശബ്ദം ആണിന്റേതാണെന്ന് ആള്‍ക്കാര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വിഷമം തോന്നുമായിരുന്നു.

എന്റെ സങ്കടങ്ങളെ തരണം ചെയ്യാന്‍ പലപ്പോഴും സിനിമ സഹായിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ചെയ്ത കഥാപാത്രങ്ങളോ, ഒപ്പം അഭിനയിച്ചവരുടെ സ്വാധീനമോ സഹായിച്ചിട്ടുണ്ട്. സിനിമ എനിക്ക് നല്ലതേ തന്നിട്ടുള്ളൂ

ആരാധന

ഞാന്‍ ആഗ്രഹിച്ച കാര്യം, എനിക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യം മറ്റാര് ചെയ്യുന്നത് കണ്ടാലും എനിക്ക് അവരോട് ആരാധനയാണ്. അതിപ്പോള്‍ ചെറിയ കുട്ടിയാണെങ്കിലും എനിക്കവരോട് ആരാധന തോന്നും. സിനിമയില്‍ സുകുമാരി ചേച്ചിയോട് ആരാധന തോന്നിയിട്ടുണ്ട്.

സിനിമ പരാജയമാകുമ്പോൾ

സിനിമ പരാജയപ്പെടുമ്പോള്‍, അയ്യോ ആ കഥാപാത്രം ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. തോന്നിയാലും പറയാന്‍ പാടില്ല. ഒരു സിനിമ ഏറ്റെടുക്കുന്നതിന് മുമ്പ് പറയാം. പക്ഷെ കരാറൊപ്പിട്ടാല്‍ പറയരുത്. നമ്മളെ ആരും നിര്‍ബന്ധിച്ചിട്ട് പോയി അഭിനയിച്ചതല്ലല്ലോ. ഇഷ്ടപ്പെട്ടു ചെയ്തു. പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ അത് നഷ്ടം.

സിനിമയില്‍ എനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പാരവെപ്പൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ സിനിമയില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ സൗഹൃദങ്ങള്‍ കുറവാണ്- കാവ്യ മാധവന്‍ പറഞ്ഞു.
 

Your Rating: