Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ രാജുവിന്റെ ജീവിതം മാറ്റിമറിച്ച ആ അപകടം; ക്യാപ്റ്റന്‍റെ വിശ്വാസം

caprain

വിശ്വാസങ്ങളുടെ അടിത്തറ അനുഭവങ്ങളുടെ കല്ലിന്മേലാണ് പണിതുയർത്തിയിരിക്കുന്നത് എന്ന് അർഥം വരുന്ന ഒരു ഗ്രീക്ക് പഴമൊഴിയുണ്ട്. എല്ലാ മനുഷ്യരുടെയും കാര്യത്തിലെന്നപോലെ എന്റെ ജീവിതത്തിലും അതുതന്നെയാണ് സത്യം. പ്രകൃത്യാ ഞാനൊരു അന്ധവിശ്വാസിയല്ല. പക്ഷേ, ഒരു വിശ്വാസത്തെയും നിഷേധിക്കാറുമില്ല. ജനിച്ചത് ഒരു ക്രൈസ്തവ കുടുംബത്തിലാണെങ്കിലും ഹൈന്ദവസംസ്കാരത്തിന്റെ സ്വാധീനമുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ കടന്നുപോയ ഒരു ബാല്യവും കൗമാരവുമാണ് എന്റേത്. എന്റെ അമ്മ, ഹൈസ്കൂൾ അധ്യാപികയായിരുന്ന അന്നമ്മടീച്ചർ കടുത്ത മതവിശ്വാസിയായിരുന്നെങ്കിലും മതപരമായ സങ്കുചിതത്വം അശേഷം ബാധിക്കാത്ത വ്യക്തിയായിരുന്നു.

വീട്ടിൽ എല്ലാ സന്ധ്യകളിലും കൃത്യമായി നിലവിളിക്ക് കത്തിച്ചിരുന്നു. സമീപത്തുള്ള ഹൈന്ദവകുടുംബാംഗങ്ങളുമായി സഹോദരതുല്യമായ ബന്ധം നിലനിർത്താൻ അമ്മച്ചി ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോവുന്ന വഴി ക്ഷേത്രങ്ങൾ കാണുമ്പോൾ അതിനു മുന്നിൽ നിന്ന് തൊഴുത് കഴിയുമെങ്കിൽ കാണിക്കയുമിട്ട് മടങ്ങാൻ അമ്മച്ചി ഞങ്ങളെ ശീലിപ്പിച്ചിരുന്നു. അതുകൊണ്ടൊക്കെയാവാം ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായ ജ്യോതിഷശാസ്ത്രത്തോടും ചെറുപ്പം മുതൽക്കേ എനിക്ക് പ്രതിപത്തിയുണ്ടായത്. ക്രൈസ്തവരായ ചില സുഹൃത്തുക്കൾ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും ഞാനവരോട് പറയുമായിരുന്നു. ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ച ക്രിസ്തുനാഥനെ കാണാൻ പുറപ്പെട്ട പരീശൻമാർക്ക് വഴികാട്ടിയതും ഒരു നക്ഷത്രമായിരുന്നു.

എന്തായാലും നേവിയിൽ ക്യാപ്റ്റനായിരുന്ന ഞാൻ സിനിമയിൽ ഒരിക്കൽ നക്ഷത്രമാവുമെന്നത് അടക്കം ബോംബെയിലുള്ള ഒരു ജോത്സ്യൻ പ്രവചിച്ചപ്പോൾ ആ ശാസ്ത്രത്തോടുള്ള എന്റെ വിശ്വാസം വർധിച്ചു വന്നു. പക്ഷേ, സമീപകാലത്ത് നടന്ന സംഭവം ആ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു.

തിരുവനന്തപുരത്തെ കുറവൻ കോണത്തുള്ള എന്റെ വീടുവിൽക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കുന്നില്ല. സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരുത്തിവെച്ച കടബാധ്യതകൾ തീർത്തേ തീരു. അങ്ങനെയിരിക്കെ ഒരു ബന്ധു പറ‍ഞ്ഞതനുസരിച്ച് ഒരു ജോത്സ്യനെ കാണാൻ പോയി.

ഒട്ടും പ്രസിദ്ധനല്ലാത്ത ഒരു നമ്പൂതിരി യുവാവ്. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ തെറ്റിറില്ലെന്നാണ് പരിചയപ്പെടുത്തിയ ആളുടെ സാക്ഷ്യപത്രം. എന്തായാലും ഞാന്‍ പ്രശ്നം അവതരിപ്പിച്ചു. അദ്ദേഹം കൃഷ്ണവിഗ്രഹത്തിന് മുന്നിൽ അൽപ്പനേരം ധ്യാനലീനനായിരുന്ന ശേഷം പറഞ്ഞു.

‘‘ഇന്നേക്ക് കൃത്യം 33–ാം ദിവസം അങ്ങയുടെ വീട് വിറ്റിരിക്കും’’

32 ദിവസങ്ങൾ കടന്നുപോയിട്ടും വിശേഷിച്ചൊന്നും സംഭവിച്ചില്ല. പ്രവചനം കാറ്റിൽ പറന്നതിന്റെ വിഷമം ഞാൻ ഭാര്യയോട് പറയുകയും ചെയ്തു. പിറ്റേന്ന് മുപ്പത്തിമൂന്നാംപക്കം രാവിലെ സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരിക്കെ കുടുംബസുഹൃത്തായ ഒരു വ്യവസായി കാണാൻ വന്നു. അദ്ദേഹത്തിന് വീടിന്റെ വില അറിയണം. നേരത്തെ ഉദ്ദേശിച്ചതിലും കൂടിയ തുകയാണ് ഞാൻ ചോദിച്ചത്. അദ്ദേഹം സമ്മതിച്ചു. ഉടൻതന്നെ അഡ്വാൻസും തന്നു.

