Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര ലക്ഷം വേണം? അന്ന് മോഹൻലാൽ ക്യാപ്റ്റനോട് ചോദിച്ചത്

mohanlal-captain

മോഹൻലാലുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ക്യാപ്റ്റൻ രാജുവിന്റെ വിഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മോഹൻലാല്‍ തനിക്ക് നന്മയുളള കൊച്ചനിയനായിരുന്നെന്നും ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിൽ സഹായമായി എത്തിയതും ലാൽ ആയിരുന്നെന്നും ക്യാപ്റ്റൻ രാജു പറയുന്നു. മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രാജു വിടപറയുമ്പോൾ പ്രേക്ഷക മനസ്സിൽ നൊമ്പരമാകുകയാണ് ഈ വിഡിയോ അഭിമുഖം.

THIRANOTTAM - CAPTAIN RAJU

ക്യാപ്റ്റൻ രാജുവിന്റെ വാക്കുകൾ–

ചെന്നൈയിലെ സ്വാമീസ് ലോഡ്ജിൽവച്ചാണ് ക്യാപ്റ്റൻ രാജു ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുന്നത്. സിനിമാക്കാരുടെ ഒരുകൂട്ടം തന്നെയായിരുന്നു ആ ലോഡ്ജിൽ ഉണ്ടായിരുന്നത്. ആർമിയിലെ ക്യാപ്റ്റൻ എന്ന റാങ്ക് ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേക പരിഗണന തനിക്ക് അവിടെ കിട്ടിയിരുന്നെന്ന് ക്യാപ്റ്റൻ രാജു പറയുന്നു.

പത്തനംതിട്ടയിൽ ലാല്‍ എന്റെ അയൽക്കാരനാണ്. മാത്രമല്ല ലാലിന്റെ ബന്ധത്തിൽപെട്ട കുടുംബവുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഒന്നിച്ചുകൂടുമ്പോഴൊക്കെ ഇക്കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമകളിലൊക്കെ ഹോട്ടൽ റൂമിൽ ഒരേറൂമുകളിലാകും ഞങ്ങൾ ഉറങ്ങുക. 

ലാൽ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അനുഗ്രഹീത ജന്മമാണ് മോഹൻലാല്‍. ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരമെന്ന് ദാസേട്ടൻ പണ്ട് പാടിയിട്ടുണ്ട്. അത് സത്യൻ മാഷിന്റെ സിനിമയായിരുന്നു. അങ്ങനെയുള്ള അവതാരങ്ങളിൽ കുറച്ചുപേരെ നമുക്കൊപ്പമുള്ളൂ. മോഹൻലാൽ അതിലൊരാളാണ്.

സ്വാമീസ് ലോഡ്ജിൽ താമസിക്കുന്ന കാലം, അന്ന് പടങ്ങൾ ലഭിക്കുന്നത് വളരെ കുറവാണ്. ലാലിലെ നന്മയുള്ള കൊച്ചനിയനെക്കുറിച്ചാണ് ഞാൻ ഈ സംഭവത്തിലൂടെ പറയുന്നത്. 

വീട്ടിലെ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് ഉണ്ടായി. സത്യത്തിൽ തകർന്നുപോയെന്ന് പറയാം. എന്റെ കയ്യിൽ പത്തുപൈസയില്ല. പുറത്തുനിന്നു ആളുകൾ നോക്കുമ്പോൾ എന്താണ്, ഇവൻ സിനിമാ നടനല്ലേ, മാതാപിതാക്കൾ പോലും അങ്ങനെയല്ലേ വിചാരിക്കുന്നത്. നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ.

വണ്ടിച്ചെക്കുകൾ പ്രതിഫലമായി ലഭിക്കുന്ന കാലമാണ്. ലക്ഷങ്ങളുടെ ചെക്ക് ബാങ്കിൽ ഇട്ടാൽ തന്നെയും ഒരിക്കലും പൈസയായി ലഭിക്കുകയില്ല. അങ്ങനെ ഓടിനടക്കുന്ന സമയത്താണ് ഇരുപത്തിയയ്യായിരം, അമ്പതിനായിരം രൂപ എനിക്ക് ആവശ്യം വരുന്നത്. 

ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സിൽ ആദ്യം വന്നത് ഒരു നിർമാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. മാത്രമല്ല അതൊക്കെ സൂപ്പർഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാൻ മനപ്രയാസപ്പെട്ട് അവിടുന്ന് ഇറങ്ങി.

