Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുപാടു പേർ ക്യാപ്റ്റൻ രാജുവിനെ ദ്രോഹിച്ചിട്ടുണ്ട്: സുരേഷ് ഗോപി

suresh-gopi-captain-raju

ക്യാപ്റ്റൻ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. കപടതകൾ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റൻ രാജുവെന്നും നിരവധിപേർ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ–

‘കഴിഞ്ഞ ഒരാഴ്ചയായി ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുവാൻ ശ്രമിച്ചിരുന്നു. അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സുഖംപ്രാപിച്ചുവരുകയായിരുന്നു. എന്നാൽ ഈ ചാനലിൽ നിന്നാണ് അദ്ദേഹം വേർപിരിഞ്ഞ വിവരം മനസ്സിലാക്കുന്നത്. വളരെ വേദനയോടെയാണ് വാർത്തയോട് പ്രതികരിക്കുന്നത്.

Suresh Gopi about Captain Raju

ഒരു പച്ചയായ മനുഷ്യൻ. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യൻ. ഒരുപാട് പേർ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതൊക്കെ വ്യക്തമാക്കി നമുക്ക് അറിയാം. പക്ഷേ നമുക്കും അതിനെതിരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.

എന്തായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അവസ്ഥ എന്നെനിക്ക് സത്യത്തിൽ അറിയില്ല. ഞാനും ഒരുവശത്തുകൂടെ ഓട്ടമായിരുന്നുകൊണ്ട്, ഫോണിൽ കൂടി മാത്രമായിരുന്നു കഴിഞ്ഞ ഒന്നരവർഷക്കാലം ഞങ്ങളുടെ ബന്ധം.

എന്റെ സിനിമാജീവിതം തുടങ്ങുന്ന നാളുകളിൽ ഒരുമിച്ച് ഉണ്ടായിരുന്ന താരം. കൂടെ അന്ന് അഭിനയിച്ചിട്ടില്ലെങ്കിലും യാത്രകളിൽ പരസ്പരം കാണാറുണ്ടായിരുന്നു.

നിന്നെ കാണാൻ ആയിരം കണ്ണുകൾ എന്ന മമ്മൂക്കയുടെ പടം, മോഹൻലാലിന്റെ കൂടെ രാജാവിന്റെ മകനിൽ ഞാനും അഭിനയിക്കുന്നു. ആ സമയത്താണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്. അന്നുമുതൽ വളരെ ശക്തമായ മാനസികബന്ധം ഞങ്ങളിലുണ്ട്.

സംഘടനയുടെ കാര്യങ്ങളിൽ രാജുവേട്ടന് രാജുവേട്ടന്റേതായ വഴി ഉണ്ടായിരുന്നു. എനിക്ക് എന്റേതായ വഴിയും. അതൊരിക്കലും ഞങ്ങളുടെ ബന്ധത്തില്‍ നിഴലിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണിൽ വിളിക്കും. ഭക്ഷണം ഉണ്ടാക്കിവെയ്ക്കാം നീ വാ എന്നു പറയും.

വളരെ വേദനയുണ്ട്, ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്പോൾ. എൻ.എഫ്. വർഗീസ് തുടങ്ങി നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് അങ്ങനെയുള്ള ഓരോ വ്യക്തിയും പോകുന്ന കൂട്ടത്തിൽ വേദന ഒരാഘാതം പോലെ പിടിച്ചുകയറുന്ന മരണമാണ് രാജുച്ചായന്റേത്’.–സുരേഷ് ഗോപി പറഞ്ഞു.