പക്ഷേ, എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല. ജോത്സ്യന്റെ രണ്ടാമത്തെ പ്രവചനം മനസ്സിൽ വലിയ അസ്വസ്ഥതയായി. മൂന്നു മാസത്തിനുള്ളിൽ വലിയ ഒരപകടം സംഭവിക്കുമത്രെ. എല്ലാ സുരക്ഷിത കവചവും തീർത്ത് വീട്ടിനുള്ളിലിരുന്നാലും മരക്കൊമ്പ് ഒടിഞ്ഞു വീണിട്ടാണെങ്കിലും അപകടമുണ്ടാവുമെന്നാണ്. എന്തായാലും ആദ്യപ്രവചനം ഫലിച്ചതോടെ ഞാൻ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതപാലിക്കാൻ തുടങ്ങി.

രാത്രി യാത്രകൾ ഒഴിവാക്കി, പരമാവധി വേഗത കുറച്ചും സൂക്ഷ്മതയോടെയും വാഹനം ഓടിക്കാൻ തുടങ്ങി. മൂന്നു മാസങ്ങൾ പൂർത്തിയാവാറായി ഒരു കുഴപ്പവും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോവുന്നതിന്റെ സമാശ്വാസത്തിലായിരുന്നു ഞാൻ.

അങ്ങനെയിരിക്കെ സേലത്ത് ഒരു പടത്തിന്റെ ഷൂട്ടിങ്ങ് വന്നു. പിറ്റേന്ന് വെളുപ്പിനെ ഷൂട്ടിങ്ങിൽ പങ്കെടുക്കണം. വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടെങ്കിലേ ആ സമയത്ത് എത്തിച്ചേരാൻ കഴിയൂ.

രാത്രിയിൽ അത്രയും ദൂരം തനിയെ കാറോടിക്കുന്നത് ബുദ്ധിയല്ല. അതിനാൽ ഒരു ഡ്രൈവറെ അയയ്ക്കാൻ ഞാൻ ഷൂട്ടിങ്ങ് യൂണിറ്റിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ ഡ്രൈവറെ ഞാൻ പകൽ മുഴുവൻ എന്റെ വീട്ടിൽ കിടത്തിയുറക്കി. രാത്രി ഉറക്കമൊഴിക്കേണ്ടതല്ലേ? വൈകുന്നേരം വിളിച്ചെഴുന്നേൽപ്പിച്ച് തണുത്തവെള്ളത്തിൽ കുളിപ്പിച്ചു.

ഞങ്ങൾ പതിയെ യാത്ര തുടങ്ങി. ഓരോ സ്ഥലത്തും വണ്ടി നിർത്തി ഇടയ്ക്കിടെ ഇറങ്ങി ചായയും കാപ്പിയും കഴിച്ച് ഉറക്കം വരാതിരിക്കാനായി വർത്തമാനം പറഞ്ഞും ഐസ് വാട്ടറിൽ മുഖം കഴുകിയുമാണ് യാത്ര.

സേലം അടുക്കാറായതും വണ്ടി മെല്ലെ പാളുന്നു. ഞാൻ നോക്കുമ്പോൾ ഡ്രൈവർ ചെറുതായി ഉറക്കം തൂങ്ങുകയാണ്. ഇനി ഞാൻ വണ്ടിയോടിക്കാമെന്ന് പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരന്റെ മറുപടി ഇതായിരുന്നു.

‘‘സാറിന് രാവിലെ ഷൂട്ടിംഗ് ഉള്ളതല്ലേ. സാർ ഒന്നു മയങ്ങിക്കോളൂ. ഞാൻ ശ്രദ്ധിച്ചോളാം’’

ഞാൻ വണ്ടി നിർത്തി തണുത്തവെള്ളത്തിൽ മുഖം കഴുകാൻ ആവശ്യപ്പെട്ടു. വീണ്ടും യാത്ര തുടർന്നു. ടാറ്റാ ഇൻഡിക്കയുടെ പിൻസീറ്റിൽ ചാരിക്കിടന്ന് ഒന്ന് മയങ്ങിയതോർമ്മയുണ്ട്. പിന്നീട് ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്ന ഞാൻ എണീക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ നിന്നാണ്.

അടുത്തുനിന്നവർ പറഞ്ഞാണ് അറിയുന്നത്. നാൽപ്പതടി കൊക്കയിലേക്കായിരുന്നു വീഴ്ച. അടപോലെ ചളുങ്ങിയമർന്ന കാർ വെട്ടിപ്പൊളിച്ചാണ് എന്നെ പുറത്തെടുത്തത്.

വർഷങ്ങൾ നീണ്ട ചികിത്സ, ലക്ഷങ്ങൾ പാഴായതല്ലാതെ യാതൊരാശ്വാസവും ലഭിച്ചില്ല. ശരീരത്തിന്റെ ഒരു വശം തകർന്ന അവസ്ഥയിലാണ്. ഇത്ര വലിയ ഒരു അനുഭവത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ജ്യോതിഷശാസ്ത്രത്തെ ഞാനെങ്ങനെ അവിശ്വസിക്കും? 

തയാറാക്കിയത്: സജിൽ ശ്രീധർ