പിന്നെ എന്റെ മനസ്സുപറഞ്ഞു മോഹൻലാലിനെ കാണാൻ. ചെന്നൈയിൽ ഉള്ള പ്രിയന്റെ സെറ്റിൽ പോയി. വളരെ നിരാശനായി സെറ്റിന്റെ ഒരു ഭാഗത്ത് കൈകെട്ടി നിൽക്കുകയാണ്. അതുകണ്ട് ദൂരെ നിന്നും ലാൽ ഓടിവന്ന് എന്റെ കയ്യിൽ പിടിച്ചു ലാൽ ചോദിച്ചു, എന്താ രാജുച്ചായ മുഖം വല്ലാതെ ഇരിക്കുന്നെ, എന്താണേലും പറ. 

അവിടെ നിന്നും പറയാൻ ബുദ്ധിമുട്ടായതിനാൽ സെറ്റിന്റെ െവളിയിൽ പോയി നാലഞ്ച് മിനിറ്റ് എടുത്ത് കാര്യം പറഞ്ഞു. എത്ര പൈസ വേണമെന്ന് എന്നോട് ചോദിച്ചു. ചെറിയ തുകയാണെങ്കിൽ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.

‘രാജുച്ചായ ഇതിനാണോ, ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ എത്ര വേണേലും പറ. രാജുച്ചായന്റെ വീട്ടിലെ നല്ലൊരുകാര്യം നടക്കാൻ വേണ്ടിയല്ലേ.’ മോഹൻലാൽ എന്നോടു പറഞ്ഞു. സഹോദരിയുടെ കാര്യത്തിനും കൂടിയാണെന്നുപറഞ്ഞുതോടെ ‘ഇതിനാണോ ഇങ്ങനെ മൂകനായി നിന്നത്, ഞങ്ങളൊക്കെ ഇല്ലേ കൂടെ, രാജുച്ചായന് തിരുവനന്തപുരത്തോ ചെന്നൈയിലോ എവിടെ വേണം പൈസയെന്ന് ലാൽ ചോദിച്ചു.

തിരുവനന്തപുരത്ത് മതിയെന്നും അമ്മയെ ഒന്നുവിളിച്ച് പറയണമെന്നും ഞാൻ പറഞ്ഞു. അപ്പോൾ തന്നെ ലാൽ വീട്ടിൽവിളിച്ച് കാര്യം പറഞ്ഞു.

അന്ന് എന്റെ അനിയൻ ലാലിന്റെ വീട്ടിൽ എത്തിയതും ലാലിന്റെ അമ്മ ഉടനെ തന്നെ ആ പണം പൊതിഞ്ഞു അവനെ ഏൽപ്പിച്ചു. അന്ന് ഈ പണം പലിശ അടക്കം തിരിച്ചു തരാം എന്ന് പറഞ്ഞപ്പോൾ ലാൽ എന്നെ കൊല്ലാതെ കൊന്നു. പലിശ എന്ന വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന് ഒരുപാട് വിഷമമായി.

‘ഇതാണോ മനുഷ്യപ്പറ്റ്, ഞാൻ അനിയൻ ആയി നിൽക്കുന്നത് പലിശ ഉണ്ടാക്കാനാണോ’ എന്നു പറഞ്ഞ് എന്നെ കൊന്നു. ഇങ്ങനെയൊരു വലിയ അനിയൻ ലാലിന്റെ ഉള്ളിലുണ്ട്. പലരും പല വിധത്തിലാകും പലരെയും മനസ്സിലാക്കുന്നത്.

ഇങ്ങനെ എത്രയോ പേരെ ലാൽ സഹായിച്ചിരുന്നു. ഇരുചെവി അറിയില്ല. ലാൽ സാമ്പത്തിക സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല. നമ്മൾ അത് പുറത്തു പറയുന്നത് പുള്ളിക്ക് ഇഷ്ടവുമല്ല. അതാണ് മോഹൻലാൽ, റിയൽ മോഹൻലാൽ, നിങ്ങൾ കാണുന്ന സൂപ്പർസ്റ്റാർ മാത്രമല്ല, അതിനകത്ത് ഒരു വലിയ ആഴമുള്ള ഒരു മനുഷ്യൻ ഇരിപ്പുണ്ട്. നന്മയുടെ ഉറവിടം ആണ് മോഹൻലാൽ എന്ന വ്യക്തി. മരണം വരെയും എനിക്ക് മോഹൻലാൽ കുഞ്ഞനുജൻ തന്നെയാണ്.’–ക്യാപ്റ്റൻ രാജു പറഞ്ഞു.