Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബയെയും മഹാനടനെയും വിമർശിച്ച് പാര്‍വതി

Parvathy @ IFFK Open Forum

മമ്മൂട്ടി നായകനായ കസബയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് നടി പാർവതി. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടി ചിത്രത്തെ വിമർശിച്ചത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്. സിനിമയിൽ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായായിരുന്നു പാർവതിയുടെ പ്രതികരണം.

‘‘ഈ അടുത്തിറങ്ങിയ ചിത്രം, മേജർ ഹിറ്റായിരുന്നോ എന്നറിയില്ല, നിങ്ങൾക്കെല്ലാം അറിയാം ആ സിനിമയെക്കുറിച്ച്. ഞാൻ തന്നെ അത് പറയണമെന്നില്ല. നിർഭാഗ്യവശാൽ എനിക്ക് ആ സിനിമ കാണേണ്ടിവന്നു. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകരെയും ബഹുമാനിച്ചുകൊണ്ട് ഞാൻ പറയുന്നു, പൂർണ നിരാശയാണ് ആ ചിത്രം എനിക്ക് സമ്മാനിച്ചത്. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നു. ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാൽ നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്.’’ പാർവതി പറഞ്ഞു. 

‘‘അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാൽ സിനിമയിൽ സ്ത്രീകളെക്കുറിച്ചുള്ള ലൈംഗിക കാഴ്ചപ്പാട് എന്താണ് ? എന്നെ സംബന്ധിച്ചടത്തോളം കൗമാരകാലത്ത് ഞാൻ കണ്ടുവളർന്ന സിനിമകളിൽ സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വന്തം ബന്ധത്തിലും അങ്ങനെയാവാനാണ് ഞാൻ ശ്രമിച്ചിരുന്നത്. അങ്ങനെ ചെയ്താൽ ആണ് ഞാൻ കണ്ടെത്തുന്ന പുരുഷനും എന്നെ സ്നേഹിക്കും എന്ന് വിചാരിച്ചു. പിന്നീട് പുസ്തകങ്ങളിലൂടെയാണ് സ്ത്രീയുടെ പ്രണയമെന്തെന്ന് തിരിച്ചറിഞ്ഞത്.’’ പാർവതി പറഞ്ഞു.

സിനിമയിൽ നേർവിപരീതമാണ് ഇത്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. കാരണം ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിർബന്ധിച്ചത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്‌നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാൻ പ്രേരിപ്പിക്കും.  എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണ്. പാർവതി കൂട്ടിച്ചേർത്തു.