Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മരണക്കയത്തിൽ നിന്നും രാജുച്ചായനെ രക്ഷിച്ച പൊലീസുകാര്‍

captain-accident

മലയാളി മറക്കാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ ബാക്കി വച്ച് ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞെങ്കിലും മറക്കാനാവാത്ത ഒാർമകളിൽ കഴിയുകയാണ് ഇൗ പൊലീസുകാർ. മരണത്തിന്റെ പിടിയിൽ നിന്ന് ഒരിക്കൽ  ക്യാപ്റ്റൻ രാജുവിനെ രക്ഷിച്ച അനുഭവത്തെ കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്. ആര്യനാട് പൊലീസ് സ്റ്റേഷൻ എഎസ്ഐ ഉഴമലയ്ക്കൽ പരുത്തിക്കുഴി തണലിൽ സാംരാജും കൂട്ടരുമാണു 15 വർഷം മുൻപ് തൃശൂർ മണ്ണൂത്തി ഹൈവേ പൊലീസിൽ ജോലി ചെയ്യുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട രാജുവിനെ രക്ഷപ്പെടുത്തിയ സംഭവം.

2003 ഒക്ടോബർ മാസം പാലക്കാടുനിന്ന് ഷൂട്ടിങ് കഴിഞ്ഞു മടങ്ങിവരുന്നതിനിടെ തൃശൂർ കുതിരാൻ ഇറക്കത്തിൽ രാജുവിന്റെ വാഹനം താഴ്ചയിലേക്കു പതിച്ചു. കനത്ത മഴയായതിനാൽ അപകടവിവരം പുറംലോകമറിഞ്ഞില്ല. ഏറെനേരം കഴിഞ്ഞ് ഇതുവഴിയെത്തിയ ഹൈവേ പൊലീസ് അപകടം നടന്നതറിഞ്ഞു രക്ഷാപ്രവർത്തനം നടത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു ക്യാപ്റ്റൻ രാജു. ഉടൻതന്നെ അപകടത്തിൽപ്പെട്ട രാജുവിനെയും ഡ്രൈവറെയും പൊലീസുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

അപകടസമയം സാംരാജിനു ലഭിച്ച പഴ്സ് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. താരത്തിനു ബോധം വന്നശേഷം പഴ്സ് പൊലീസുകാർ ആശുപത്രിയിലെത്തി നൽകി. എസ്ഐ ജേക്കബ്, പൊലീസുകാരായ രാമകൃഷ്ണൻ, വിജയരാജൻ, സാംരാജ്, ഡ്രൈവർ ഗംഗൻ എന്നിവരാണ് അന്നു രക്ഷാപ്രവർത്തനം നടത്തിയത്. 2007 ഫെബ്രുവരി രണ്ടിനു തന്റെ ജീവൻ രക്ഷിച്ചവരെ കാണാൻ ക്യാപ്റ്റൻ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി. ഇൗസമയം സാംരാജ് ഹൈവേ പൊലീസിൽ നിന്ന് ഒല്ലൂർ സ്റ്റേഷനിൽ ജോലിക്കെത്തിയിരുന്നു. 

ഡ്രൈവറെ വിട്ട് കേക്ക് വാങ്ങി പൊലീസുകാർക്കു നൽകി സന്തോഷം പങ്കിട്ടിട്ടാണു രാജു അന്ന് മടങ്ങിയത്. ഇൗ സമയം പഴ്സ് ലഭിച്ചോ എന്നു സാംരാജ് ക്യാപ്റ്റനോട് തിരക്കുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച സംഘത്തിൽ പൊലീസ് സ്റ്റേഷനിലുണ്ടായ സാംരാജിനൊപ്പം ക്യാപ്റ്റൻ ചിത്രമെടുത്തു. തന്റെ ജീവിതത്തിലെ വേറിട്ടൊരു അനുഭവമായിരുന്നു ഇതെന്നും സാംരാജ് പറഞ്ഞു. സംഘത്തിലെ വിജയരാജനും സാംരാജുമാണ് ഇപ്പോൾ ജോലിയിലുള്ളത്. തുടർന്നു വിവിധ സ്റ്റേഷനിൽ ജോലി ചെയ്ത ശേഷമാണു സാംരാജ് ആര്യനാടെത്തിയത്.